Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാർഷിക നിയമം: പ്രധാനമന്ത്രി പാർലമെന്റിൽ രാജ്യത്തോട് മാപ്പ് പറയണം; വീഴ്ച അംഗീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും പ്രതിപക്ഷ കക്ഷികൾ; താങ്ങുവിലയ്ക്ക് സംരക്ഷണം നൽകാനുള്ള നിയമം വേണമെന്നും സർവകക്ഷി യോഗത്തിൽ ആവശ്യം

കാർഷിക നിയമം: പ്രധാനമന്ത്രി പാർലമെന്റിൽ രാജ്യത്തോട് മാപ്പ് പറയണം; വീഴ്ച അംഗീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും പ്രതിപക്ഷ കക്ഷികൾ; താങ്ങുവിലയ്ക്ക് സംരക്ഷണം നൽകാനുള്ള നിയമം വേണമെന്നും സർവകക്ഷി യോഗത്തിൽ ആവശ്യം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കാർഷിക നിയമം പാസാക്കിയതിന് പ്രധാനമന്ത്രി പാർലമെന്റിൽ രാജ്യത്തോട് മാപ്പ് പറയണമെന്ന് സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു. വീഴ്ച അംഗീകരിക്കാൻ സർക്കാർ തയ്യാറാകണം.

പ്രധാനമന്ത്രി ഇരുസഭകളിലും ക്ഷമ ചോദിക്കണം എന്നാണ് ആവശ്യം. താങ്ങുവിലയ്ക്ക് സംരക്ഷണം നൽകാനുള്ള നിയമം അജണ്ടയിൽ ഉണ്ടാകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. സർവകക്ഷിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തില്ല.

തിങ്കളാഴ്ചയാണ് പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ആരംഭിക്കുന്നത്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, വാണിജ്യ വകുപ്പുമന്ത്രി പീയുഷ് ഗോയൽ എന്നിവരാണ് സർവകക്ഷിയോഗത്തിൽ സർക്കാരിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.

പ്രധാനമന്ത്രി യോഗത്തിൽ പങ്കെടുക്കുമെന്നും എന്തെങ്കിലും സംസാരിക്കുമെന്നുമാണ് കരുതിയിരുന്നതെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. കാർഷിക നിയമങ്ങൾ വേറെ രൂപത്തിൽ വീണ്ടും എത്തിയേക്കാമെന്ന ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കാർഷിക നിയമങ്ങളെ കുറിച്ച് പ്രധാനമന്ത്രിയോട് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയാൻ തങ്ങൾ ആഗ്രഹിച്ചിരുന്നതായും ഖാർഗെ കൂട്ടിച്ചേർത്തു.

പാർലമെന്ററി കാര്യ വകുപ്പുമന്ത്രി പ്രഹ്‌ളാദ് ജോഷിയാണ് പ്രധാനമന്ത്രി സർവകക്ഷിയോഗത്തിൽ പങ്കെടുക്കില്ലെന്ന കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പ്രധാനമന്ത്രി സർവകക്ഷി യോഗത്തിൽ പങ്കെടുക്കുന്ന സമ്പ്രദായം മുൻപുണ്ടായിരുന്നില്ല. അത് ആരംഭിച്ചത് പ്രധാനമന്ത്രി മോദിയാണ്. എല്ലാ സർവകക്ഷിയോഗത്തിലും അദ്ദേഹം പങ്കെടുക്കാറുണ്ടായിരുന്നു. എന്നാൽ ഇത്തവണ അദ്ദേഹത്തിന് അത് സാധിക്കില്ല- ജോഷി വ്യക്തമാക്കി.

അതേസമയം, ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ് സർവകക്ഷിയോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. സംസാരിക്കാൻ അനുവദിച്ചില്ലെന്ന് ആരോപിച്ചാണ് സിങ് യോഗത്തിൽനിന്ന് ഇറങ്ങിപ്പോയത്. താങ്ങുവിലയ്ക്ക് നിയമം കൊണ്ടുവരണമെന്ന കർഷകരുടെ ആവശ്യമാണ് സഞ്ജയ് സിങ് ഉന്നയിക്കാനിരുന്നത്. പെഗസ്സസ്, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ ചർച്ച വേണമെന്നാണ് ഭൂരിപക്ഷം പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെട്ടത്.

തിങ്കളാഴ്ച മുതൽ അടുത്ത മാസം 23 വരെ നീണ്ടുനിൽക്കുന്ന പാർലമെന്റ് ശീതകാല സമ്മേളനത്തിൽ കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന ബില്ലിലാണ് ഏവരുടെയും കണ്ണ്. തിങ്കളാഴ്ച ലോക്‌സഭയിലും ബുധനാഴ്ച രാജ്യസഭയിലും ബില്ല് പാസാക്കും. എന്നാൽ നിയമങ്ങൾ കൊണ്ടുവന്നത് പിഴവെന്ന് അംഗീകരിക്കാൻ സർക്കാർ തയ്യാറല്ല.

ബില്ലിന്റെ ലക്ഷ്യങ്ങളിൽ മൂന്ന് നിയമങ്ങളും കാർഷിക വളർച്ചയ്ക്ക് കൊണ്ടുവന്നതെന്നാണ് സർക്കാർ ന്യായീകരണം. ചെറിയ ഗ്രൂപ്പാണ് എതിർപ്പുയർത്തിയത്. രാജ്യവികസനത്തിൽ എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകണം. അതുകൊണ്ടാണ് ചെറിയ ഗ്രൂപ്പ് എതിർത്തെങ്കിലും നിയമങ്ങൾ പിൻവലിക്കുന്നതെന്നും സർക്കാർ വിശദീകരിക്കുന്നു.

സഭയിലെ തന്ത്രം ചർച്ച ചെയ്യാൻ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖാർഗ്ഗെ വിളിച്ച യോഗം എന്നാൽ തൃണമൂൽ കോൺഗ്രസ് ബഹിഷ്‌ക്കരിക്കും. കോൺഗ്രസിന് എല്ലാ പാർട്ടികളുടെയും നേതൃത്വം അവകാശപ്പെടാനാവില്ലെന്ന് തൃണമൂൽ വിശദീകരിച്ചു. പല സംസ്ഥാനങ്ങളിലും കോൺഗ്രസ് നേതാക്കളെ തൃണമൂൽ അടർത്തിമാറ്റുന്ന സാഹചര്യത്തിൽ സോണിയ ഗാന്ധി ഡൽഹിയിലെത്തിയ മമത ബാനർജിയെ കാണാൻ തയ്യാറായിരുന്നില്ല.

അതേസമയം മുംബൈയിൽ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ മഹാപഞ്ചായത്ത് നടക്കുകയാണ്. മുംബൈയില ആസാദ് മൈതാനത്താണ് പരിപാടി. ആയിരക്കണക്കിന് കർഷകരാണ് പങ്കെടുക്കുന്നത്. രാകേഷ് ടിക്കായത്ത് അടക്കമുള്ള നേതാക്കളാണ് നേതൃത്വം നൽകുന്നത്.

കാർഷിക നിയമങ്ങൾ പിൻവലിക്കാൻ സർക്കാർ സന്നദ്ധമായെങ്കിലും താങ്ങുവിലയടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് മഹാപഞ്ചായത്ത് നടക്കുന്നത്. ലഖിംപൂർ ഖേരിയിൽ കൊല്ലപ്പെട്ട കർഷകരുടെ ചിതാഭസ്മവും പ്രതിഷേധ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. വൈകിട്ട് കർഷകർ ജാഥയായി നീങ്ങി ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ പരിസരത്ത് നിന്ന് കടലിൽ ചിതാഭസ്മം നിമഞ്ജനം ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP