Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

23,500 ലിറ്റർ ജലസംഭരണിയിൽ നൂതന മത്സ്യകൃഷി; എട്ട് മാസം കൊണ്ട് ചുരുങ്ങിയത് 1.35 ലക്ഷം വരുമാനം ലക്ഷ്യം ;പട്ടികജാതി കുടുംബങ്ങളെ സ്വയംസംരംഭകരാകാൻ സഹായിച്ച് സിഎംഎഫ്ആർഐ

23,500 ലിറ്റർ ജലസംഭരണിയിൽ നൂതന മത്സ്യകൃഷി; എട്ട് മാസം കൊണ്ട് ചുരുങ്ങിയത് 1.35 ലക്ഷം വരുമാനം ലക്ഷ്യം ;പട്ടികജാതി കുടുംബങ്ങളെ സ്വയംസംരംഭകരാകാൻ സഹായിച്ച് സിഎംഎഫ്ആർഐ

സ്വന്തം ലേഖകൻ

കൊച്ചി: നൂതന മത്സ്യകൃഷിയിലൂടെ സ്വയംസംരംഭകരാകാൻ പട്ടികജാതി കുടുംബങ്ങൾക്ക് പിന്തുണയുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). സിഎംഎഫ്ആർഐയുടെ ഷെഡ്യൂൾഡ് കാസ്റ്റ് സബ് പ്ലാൻ പദ്ധതിയുടെ ഗുണഭോക്താക്കളായി ചേരാനെല്ലൂരിലെ പട്ടികജാതി വിഭാഗത്തിൽപെട്ട അഞ്ച് കുടുംബങ്ങളാണ് നൂതന മത്സ്യകൃഷിരീതിയായ ബയോഫ്‌ളോക് കൃഷിക്ക് തുടക്കമിട്ടത്. മറ്റ് മത്സ്യകൃഷി രീതികളെ അപേക്ഷിച്ച് ജലത്തിന്റെ ഉപയോഗം വളരെ കുറച്ച് മാത്രം ആവശ്യമായി വരുന്ന ഈ രീതിയിൽ 1800 ഗിഫ്റ്റ് തിലാപിയയാണ് കൃഷി ചെയ്യുന്നത്. എട്ട് മാസം നീണ്ട് നിൽക്കുന്ന കൃഷിയിൽ നിന്നും ചുരുങ്ങിയത് 1.35 ലക്ഷം രൂപ വരുമാനമാണ് ലക്ഷ്യമിടുന്നത്. ഒരു മീനിന് 300 ഗ്രാം തൂക്കം ലഭിച്ചാൽ തന്നെ മികച്ച വരുമാനം നേടാനാകും. സാധാരണഗതിയിൽ ഇക്കാലയളവിൽ ബയോഫ്‌ളോക്ക് കൃഷിയിലൂടെ ഗിഫ്റ്റ് തിലാപ്പിയക്ക് 500 ഗ്രാം വരെ തൂക്കം ലഭിക്കും.

ഉയർന്ന അളവിൽ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് മീനുകൾക്ക് ഗുണകരമായരീതിയിൽ മികച്ചയിനം ബാക്റ്റീരിയകളെ ഉപയോഗപ്പെടുത്തി നിയന്ത്രിത സാഹചര്യത്തിലുള്ള കൃഷിരീതിയാണിത്. തീറ്റയുടെ അളവും താരതമ്യേന കുറവാണ്. ജലാശയങ്ങളും കുളങ്ങളും ലഭ്യമല്ലാത്തവർക്ക് വീട്ടുവളപ്പിൽ തന്നെ ബയോഫ്‌ളോക് ജലസംഭരണി നിർമ്മിച്ച് ചെയ്യാവുന്ന മത്സ്യകൃഷിയാണിത്.

മീനുകളുടെ വളർച്ച ത്വരിതപ്പെടുത്തുന്ന രീതിയിൽ വിവിധ സൗകര്യങ്ങളോടെ നിർമ്മിച്ച ടാങ്ക്, അനുബന്ധ സൗകര്യങ്ങൾ, മത്സ്യക്കുഞ്ഞുങ്ങൾ, മത്സ്യത്തീറ്റ തുടങ്ങിയവ സിഎംഎഫ്ആർഐയുടെ പദ്ധതിയിൽ കുടുംബങ്ങൾക്ക് നൽകി. അഞ്ച് മീറ്റർ വ്യാസവും 1.20 മീറ്റർ ഉയരവുമുള്ള ടാങ്കിൽ 23,500 ലിറ്റർ വെള്ളം ഉൾക്കൊള്ളും.

കൃഷിയുടെ ഓരോ ഘട്ടവും സിഎംഎഫ്ആർഐയിലെ ഗവേഷണ സംഘം കൃത്യമായി നിരീക്ഷിക്കും. വെള്ളത്തിന്റെ ഗുണനിലവാരം നിലനിർത്തുന്നതിനായി ജലഗുണനിലവാര കിറ്റും സിഎംഎഫ്ആർഐ കർഷകർക്ക് നൽകിയിട്ടുണ്ട്.

ഷെഡ്യൂൾഡ് കാസ്റ്റ് സബ് പ്ലാൻ പദ്ധതിക്ക് കീഴിലായി പട്ടികജാതി കുടുംബങ്ങൾക്ക് കൂടുമത്സ്യ കൃഷി നടത്താൻ സിഎംഎഫ്ആർഐ നേരത്തെ തന്നെ സഹായം നൽകി വരുന്നുണ്ട്. എന്നാൽ, അതിനാവശ്യമായ ജലാശയ സൗകര്യങ്ങൾ ലഭ്യമല്ലാത്തവരിലേക്കും ഈ പദ്ധതിയുടെ ഗുണഫലമെത്തിക്കാൻ വേണ്ടിയാണ് വീട്ടുവളപ്പിൽ തന്നെ നടത്താവുന്ന ബയോഫ്‌ളോക് മത്സ്യകൃഷി ഉപയോഗപ്പെടുത്തുന്നത്. എറണാകുളം ജില്ലക്ക് പുറമെ, പാലക്കാട്, തൃശൂർ, ഇടുക്കി, കോട്ടയം, കൊല്ലം ജില്ലകളിലും സിഎംഎഫ്ആർഐയുടെ നേതൃത്വത്തിൽ ബയോഫ്‌ളോക് മത്സ്യകൃഷികൾ നടന്നുവരുന്നുണ്ട്.

ഡോ കെ മധുവിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. മീൻകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന ചടങ്ങിൽ ചേരാനെല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആരിഫ മുഹമ്മദ്, എ എൻ രാധാകൃഷ്ണൻ, അൻസാർ വി ബി, ഡോ കെ മധു എന്നിവർ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP