Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചായക്ക് 20ഉം പെഗ് മദ്യത്തിന് 40രൂപയുമായി ഒരു കൊച്ചു നാട്! ബിജെപി ഭരിച്ചിട്ടും ബീഫ് നിരോധനമില്ല; ആഡംബര നൗകകളിൽ നൃത്തവും സംഗീതവുമായി ആഘോഷ രാവ്; പ്രതിവർഷം നികുതിയായി നൽകുന്നത് 200 കോടി; ജോലി നൽകുന്നത് അയ്യായിരത്തോളം പേർക്ക്; എന്നിട്ടും നിരോധിക്കുമെന്ന് രാഷ്ട്രീയ പാർട്ടികൾ; കോടികൾ ഒഴുകുന്ന ഗോവൻ 'കാസിനോ രാഷ്ട്രീയത്തിന്റെ' കഥ

ചായക്ക് 20ഉം പെഗ് മദ്യത്തിന് 40രൂപയുമായി ഒരു കൊച്ചു നാട്! ബിജെപി ഭരിച്ചിട്ടും ബീഫ് നിരോധനമില്ല; ആഡംബര നൗകകളിൽ നൃത്തവും സംഗീതവുമായി ആഘോഷ രാവ്; പ്രതിവർഷം നികുതിയായി നൽകുന്നത് 200 കോടി; ജോലി നൽകുന്നത് അയ്യായിരത്തോളം പേർക്ക്; എന്നിട്ടും നിരോധിക്കുമെന്ന് രാഷ്ട്രീയ പാർട്ടികൾ; കോടികൾ ഒഴുകുന്ന ഗോവൻ 'കാസിനോ രാഷ്ട്രീയത്തിന്റെ' കഥ

എം റിജു

മ്മുടെ നാട്ടിൽ വെറും 10 രൂപക്ക് കിട്ടുന്ന ഒരു ചായക്ക് ഇവിടെ പലയിടത്തും 20 രൂപയാണ്. എന്നാൽ മലയാളി പെഗിന് 250 രൂപവെച്ച് കൊടുക്കുന്ന പല ബ്രാൻഡ് മദ്യങ്ങളും വെറും നാൽപ്പതുരൂപക്ക് ഇവിടെ കിട്ടും! അതാണ് വിസ്തീർണ്ണം കൊണ്ട് ഇന്ത്യയിൽ ഏറ്റവും കുഞ്ഞനും, ജനസംഖ്യകൊണ്ട് നാലാമത് ചെറുതുമായ ഗോവയെന്ന കൊച്ചു സംസ്ഥാനത്തിലെ അവസ്ഥ. പത്തുവർഷം ബിജെപി തുടർച്ചയായി ഭരിച്ചിട്ടും ബീഫ് നിരോധനം ഇല്ലാത്ത സംസ്ഥാനം, ഇന്ത്യയിൽ സിക്കിമിനെ മാറ്റിനിർത്തിയാൽ ചൂതാട്ട നിരോധന നിയമം നിലവില്ലാത്ത നാട്, മനുഷ്യക്കടത്തിന് തൊട്ട് മരിജുവാനക്കുവരെ കുപ്രസിദ്ധമായ നാട്. ഇവിടെ കിട്ടാത്തത് ഒന്നുമില്ല. അൺലിമിറ്റഡ് ആഘോഷങ്ങളുടെ നാട്. സത്യത്തിൽ മലയാളികളുടെ അടക്കം ഒരു 'ചുരുളി' തന്നെയാണ് ഗോവ. സദാചാര സമൂഹത്തിൽ ഫ്രസ്ട്രേറ്റഡ് ആയി നടക്കുന്ന മലയാളിയുടെ ഉള്ളിലെ 'പെരുമാടൻ' കൊങ്കൺ തുരങ്കം കടന്നാൽ പുറത്തുചാടുമെന്നാണ് ഗോവൻ ചലച്ചിത്രോത്സവത്തിന് ഇവിടെ സ്ഥിരമായി എത്തുന്നവർ പറയാറുള്ളത്.

ഗോവയുടെ യഥാർഥ വരുമാന മാർഗം ബീച്ചല്ല ചൂതാട്ടമാണെന്നാണ് ഇതേക്കുറിച്ച് പഠിച്ച പലരും പറയുന്നത്. ഈ ഇത്തിരിക്കുഞ്ഞൻ സംസ്ഥാനത്ത് പ്രദേശവാസികളെക്കാളും ഏറെ ടൂറിസ്റ്റുകളാണ്. വെറും 20 ലക്ഷമാണ് ഗോവയുടെ ജനസംഖ്യ. പക്ഷേ കോവിഡ് മുമ്പ് 2018 ൽമാത്രം ഇവിടെ എത്തിയത് 30 ലക്ഷം സഞ്ച രികളാണ്. ബീച്ചുകളാണ് ഗോവൻ ടൂറിസത്തിന്റെ ജീവനാഡി. മൂന്നുമാസത്തെ സീസൺ കാലത്തു മാത്രമേയുള്ളൂ ഈ വരുമാനം. പക്ഷേ യാതൊരു സീസണും നോക്കാതെ ഗോവയിലേക്കു വരുന്നവരുടെ പ്രധാനം ആകർഷണം കാസിനോകളാണ്. 2018 മാത്രം 200 കോടിരൂപ കാസിനോകളിൽ നിന്ന് സർക്കാരിലേക്കെത്തി എന്നാണു കണക്ക്. അയ്യായിരത്തോളം പേർക്ക് പ്രത്യക്ഷമായും പതിനായിരത്തോളം പേർക്ക് പരോക്ഷമായും തൊഴിൽ കൊടുക്കുന്നു.

പക്ഷേ എന്നിട്ടും ഗോവയിലെ മുഖ്യധാരാ പാർട്ടികൾ മൊത്തമായി കാസിനോ വിരുദ്ധരാണ്. കഴിഞ്ഞ രണ്ടു ദശാബ്ദക്കാലമായി തെരഞ്ഞെടുപ്പ് സമയത്ത് ഗോവയിലെ ഏറ്റവും പ്രധാന ചർച്ച കാസിനോകൾ ആണ്. യു.പിക്കൊപ്പം ഈ ഫെബ്രുവരിയിലാണ് ഗോവയിലും തെരഞ്ഞെടുപ്പ്. കാസിനോകളെ പൂട്ടിക്കുമെന്നും നിയന്ത്രിക്കുമെന്നും എല്ലാവരും ഇത്തവണയും പറയുന്നുണ്ട്. പക്ഷേ അത് നടപ്പില്ലെന്ന് അറിയുന്നതുകൊണ്ടാവും, ഇത്തവണ ബിജെപിയും കോൺഗ്രസും അത്ര ശക്തമായി ഇക്കാര്യം ഉന്നയിക്കുന്നില്ല. പകരം ആം ആദ്മിയും തൃണമൂൽ കോൺഗ്രസുമാണ് ഈ ആവശ്യം ഉന്നയിക്കുന്നത്. ( തൃണമൂലിന്റെ ആസ്ഥാനമായ കൊൽക്കത്തയിലെ സോനാഗച്ചിയിലാണ് ഏഷ്യയിലെ എറ്റവും വലിയ വേശ്യാവൃത്തി കേന്ദ്രം. അത് പൂട്ടിക്കാൻ മമതക്ക് കഴിഞ്ഞിട്ടില്ല. കെജ്രിവാളിന്റെ ഡൽഹി നോയിഡയിലും മറ്റുമുണ്ട് അനധികൃത ഡാൻസ്ബാറുകളും വേശ്യാലയങ്ങളും. അത് ഒന്നും പൂട്ടിക്കാൻ കഴിയാതെയാണ് ഈ നേതാക്കാൾ ഗോവയെ സദാചാരം പഠിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നത്്! ) ഗോവയിൽ കരുത്ത് തെളിയിക്കുമെന്ന് പറയുന്ന തൃണമൂൽ, ഇപ്പോൾ തന്നെ ഈ കൊച്ചു സംസ്ഥാനത്ത് ഉടനീളം മമതാ ബാനർജിയുടെ കട്ട് ഔട്ടുകൾ വെച്ചു കഴിഞ്ഞു.

ഗോവയിലെ രാഷ്ട്രീയവും കാസിനോകളിലെ ചൂതാട്ടം പോലെയാണ്. ചാക്കിട്ടുപിടിത്തവും, കുതിരക്കച്ചവടവും, 'കഴുതക്കച്ചവടവും', റിസോർട്ട് രാഷ്ട്രീയവും ഒക്കെ നടക്കും. അവിടെ ഇത്തവണ ഭാഗ്യാന്വേഷികൾ ഏറുകയാണ്. ഗോവൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ ചുരുക്കത്തിൽ കാസിനോ രാഷ്ട്രീയം എന്ന് വിളിക്കാം.

ആയിരം രൂപക്ക് അൺലിമിറ്റഡ് വിനോദം

ഗോവൻ ചലച്ചിത്രമേള നടക്കുന്ന ഐനോക്സ് തിയേറ്റർ സമുച്ചയത്തിന്റെ മുന്നിലുള്ള മണ്ഡോവി നദിയിൽ ദൂരെ മാറി നിർത്തിയിട്ടിരിക്കുന്ന ആഡംബര നൗകകൾ മലയാളിയെയും എന്നും പ്രലോഭിപ്പിച്ചിരുന്നു. കോടികൾ മറിയുന്ന ആ കാസിനോകളിലേക്ക് ബോട്ടിൽ ആളെയെത്തിക്കാൻ തീരത്ത് പ്രത്യേക കേന്ദ്രമുണ്ട്. രാത്രി വൈകിപ്പോലും അതിനു മുന്നിൽ നീളൻ ക്യൂവാണ്. ഒരുപാട് നിറം പിടിപ്പിച്ച കഥകൾ ആണ് കേരളത്തിലടക്കം കാസിനോകളെക്കുറിച്ച് ഉയർന്നുകേൾക്കുന്നത്. എന്നാൽ അവിടം ഒരുതവണ സന്ദർശിച്ചവർക്ക് അറിയാം, ഇതൊക്കെ വെറും പുളുവാണെന്നത്.

ആദ്യത്തെ തെറ്റിദ്ധാരണ, നമ്മൾ പോകുന്നത്, എന്തോ ഒരു രഹസ്യകേന്ദ്രത്തിലേക്കാണെന്നതാണ്. പക്ഷേ ഇവിടെ എല്ലാം നിയമവിധേയമാണ്. സ്ത്രീകളും കുട്ടികളും അടക്കമുള്ള നൂറുകണക്കിന് പേരാണ് സായാഹ്നങ്ങളിൽ കാസിനോകളിലേക്ക് ഒഴുകുന്നത്. കപ്പിളായി വന്നാലും, സിംഗിൾ ആയി വന്നാലും, ഫാമിലിയുമായി വന്നാലും അതനുസരിച്ച് ആസ്വദിക്കാമെന്നതാണ് ഗോവൻ കാസിനോയുടെ പ്രത്യേക. മണ്ഡോവി നദിക്കരയിൽ കാസിനോകളുടെ ടിക്കറ്റ് വിൽപ്പന കേന്ദ്രങ്ങൾ ഉണ്ട്. പല പാക്കേജുകൾ അവിടെയുണ്ട്. അതിൽ നിങ്ങളുടെ പോക്കറ്റിന് പറ്റിയ ഒന്ന് തെരഞ്ഞെടുക്കാം. പിന്നെ അവർ ചില ആശുപത്രികളിലും മറ്റും അഡ്‌മിറ്റാകുമ്പോൾ നമ്മുകെ കൈത്തണ്ടയിൽ കെട്ടുന്നപോലെ ഒരു ഐഡന്റിറ്റി റിബർ നമുക്ക് തരും. അതോടെ നിങ്ങൾ കാസിനോയിലെ ഒരു അംഗമായി. തുടർന്ന് അവരുടെ ബോട്ടിൽ മണ്ഡോവി നദിയിലുടെ നടുക്ക് നിർത്തിയിട്ട കപ്പലിലേക്ക് കൊണ്ടുപോവും. മനോഹരമായ ഒരു യാത്ര സൗജന്യമായി. രാത്രി രണ്ടുമണിക്കുള്ളിൽ എപ്പോൾ ഇറങ്ങിയാലും അതേ ബോട്ടിൽ തന്നെ അവർ കരയിലും കൊണ്ടാക്കും.

വെള്ളി, ശനി, ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ നിങ്ങൾക്ക് ആയിരം രൂപക്ക് ഒരു കാസിനോയിൽ ടിക്കറ്റ് എടുക്കാം. തിരക്കേറിയ ദിവസങ്ങളിലും, വെള്ളി, ശനി, ഞായർ ദിവങ്ങളിലും ഇതിന്റെ ഇരട്ടിയാവും. ആയിരം രുപക്ക് ഭക്ഷണം അൺലിമറ്റഡ് ആണ്. ചിക്കനും, മട്ടണും, ബീഫും, മീനും, പോർക്കും, ബിരിയാണിയും തൊട്ട് എല്ലാം ലഭിക്കും. (ഹലാലും ഹാമുമൊക്കെ നോക്കാതെയുള്ള ശുദ്ധ മതേതരത്വമാണിവിടെ. ഭക്ഷണത്തിൽ ആരും മതം കലർത്തന്നില്ല.) പൊതുവെ ആഹാര പ്രിയനായ മലയാളിക്ക് അതുവഴിതന്നെ ആ കാശ് മുതലാക്കാം. പിന്നെ നിങ്ങൾ കാസിനോകളിൽ മദ്യപിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല. വേണമെങ്കിൽ അതും ആവാം. അതിനും കത്തിവിലയില്ല. മെയിൻ ലാൻഡിൽനിന്ന് 18 ശതമാനം ജി.എസ്.ടി അധികം മാത്രം. 250 ശതമാനം അധിക നികുതി കൊടുത്ത്, മണിക്കൂറുകൾ ക്യൂ നിന്ന് വൃത്തിഹീനമായ സാഹചര്യത്തിൽ മദ്യവാങ്ങുന്ന മല്ലുസിന്, ഈ ആഡംബര സൗകര്യത്തിലെ തുക ഒരിക്കലും ഒരു അധിക ചെലാണോ?

ഗോവയിലെ ഏറ്റവും വലിയ ആഡംബര കാസിനോ, ഡെൽറ്റിൻ റോയലിലൊക്കെ വലിയ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. 40,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള നിലകൾ, 123 ഗെയിമിങ് ടേബിളുകൾ, ഗൗർമെറ്റ് റെസ്റ്റോറന്റ്, കിഡ്സ് സോൺ എന്നിവയെല്ലാം ഇവിടെ ഉണ്ട്. സിംഗിൾ ആൽപ്സ്, ഹാൻഡ് റോളഡ് സിഗറുകളുടെ ഒരു വലിയ ശേഖരവും എക്സ്‌ക്ലൂസീവ് വിസ്‌കിയുടെ ലോഞ്ചുമുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള നർത്തകർ, ഹാസ്യപരിപാടികൾ, തൽസമയ ബാൻഡുകൾ എന്നിവയൊക്കെ ഇവിടെ വിനോദ പരിപാടികളായി നടക്കും.

കാസിനോകളിൽ വരുന്ന കുടുംബങ്ങളിൽ ഭൂരിഭാഗവും രാത്രി എട്ടുമണിക്ക്ശേഷം തുടങ്ങി വൈകുവോളം നടക്കുന്ന കലാപരിപാടികൾ കുട്ടികളോടൊപ്പം കാണാൻ ആഗ്രഹിക്കുന്നത്. അർധ നഗ്നരായ സുന്ദരികളും സുന്ദരന്മാരും അടങ്ങുന്ന, ത്രസിപ്പിക്കുന്ന സിനിമ ഗാനങ്ങൾക്ക് ഒപ്പമുള്ള നൃത്തം തന്നെയാണ് കലാപരിപാടികളിൽ എറ്റവും പ്രധാനം. സദാചാരക്കുരുപൊട്ടാതെ വയോധിക ദമ്പതികൾപോലും അവ ആസ്വദിക്കുന്നു. ഡാൻസേഴ്സിന്റെ ഫോട്ടോ എടുക്കുന്നതിനും വീഡിയോ എടുക്കുന്നതിനും ഒന്നും വിലക്കുമില്ല. പക്ഷേ അവിടെ എത്തിയ ഗസ്റ്റുകളിൽ ചിലർ സ്വകാര്യത ആഗ്രഹിക്കുന്നതിനാൽ ഓഡിൻസിന്റെ പടത്തിന് മാത്രമാണ് വിലക്കുള്ളത്. ഒരേ ഹാളിൽ തന്നെ ഭക്ഷണവും നൃത്തവും മദ്യവും. എന്നിട്ടും ഒരു കശപിശയോ, വെള്ളമടിച്ച് വാളുവെക്കുകയോ, സ്ത്രീകളെ ശല്യം ചെയ്യുകയോ ഒന്നും ഇവിടെയില്ല. ( നമ്മുടെ നാട്ടിലെ മാറാട് കലാപത്തിന്റെ ആദ്യത്തെ തീപ്പൊരി തുടങ്ങുന്നതുപോലും ഒരു ക്ലബിന്റെ ഗാനമേളക്കിടെ ഒരു വിഭാഗം സ്ത്രീകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ടാണെല്ലോ) ഒരു ഷട്ട് ഡൗൺ സൊസൈറ്റിയും ഓപ്പൺ സൊസൈറ്റിയും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം ഇതൊക്കെയാണ്.

കോടികളുടെ 'വെയ്‌രാജാവെയ്'

പഴക്കം ചെന്ന ചെറിയ കപ്പലുകളാണ് സാധാരണയായി കാസിനോകൾ ആയി മാറുന്നത്. അതിൽ ആൾട്ടർനേഷൻ വരുത്തി, വൈദ്യതാലങ്കാരങ്ങൾ തീർത്ത് ഒഴുകുന്ന ഒരു സൗധമാക്കി മാറ്റും. യൂറോപ്യൻ ആർക്കിടെക്്റ്റകൾ ആണത്രേ ഇത്തരം കാര്യങ്ങൾ രൂപകൽപ്പന ചെയ്യാറുള്ളത്. ഒരു കാസിനോക്ക് തന്നെ ലക്ഷക്കണക്കിന് രൂപ വരും.

ഇനി കാസിനോകളിൽ എത്തുന്നവർ മുഴവൻ ചൂതാടണമെന്നുമില്ല. മൂന്നു ഡെക്കുകൾ ഉള്ള കാസിനോളിൽ ആദ്യത്തെ രണ്ട് ഡെക്കുകളും പൂർണ്ണമായും ഇത്തരം കളികൾക്ക് ആയിരിക്കും. ചൂതാട്ട ഗെയിംസിൽ ഭൂരിഭാവും ഭാഗ്യത്തിന്റെ അടിസ്ഥാനത്തിലാണ്. നമ്മുടെ പന്നിമലർത്ത് പോലെ തന്നെ ചീട്ട് ഇട്ട് വെട്ടുന്നത് തൊട്ട്, ഉത്സവപ്പറമ്പുകളിലെ വെയ്‌രാജാവെയ് കിലുക്കിക്കുത്തിന്റെ മോഡലിലുള്ള കളികൾവരെയുള്ള വൈവധ്യമാർന്ന നൂറുകണിക്കിന് ഗെയിമുകൾ. ( ഉത്സവപ്പറമ്പിൽ ചീട്ടുകളിച്ചാൽ പൊലീസ് പിടിക്കും ഇവിടെ പ്രൊട്ടക്ഷൻ തരും എന്നത് മാത്രമാണ് വ്യത്യാസം) അതുപോലെ വട്ടത്തിൽ പന്തുകറക്കി അത് വീഴുന്ന കളങ്ങളിൽ, കാശ് കിട്ടുന്ന സാധാ കേരള ഗെയിം തൊട്ട്, ബക്കരാറ്റ്, ബ്ലാക്ക്ജാക്ക്, റൗള്ട്ട്, ടെക്സാസ് ഹോൾഡെം പോക്കർ, 3 കാർഡ് പോക്കർ, 5 കാർഡ് പോക്കർ, തുടങ്ങിയ വിവിധ കളികൾ ഉണ്ട്. അതുപോലെ വെർച്വൽ വീഡിയോ ഗെയിമുകളും ഉണ്ട്. അതായത് നമ്മുടെ പബ്ജിപോലെ വെടിവെച്ച് ഇട്ടാൽ കാശ്കിട്ടും. യുവാക്കൾക്ക് ഇത്തരം ഗെയിമുകളിലാണ് താൽപ്പര്യമെന്നാണ് കാസിനോകളിലെ ജീവനക്കാർ പറയുന്നത്.

അതുപോലെ പണം അടിക്കുന്നതിലും വ്യത്യസ്തയുള്ള കളികൾ ഉണ്ട്. ഒന്ന്വച്ചാൽ മുപ്പത്തിയഞ്ച് കിട്ടുന്നവയുണ്ട്. അതായത് ആയിരം വച്ചാൽ മുപ്പത്തി അയ്യായിരമായി മടങ്ങാം. പക്ഷേ സ്റ്റാറ്റിക്സും മാത്തമാറ്റിക്സും പഠിച്ചവർക്ക് പൊതുവെ ഇത് കളിക്കാൻ കഴിയില്ല. മുപ്പത്തഞ്ചിൽ ഒന്ന് തൊട്ട് അമ്പതിൽ ഒന്നുവരെയാണ് പല കളികളിലും സാധ്യത. പക്ഷേ ഒരുലക്ഷത്തിൽ ഒന്നുപോലും സാധ്യതയില്ലാത്ത ലോട്ടറിയെടുത്ത് മുടിയുന്ന മലയാളിയെ സംബന്ധിച്ച് ഇത് ഒരു അസാധ്യ സാധ്യതയാണ്!

ഇനി കളിക്കുന്നില്ല, വെറുതെ കാണുകയാണ് മാത്രമെങ്കിൽ അതും ആവാം. കളിക്കാത്തവർ മാറി നിൽക്കു എന്നതുപോലുള്ള ഉത്സവപ്പറമ്പിലെ പ്രശ്നങ്ങൾ ഇവിടെയില്ല. കളിക്കുന്നവർക്ക് മദ്യം ഫ്രീയാണ്. അത് അറിയാവുന്ന പല മലയാളികളും അഞ്ചൂറുരൂപയുടെ കളിയിൽ കൂടി ആയിരം രൂപക്ക് കുടിക്കും. മല്ലൂസ് അല്ലേലും പൊളിയാണ്! നല്ല കളിക്കാർ കളി നടക്കുമ്പോൾ മദ്യപിക്കില്ലെന്നാണ് കാസിനോയിലെ ജീവനക്കാർ പറയുന്നത്. കളിയിലെ ഏകാഗ്രത പോകും. ഭാഗ്യത്തിനാണ് ഇത്തരം കളികളിൽ ഏറെ പ്രധാന്യമെങ്കിലും ബുദ്ധിയും പെട്ടന്ന് തീരുമാനമെടുക്കാനുള്ള കഴിവും നിർണ്ണായകമാണ്. മദ്യപിച്ചാൽ വണ്ടിയോടിക്കരുതെന്ന് പറയുന്നത് തന്നെ അത് മസ്തിഷ്‌ക്കത്തിന്റെ തീരുമാനങ്ങൾ എടുക്കാൻ കഴിയുന്ന ഭാഗത്തെ സ്വാധീനിക്കുന്നതുകൊണ്ട് കൂടിയാണ്.

അതുപോലെ തന്നെ കാസിനോകളെക്കുറിച്ചുള്ള മറ്റൊരു തെറ്റിദ്ധാരണയാണ്, വലിയ തുക ഇവിടെനിന്ന് നേടിക്കഴിഞ്ഞാൽ പിന്നെ സ്ഥലം വിടാൻ കഴിയില്ലെന്നത്. ഏത് സമയത്തും നിങ്ങൾക്ക് കളിയിൽനിന്ന് പിന്മാറാം. എന്നിട്ട് കൈയിലുള്ള കോയിനുകൾ എൻ കാഷ് ചെയ്യാം. നേടിക്കഴിഞ്ഞാൽ പിന്മാറാൻ കഴിയാത്ത നാടൻ ചീട്ടുകളി രീതി ഇവിടെയില്ല. ഇനി നിങ്ങൾക്ക് അക്കൗണ്ട് വഴി പണം വേണോ അങ്ങനെയും നൽകും. എല്ലാറ്റിനും കൃത്യമായി ജി.എസ്.ടിയുണ്ട്. പണം നേരിട്ട് ക്യാഷായും വാങ്ങാം. ഇനി ഇതുകൊണ്ടുപോവാൻ പേടിയുണ്ടെങ്കിൽ കാസിനോ ജീവനക്കാർ നിങ്ങളെ താമസിക്കുന്നിടത്ത് എത്തിക്കും. എൻട്രിയിലും എക്സിറ്റിലും തോക്കുമായി നിൽക്കുന്ന സെക്യൂരിറ്റിക്കാരെയല്ലാതെ, ബൗൺസർമാരുടെ ആധിക്യമെന്നും പൊതുവെ കാസിനോകളിൽ കാണാറില്ല.

പക്ഷേ കാസിനോകളുടെ യഥാർഥ ലാഭം കിടക്കുന്നത്, ആഗോള ജനപ്രിയമായ ആ ഒരു ഒറ്റക്കളിയിൽ തന്നെയാണ്. ചീട്ട്. ഇന്ന് മാക്കാവുവിലും ലാസ്വേഗസ്സിലുമൊക്കെ പോയി ചീട്ട് കളിക്കുന്ന ആഗോള വമ്പന്മാർ പലപ്പോഴും ഗോവയിൽ എത്താറുണ്ട്. ഇപ്പോൾ ഇവർ ഓൺലൈനിലും കളിക്കുന്നു. കൂടാതെ വലിയ അന്താരാഷ്ട്ര പോക്കർ ടൂർണമെന്റുകളും ഇവർ സംഘടിപ്പിക്കുന്നുണ്ട്. അതുവഴിയാണ് കോടികൾ വരുന്നത്. ഇത്തരം പലകളികളിലും നന്നായി നികുതിവെട്ടിപ്പ് നടക്കുന്നുണ്ട്. ഈ അധോലോകകളികൾക്കുള്ള വലിയ മറ മാത്രമാണ് ഗോവൻ കാസിനോകൾ എന്നാണ് ആം ആദ്മി പാർട്ടി ആരോപിക്കുന്നത്. അതായത് യഥാർഥത്തിൽ കാസിനോകളിൽനിന്ന് കിട്ടുന്ന ശതകോടികളുടെ വരുമാനം മറച്ചുവെച്ച്, വെറും നക്കാപ്പിച്ചയാണ് അവർ സർക്കാറിന് കൊടുക്കുന്നത് എന്നാണ് അവർ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കാസിനോകൾ നിരോധിച്ചില്ലെങ്കിലും നിയന്ത്രിക്കാനുള്ള ഒരു സംവിധാനമെങ്കിലും വേണമെന്ന് ആവശ്യം ഉയരുന്നത്. അതുപോലെ കാസിനിനോകളുടെ മറവിൽ കോടികളുടെ ഡ്രഗ് പാർട്ടി നടക്കുന്നുവെന്നും ആരോപണങ്ങൾ ഉണ്ട്.

വേണ്ടത്‌  ലാസ് വേഗസ്സ് മോഡൽ നിയന്ത്രണം

ഗോവയിലെ മണ്ഡോവി നദിയിലുള്ള ആറും, ഫൈവ് സ്റ്റാർ ഹോട്ടലുകളിലായുള്ള 12 ഉം അടക്കം 18 കാസിനോകളിൽ നിന്നായി സർക്കാരിന് ലഭിക്കുന്ന പ്രതിവർഷവരുമാനം 200 കോടിയോളം രൂപയാണ്. ഇതിന്റെ എത്രയോ ഇരട്ടി ഇവിടുത്തെ രാഷ്ട്രീയ നേതൃത്വത്തിന്റെ കീശയിലെത്തുന്നുണ്ട്. പ്രതിവർഷം 15,00 കോടി രൂപയുടെ ബിസിനസ്. 5,000ൽ പരം പേർക്ക് ജോലി. പക്ഷേ രാഷ്ട്രീയക്കാരെല്ലാം എതിരാണ്്. ഏറ്റവും രസാവഹം ഗോവയിൽ കാസിനോകൾക്ക് തുടങ്ങിയ അതേ കോൺഗ്രസ് തന്നെയാണ് കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിൽ കാസിനോ പൂട്ടിക്കുമെന്ന നിലപാടുമായി എത്തിയെന്നതാണ്. പക്ഷേ എന്നിട്ടും കോൺഗ്രസ് തോറ്റു. 92ൽ കോൺഗ്രസ് സർക്കാറാണ് ടൂറിസം വികസനത്തിനെന്ന പേരിൽ കാസിനോകൾക്ക് അംഗീകാരം നൽകിയത്. ഇത്തവണയും എല്ലാവരുടെ പ്രകടന പത്രികയിലും കാസിനോകൾ നിരോധിക്കുമെന്നുണ്ട്. ഗോവക്കാർക്ക് ഇത്തരം നാടകമൊക്കെ പക്ഷേ ശീലമായിരിക്കുന്നു.

അതേസമയം കാസിനോകൾ ഗോവയിലെ പ്രധാന സാമ്പത്തിക സ്രോതസ്സാണെന്ന് പല പഠനങ്ങളുമുണ്ട്. ഇന്ത്യയിലെ മിഡിൽ ക്ലാസ് ടൂറിസത്തിന്റെ വളർച്ചയാണ് കാസിനോകളിലെ തിരിക്ക് വ്യക്തമാക്കുന്നതെന്ന് സൗത്ത് ഗോവയിലെ റൊസാരി കോളേജ് ഓഫ് കൊമ്മേഴ്സ് ആർട്ട്സിലെ സോഷ്യോളജി അസോസിയേറ്റ് പ്രൊഫസർ ഡോ.അൽഫോൻസോ ബോട്ടെൽഹോ റിസേർച്ച് പേപ്പറിൽ വ്യക്തമാക്കുന്നു. ഇന്റർനാഷണൽ ജേർണൽ ഓഫ് ഹോസ്പിറ്റാലിറ്റി ആൻഡ് ടൂറിസം സിസ്റ്റംസ് എന്ന ജേർണലിലെ ഈ ലേഖനം ഗോവയിൽ ഏറെ ചർച്ചയായിരുന്നു.പഠനത്തിൽ ലാസ് വേഗസ്, സിംഗപ്പൂർ, മക്കാവോ, മൊന്റേ കാർലോ എന്നീ സ്ഥലത്തെ കാസിനോ ഇൻഡസ്ട്രിയെ പറ്റിയും അതുമൂലം ഉണ്ടായ സാമൂഹിക, സാമ്പത്തിക നേട്ടത്തെ പറ്റിയും ചർച്ച ചെയ്യുന്നുണ്ട്.

യു.എസിലെ ലാസ് വേഗസ്സിലെ നേവാദ ഗെയ്മിംങ് കമ്മീഷൻ പോലെ ഇവിടെയും കാസിനോകളെ നിയന്ത്രിക്കാൻ ഒരു അഥോറിറ്റി രൂപീകരിക്കണമെന്ന് പഠനത്തിൽ നിർദ്ദേശിക്കുന്നു. ഗോവയുടെ സാമ്പത്തിക നില നിയന്ത്രിക്കാൻ തക്ക നിലയിലേക്ക് കാസിനോകൾ വളർന്നു. കടലിനുള്ളിലേക്ക് സ്ഥിതി ചെയ്യുന്ന കാസിനോകൾ പനാജിയുടെ ഭൂപ്രകൃതി തന്നെ മാറ്റിയിരിക്കുകയാണ്. കാസിനോ ഉടമകളുടെയും മറ്റ് വിദഗ്ദരുടെയും കണ്ട് തയ്യാറാക്കിയ ഈ പഠനം അനുസരിച്ച് വിദേശ സഞ്ചാരികളുടെയും, സ്വദേശ സഞ്ചാരികളുടെയും ഒഴുക്കിനനുസരിച്ചാണ് കാസിനോകളുടെ വളർച്ച. ലാസ് വേഗസ്സിലെ എൻജിസി പോലെ ഗോവയിലെ കാസിനോകളെ നിയന്ത്രിക്കാനും അടിയന്തിരമായ ഒരു അഥോറിറ്റി രൂപീകരിക്കണമെന്ന് പഠനഒ പറയുന്നു. 1976ലെ പബ്ലിക് ഗാംബ്ലിക് ആക്ട് പ്രകാരമാണ് 1992ൽ ഗോവയിലെ ആദ്യത്തെ കാസിനോകൾ പ്രവർത്തനം ആരംഭിച്ചത്. എന്നാൽ 26 വർഷമായി കാസിനോകളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ വ്യക്തമായ നിയമം ഇല്ലാത്തതിനാൽ ദുരുപയോഗം വ്യാപകമാണെന്ന് പരാതിയുണ്ട്.

ഒരു ഗെയ്മിംങ് കമ്മീഷണറെ നിയമിക്കുക, കാസിനോകളുടെ ജോലിക്കാരുടെ പ്രായപരിധി ഉയർത്തണം, കൗമാരക്കാരായ വിദ്യാർത്ഥികളെ മാറ്റി നിർത്തുക എന്നിവയാണ് സർക്കാർ നടപ്പാക്കേണ്ടത് എന്ന് ആവശ്യപ്പെടുന്നവർ ഉണ്ട്. നേപ്പാൾ, സൗത്തുകൊറിയ എന്നീ രാജ്യങ്ങളിൽ ഏർപ്പെടുത്തിയത് പോലെ പ്രാദേശിക ആളുകൾ കാസിനോകളിൽ കയറാനുള്ള അനുമതി നിഷേധിക്കുകയും, പ്രവേശന ഫീസ് വർധിപ്പിക്കുകയും ചെയ്യണമെന്നും ഈ പഠനത്തിൽ നിർദ്ദേശിക്കുന്നുണ്ട്.

പരീക്കർ ഇല്ലാതെ ബിജെപി നേരിടുന്നത് അഗ്നിപരീക്ഷ

15 കോടി ജനസംഖ്യയുള്ള ഉത്തർപ്രദേശിനൊപ്പം നിയമസഭാതിരഞ്ഞെടുപ്പു നടക്കുന്ന ഗോവയിൽ ആകെയുള്ളത് 12 ലക്ഷം വോട്ടർമാരാണ്. നിയമസഭയിൽ ആവട്ടെ വെറും 40 അംഗങ്ങളും. സത്യത്തിൽ ഗോവപോലുള്ള ഒരു കോസ്മോ പൊളിറ്റൻ സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ വന്നത് അത്ഭുദമായിരുന്നു. 2000ൽ അവരെ തുണച്ചത്, ഗോവയിലെ ഒരു പരമ്പാരഗത ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച് ഐ.ഐ.ടിയിൽ പഠിച്ചശേഷം രാഷ്ട്രീയത്തിൽ ഇറങ്ങിയ മനോഹർ പരീക്കർ എന്ന നേതാവിന്റെ തന്ത്രങ്ങൾ ആയിരുന്നു. നമ്മുടെ ലീഡർ കെ കരുണാകരന് സമാനമായി, ആഗ്രഹിച്ചതെല്ലാം നടപ്പാക്കുന്ന ഒരു നേതാവിന്റെ ഇമേജാണ് പരീക്കർക്ക് ഉണ്ടായിരുന്നുത്. ഗോവൻ ചലച്ചിത്രോത്സവത്തെയൊക്കെ ഇന്ന് കാണുന്ന രീതിയിൽ മാറ്റിയെടുത്തതും പരീക്കറുടെ അധ്വാനമാണ്.

ആദ്യടേമിൽ സത്യത്തിൽ കാസിനോ രാഷ്ട്രീയമാണ് ബിജെപിയെ തുണച്ചത്. കാസിനോകൾ അടച്ചുപൂട്ടുമെന്നും, ഗോവയെ ശുദ്ധീകരിക്കുമെന്നുമായിരുന്നു ബിജെപിയുടെ മുദ്രാവാക്യം. എന്നാൽ ഒന്നും നടന്നില്ല. അധികാരത്തിൽ കയറിയപ്പോഴാണ് കേരളത്തിന് ബിവറേജസ് കോർപ്പറേഷൻ പോലെ ഒരു കറവപ്പശുവാണ് ഗോവക്ക് കാസിനോ എന്ന് പരീക്കർക്ക് മസ്സിലാുന്നത്. വലിയ വരുമാന നഷ്ടവും, തൊഴിൽ നഷ്ടവും ഇത് ഉണ്ടാക്കുമെന്നും അദ്ദേഹത്തിന് മനസ്സിലായിരുന്നു. കാസിനോകൾ അടച്ചുപൂട്ടുന്നതിന് നിയമപരമായി അതിനു തടസ്സമുണ്ടെന്നായിരുന്നു അധികാരത്തിലെത്തിയപ്പോൾ പരീക്കറുടെ മറുപടി. നിയമാനുസൃതമായാണ് അവയെല്ലാം പ്രവർത്തിക്കുന്നത്. കാസിനോകൾ സർക്കാരിന്റെ നീക്കത്തെ സുപ്രീംകോടതിയിൽ ചോദ്യം ചെയ്താൽ തങ്ങൾക്ക് ഉത്തരംമുട്ടിപ്പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞുകളഞ്ഞു. എന്തായാലും കപ്പലിലെ ചൂതാട്ടകേന്ദ്രങ്ങൾ വഴി മണ്ഡോവി നദി മലിനീകരിക്കപ്പെടാതിരിക്കാൻ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്നാണ് ബിജെപി ഇപ്പോൾ പ്രചരിപ്പിക്കുന്നത്.

അതുപോലെ തന്നെ കൊങ്കിണി വോട്ടുകൾ കൃത്യമായി പതിക്കാനായി ഒന്നാന്തരം കാർഡുകളും പരീക്കർ പയറ്റിയിരുന്നു. 16ാം നൂറ്റാണ്ടിൽ ഗോവയിൽ നില നിന്നിരുന്ന മത പീഡനങ്ങളും നിർബന്ധിത മത പരിവർത്തനങ്ങളും ഭയന്ന് നിരവധി കൊങ്കിണി സമുദായക്കാർ കേരളമുൾപ്പെടെയുള്ള ദേശങ്ങളിലേക്ക് ഇക്കാലത്താണ് പലായനം ചെയ്ത കഥയൊക്കെ ഓർമ്മിപ്പിച്ച് കൊങ്കിണി വോട്ട് അദ്ദേഹം ഉറപ്പിച്ചു. ഒപ്പം കോൺഗ്രസിന്റെ പരമ്പാരഗത വോട്ട് ബാങ്കായ ക്രിസ്ത്യൻ കമ്യൂണിറ്റിയിൽ കടന്ന് കറയുകയും ചെയ്തു. ആ പരീക്കർ ഫോർമുല ആവർത്തിക്കാൻ കഴിയുമോ എന്നാണ് ബിജെപി വീണ്ടും ശ്രമിക്കുന്നത്.

മനോഹർ പരീക്കർ മൂന്ന് തവണയാണ് ഗോവ മുഖ്യമന്ത്രിയായത് (2000-05, 2012-14, 2017-2019). 1999ൽ മനോഹർ പരീക്കർ ഗോവ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് എത്തി. പിന്നീട് 2000 മുതൽ 2005 വരെയുള്ള കാലയളവിലാണ് ആദ്യമായി മുഖ്യമന്ത്രിയാകുന്നത്. ഒരു ടേം പ്രതിപക്ഷ നേതാവായി വീണ്ടും ഇരുന്നതിന് ശേഷം 2012ൽ മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്തി. പിന്നീട് നരേന്ദ്ര മോദി സർക്കാരിൽ പ്രതിരോധ മന്ത്രിയായിരിക്കെയാണ് 2017ൽ അദ്ദേഹം വീണ്ടും ഗോവ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭൂരിപക്ഷം നഷ്ടമായതോടെ ദേശീയ നേതൃത്വം പ്രത്യേക ദൗത്യം നൽകി പരീക്കറെ ഗോവയിലേക്ക് അയയ്ക്കുകയായിരുന്നു. നാടകീയ നീക്കങ്ങൾക്കൊടുവിൽ ഒരു രാത്രി വെളുത്തപ്പോൾ മനോഹർ പരീക്കർ മുഖ്യമന്ത്രിയായി. ഗോവയുടെ മുഖ്യമന്ത്രിയെന്ന നിലയിൽ മൂന്നാം ഊഴമായിരുന്നു ഇത്.

കരളിലെ അർബുദ രോഗം ഗുരുതരമായതിനെ തുടർന്ന് 2019 മാർച്ച് 17നു അദ്ദേഹം അന്തരിച്ചപ്പോൾ ഗോവ കരയുകയായിരുന്നു. പരീക്കറിന്റെ നിര്യാണം ഗോവൻ ബിജെപിയിലും വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. പിൻഗാമിയായി വന്ന ഡോ പ്രമോദ് സാവന്തിന് പരീക്കർക്ക് സമാനമായ ഇമേജ് ഉണ്ടാക്കാൻ ആദ്യകാലത്ത് കഴിഞ്ഞില്ല.

ബെനോലിം ബീച്ചിൽ വച്ചാണ് പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ നാലംഗ സംഘം ആക്രമിച്ച് മാനഭംഗപ്പെടുത്തിയ സംഭവത്തിൽ കുട്ടികളെ രാത്രി വീട്ടിൽ വിടുന്ന രക്ഷിതാക്കൾ ശ്രദ്ധിക്കണം എന്ന ഗോവൻ മുഖ്യമന്ത്രിയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു. എന്നാൽ കോവിഡ് കാലത്തെ മികച്ച പ്രവർത്തനം ഒരു ആയുർവേദ ഡോക്ടർ കൂടിയാണ് പ്രമോദ് സാവന്തിന് തുണയാണ്. കോവിഡിനുശേഷം രാജ്യത്ത് ആദ്യമായി തുറന്നത് ഗോവയാണ്. മുഖ്യമന്ത്രിയായശേഷം ഊരിവെച്ച ഡോക്ടർ കുപ്പായം അണിഞ്ഞ് അദ്ദേഹം രോഗികളെ നോക്കിയതും മറ്റും വലിയ ആ്മവിശ്വാസമാണ് സമൂഹത്തിൽ ഉണ്ടാക്കിയത്. പക്ഷേ പത്തുവർഷത്തിന്റെ ഭരണത്തിന്റെ ആന്റി ഇൻകുബൻസി ഫാക്ടറും, ചർച്ചിൽ അലിമാവോ കുടുംബത്തിന്റെ പിന്തുണ നഷ്ടപ്പെട്ടതുമെല്ലാം ബിജെപിക്കും വിനയാവുന്നുണ്ട്.

'കാസിനോകൾ ഞങ്ങൾ അടച്ചുപൂട്ടിയിരിക്കും...'

ഗോവയിൽ എല്ലാ തെരഞ്ഞെടുപ്പുകാലത്തും ഉയരുന്നു ഈ മുദ്രാവാക്യം ഇത്തവണയും കേൾക്കുന്നുണ്ട്. കാസിനോകൾക്കെതിരെ കഴിഞ്ഞ തവണ ഒരുപടി മുന്നിൽ നിന്നത് കോൺഗ്രസ് ആണെന്നതിൽ സംശയമില്ല. ജനവിധി തങ്ങൾക്ക് അനുകൂലമാണെങ്കിൽ അത് കാസിനോകളുടെ കൂടി മരണമണിയായിരിക്കുമെന്നാണ് കോൺഗ്രസ് പ്രകടനപത്രികയിൽ തന്നെ വ്യക്തമാക്കിയിരിക്കുന്നു. പക്ഷേ അതുകൊണ്ടാവും കാസിനോ ലോബിയുടെ ഇലക്ഷൻ ഫണ്ട് നേരരെ ബിജെപിക്കാണ് പോയത്. അതുകൊണ്ട് കാസിനോ ഞങ്ങൾ പൂട്ടിക്കും എന്ന മുദ്രാവാക്യം ഇപ്പോൾ കോൺഗ്രസ് ശക്തമായി ഉയർത്തുന്നില്ല. പകരം തൃണമൂലും ആം ആദ്മിയുമാണ് അത് ഉയർത്തുന്നത്.

കാസിനോകൾ നികുതി വരുമാനം വഴി സർക്കാരിനെ സഹായിക്കുന്നുവെന്നത് വെറും തെറ്റിദ്ധാരണയാണെന്നാണ് ആം ആദ്മി പാർട്ടിയുടെ പക്ഷം. ഗോവയിലേക്ക് മദ്യവും മയക്കുമരുന്നും വേശ്യാവൃത്തിയും ഇറക്കുമതി ചെയ്യുന്നത് കാസിനോകൾക്കു വേണ്ടിയാണെന്നും അവർ വിമർശിക്കുന്നു. പതിനായിരം പേർക്ക് തൊഴിൽ നൽകുന്നുവെന്നാണ് കാസിനോകൾ അവകാശപ്പെടുന്നത്. എന്നാൽ എ.എ.പിയുടെ പരിശോധനയിൽ അത് 2500 ആണെന്നും തെളിഞ്ഞുവെന്നുമാണ് ഇവർ പറയുന്നത്. മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരം എന്നെഴുതുന്നതുപോലെ ചൂതാട്ടവും ആരോഗ്യത്തിന് ഹാനികരം എന്ന പോസ്റ്ററുകളും നോട്ടുപുസ്തകങ്ങളുമെല്ലാം ഇറക്കി വിദ്യാർത്ഥികൾക്കുൾപ്പെടെ വിതരണം ചെയ്യണമെന്നാണ് ആ ആംദ്മിയുടെ ആവശ്യം.നേരത്ത ഹൈവേകൾക്ക് 500 മീറ്റർ പരിധിയിൽ മദ്യശാലകളുണ്ടാകരുതെന്ന സുപ്രീംകോടതി വിധി വഴി കാസിനോകളിലെ മദ്യക്കച്ചവടം തടയാനുള്ള ശ്രമം നടന്നിരുന്നു. പക്ഷേ ഗൂഗിൾ മാപ്പ് വഴിയുള്ള പരിശോധനയിൽ സമീപത്തുള്ള ദേശീയപാത 17ൽ നിന്ന് 800 മീറ്റർ അകലെയാണ് കാസിനോകളെന്ന് വ്യക്തമായി. അതോടെ ആ നീക്കവും പൊളിഞ്ഞു.

ഇനി തൃണമൂലും ആം ആദ്മിയും ചേർന്ന് ഒരു സർക്കാർ ഉണ്ടാക്കിയാൽ, അവർ എങ്ങാനും കാസിനോകൾ നിരോധിക്കുമോ. കാസർകോടുനിന്നെത്തി ഗോവയിൽ ഹോട്ടൽ കച്ചവടം നടത്തുന്ന ഒ.കെ ബഷീർ ഇതു സംബന്ധിച്ച് ഇങ്ങനെ പ്രതികരിക്കുന്നു. ' നമ്മുടെ നാട്ടിലെ ബിവറേജസ് കോർപ്പറേഷൻ പോലെയാണ് ഗോവക്ക് കാസിനോകൾ. എല്ലാ തിരഞ്ഞെടുപ്പിലും മദ്യ നിരോധനം കേരളത്തിലും ഒരു അജണ്ടയാണെല്ലോ. എന്നാൽ ബാറിന്റെയും ബിവറേജിന്റെ എണ്ണം കൂടുകയല്ലാതെ ഒന്നും സംഭവിക്കാറില്ല. എല്ലാ കാലത്തും ഗോവയിൽ കാസിനോ നിരോധനം ഒരു മുഖ്യ വിഷയമായി വരും. കോൺഗ്രസും ബിജെപിയും മാറിമാറി തെരഞ്ഞെടുപ്പു വാഗ്ധാനങ്ങൾ നൽകും. പക്ഷേ ഒന്നും സംഭവിക്കാറില്ല. കാസിനോയും ബാറുമില്ലാത്ത ഗോവയെ ആർക്കുവേണം.'

ഗോവയിലെ ജീവിയം പഠിച്ചാൽ അക്കാര്യം വ്യക്തമാവും. ടൂറിസത്തിലൂടെയും വിനോദ വ്യവസായത്തിലൂടെയുമാണ് ആ കൊച്ചു നാടിന്റെ അതിജീവനം. ഇവിടുത്തേത് വ്യത്യസ്തമായ ഒരു സംസ്‌ക്കാരമാണെന്ന് ബിജെപി പോലും തിരിച്ചറിഞ്ഞിരിക്കുന്നു. സദാചാര രാഷ്ട്രീയമല്ല അതിജീവന രാഷ്ട്രീയം.

വാൽക്കഷ്ണം: മുട്ടിന് മുട്ടിന് പെട്ടിക്കടകൾ പോലെ ബാർ റസ്റ്റോറന്റുകൾ ഉണ്ടായിട്ടും, കേരളത്തിലെ മൂന്നിലൊന്ന് തുക മാത്രം കൊടുത്താൽ മതിയാഞ്ഞിട്ടും, ഗോവയിൽ എവിടെയും കുടിച്ച് വീണുകിടക്കുന്ന ഒരാളെ നിങ്ങൾക്ക് കണ്ടെത്താൽ കഴിയില്ല. പൊതുവെ ഗോവയിൽ കുറ്റകൃത്യ നിരക്കും കുറവാണ്. ഇനി അഥവാ ഒരാൾ റോഡിൽ അടിച്ച് ക്വിന്റായി ശർദിച്ച് കിടക്കുന്നുണ്ടെങ്കിൽ അത് ഉറപ്പാണ്, ഒരു 'മല്ലു'വായിരിക്കും! 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP