Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സിപിഎം നേതാക്കളുടെ വൈരാഗ്യം തീർക്കാൻ കേന്ദ്രസർക്കാർ ജീവനക്കാരന്റെ പേരിൽ കള്ളക്കേസെന്ന് ആരോപണം; പൊലീസുകാർക്ക് കൂട്ടുനിന്ന് എസ്‌പിയും മുൻ പൊലീസ് മേധാവിയും; പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

സിപിഎം നേതാക്കളുടെ വൈരാഗ്യം തീർക്കാൻ കേന്ദ്രസർക്കാർ ജീവനക്കാരന്റെ പേരിൽ കള്ളക്കേസെന്ന് ആരോപണം; പൊലീസുകാർക്ക് കൂട്ടുനിന്ന് എസ്‌പിയും മുൻ പൊലീസ് മേധാവിയും; പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: വ്യക്തിവൈരാഗ്യം തീർക്കാൻ കേന്ദ്രസർക്കാർ ജീവനക്കാരനെ കള്ളക്കേസെടുത്ത് പീഡിപ്പിക്കുന്നതായി പരാതി. വിരമിച്ച പൊലീസ് മേധാവി ലോകനാഥ് ബെഹ്റ, ചൈത്ര തെരേസ ജോൺ ഐപിഎസ് എന്നിവർ പൊലീസ് പീഡനത്തിന് കൂട്ടുനിന്നതായും ആരോപിച്ച് കണ്ണൂർ മമ്പറം സ്വദേശി ഹരിദാസ് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽകി.

ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് വകുപ്പിലെ ഗ്രൂപ്പ് എ ഓഫീസറാണ് ഹരിദാസ്. ഇപ്പോൾ അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസിലെ ജീവനക്കാരനാണ് അദ്ദേഹം. ഹരിദാസ് ഡെപ്യൂട്ടേഷനിൽ കേരളത്തിലുണ്ടായിരുന്ന 2016 നവംബർ മുതൽ 2018 നവംബർ വരെയുള്ള കാലഘട്ടത്തിൽ സിപിഎം പ്രവർത്തകർ പൊലീസിനെ കൊണ്ട് തുടർച്ചയായി ഉപദ്രവിപ്പിക്കുകയും കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിൽ വ്യാജകേസ് എടുപ്പിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽകിയത്.

കേരള പൊലീസ് തയ്യാറാക്കിയ വ്യാജ എഫ്‌ഐആറുകളെ കുറിച്ച് താൻ 26 ഇ-മെയിലുകളിലൂടെ അന്നത്തെ പൊലീസ് മേധാവിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നൽകിയെന്നും അതിനെ തുടർന്ന് ബെഹ്റ അന്വേഷണത്തിനായി ചൈത്ര തരേസാ ജോണിനെ ചുമതലപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. എന്നാൽ ചൈത്ര തന്റെ കീഴുദ്യോഗസ്ഥർക്ക് അനുകൂലമായും സിപിഎം പ്രവർത്തകരെ സംരക്ഷിക്കുന്നതിനായും വസ്തുതകൾ വളച്ചൊടിച്ചതായി അന്വേഷണ റിപ്പോർട്ടിൽ നിന്നും മനസിലായതായി ഹരിദാസ് പരാതിയിൽ ആരോപിക്കുന്നു.

ഹരിദാസിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള കട ചില കാരണങ്ങളാൽ വേങ്ങാട് പഞ്ചായത്ത് പൂട്ടിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ഇതിനെതിരെ കടയുടെ ഉടമസ്ഥയായ ഹരിദാസിന്റെ ഭാര്യ എൽഎസ്ജി ട്രിബ്യൂണലിൽ പരാതി നൽകി. കേസുമായി ബന്ധപ്പെട്ട ഒരു രേഖ ലഭിക്കുന്നതിന് അവർ പഞ്ചായത്ത് പ്രസിഡന്റിനെ പലതവണ ഫോണിൽ ബന്ധപ്പെട്ടതായി ഹരിദാസ് പറയുന്നു. ഹരിദാസിന്റെ പേരിലുള്ളതായിരുന്നു ആ സിം കാർഡ്. ഇതിന്റെ പേരിൽ ഹരിദാസ് ഫോണിൽ വിളിച്ച് ലൈംഗികചുവയോടെ സംസാരിച്ചെന്ന് ആരോപിച്ച് വനിതാ പഞ്ചായത്ത് പ്രസിഡന്റ് പൊലീസിൽ പരാതി നൽകി. പൊലീസ് ഹരിദാസിനെതിരെ 354 ഡി, 509, 294 ബി അടക്കമുള്ള മാരകമായ വകുപ്പുകൾ ചേർത്ത് കേസെടുത്തു. ഇതിനെതിരെയാണ് ഹരിദാസ് ബെഹ്റയ്ക്ക് പരാതി നൽകിയത്.

തുടർന്നാണ് ബെഹ്റ എസ്‌പി ചൈത്ര തെരേസ ജോണിനെ അന്വേഷണം ഏൽപ്പിച്ചതും ചൈത്ര പൊലീസുകാർക്ക് അനുകൂലമായി റിപ്പോർട്ട് സമർപ്പിച്ചതും. ഈ രണ്ട് ഐപിഎസുകാരുൾപ്പെടെയുള്ള കേരളാ പൊലീസ് നീതി നിഷേധിച്ചപ്പോൾ പൊലീസ് സമർപ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്ന അപേക്ഷയുമായി ഹരിദാസ് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി കുറ്റപത്രം റദ്ദാക്കുകയും അന്വേഷണ ഉദ്യോഗസ്ഥർ കേസ് അട്ടിമറിക്കുന്നുവെന്ന് നിരീക്ഷിക്കുകയും ചെയ്തെന്ന് ഹരിദാസ് മുഖ്യമന്ത്രിക്കയച്ച പരാതിയിൽ പറയുന്നു.

ഹൈക്കോടതി കണ്ടെത്തലിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഔദ്യോഗികനടപടികൾ കൈകൊള്ളുന്നതിന് ചീഫ് സെക്രട്ടറിയായിരുന്ന ബിശ്വാസ് മേത്തയ്ക്ക് പരാതി അയച്ചെങ്കിലും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവുമുണ്ടായില്ലെന്നും ഹരിദാസ് പറയുന്നു. സൂപ്പർവൈസറി ഓഫീസർ എന്ന നിലയിൽ കേസ് അന്വേഷിച്ച ചൈത്ര സത്യസന്ധമായി കേസ് അന്വേഷിച്ചില്ല, പകരം രാഷ്ട്രീയ നേതാക്കളെ തൃപ്തിപ്പെടുത്താൻ കേസ് ദുരുപയോഗം ചെയ്തു. തെറ്റ് ബോധ്യപ്പെട്ടിട്ടും ബെഹ്‌റ, ചൈത്രയെ സംരക്ഷിച്ചുവെന്നും പരാതിയിൽ ആരോപിക്കുന്നു. ഇരുവർക്കുമെതിരെ നടപടി കൈകൊള്ളണമെന്നാവശ്യപ്പെട്ടാണ് ഹരിദാസ് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽകിയിരിക്കുന്നത്. വിരമിച്ചതിന് ശേഷവും കൊച്ചി മെട്രോയുടെ മാനേജിങ് ഡയറക്ടറായി തുടരുകയാണ് ലോകനാഥ് ബെഹ്റ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP