Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റെന്റ് എ ബൈക്കിൽ എത്തി കുട്ടിയുമായി മുങ്ങി; പ്രത്യേകിച്ച് ജോലിയില്ലാത്ത ഇയാൾക്ക് അണ്ടർ വേൾഡുമായും അടുത്ത ബന്ധം; കണ്ണൂരും ബംഗ്ലൂരുവിലും അരിച്ചു പെറുക്കിയിട്ടും പൊലീസിന് നന്ദകുമാറിനെ കണ്ടെത്താനാകുന്നില്ല; സനുമോഹൻ 'മോഡൽ' സംശയവും ശക്തം; നാലു വയസ്സുകാരന് വേണ്ടിയുള്ള അന്വേഷണം പൊലീസ് മതിയാക്കുമ്പോൾ

റെന്റ് എ ബൈക്കിൽ എത്തി കുട്ടിയുമായി മുങ്ങി; പ്രത്യേകിച്ച് ജോലിയില്ലാത്ത ഇയാൾക്ക് അണ്ടർ വേൾഡുമായും അടുത്ത ബന്ധം; കണ്ണൂരും ബംഗ്ലൂരുവിലും അരിച്ചു പെറുക്കിയിട്ടും പൊലീസിന് നന്ദകുമാറിനെ കണ്ടെത്താനാകുന്നില്ല; സനുമോഹൻ 'മോഡൽ' സംശയവും ശക്തം; നാലു വയസ്സുകാരന് വേണ്ടിയുള്ള അന്വേഷണം പൊലീസ് മതിയാക്കുമ്പോൾ

വിഷ്ണു ജെജെ നായർ

തിരുവനന്തപുരം: ഏറെ നിഗൂഡതകൾ നിറഞ്ഞതാണ് കൊച്ചിയിലെ 13കാരിയായ വൈഗയുടെ മരണവും പിതാവ് സനു മോഹന്റെ തിരോധാനവും അറസ്റ്റും. മകളെ വകവരുത്തിയ ശേഷം തന്നെ തട്ടിക്കൊണ്ടുപോയെന്ന് വരുത്തി തീർക്കാനാണ് സനു മോഹൻ ശ്രമിച്ചത്. പക്ഷേ മാധ്യമ ഇടപെടലുകൾ കള്ളം പൊളിച്ചു. എന്നാൽ ഈ സംഭവവും പൊലീസിന്റെ കണ്ണു തുറപ്പിക്കുന്നില്ല. തിരുവനന്തപുരത്ത് മറ്റൊരു കുട്ടിയെ അച്ഛൻ ഇതേ തരത്തിൽ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പൊലീസിന് തുമ്പൊന്നും കണ്ടെത്താനുമാകുന്നില്ല.

സ്വന്തം കുഞ്ഞുങ്ങളെ അച്ഛനമ്മമാർ അപായപ്പെടുത്തിയ വാർത്തകൾ കാണുമ്പോൾ ആര്യങ്കോട്ടുള്ള ഈ അമ്മയുടെ ഉള്ളിലൂടെ ആശങ്കയുടെ ഒരു കൊള്ളിയാൻ കടന്നുപോകും. അമ്മയുടെ നാലുവയസുകാരൻ മകനെ അച്ഛൻ തട്ടിക്കൊണ്ടുപോയിട്ട് ഒരാഴ്‌ച്ചയാകുന്നു. ഇതുവരെയും കാണാതായ മകനേയോ തട്ടിക്കൊണ്ടുപോയ നന്ദകുമാറിനേയോ പറ്റി ഒരു തുമ്പും കണ്ടെത്താൻ കേസന്വേഷിക്കുന്ന ആര്യങ്കോട് പൊലീസിന് കഴിഞ്ഞിട്ടില്ല.

ആര്യങ്കോട് എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കണ്ണൂർ, മംഗലാപുരം, ബാംഗ്ലൂർ എന്നീ നഗരങ്ങളിലെ തിരച്ചിൽ നിർത്തി കഴിഞ്ഞ ദിവസം തിരിച്ചെത്തി. ഇതുവരെയും ഇരുവരും എവിടെയാണെന്നതിനെ കുറിച്ച് യാതൊരു അറിവും അവർക്ക് ലഭിച്ചിട്ടില്ല. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും അന്നേ ദിവസം യാത്ര ചെയ്തവരുടെ കൂട്ടത്തിൽ നന്ദകുമാറും കുട്ടിയും ഉള്ളതായി കണ്ടെത്തിയിട്ടില്ല. ഇത്തരത്തിലുള്ള ഒരു അച്ഛനും മകനും തമ്പാനൂരിൽ നിന്നും യാത്ര പുറപ്പെടുന്ന കെഎസ്ആർടിസി ബസുകളിൽ കയറിയിട്ടില്ലെന്നും പൊലീസ് പറയുന്നു. എന്നാൽ മറ്റ് സ്റ്റേഷനുകളിൽ നിന്നും അവർ ട്രയിനിലും ബസിലും കയറാനുള്ള സാധ്യതയും അവർ തള്ളിക്കളയുന്നില്ല.

കണ്ണൂരിലെ നന്ദകുമാറിന്റെ കുടുംബവീട്ടിൽ പരിശോധന നടത്തിയ പൊലീസ് അവരവിടെ എത്തിയിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്. മംഗലാപുരത്തും ബാംഗ്ലൂരും അന്വേഷണത്തിനായി എത്തിയ പൊലീസ് സംഘത്തിന് ഒരു തുമ്പും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ നന്ദകുമാറിനൊപ്പം എത്തിയ സഹോദരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ട ആര്യങ്കോട് സർക്കിൾ ഇൻസ്പെക്ടറുടെ പ്രവർത്തിയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. കുട്ടിയെ കാണാതായി ഒരാഴ്‌ച്ചയായിട്ടും കുട്ടിയെ പറ്റി ഒരറിവുമില്ലാത്തതാണ് അമ്മ ചിത്രയെ ആശങ്കയിലാക്കുന്നത്.

കഴിഞ്ഞ 23-ാം തീയതിയാണ് നന്ദകുമാർ കുട്ടിയെ കാണാനെന്ന വ്യാജേന സഹോദരനൊപ്പം ചിത്രയുടെ വീട്ടിലെത്തി കുട്ടിയുമായി കടന്നുകളഞ്ഞത്. ഭർത്താവുമായി പിരിഞ്ഞ് മകനോടൊപ്പമാണ് കഴിഞ്ഞ എട്ട് മാസമായി ചിത്ര ആര്യങ്കോടുള്ള വീട്ടിൽ താമസിക്കുന്നത്. ഉടൻതന്നെ ചിത്ര ആര്യങ്കോട് പൊലീസ് സ്റ്റേഷനിൽ വിളിച്ച് പരാതി നൽകിയെങ്കിലും നന്ദകുമാർ ഉപേക്ഷിച്ചുപോയ ബൈക്ക് മാത്രമാണ് പൊലീസിന് ലഭിച്ചത്. നന്ദകുമാറിനൊപ്പം എത്തിയ സഹോദരനെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും അയാൾ പറഞ്ഞതൊക്കെ വെള്ളം തൊടാതെ വിശ്വസിച്ച പൊലീസ് സ്റ്റേഷൻ ജാമ്യം നൽകി അയാളെ പറഞ്ഞുവിടുകയായിരുന്നു.

തിങ്കളാഴ്‌ച്ച കുട്ടിയുടെ നാലാം ജന്മദിനമായിരുന്നു. പിറ്റെന്ന് രാവിലെ 11 മണിയോടെയാണ് നന്ദകുമാർ സഹോദരനോടൊപ്പം കുട്ടിയെ കാണണമെന്ന ആവശ്യവുമായി വീട്ടിലെത്തുന്നത്. കുട്ടിയെ എടുത്തുകൊണ്ട് നന്ദകുമാർ ബൈക്കിലേയ്ക്ക് കയറുമ്പോൾ ബൈക്ക് യാത്ര ഇഷ്ടമായ മകനെ വച്ചുകൊണ്ട് ചെറിയദൂരം ഓടിക്കാനാണെന്നാണ് കരുതിയതെന്നാണ് ചിത്ര പറയുന്നത്. നന്ദകുമാറിന്റെ സഹോദരൻ അവിടെ ഇരിക്കുന്നതിനാൽ ആർക്കും സംശയം തോന്നിയില്ല. എന്നാൽ മകനെയും കൊണ്ട് ബൈക്ക് സ്റ്റാർട്ട് ചെയ്തുപോയ നന്ദകുമാർ പിന്നീട് തിരിച്ചുവന്നില്ലെന്ന് ചിത്ര പറയുന്നു. റെന്റെ എ ബൈക്കിലാണ് ഇയാൾ വന്നത്.

അസ്വാഭാവികത തിരിച്ചറിഞ്ഞ ഉടനെ തന്നെ ചിത്ര ആര്യങ്കാവ് പൊലീസ് സ്റ്റേഷനിൽ വിളിച്ച് പരാതി പറയുകയും അവർ നന്ദകുമാറിനെ ബന്ധപ്പെടുകയും ചെയ്തു. കുട്ടിയേയും കൊണ്ട് വസ്ത്രമെടുക്കാൻ വന്നതാണെന്നും ഉടൻ തിരിച്ചെത്തുമെന്നുമാണ് അയാൾ മറുപടി നൽകിയത്. അതിന് ശേഷം അയാൾ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. അയാൾ സഞ്ചരിച്ചിരുന്ന വാടകയ്ക്കെടുത്ത ബൈക്ക് കാട്ടാക്കടയ്ക്ക് സമീപം മംഗലയ്ക്കൽ നിന്നും പൊലീസ് കണ്ടെത്തി. അവിടെ നിന്നും അയാൾ ബസിൽ കയറിയെന്നാണ് കരുതുന്നത്.

റെന്റ് എ ബൈക്കിൽ എത്തിയത് തന്നെ ഗൂഢാലോചനയുടെ ഭാഗമാണ്. സഹോദരനെ ചിത്രയുടെ വീട്ടിൽ ഇരുത്തിയ ശേഷമായിരുന്നു മകനുമായി പോയത്. അതുകൊണ്ട് തന്നെ തിരിച്ചു വരുമെന്ന് തന്നെ ഏവരും കരുതി. എന്നാൽ മൊബൈൽ സ്വച്ച് ഓഫായതോടെ സംഭവത്തിന്റെ ഗൗരവം പൊലീസിനും മനസ്സിലായി. ഇതോടെ അന്വേഷണവും വ്യാപകമാക്കി. കണ്ണൂരിലെ തളിപ്പറമ്പാണ് നന്ദകുമാറിന്റെ വീട്. ഇവിടേയും കുട്ടിയെ തേടി പൊലീസ് എത്തി. പക്ഷേ തുമ്പൊന്നും കിട്ടിയിട്ടില്ല.

കുട്ടിയെ കൊണ്ടുപോകുന്ന കാര്യം തനിക്കറിയില്ലായിരുന്നെന്നും കുട്ടിയെ കാണാനെന്ന് പറഞ്ഞാണ് തന്നെ കൂട്ടിക്കൊണ്ടുവന്നതെന്നുമാണ് സഹോദരൻ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. രണ്ട് ദിവസം കസ്റ്റഡിയിൽ വച്ച സഹോദരനെ ഇന്നലെ പൊലീസ് ജാമ്യത്തിൽവിട്ടു. നന്ദകുമാറിന് ചില സ്വഭാവവൈകൃതങ്ങളുണ്ടെന്നും അതിനാലാണ് അയാൾ കുട്ടിയെ കൊണ്ടുപോകുന്നതിൽ ഭയമെന്നും കുട്ടിയുടെ അമ്മ ചിത്ര മറുനാടനോട് പറഞ്ഞു. ആര്യങ്കോട് എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കണ്ണൂരിലും മംഗലാപുരത്തും ബാംഗ്ലൂരിലും തിരച്ചിൽ നടത്തിയെങ്കിലും നന്ദകുമാറിന്റെ പൊടി പോലും കിട്ടിയില്ല.

നന്ദകുമാറിനെ പറ്റി സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ അറസ്റ്റുണ്ടാകുമെന്നും മൂന്ന് ദിവസം മുമ്പ് സിഐ മറുനാടനോട് പറഞ്ഞിരുന്നെങ്കിലും കൈയുംവീശിയാണ് പൊലീസ് സംഘം കർണാടകത്തിൽ നിന്നും മടങ്ങിയത്. നന്ദകുമാറിന് കുതിര പന്തയത്തിലും അതിന് സമാനമായ പല പണ ഇരട്ടിപ്പിലും പങ്കുണ്ടെന്ന് ചിത്ര പറയുന്നു. ഇതാണ് അമ്മയുടെ ആശങ്കയ്ക്ക് കാരണം. നന്ദകുമാറിന്റെ അധോലോക ബന്ധങ്ങൾ പൊലീസും ഭാഗികമായി ശരിവയ്ക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP