Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വയനാട്ടിൽ 45-കാരനെ കെട്ടിയിട്ട് മർദിച്ച് കൊന്ന സംഭവം ; രണ്ടാംഭാര്യയുടെ മാതാവ് ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ ; പൊലീസ് എത്തും മുൻപെ തെളിവുൾപ്പടെ നശിപ്പിച്ചിട്ടും തുണയായത് അയൽവാസികളുടെ മൊഴി; കുടതൽ പേർ പിടിയിലാകുന്നതുകൊല നടന്ന് ഒരു വർഷം തികയാറാകുമ്പോൾ

വയനാട്ടിൽ 45-കാരനെ കെട്ടിയിട്ട് മർദിച്ച് കൊന്ന സംഭവം ; രണ്ടാംഭാര്യയുടെ മാതാവ് ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ ; പൊലീസ് എത്തും മുൻപെ തെളിവുൾപ്പടെ നശിപ്പിച്ചിട്ടും തുണയായത് അയൽവാസികളുടെ മൊഴി; കുടതൽ പേർ പിടിയിലാകുന്നതുകൊല നടന്ന് ഒരു വർഷം തികയാറാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മാനന്തവാടി: മലപ്പുറം കരിപ്പൂർ കിളിനാട്ട് അബ്ദുൾ ലത്തീഫിന്റെ (45) കൊലപാതകത്തിൽ രണ്ടാംഭാര്യയുടെ മാതാവുൾപ്പെടെ നാലുപേരെ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. പറളിക്കുന്ന് മാടത്തൊടുക വീട്ടിൽ ജസ്നയുടെ മാതാവ് ഷാജിറ (46), ഷാജിറയുടെ മാതാവ് ഖദീജ , ഷാജിറയുടെ സഹോദരൻ നൗഷാദ് (40) നൗഷാദിന്റെ ഭാര്യ മൈമൂന (38) എന്നിവരാണ് പിടിയിലായത്.അമ്പിലേരിയിൽ താമസിക്കുന്ന ഷാജിറയെ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തിയും മറ്റുള്ളവരെ പറളിക്കുന്നിലെ വീട്ടിൽ നിന്നുമാണ് അറസ്റ്റു ചെയ്തത്. കൊലപാതകത്തിന് കൂട്ടുനിൽക്കുകയും തെളിവുനശിപ്പിക്കുകയും ചെയ്തതാണ് പ്രതികൾക്ക് നേരെയുള്ള കേസ്.കൊലപാതകം നടന്ന് ഏകദേശം ഒരു വർഷമാകാറാകുമ്പോഴാണ് നാലു പ്രതികൾ കൂടി പിടിയിലാവുന്നത്.

കൊലപാതകത്തിൽ രണ്ടാംഭാര്യ ജസ്ന (30) സഹോദരൻ ജംഷാൻ (26) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.നാലുമാസം ജയിൽശിക്ഷ അനുഭവിച്ച ഇരുവരും ഇപ്പോൾ ജാമ്യത്തിലാണ്. തുടരന്വേഷണത്തിൽ അയൽവാസികളെയുൾപ്പെടെ മൊഴിയെടുത്തതിന്റെ അടിസ്ഥാനത്തിലാണ് ബാക്കി നാലുപേരുടെയും പങ്ക് വ്യക്തമായതെന്ന് ക്രൈംബ്രാഞ്ച് അധികൃതർ പറഞ്ഞു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി. മനോജ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

അബ്ദുൾ ലത്തീഫിന്റെ കൊലപാതകം ആദ്യം കല്പറ്റ പൊലീസായിരുന്നു അന്വേഷിച്ചത്. അന്നത്തെ ജില്ലാ പൊലീസ് മേധാവിയായിരുന്ന ജി. പൂങ്കുഴലിയാണ് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്.അബ്ദുൾ ലത്തീഫിനെ ഭാര്യ ജസ്നയും സഹോദരൻ ജംഷാനും ചേർന്ന് കൈയും കാലും കെട്ടിയിട്ടാണ് മർദിച്ചത്. ദേഹത്ത് വടികൊണ്ട് അടിച്ചതിന്റെയും കുത്തിയതിന്റെയും പാടുകളുണ്ടായിരുന്നു. നെഞ്ചിന്റെ താഴ്ഭാഗത്തേറ്റ ചവിട്ടാണ് മരണകാരണം.

പൊലീസ് സ്ഥലത്തെത്തുമ്പോൾ കൈകൾ കെട്ടിയിട്ട നിലയിലായിരുന്നു ലത്തീഫ് ഉണ്ടായിരുന്നത്. ഇപ്പോൾ അറസ്റ്റിലായ നൗഷാദും ലത്തീഫിനെ മർദിച്ചിരുന്നെന്ന് ജില്ല ക്രൈംബ്രാഞ്ച് അധികൃതർ പറഞ്ഞു. ജസ്നയുടെ മറ്റൊരു സഹോദരൻ ജംഷീറിനെ കഴിഞ്ഞ ഡിസംബർ 25-ന് വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. മാനസിക വൈകല്യമുള്ളയാളായിരുന്നു ജംഷീർ.


പൊലീസ് എത്തും മുമ്പേ തെളിവ് നശിപ്പിച്ചു, ഭീഷണിപ്പെടുത്തി

2020 ഡിസംബർ 21-ന് പുലർച്ചെ പറളിക്കുന്ന് ലക്ഷംവീട് കോളനിയിലായിരുന്നു അബ്ദുൾ ലത്തീഫ് മർദനമേറ്റ് കൊല്ലപ്പെടുന്നത്. മർദനമേറ്റ അബ്ദുൾ ലത്തീഫിനെ പൊലീസ് കൈനാട്ടി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ആശുപത്രിയിൽ നിന്ന് പൊലീസ് സംഭവസ്ഥലത്തേക്ക് തിരിച്ചെത്തുമ്പോഴേക്കും പ്രതികൾ ചേർന്ന് തെളിവ് നശിപ്പിച്ചതായി പൊലീസ് പറഞ്ഞു.

ചോദ്യം ചെയ്യലിൽ ജസ്നയേയും ജംഷാനെയും പൊലീസ് തൊട്ടടുത്ത ദിവസം തന്നെ അറസ്റ്റു ചെയ്തു. അയൽവാസികളയുൾപ്പെടെ മൊഴിയെടുത്തശേഷമാണ് ജില്ലാ ക്രൈംബ്രാഞ്ച് സംഘം കൂടുതൽ പ്രതികളിലേക്ക് എത്തിയത്. കൊലപാതകത്തിനുശേഷം പ്രതികൾ ഇവരുടെ പങ്ക് പുറത്തറിയാതിരിക്കാൻ പലരെയും ഭീഷണിപ്പെടുത്തിയിരുന്നതായും ജില്ലാ ക്രൈംബ്രാഞ്ച് അധികൃതർ പറഞ്ഞു.

മലപ്പുറത്ത് ഭാര്യയും കുട്ടികളുമുള്ള അബ്ദുൾ ലത്തീഫ് 2016 ലാണ് ജസ്നയെ വിവാഹം ചെയ്യുന്നത്. ഇടയ്ക്കിടെ പറളിക്കുന്നിലെ വീട്ടിൽ വന്ന് ഇയാൾ താമസിക്കാറുമുണ്ട്. 2019-ൽ ഇവർ തമ്മിലുള്ള ബന്ധം വഷളായിരുന്നു. 20-ന് രാത്രി അബ്ദുൾ ലത്തീഫ് ജസ്നയുടെ വീട്ടിലെത്തിയപ്പോഴുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. രാത്രിയെത്തി വീടിന് പുറത്തു നിന്ന അബ്ദുൾലത്തീഫിനെ ജസ്നയുടെ മാതാവ് ഷാജിറയാണ് കണ്ടത്. തുടർന്ന് തർക്കമായി. തർക്കം കൈയാങ്കളിയിൽ എത്തുകയുമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP