Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ മുന്നറിയിപ്പില്ലാതെ ഡാം തുറക്കൽ: തമിഴ്‌നാടിനെ എതിർപ്പ് അറിയിച്ച് കേരളം; രക്ഷാപ്രവർത്തം നടത്താൻ ബുദ്ധിമുട്ട്; ജലകമ്മീഷനിൽ പരാതി അറിയിക്കും

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ മുന്നറിയിപ്പില്ലാതെ ഡാം തുറക്കൽ: തമിഴ്‌നാടിനെ എതിർപ്പ് അറിയിച്ച് കേരളം;  രക്ഷാപ്രവർത്തം നടത്താൻ ബുദ്ധിമുട്ട്; ജലകമ്മീഷനിൽ പരാതി അറിയിക്കും

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്ന സ്ഥിതിയാണ് നിലവിലേതെന്നും രാത്രിയിൽ ഷട്ടർ തുറക്കുന്നതിലെ ബുദ്ധിമുട്ട് തമിഴ്‌നാടിനെ അറിയിച്ചിട്ടുണ്ടെന്നും ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഇതുവരെ തമിഴ്‌നാട് ഒൻപത് ഷട്ടറുകൾ തുറന്നിട്ടുണ്ട്. 1.60 ലക്ഷം ലിറ്റർ വെള്ളമാണ് സെക്കൻഡിൽ മുല്ലപ്പെരിയാറിൽ നിന്നും ഒഴുക്കി വിടുന്നത്.

പകൽ സമയങ്ങളിൽ കൂടുതൽ വെള്ളം ഒഴുക്കികളയണം. നിലവിൽ അടിയന്തര സാഹചര്യം നേരിടാൻ ആർഡിഒ, പീരുമേട് ഡിെൈവസ്പി, ഫയർഫോഴ്‌സ് എന്നി സംവിധാനങ്ങൾ തയ്യാറാണ്. മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാടിനെതിരെ താനൊന്നും പറഞ്ഞിട്ടില്ലെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് അനുവദനീയ സംഭരണ ശേഷിയായ 142 അടിയിലേക്ക് ഇന്നലെ രാത്രിയോടെയാണ് എത്തിയത്. ജലനിരപ്പ് കുറക്കാൻ കൃത്യമായ മുന്നറിയിപ്പ് നൽകാതെ തമിഴ്‌നാട് വൻ തോതിൽ വെള്ളം തുറന്നു വിട്ടിരുന്നു. ഇതേ തുടർന്ന് പെരിയാർ നദിയിൽ ജലനിരപ്പ് രണ്ടു മീറ്ററോളം ഉയർന്നു. പെരിയാർ തീരത്തെ മഞ്ചുമല ആറ്റോരം ഭാഗത്ത് അഞ്ചു വീടുകളിൽ വെള്ളം കയറി. നീരൊഴുക്ക് കുറഞ്ഞതോടെ തുറന്നു വിടുന്ന വെള്ളത്തിന്റെ അളവിൽ തമിഴ്‌നാട് കുറവ് വരുത്തി തുടങ്ങി.

മുല്ലപ്പെരിയാർ തുറന്നെങ്കിലും ഇടുക്കി ഡാം നിലവിൽ തുറക്കേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി അറിയിച്ചു. മുല്ലപ്പെരിയാറിൽ നിന്നുള്ള അധികജലം ഇടുക്കി ഡാമിലെ ജലനിരപ്പ് കാര്യമായി ഉയർത്തില്ലെന്നാണ് കണക്ക്. ഇപ്പോൾ തുറന്നിരിക്കുന്ന വെള്ളം എത്തിയാലും അത് ഓറഞ്ച് അലേർട്ട് ലെവലിലേക്ക് പോലും എത്തില്ല. മഴ വിട്ടുനിൽക്കന്നത് ആശ്വാസം നൽകുന്ന കാര്യമാണെന്നും കെഎസ്ഇബി അറിയിച്ചു. 2400.44 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്.

അതേസമയം മുല്ലപ്പെരിയാർ അണക്കെട്ട് അപകടാവസ്ഥയിലാണെന്ന് എം.എം.മണി എംഎൽഎ പറഞ്ഞിരുന്നു. ശർക്കരയും ചുണ്ണാമ്പും ഉപയോഗിച്ച് നിർമ്മിച്ച ഡാമിന്റെ അകം കാലിയാണ്. അതിൽ സിമന്റും കമ്പിയും പൂശിയിട്ട് കാര്യമില്ല, അപകടാവസ്ഥയിലാണോന്ന് അറിയാൻ ഇനിയും തുരന്ന് നോക്കുന്നത് വിഡ്ഢിത്വമാണ്. വണ്ടിപ്പെരിയാറിന് മുകളിൽ ജലബോംബായി മുല്ലപ്പെരിയാർ നിൽക്കുകയാണ്. എന്തെങ്കിലും സംഭവിച്ചാൽ കേരളത്തിലുള്ളവർ വെള്ളം കുടിച്ചും തമിഴ്‌നാട്ടുകാർ വെള്ളം കുടിക്കാതെയും മരിക്കും. മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാട് രാഷ്ട്രീയം കളിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ മണി ഇരു സംസ്ഥാനങ്ങളും ഒരുമിച്ച് തീരുമാനമെടുത്താൽ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കുമെന്നും പറഞ്ഞു.

ഹൈറേഞ്ച് സംരക്ഷണ സമിതിയും ഇടുക്കിയിലെ ജനങ്ങളും മുല്ലപ്പെരിയാർ വിഷയത്തിൽ വലിയ പ്രക്ഷോഭം സംഘടിപ്പിക്കണമെന്നും എംഎം മണി പറഞ്ഞു. നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി സംഘടിപ്പിച്ച കർഷക ഉപവാസ സമരത്തിൽ സംസാരിക്കുകയായിരുന്നു അദേഹം. മുല്ലപ്പെരിയാർ വിഷയത്തിൽ നേരത്തെ സമൂഹമാധ്യമങ്ങളിൽ വൻ പ്രചാരണം നടന്നപ്പോൾ മുല്ലപ്പെരിയാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മണിയുടെ പ്രസ്താവന എന്നതു ശ്രദ്ധേയമാണ്

എം എം മണിയുടെ വാക്കുകൾ

'സാമാന്യബുദ്ധിക്ക് ഒന്ന് ആലോചിച്ച് നോക്കിക്കെ. ശർക്കരയും സുർക്കിയും ചുണ്ണാമ്പും ഉപയോഗിച്ച അതിന്റെ അകത്ത് കാലിയാണ്. ഞാൻ പല പ്രാവശ്യം അതിന്റെ അകത്ത് പോയിട്ടുണ്ട് മന്ത്രിമാരുടെ കൂടെ. വെള്ളം ഇറ്റിറ്റ് വരുന്നുണ്ട്. അതിന്റെ പുറത്ത് സിമന്റും കമ്പിയും പൂശിയെന്നൊന്നും ന്യായം പറഞ്ഞിട്ട് കാര്യമില്ല. അതിന്റെ മുകളിൽ സിമന്റ് പൂശിയാൽ നിൽക്കുമോ. എന്തേലും സംഭവിച്ചാൽ വരാൻ പോകുന്നത് അവർ വെള്ളം കുടിക്കാതെയും ചാകും, നമ്മൾ വെള്ളം കുടിച്ചും ചാകും.

വണ്ടിപ്പെരിയാറിൽ നിന്ന് ആയിരക്കണക്കിന് അടി ഉയരത്തിൽ ബോംബ് പോലെ നിൽക്കുവാ ഈ സാധനം. വലിയ പ്രശ്‌നമാ. ഞാൻ ഇത് നിയമസഭയിൽ ഇങ്ങനെ തന്നെ പറഞ്ഞിട്ടുണ്ട്. ഇതുവച്ച് രാഷ്ട്രീയം കളിക്കുകയാണ് തമിഴ്‌നാട്ടുകാർ. അതിനിപ്പം വേറെ വഴിയൊന്നുമില്ല. പുതിയ ഡാമല്ലാതെ വേറെ എന്താ മാർഗം. നമ്മുടെ എൽഡിഎഫ് ഗവൺമെന്റിന് ഇക്കാര്യത്തിൽ ഈ നിലപാട് തന്നെയാണ്. അതിനോട് യോജിക്കുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനും അവിടത്തെ നേതൃത്വവും അനുകൂല നിലപാടെടുത്താൽ പ്രശ്‌നം വേഗത്തിൽ തീരും.. ഇല്ലേ വല്ലോം സംഭവിച്ചാൽ ദുരന്തമായി തീരും. ഇത് നിൽക്കുവോ എന്ന് തുരന്ന് നോക്കാൻ പോകുന്നതോളം വിഡ്ഡിത്തം വേറൊന്നില്ല.

എത്രയും വേഗം പുതിയ ഡാമിന് രണ്ട് സർക്കാരും ചേർന്നാൽ തീരും. ഇതിനും നിങ്ങൾ ഹൈറേഞ്ച് സംരക്ഷണ സമിതി ശബ്ദം ഉയർത്തണം എന്നാണ് എനിക്ക് തോന്നുന്നത്. വിഷയം ഉയർത്തുമ്പോൾ രണ്ട് സംസ്ഥാനത്തേയും ജനങ്ങൾ തമ്മിൽ ഒരു സംഘർഷമുണ്ടാകാതെ തന്മയത്തത്തോടെ വേണം കൈകാര്യം ചെയ്യാൻ'

മുലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയിൽ ആശങ്ക വേണ്ടെന്നും അനാവശ്യ ഭീതി പടർത്തുന്നവർക്കെതിരെ നടപടി എടുക്കുമെന്ന് സർക്കാരും മുഖ്യമന്ത്രിയും പറയുമ്പോഴാണ് മുൻ വൈദ്യുതി മന്ത്രികൂടിയായ എംഎൽഎ മണിയുടെ ഗൗരവമേറിയ ഈ വാക്കുകൾ.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് അനുവദനീയ സംഭരണ ശേഷിയായ 142 അടിയിലെത്തിയിരുന്നു. ജലനിരപ്പ് കുറക്കാൻ കൃത്യമായ മുന്നറിയിപ്പ് നൽകാതെ തമിഴ്‌നാട് വൻ തോതിൽ വെള്ളം തുറന്നുവിട്ടു. ഇതേത്തുടർന്ന് പെരിയാർ നദിയിൽ ജലനിരപ്പ് രണ്ടു മീറ്ററോളം ഉയർന്നിരുന്നു. പെരിയാർ തീരത്തെ മഞ്ചുമല ആറ്റോരം ഭാഗത്ത് അഞ്ചു വീടുകളിൽ വെള്ളം കയറി.

അണക്കെട്ടിന്റെ ഒമ്പത് ഷട്ടറുകളാണ് ഉയർത്തിയത്. നീരൊഴുക്ക് വർദ്ധിച്ച സാഹചര്യത്തിൽ പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പുലർച്ചെ ഷട്ടറുകൾ തുറക്കുന്ന പതിവ് ഇന്നും തമിഴ്‌നാട് തുടർന്നു. 142 അടിയായി ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാറിൽ നിന്നും ഇഷ്ടപോലെ വെള്ളം തമിഴ്‌നാട് പുറത്തേക്ക് വിടുകയാണ്.

കഴിഞ്ഞ ദിവസം പെരിയാർ ടൈഗർ റിസർവിൽ കനത്ത മഴ പെയ്തിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് അണക്കെട്ടിലേക്ക് വലിയ രീതിയിൽ നീരൊഴുക്കുണ്ടായത്. 141.9 അടി വരെയായിരുന്നു ഇന്നലെ രാത്രിയിലെ ജലനിരപ്പ്. 142 അടിയിലെത്തിയതോടെ തമിഴ്‌നാട് ഷട്ടറുകൾ തുറന്നു. ചൊവ്വാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് ഷട്ടറുകൾ തുറക്കുന്നത് സംബന്ധിച്ച് അറിയിപ്പ് ജില്ലാ ഭരണകൂടത്തിന് ലഭിക്കുന്നത്. മൂന്ന് മണിയോടെ ഷട്ടറുകൾ തുറന്നു. അഞ്ച് ഷട്ടറുകൾ 60 സെന്റീമീറ്റർ വരെയാണ് ഉയർത്തിയത്. നാല് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതവും ഉയർത്തിയിട്ടുണ്ട്.

ഇതിനിടെ മുന്നറിയിപ്പ് ജനങ്ങളിലേക്കെത്തുന്നതിന് മുമ്പേ ഷട്ടറുകൾ തുറന്നതിൽ പെരിയാറിന്റെ തീരത്തുള്ളവർ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. ഷട്ടർ തുറന്നതോടെ പെരിയാറിൽ ജലനിരപ്പ് നാല് അടിയിലേറെ ഉയർന്നു. പല വീടുകളിലും വെള്ളം കയറി. മഞ്ചുമല ആറ്റോരം ഭാഗത്താണ് കൂടുതലും വീടുകളിലേക്ക് വെള്ളം കയറിയത്. തമിഴ്‌നാടിന്റെ ഇത്തരം നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP