Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാമ്പത്തിക ഞെരുക്കത്തിലും പറക്കാനായി ധൂർത്ത്; വീണ്ടും ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കാൻ നീക്കവുമായി സർക്കാർ; ടെക്‌നിക്കൽ ബിഡ് തുറക്കാൻ നടപടി; പൊലീസിനായി എത്തുക ആറു യാത്രക്കാരെ ഉൾക്കൊള്ളുന്ന ഇരട്ട എൻജിൻ ഹെലികോപ്ടർ

സാമ്പത്തിക ഞെരുക്കത്തിലും പറക്കാനായി ധൂർത്ത്;  വീണ്ടും ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കാൻ നീക്കവുമായി സർക്കാർ; ടെക്‌നിക്കൽ ബിഡ് തുറക്കാൻ നടപടി; പൊലീസിനായി എത്തുക ആറു യാത്രക്കാരെ ഉൾക്കൊള്ളുന്ന ഇരട്ട എൻജിൻ ഹെലികോപ്ടർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊലീസിനായി ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തത് ധൂർത്തും ബാധ്യതയുമാണെന്ന വിമർശനങ്ങൾ നിലനിൽക്കെ വീണ്ടും സമാന നീക്കവുമായി സംസ്ഥാന സർക്കാർ. പൊലീസിന് വേണ്ടി ഹെലികോപ്റ്റർ ഹെലികോപ്ടർ വാടകയ്ക്ക് എടുക്കാനുള്ള ടെക്‌നിക്കൽ ബിഡ് തുറക്കാനുള്ള നടപടി തുടങ്ങി.

ടെക്‌നിക്കൽ ബിഡ് ഡിസംബർ നാലിന് തുറക്കും. പൊലീസ് ആസ്ഥാനത്ത് ഡിജിപി, ഭരണ വിഭാഗം എഡിജിപി, സ്റ്റോർ പർച്ചേസ് ഡിപ്പാർട്ട്‌മെന്റ് അഡി.സെക്രട്ടറി എന്നിവരടങ്ങുന്ന സാങ്കേതിക സമിതിയാണ് ബിഡ് തുറക്കുന്നത്. ബിഡിന്റെ പരിശോധന 6ന് പേരൂർക്കട എസ്എപി പരേഡ് ഗ്രൗണ്ടിൽ നടക്കും.

ആറു യാത്രക്കാരെ ഉൾക്കൊള്ളുന്ന ഇരട്ട എൻജിൻ ഹെലികോപ്ടറാണ് വാടകയ്ക്ക് എടുക്കുന്നത്. വി.ഐ.പി. സുരക്ഷാ മാനദണ്ഡങ്ങളും എയർആംബുലൻസ് സജ്ജീകരണവുമള്ള ഹെലികോപ്ടറുകൾക്ക് മുൻഗണന നൽകുന്ന തരത്തിലാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്.

നേരത്തെ പവൻഹാൻസ് കമ്പനിയിൽ നിന്ന് ഹെലികോപ്ടർ വാടകയ്ക്ക് എടുത്തത് ധൂർത്തും അനാവശ്യ ചിലവുമാണെന്ന് ആരോപണം ഉയർന്നിരുന്നു. ഇതുസംബന്ധിച്ച വിവാദങ്ങൾ അടങ്ങുന്നതിന് മുന്നെയാണ് അടുത്ത വിവാദത്തിന് തിരികൊളുത്തി വീണ്ടും ഹെലികോപ്റ്റർ വാടയ്ക്ക് എടുക്കുന്നത്.

2020 ഏപ്രിലിലാണ് ഡൽഹി പവൻഹാൻസ് കമ്പനിയിൽനിന്ന് ഒരു വർഷത്തേക്ക് സർക്കാർ ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തത്. 1.44 കോടി രൂപയും ജിഎസ്ടിയുമായിരുന്നു മാസവാടക. ഈ കരാർ 2021 ഏപ്രിലിൽ അവസാനിച്ചു. പുതിയ ടെൻഡർ വിളിക്കാൻ ഡിജിപി നൽകിയ ശുപാർശ കോവിഡ് ബാധയെത്തുടർന്ന് മുന്നോട്ടു പോയില്ല.

പിന്നീട് ഒക്ടോബർ മാസത്തിൽ ടെൻഡർ നടപടികൾ ആരംഭിച്ചു. 6 പേർക്ക് സഞ്ചരിക്കാവുന്ന ഹെലികോപ്റ്റർ 3 വർഷത്തേക്കാണ് വാടകയ്‌ക്കെടുക്കുന്നത്. കൂടുതൽ പഴക്കം പാടില്ല, മാസം 20 മണിക്കൂറിൽ കൂടുതൽ പറക്കേണ്ടിവരും തുടങ്ങിയ നിബന്ധനകളുണ്ട്.

സാമ്പത്തിക പ്രതിസന്ധിക്കിടെ പവൻഹാൻസ് കമ്പനിയുടെ 10 സീറ്റുള്ള ഹെലികോപ്റ്റർ 1.44 കോടി രൂപയ്ക്ക് വാടകയ്‌ക്കെടുത്തത് നേരത്തെ രാഷ്ട്രീയ വിവാദമായിരുന്നു. ടെൻഡർ വിളിക്കാതെയായിരുന്നു ഇടപാട്.

കുറഞ്ഞ നിരക്കു വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞു മൂന്നിരട്ടി ഉയർന്ന നിരക്കു പറഞ്ഞ കമ്പനിയുടെ കോപ്റ്റർ വാടയ്‌ക്കെടുക്കാനുള്ള തീരുമാനമാണ് വിവാദമായത്. ബെംഗളൂരുവിലെ ചിപ്‌സൺ ഏവിയേഷൻ ഇതേ തുകയ്ക്ക് 3 ഹെലികോപ്റ്ററുകൾ വാടകയ്ക്കു നൽകാമെന്ന് സമ്മതിച്ചെങ്കിലും സർക്കാർ അംഗീകരിച്ചില്ല.

ഹെലികോപ്റ്റർ വാടക, സംരക്ഷണം എന്നിവയ്ക്കായി സംസ്ഥാന സർക്കാർ ചെലവാക്കിയത് 22.21 കോടി രൂപയാണ്. പാർക്കിങ് ഫീസ് ഇനത്തിൽ മാത്രം 56.72 ലക്ഷം ചെലവഴിച്ചു. കേരളം 1.44 കോടി രൂപ പ്രതിമാസ വാടക നൽകി വാടകയ്‌ക്കെടുക്കുന്ന അതേ സൗകര്യമുള്ള ഹെലികോപ്റ്ററിനു ഛത്തീസ്‌ഗഡ് സർക്കാർ നൽകിയത് 85 ലക്ഷം രൂപ മാത്രമാണ്.

എന്നാൽ ഇതനുസരിച്ചുള്ള ഉപയോഗം ഉണ്ടായിട്ടുള്ളതായി വ്യക്തമാക്കിയിട്ടുമുണ്ടായിരുന്നില്ല. മാവോയിസ്റ്റ് നീരീക്ഷണം, പ്രളയം പോലുള്ള ദുരന്ത ഘട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹെലികോപ്ടർ വാടകയ്ക്ക എടുത്തിരുന്നത്. എന്നാൽ ഈ സാഹചര്യങ്ങളിലൊന്നും ഹെലികോപ്ടറിന്റെ ഉപയോഗം നടന്നിട്ടില്ല.

കേരളം 1.44 കോടി രൂപ പ്രതിമാസ വാടക നൽകി വാടകയ്‌ക്കെടുക്കുന്ന അതേ സൗകര്യമുള്ള ഹെലികോപ്റ്ററിനു ഛത്തീസ്‌ഗഡ് സർക്കാർ നൽകിയത് 85 ലക്ഷം രൂപ മാത്രമാണെന്ന വിവരങ്ങളും വിവാദങ്ങൾ കൊഴുപ്പിച്ചു.

ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന് ഹെലികോപ്ടർ അനാവശ്യ ചെലവാണെന്ന അഭിപ്രായം നിലനിൽക്കെയാണ് ടെൻഡർ നടപടികൾക്ക് തുടക്കമിട്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP