Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പത്തനംതിട്ട സിപിഎമ്മിൽ കുലംകുത്തികളുണ്ട്; ഇവരെ തിരുത്താൻ പാർട്ടിക്ക് അറിയാം, അത് ചെയ്യുകയും ചെയ്യും; പാർട്ടി വിശ്വാസികൾക്ക് എതിരല്ല, അതുകൊണ്ട് ദൈവമാനത്തിലെ സത്യപ്രതിജ്ഞയും കുഴപ്പമില്ല; വീണാ ജോർജിനെതിരായ വ്യക്തിഹത്യ 2016-ൽ തുടങ്ങിയത്; വീണാ ജോർജിന് പ്രതിരോധം തീർത്ത് സിപിഎം ജില്ലാ സെക്രട്ടറി

പത്തനംതിട്ട സിപിഎമ്മിൽ കുലംകുത്തികളുണ്ട്; ഇവരെ തിരുത്താൻ പാർട്ടിക്ക് അറിയാം, അത് ചെയ്യുകയും ചെയ്യും; പാർട്ടി വിശ്വാസികൾക്ക് എതിരല്ല, അതുകൊണ്ട് ദൈവമാനത്തിലെ സത്യപ്രതിജ്ഞയും കുഴപ്പമില്ല; വീണാ ജോർജിനെതിരായ വ്യക്തിഹത്യ 2016-ൽ തുടങ്ങിയത്; വീണാ ജോർജിന് പ്രതിരോധം തീർത്ത് സിപിഎം ജില്ലാ സെക്രട്ടറി

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: പത്തനംതിട്ട ഏരിയാ സമ്മേളനത്തൽ മന്ത്രി വീണാ ജോർജ്ജിനെതിരെ ഉയർന്ന വിമർശനങ്ങളെ പ്രതിരോധിച്ച് സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. പത്തനംതിട്ടയിൽ പാർട്ടിക്കുള്ളിൽ കുലംകുത്തികളുണ്ടെന്ന് ഉദയഭാനും ആരോപിച്ചു. കുലംകുത്തികൾ അടുത്ത സമ്മേളനം കാണില്ലെന്നും ഇവരെ തിരുത്താൻ പാർട്ടിക്ക് അറിയാമെന്നും ഉദയഭാനു തുറന്നടിച്ചു. മന്ത്രി വീണാ ജോർജിനെതിരായ വ്യക്തിഹത്യ 2016-ൽ തുടങ്ങിയതാണ്. 2016-ലും 2021-ലും തോൽപിക്കാൻ ശ്രമിച്ചവർ പാർലമെന്ററി മോഹം ഉള്ളവരാണ്. വിശ്വാസികൾക്ക് പാർട്ടി എതിരല്ലെന്നും ഉദയഭാനു വിമർശനങ്ങൾക്ക് മറുപടി നൽകി.

വീണാ ജോർജിന്റെ വിജയം താൽപര്യപ്പെടാത്ത ചിലർ പാർട്ടിയിലുണ്ടെന്ന പരാമർശം ഉൾപ്പെടുന്ന സംഘടനാ റിപ്പോർട്ട്, പൊതുചർച്ചയിൽ വീണാ ജോർജിന് എതിരെ ഉയർന്നുവന്ന പരാതികളും വിമർശനങ്ങളും, ഇവ മാധ്യമവാർത്തകളായി എന്നീ മൂന്നു വിഷയങ്ങൾ മുൻനിർത്തിയാണ് ജില്ലാ സെക്രട്ടറി മറുപടി പറഞ്ഞത്. പാർട്ടിയിൽ കുലംകുത്തികളുണ്ടെന്ന പരാമർശമാണ് ഇതിൽ ഏറ്റവും പ്രധാനം. വീണാ ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായി. അവരെ പരാജയപ്പെടുത്താൻ ബോധപൂർവമായ ശ്രമം ഉണ്ടായി. വ്യക്തിഹത്യ ചെയ്തു എന്നീ കാരണങ്ങൾ മുൻനിർത്തിയാണ് ജില്ലാ സെക്രട്ടറിയുടെ പരാമർശം.

2016-ലും 2021-ലും സമാനമായ സ്ഥിതി വീണയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇതിന് നേതൃത്വം നൽകിയത് പാർലമെന്ററി വ്യാമോഹം ബാധിച്ചിട്ടുള്ള ചിലരാണ്. ഇവർ കുലംകുത്തികളാണ്. ഇവരെ തിരുത്താൻ പാർട്ടിക്ക് അറിയാം. അത് ചെയ്യുകയും ചെയ്യും. അതേസമയം കുലംകുത്തികളായി തുടരുന്നവർ ഉണ്ടെങ്കിൽ അവർ അടുത്ത സമ്മേളനം കാണില്ലെന്ന മുന്നറിയിപ്പും ജില്ലാ സെക്രട്ടറി നൽകുന്നുണ്ട്.

എംഎ‍ൽഎയായും പിന്നീട് മന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത വേളയിൽ വീണാ ജോർജ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചൊല്ലിയെന്ന് ശനിയാഴ്ച നടന്ന ഏരിയാ സമ്മേളനത്തിൽ പ്രതിനിധികളിൽ ചിലർ വിമർശനം ഉന്നയിച്ചിരുന്നു. പാർട്ടി അംഗങ്ങളിൽ വീണാ ജോർജിന് മാത്രം അങ്ങനെ ഒരു ഇളവ് അനുവദിച്ചു, അതിന് മറുപടി നൽകേണ്ടി വരും എന്ന വിധത്തിലേക്കും ചർച്ച ഉയർന്നിരുന്നു.

പാർട്ടി വിശ്വാസികൾക്ക് ആർക്കും എതിരല്ല. അതുകൊണ്ടു തന്നെ അവരവരുടെ വിശ്വാസം അനുസരിച്ചുള്ള കാര്യങ്ങളിലേക്ക് നീങ്ങുന്നതിൽ പാർട്ടിക്ക് തടസ്സമില്ലെന്നും ഉദയഭാനു ഇതിന് മറുപടി നൽകി. ജനപ്രതിനിധിയായ ശേഷം പാർട്ടി അംഗമായ ആളാണ് വീണാ ജോർജ്. അതിനാൽ പാർട്ടിയുടെ ചട്ടക്കൂട്ടിലേക്ക് അവർ എത്താൻ സമയം എടുക്കും എന്നായിരുന്നു ചർച്ചകൾക്ക് മറുപടി നൽകവേ മുൻ ഏരിയാ സെക്രട്ടറി എം. സജികുമാർ പ്രതികരിച്ചത്.

ബ്രാഞ്ച്-ലോക്കൽ സമ്മേളനങ്ങളിൽ നിർത്തിയിടത്തു നിന്നാണ് മന്ത്രി വീണയ്ക്ക് എതിരായ വിമർശനം ഏരിയാ സമ്മേളനത്തിൽ തുടങ്ങിയത്. പത്തനംതിട്ട നഗരസഭയിൽ നിന്നുള്ള പ്രതിനിധികളാണ് വീണയ്ക്ക് എതിരേ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചത്. സാധാരണ പാർട്ടി പ്രവർത്തകരിൽ നിന്നും മന്ത്രി അകന്നു പോയി. ജില്ലാ നേതാക്കൾ വിളിച്ചാൽ പോലും മന്ത്രി ഫോൺ എടുക്കുന്നില്ല. മന്ത്രി എവിടെയാണ് ഉള്ളതെന്ന് അറിയാൻ മറ്റു പാർട്ടിക്കാരെ വിളിക്കേണ്ട ഗതികേടാണുള്ളത്.

ജില്ലാ നേതാക്കളുടെ മിസ്‌കാൾ കണ്ടാൽ പോലും തിരിച്ചു വിളിക്കാറില്ല. നഗരസഭയിൽ മന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ സ്വന്തം പാർട്ടിക്കാരനായ നഗരസഭാധ്യക്ഷന് പ്രതിനിധ്യം ലഭിക്കുന്നില്ല. ജില്ലാ ആസ്ഥാനത്ത് സിപിഎം നേതാക്കളിൽ നിന്ന് അകന്ന് സിപിഐക്കാരുമായിട്ടാണ് മന്ത്രിക്ക് കൂട്ട്. പ്രഖ്യാപിച്ച പല പദ്ധതികളും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. ആരോഗ്യമന്ത്രി എന്നതിനപ്പുറം ആറന്മുളയിലെ എംഎൽഎയാണ് വീണയെന്ന കാര്യം മറക്കരുത്. ഏരിയാ കമ്മറ്റിയംഗമായതിനാൽ വീണയും സമ്മേളന പ്രതിനിധിയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP