Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിദ്യാർത്ഥിയെ വഴിയിൽ തടഞ്ഞുനിർത്തി അടിച്ച് പല്ലുകൊഴിച്ച് ഗുണ്ടാനേതാവ്; പരാതി നൽകിയിട്ടും കേസെടുക്കാതെ പൊലീസിന്റെ ഒളിച്ചുകളി; വാക്കേറ്റത്തിനിടെ ഗുണ്ടയെ മർദ്ദിച്ച നാട്ടുകാർക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസും; ഗുണ്ടയുമായി ഒത്തുകളിച്ച മംഗലപുരം എസ് ഐയ്ക്ക് സസ്പെൻഷൻ

വിദ്യാർത്ഥിയെ വഴിയിൽ തടഞ്ഞുനിർത്തി അടിച്ച് പല്ലുകൊഴിച്ച് ഗുണ്ടാനേതാവ്; പരാതി നൽകിയിട്ടും കേസെടുക്കാതെ പൊലീസിന്റെ ഒളിച്ചുകളി; വാക്കേറ്റത്തിനിടെ ഗുണ്ടയെ മർദ്ദിച്ച നാട്ടുകാർക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസും; ഗുണ്ടയുമായി ഒത്തുകളിച്ച മംഗലപുരം എസ് ഐയ്ക്ക് സസ്പെൻഷൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കണിയാപുരത്ത് വിദ്യാർത്ഥിയെ മർദ്ദിച്ച ഗുണ്ടാനേതാവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച സംഭവത്തിൽ മംഗലപുരം സ്റ്റേഷൻ എസ് ഐക്ക് സസ്പെൻഷൻ. എസ് ഐ തുളസീധരൻ നായരെയാണ് സസ്‌പെൻഡ് ചെയ്തത്. നിയമ നടപടി സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയ എസ്ഐക്കെതിരെ കർശന നടപടിയുണ്ടാവുമെന്നാണ് സൂചന. സംഭവം ഡി വൈ എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നും ഉത്തരവുണ്ട്.

കണിയാപുരത്ത് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച ഗുണ്ടാനേതാവിന് ജാമ്യം നൽകിയതിൽ എസ്ഐ തുളസിധരന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായി സ്പെഷ്യൽ ബ്രാഞ്ച് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. വിവാദം മുറുകന്നതിനിടെ ഡിഐജി സഞ്ജയ് കുമാർ ഗരുഡിൻ ഇന്നലെ സ്റ്റേഷനിൽ മിന്നൽ പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് സസ്‌പെൻഷൻ.

ദിവസങ്ങൾക്ക് മുൻപ് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് കണിയാപുരത്ത് വച്ച് നിരവധി കേസുകളിൽ പ്രതിയായ കണിയാപുരം മസ്താൻ മുക്ക് സ്വദേശി ഫൈസൽ മദ്യലഹരിയിൽ അനസ് എന്ന വിദ്യാർത്ഥിയെ മർദ്ദിച്ച് അവശനാക്കിയത്. അനസും സുഹൃത്തും ഭക്ഷണം കഴിക്കാൻ ബൈക്കിൽ പോകുമ്പോൾ ഫൈസലും സംഘവും തടഞ്ഞു നിർത്തിയെന്നാണ് അനസ് പറയുന്നത്. മർദ്ദനത്തിൽ അനസിന്റെ രണ്ട് പല്ലുകൾ നഷ്ടമായി. ബൈക്കിന്റെ താക്കോൽ ഊരിയെടുക്കാൻ ശ്രമിച്ചത് തടഞ്ഞതോടെയാണ് മർദ്ദനമെന്നാണ് അനസിന്റെ പരാതിയിൽ പറയുന്നത്.

സംഭവത്തിന് പിന്നാലെ പരാതിയുമായി അനസ് പൊലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാൻ പോലും പൊലീസ് തയ്യാറായില്ല. പരാതിയുമായി എത്തിയ തന്നെ മംഗലപുരം സ്റ്റേഷനിൽ നിന്നും. കണിയാപുരം സ്റ്റേഷനിൽ നിന്നും തന്നെ തിരിച്ചയച്ചെന്നാണ് അനസ് പറയുന്നത്. ഒടുവിൽ മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് പൊലീസ് കേസെടുത്തത്. എന്നാൽ വധശ്രമക്കേസിൽ പ്രതി കൂടിയായിരുന്ന ഫൈസലിനെതിരെ നിസാര വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തത്. ജാമ്യമില്ലാ കുറ്റത്തിന് അറസ്റ്റ് വാറന്റുള്ള ഫൈസൽ സ്റ്റേഷനിൽ വന്ന് ആൾ ജാമ്യത്തിൽ ഇറങ്ങിപ്പോകുകയും ചെയ്തു.

വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച ഫൈസലിനെ പിന്നീട് നാട്ടുകാർ മർദ്ദിച്ചിരുന്നു. ഈ സംഭവത്തിൽ ദ്രുതഗതിയിൽ കേസെടുത്ത പൊലീസ് ഗുണ്ടാനേതാവിനെ മർദ്ദിച്ച നാട്ടുകാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. സംഭവം വൻവിവാദമായതോടെയാണ് ഉന്നത ഉദ്യോഗസ്ഥർ അടക്കം സംഭവത്തിൽ ഇടപെട്ടതും എസ്ഐക്കെതിരെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയതും.

കൈകൊണ്ടടിച്ചാൽ ജാമ്യം ലഭിക്കാവുന്ന കേസാണെന്നും മൊഴി പ്രകാരം കേസെടുത്തുവെന്നാണ് മംഗലപുരം പൊലീസ് ആദ്യം നൽകിയ വിശദീകരണം. പല്ലു പോയതും യുവാവിനേറ്റ ഗുരുതര പരിക്കുമെല്ലാം കണ്ടില്ലെന്ന നടിച്ച പൊലീസ് കണ്ണിൽ പൊടിയിടാൻ കേസെടുത്ത ശേഷം ഫൈസലിനെ വിട്ടയക്കുകയായിരുന്നു. പൊലീസ് ലഹരിസംഘത്തിലെ കണ്ണിയായ ഫൈസലിനെ ജാമ്യത്തിൽ വിട്ടു. കഴക്കൂട്ടം- മംഗലാപുരം മേഖലയിൽ പൊലീസ് നിസ്സംഗതയാണ് വീണ്ടും ഗുണ്ടാസംഘങ്ങൾ സജീവമാകാൻ കാരണമെന്ന ആക്ഷേപം ഉയരുമ്പോഴാണ് മംഗലപുരം പൊലീസിന്റെ വീഴ്ച.

ലോക്ക്ഡൗൺ കാലത്ത് പുഴയിൽ മീൻ പിടിച്ച നാട്ടുകാരിൽ ചിലരെ തുളസിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയിരുന്നു. നാട്ടുകാരെ വിരട്ടിയോടിച്ച ശേഷം ഈ മീൻ തുളസിയും കൂടെയുള്ള പൊലീസുകാരും കൂടി പങ്കിട്ടെടുത്തിരുന്നു. വിഷയം ഉന്നത ഉദ്യോഗസ്ഥർക്ക് പരാതിയായി ലഭിച്ചതോടെ തുളസിക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുകയും സ്ഥലംമാറ്റുകയും ചെയ്തിരുന്നു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇയാൾ വീണ്ടും മംഗലപുരം സ്റ്റേഷനിലേക്ക് തിരിച്ചെത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP