Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും കുലംകുത്തികൾ! ഗ്രൂപ്പ് നേതാക്കൾക്കെതിരെ ഹൈക്കമാണ്ടിന് പരാതി നൽകാൻ കെ എസ്-വിഡി കൂട്ടുകെട്ട്; മുതിർന്ന നേതാക്കൾക്കെതിരെ രേഖാമൂലം സോണിയയ്ക്ക് പരാതി അയയ്ക്കാൻ കെപിസിസി; ലക്ഷ്യം ചെന്നിത്തലയുടെ 'ഡൽഹി' നേട്ടത്തെ തടയലോ?

ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും കുലംകുത്തികൾ! ഗ്രൂപ്പ് നേതാക്കൾക്കെതിരെ ഹൈക്കമാണ്ടിന് പരാതി നൽകാൻ കെ എസ്-വിഡി കൂട്ടുകെട്ട്; മുതിർന്ന നേതാക്കൾക്കെതിരെ രേഖാമൂലം സോണിയയ്ക്ക് പരാതി അയയ്ക്കാൻ കെപിസിസി; ലക്ഷ്യം ചെന്നിത്തലയുടെ 'ഡൽഹി' നേട്ടത്തെ തടയലോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെപിസിസിയ്‌ക്കെതിരെ ഹൈക്കമാണ്ടിന് പരാതി കൊടുക്കുന്നതാണ് കേരളത്തിലെ കോൺഗ്രസിലെ പതിവ് ശീലം. അതും തെറ്റിക്കുകയാണ് കെ സുധാകരനും വിഡി സതീശനും. നേതാക്കൾക്കെതിരെ ഹൈക്കമാണ്ടിന് കെപിസിസി നേതൃത്വം പരാതി നൽകും. രേഖാമൂലമാകും പരാതി അയ്ക്കുക. ഇതോടെ കേരളത്തിലെ കോൺഗ്രസിൽ പ്രശ്‌നം അതീവ സങ്കീർണ്ണമാകും. നിർണ്ണായക നീക്കങ്ങളാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നടത്തുന്നത്. എ-ഐ ഗ്രൂപ്പുകളെ പൂർണ്ണമായും തകർക്കാനാണ് തീരുമാനം. അതിനിടെ എ ഗ്രൂപ്പിനൊപ്പം നിന്നിരുന്ന എംഎം ഹസ്സനും ഗ്രൂപ്പു വിട്ടു. ഇനി യുഡിഎഫ് കൺവീനറായ ഹസനും സുധാകരനൊപ്പമാകും.

കോൺഗ്രസ് നേതൃത്വത്തിന്റെ അവഗണനയിലുള്ള അമർഷം പരസ്യമാക്കി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും യുഡിഎഫ് നേതൃയോഗം ബഹിഷ്‌കരിച്ചിരുന്നു. തിരുവനന്തപുരത്ത് ഉണ്ടായിരുന്നിട്ടും യോഗത്തിൽ പങ്കെടുത്തില്ല. മുന്മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും അപ്രതീക്ഷിത നീക്കം കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന് കനത്ത ആഘാതമായി. ഈ സാഹചര്യത്തിലാണ് കെപിസിസിയും മറു തന്ത്രവുമായി എത്തുന്നത്. ചെന്നിത്തലയ്ക്ക് എഐസിസിയിൽ പദവി കിട്ടുന്നത് തടയുകയാണ് ലക്ഷ്യമെന്ന് സൂചനയുണ്ട്. കെപിസിസിയെ അംഗീകരിക്കാത്തവരെ എഐസിസിയിൽ എടുക്കുന്നതിനെ ഫലത്തിൽ ചോദ്യം ചെയ്യുകയാണ് സുധാകരൻ. പാർട്ടിലെ കുലംകുത്തികളായി ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും മാറുന്നുവെന്ന പരാതി പറയാതെ പറയുകയാണ് കെപിസിസി ഔദ്യോഗിക വിഭാഗം.

രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ നിയമസഭാ മന്ദിരത്തിലെത്തിയ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും തൊട്ടടുത്തുള്ള കന്റോൺമെന്റ് ഹൗസിലെ യുഡിഎഫ് യോഗം അവഗണിച്ച് മടങ്ങുകയായിരുന്നു. കെപിസിസി നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടുകൾ ഹൈക്കമാൻഡിനെ ധരിപ്പിച്ചിട്ടും മനോഭാവത്തിൽ മാറ്റമില്ലാത്തതാണ് മുതിർന്നനേതാക്കളെ ചൊടിപ്പിച്ചത്. കൂടിയാലോചന നടത്തണമെന്ന ഹൈക്കമാൻഡ് നിർദ്ദേശത്തിന് ചെവികൊടുക്കാതെയാണ് സംസ്ഥാന നേതൃത്വം നീങ്ങുന്നത്. ജനറൽ സെക്രട്ടറിമാരുടെ ചുമതല നിശ്ചയിച്ചതും ആലോചിക്കാതെയാണ്. ഈ സാഹചര്യത്തിലാണ് യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചത്.

എന്നാൽ ഗുരുതര തെറ്റായി സുധാകരൻ പറയുന്നു. കോൺഗ്രസിലെ പ്രശ്‌നങ്ങൾ ഒരിക്കലും യുഡിഎഫിലേക്ക് കൊണ്ടു വന്നിരുന്നില്ല ആരും. ചെന്നിത്തലയും ചാണ്ടിയും ഇത് തെറ്റിച്ചു. ഈ സാഹചര്യത്തിൽ ഹൈക്കമാണ്ട് ഇവരെ ശാസിക്കണമെന്നാണ് കെപിസിസിയുടെ ആവശ്യം. കെപിസിസിയുടെ പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കാൻ ആരേയും അനുവദിക്കില്ലെന്നും സുധാകരൻ നിലപാട് എടുത്തു കഴിഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇതേ നിലപാടിലാണ്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും ഗ്രൂപ്പ് നേതാക്കളെ പിന്തുണയ്ക്കുന്നില്ല. ഇതിനിടെയാണ് ഹസന്റെ ചേരിമാറ്റവും. ഇതോടെ ഔദ്യോഗിക പദവിയുള്ള എല്ലാവരും സുധാകര പക്ഷത്തായി.

പുനഃസംഘടനയിലെ അവഗണന, രാഷ്ട്രീയകാര്യസമിതി വിളിക്കണമെന്ന ആവശ്യം തള്ളിയത്, സംസ്ഥാന കോൺഗ്രസിനെ വരുതിയിലാക്കാനുള്ള കെ സി വേണുഗോപാലിന്റെ നീക്കങ്ങൾ എന്നിവയാണ് ഉമ്മൻ ചാണ്ടിയുടെയും ചെന്നിത്തലയുടെയും അതൃപ്തിക്ക് കാരണം. സോണിയ ഗാന്ധിയെ കണ്ട് ഉമ്മൻ ചാണ്ടി പരാതി നൽകിയിട്ടും പ്രയോജനമുണ്ടായില്ല. യുഡിഎഫ് യോഗത്തിന് കണ്ണൂരിലായിരുന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരനും ആർഎസ്‌പി സംസ്ഥാന സെക്രട്ടറി എ എ അസീസും യോഗത്തിനെത്തിയില്ല.

സുധാകരൻ അസൗകര്യമറിയിച്ചിരുന്നുവെന്നാണ് വിശദീകരണം. യുഡിഎഫ് യോഗത്തിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുക്കാത്തതിന്റെ കാരണം അറിയില്ലെന്ന് കെ സുധാകരൻ കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. ഇതിലും വലിയ കൊടുങ്കാറ്റ് വന്നിട്ടും തളർന്നിട്ടില്ല. ഇത് ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമെന്നും അദ്ദേഹം പരിഹസിച്ചു. ഇതിന് പിന്നാലെയാണ് ഹൈക്കമാണ്ടിന് പരാതി നൽകാനുള്ള തീരുമാനം. ദീർഘകാലമായി യുഡിഎഫിൽ കോൺഗ്രസിനെ നയിച്ചിരുന്ന ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ആദ്യമായാണു പ്രതിഷേധത്തിന്റെ ഭാഗമായി യോഗത്തിൽ പങ്കെടുക്കാതിരുന്നത്. ഇരുനേതാക്കളും കൂടിയാലോചിച്ചു തീരുമാനിക്കുകയായിരുന്നു. ഇതോടെ പാർട്ടിയിലെ അസ്വാരസ്യങ്ങൾ യുഡിഎഫിലും പ്രതിഫലിച്ചു.

സംഘടനാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച സാഹചര്യത്തിൽ നാമനിർദ്ദേശം വഴിയുള്ള അഴിച്ചുപണി അഭികാമ്യമല്ലെന്നു കോൺഗ്രസ് അധ്യക്ഷയെ കണ്ട് ഉമ്മൻ ചാണ്ടി വ്യക്തമാക്കിയിരുന്നു. അച്ചടക്കസമിതി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഹൈക്കമാൻഡിന്റെ തുടർനടപടി ഉണ്ടാകാത്തതാണു പ്രതിഷേധം പ്രകടിപ്പിക്കുന്നതിലേക്ക് എത്തിച്ചത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP