Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മന്ത്രി വീണാ ജോർജിനെ നിർത്തിപ്പൊരിച്ച് സിപിഎം പത്തനംതിട്ട ഏരിയാ സമ്മേളനം; ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാനുണ്ടായ സാഹചര്യം വിശദീകരിക്കണം; സാധാരണ പ്രവർത്തകരിൽ നിന്നും അകന്നു; സിപിഎം ജില്ലാ നേതാക്കളുടെ ഫോൺ പോലും മന്ത്രി എടുക്കുന്നില്ല; പ്രഖ്യാപിച്ച വികസന പദ്ധതികൾ ഒന്നും നടപ്പാക്കിയില്ല: മന്ത്രിക്ക് കൂട്ട് മറ്റു പാർട്ടിക്കാരെന്നും വിമർശനം

മന്ത്രി വീണാ ജോർജിനെ നിർത്തിപ്പൊരിച്ച് സിപിഎം പത്തനംതിട്ട ഏരിയാ സമ്മേളനം; ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാനുണ്ടായ സാഹചര്യം വിശദീകരിക്കണം; സാധാരണ പ്രവർത്തകരിൽ നിന്നും അകന്നു; സിപിഎം ജില്ലാ നേതാക്കളുടെ ഫോൺ പോലും മന്ത്രി എടുക്കുന്നില്ല; പ്രഖ്യാപിച്ച വികസന പദ്ധതികൾ ഒന്നും നടപ്പാക്കിയില്ല: മന്ത്രിക്ക് കൂട്ട് മറ്റു പാർട്ടിക്കാരെന്നും വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: സിപിഎം ഏരിയാ സമ്മേളനത്തിൽ മന്ത്രി വീണാ ജോർജിനെ നിർത്തിപ്പൊരിച്ച് സമ്മേളന പ്രതിനിധികൾ. സത്യപ്രതിജ്ഞ മുതൽ മന്ത്രിയുടെ പ്രവർത്തന ശൈലി വരെ വിമർശന വിധേയമായി. ബിജെപിയിൽ നിന്ന് വന്ന് സിപിഎമ്മിൽ ആളാകാൻ നോക്കുന്നുവെന്ന ആക്ഷേപം ഏരിയാ കമ്മറ്റി അംഗം എ.ജി. ഉണ്ണികൃഷ്ണന് എതിരേയും ഉയർന്നു.

ബ്രാഞ്ച്-ലോക്കൽ സമ്മേളനങ്ങളിൽ നിർത്തിയിടത്തു നിന്നാണ് മന്ത്രി വീണയ്ക്ക് എതിരായ വിമർശനം ഏരിയാ സമ്മേളനത്തിൽ തുടങ്ങിയത്. ഇലന്തൂരിലാണ് സമ്മേളനം നടക്കുന്നത്. ഇന്ന് തുടങ്ങി വച്ച ചർച്ചകൾ നാളെയും തുടരും. പത്തനംതിട്ട നഗരസഭയിൽ നിന്നുള്ള പ്രതിനിധികളാണ് വീണയ്ക്ക് എതിരേ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചത്.

നഗരസഭയിലെ ഒരു കൗൺസിലർ ആണ് വീണ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാനിടയായ സാഹചര്യം വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടത്. ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാൻ വീണാ ജോർജിന് മാത്രമായി ഇളവ് അനുവദിച്ച സാഹചര്യം മനസിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ പാർട്ടി പ്രവർത്തകരിൽ നിന്നും മന്ത്രി അകന്നു പോയി. ജില്ലാ നേതാക്കൾ വിളിച്ചാൽ പോലും മന്ത്രി ഫോൺ എടുക്കുന്നില്ല. മന്ത്രി എവിടെയാണ് ഉള്ളതെന്ന് അറിയാൻ മറ്റു പാർട്ടിക്കാരെ വിളിക്കേണ്ട ഗതികേടാണുള്ളത്.

ജില്ലാ നേതാക്കളുടെ മിസ്‌കാൾ കണ്ടാൽ പോലും തിരിച്ചു വിളിക്കാറില്ല. നഗരസഭയിൽ മന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ സ്വന്തം പാർട്ടിക്കാരനായ നഗരസഭാധ്യക്ഷന് പ്രതിനിധ്യം ലഭിക്കുന്നില്ല. ജില്ലാ ആസ്ഥാനത്ത് സിപിഎം നേതാക്കളിൽ നിന്ന് അകന്ന് സിപിഐക്കാരുമായിട്ടാണ് മന്ത്രിക്ക് കൂട്ട്. പ്രഖ്യാപിച്ച പല പദ്ധതികളും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. ആരോഗ്യമന്ത്രി എന്നതിനപ്പുറം ആറന്മുളയിലെ എംഎ‍ൽഎയാണ് വീണയെന്ന കാര്യം മറക്കരുത്. ഏരിയാ കമ്മറ്റിയംഗമായതിനാൽ വീണയും സമ്മേളന പ്രതിനിധിയാണ്.

ബിജെപി ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച ശേഷം സിപിഎമ്മിലേക്ക് ചേക്കേറി ഏരിയാ കമ്മറ്റിയംഗമായ എ.ജി. ഉണ്ണികൃഷ്ണനെയും പ്രതിനിധികൾ പഞ്ഞിക്കിട്ടു. പാർട്ടി പരിപാടികൾക്കൊന്നും ഉണ്ണികൃഷ്ണൻ പങ്കെടുക്കുന്നില്ല. മുന്നാക്ക വികസന കോർപ്പറേഷൻ അംഗമായ ഉണ്ണികൃഷ്ണൻ കോർപ്പറേഷന്റെ കാറിൽ കറങ്ങി സ്വന്തം സഹകരണ സംഘം വളർത്തുകയാണ് ചെയ്യുന്നത്. സമ്മേളനത്തോട് അനുബന്ധിച്ച് പാർട്ടി പത്രം പുറത്തിക്കിയ സപ്ലിമെന്റിൽ നിന്ന് ഉണ്ണികൃഷ്ണന്റെ ചിത്രം ഒഴിവാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP