Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗവേഷണ പഠനത്തിന് ചെലവിട്ട കാലയളവ് അദ്ധ്യാപന പരിചയമായി കണക്കുകൂട്ടാൻ പാടില്ല എന്നത് യുജിസി വ്യവസ്ഥ; മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനത്തിൽ കണ്ണൂർ സർവകലാശാല വിസിയുടെ നിയമോപദേശം തേടൽ കണ്ണിൽ പൊടിയിടാൻ; വ്യക്തത തേടേണ്ടത് യുജിസിയിൽ നിന്ന്

ഗവേഷണ പഠനത്തിന് ചെലവിട്ട കാലയളവ് അദ്ധ്യാപന പരിചയമായി കണക്കുകൂട്ടാൻ പാടില്ല എന്നത് യുജിസി വ്യവസ്ഥ; മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനത്തിൽ കണ്ണൂർ സർവകലാശാല വിസിയുടെ നിയമോപദേശം തേടൽ കണ്ണിൽ പൊടിയിടാൻ; വ്യക്തത തേടേണ്ടത് യുജിസിയിൽ നിന്ന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യയുടെ നിയമന പ്രശ്‌നത്തിൽ വിസി നിയമോപദേശം തേടേണ്ടത് യുജിസിയിൽ നിന്ന്. ഇക്കാര്യത്തിൽ സർവകലാശാല നിയമോപദേശകന്റെ വിശദീകരണത്തിന് പ്രസക്തിയില്ലെന്ന് പരാതിക്കാരായ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി. യുജിസി റെഗുലേഷൻ സംബന്ധിച്ച വ്യക്തതയ്ക്ക് യുജിസി യെയാണ് സമീപിക്കേണ്ടതെന്നും സർവകലാശാല നിയമോപദേശകന്റെ വിശദീകരണത്തിന് യാതൊരു പ്രസക്തിയുമില്ലെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി വൈസ് ചാൻസലറെ രേഖാമൂലം അറിയിച്ചു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ ഗവേഷണ പഠനകാലം അദ്ധ്യാപന പരിചയമായി കണക്കാക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടുമെന്ന് വൈസ് ചാൻസലർ ഇന്നലെ ഒരു മാധ്യമവുമായി നടത്തിയ അഭിമുഖത്തിൽ പ്രസ്താവിച്ചിരുന്നു.

ഇക്കാര്യത്തിൽ യുജിസിയുടെ റഗുലേഷൻ വ്യക്തമാണെങ്കിലും വിഷയംഇപ്പോൾ അക്കാദമിക് സമൂഹം പരക്കെ ചർച്ച ചെയ്യുന്ന സാഹചര്യത്തിൽ യുജിസിയുടെ വിശദീകരണം വാങ്ങുന്നത് അഭികാമ്യമാണെന്ന് നിവേദനത്തിൽ പറയുന്നു. പ്രിയ വർഗീസ് അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്ന തൃശ്ശൂർ കേരളവർമ്മ കോളേജ് നൽകിയ സർവീസ് സർട്ടിഫിക്കറ്റിൽ 2012 മുതൽ കോളേജിൽ സേവനമനുഷ്ഠിക്കുന്നതായാണ് സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്.

ഈ കാലയളവിൽ പ്രിയ വർഗീസ് എഫ്. ഡി.പി.മുഖേന ഗവേഷണ പഠനം നടത്തിയതും, സ്റ്റുഡന്റ് സർവീസ് ഡയറക്ടറായി ഡെപ്യൂട്ടേഷനിൽ തുടർന്നതും അപേക്ഷയിൽ രേഖപെടുത്താത്തതിനാൽ പ്രാഥമിക പരിശോധനയ്ക്ക് വിസി നിയോഗിച്ച സ്‌ക്രീനിങ് കമ്മിറ്റി ആകെയുള്ള ഒൻപത് വർഷം കണക്കിലെടുത്താണ് ഇന്റർവ്യൂ പട്ടികയിൽ ഉൾപ്പെടുത്തിയതെന്നറിയുന്നു. നിയമനത്തിന് വേണ്ട അദ്ധ്യാപന പരിചയം കണക്കാക്കുന്നതിൽ സർവകലാശാല നിയമോപദേശകന്റെ വിശദീകരണം മുൻവിധിയോടാകാനുള്ള സാധ്യതയും ഏറെയാണ്.

കോളേജിൽ നിന്നും വിട്ടുനിന്ന കാലഘട്ടം അദ്ധ്യാപന പരിചയമായി കണക്കാക്കുന്നതിലുള്ള വ്യക്തത, ചട്ടങ്ങൾ തയ്യാറാക്കിയ യു ജി സി യിൽ നിന്നും ലഭ്യമായ ശേഷം മാത്രമേ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ മേൽ നടപടികൾ പാടുള്ളുവെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിൻ കമ്മിറ്റി വൈസ്ചാൻസലർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.

ഗവേഷണ പഠനത്തിന് ചെലവിട്ട കാലയളവ് അദ്ധ്യാപന പരിചയമായി കണക്കുകൂട്ടാൻ പാടില്ലെന്ന യുജിസി വ്യവസ്ഥ നിലനിൽക്കേ, ഈ പഠന കാലയളവുകൂടി കണക്കിലെടുത്താണ് റാങ്ക് നൽകിയിട്ടുള്ളത്. 25 വർഷത്തെ അദ്ധ്യാപന പരിചയവും നൂറിൽപരം ഗവേഷണ പ്രബന്ധങ്ങളുമുള്ള സിപിഎം അനുകൂല അദ്ധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ യുടെ പ്രവർത്തകനായ അപേക്ഷകനെ രണ്ടാം റാങ്കിലേക്ക് പിന്തള്ളിയാണ് നാല് വർഷത്തെ അദ്ധ്യാപന പരിചയം മാത്രമുള്ള എക്‌സ് എം. പി. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് ഒന്നാംറാങ്ക് നൽകിയത്.

സംസ്‌കൃത സർവകലാശാലയിൽ സ്പീക്കർ എം. ബി.രാജേഷിന്റെ ഭാര്യയുടെ നിയമനത്തിന് ഇന്റർവ്യൂവിൽ മാർക്ക് കൂട്ടി നൽകിയ പ്രൊഫസ്സറെ (ഡോ. ലിസ്സി മാത്യു മലയാളം വകുപ്പ് മേധാവി) രാഗേഷിന്റെ ഭാര്യയുടെ ഇന്റർവ്യൂ ബോർഡിലും അംഗമാക്കിയത് ആസൂത്രിതമായാണെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിൻ കമ്മിറ്റി ആരോപിച്ചു.

രണ്ടാം റാങ്കുകാരന് കൂടുതൽ യോഗ്യത

കഴിഞ്ഞ ദിവസം ഓൺലൈനായി നടത്തിയ അഭിമുഖത്തിൽ ആറ് പേരാണ് ഉണ്ടായിരുന്നത്. ഒന്നാം സ്ഥാനത്തെത്തിയ പ്രിയയ്ക്കുള്ളത് പതിനൊന്ന് ഗവേഷണ പ്രബന്ധങ്ങളാണ്. അതേസമയം രണ്ടാം റാങ്കുകാരനായ ജോസഫ് സ്‌കറിയയ്ക്ക് 102 ഗവേഷണ പ്രബന്ധങ്ങളുണ്ട്. , 27 വർഷത്തെ അദ്ധ്യാപന പരിചയമുള്ള അദ്ദേഹം ആറ് പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. സാഹിത്യ അക്കാഡമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങളും കിട്ടിയിട്ടുണ്ട്. അസിസ്റ്റന്റ് പ്രൊഫസറായി മാത്രം 14 വർഷത്തെ പരിചയവുമുണ്ട്. ഇദ്ദേഹത്തെ പിന്തള്ളിയാണ് 2012ൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കയറിയ പ്രിയയെ പരിഗണിച്ചുവെന്നത് വിവാദമായി.

കെ.കെ. രാഗേഷിന്റെ ഭാര്യയെ യുജിസി യോഗ്യതകൾ മറികടന്ന് കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാൻ തിരക്കിട്ട നീക്കം നടക്കുന്നതായി നേരത്തെ വാർത്ത വന്നിരുന്നു. നിലവിലെ വൈസ് ചാൻസലർ പ്രൊഫ:ഗോപിനാഥ് രവീന്ദ്രൻ നവംബർ 23 ന് കാലാവധി പൂർത്തിയാക്കുന്നിനുമുമ്പ് ഇന്റർവ്യൂ നടത്തുകയും ചെയ്തു.

സിപിഎം ന്റെ പ്രമുഖ നേതാക്കന്മാരുടെ ഭാര്യമാർക്ക് വിവിധ സർവകലാശാലകളിൽ അസിസ്റ്റന്റ് പ്രൊഫസർമാരായാണ് നിയമനം നൽകിയതെങ്കിൽ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ പ്രിയ വർഗീസിനെ ഒരുപടി മുകളിൽ അസോസിയേറ്റ് പ്രൊഫസറായി നേരിട്ടാണ് നിയമനം നൽകുന്നത് 1,31400 --2,17100 രൂപ ശമ്പളസ്‌കെയിലിൽ ഒന്നര ലക്ഷം രൂപയാണ്തുടക്കത്തിൽ അസോസിയേറ്റ് പ്രൊഫസറുടെ ശമ്പളം.

2021 നവംബർ 12വരെ അപേക്ഷ സ്വീകരിച്ച്, തൊട്ട് അടുത്ത ദിവസം തന്നെ വിസി നിയോഗിച്ച സ്‌ക്രീനിങ് കമ്മിറ്റി അപേക്ഷകൾ പരിശോധിച്ച് രാഗേഷിന്റെ ഭാര്യ ഉൾപ്പടെ ആറു പേരുടെ ഹ്രസ്വപട്ടികയാണ് ഇന്റർവ്യൂവിന് ക്ഷണിക്കാൻ തയ്യാറാക്കിയത്. വിവിധ അദ്ധ്യാപക തസ്തികകൾക്കായി മാസങ്ങൾക്കുമുമ്പ് ക്ഷണിച്ച അപേക്ഷകളിൽ ഒരു നടപടിയും കൈക്കൊള്ളാതിക്കെ, അപേക്ഷ സ്വീകരിച്ച തൊട്ടടുത്ത ദിവസം തന്നെ സ്‌ക്രീനിങ് നടത്തിയത് വിസി യുടെ മേലുള്ള സമ്മർദ്ദത്തെ തുടർന്നാണെന്ന് ആക്ഷേപമുണ്ട്.

അസോസിയേറ്റ് പ്രൊഫസർക്ക് ഗവേഷണ ബിരുദദവും എട്ടുവർഷം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലുള്ള അദ്ധ്യാപന പരിചയവുമാണ് യോഗ്യതയായി യുജിസി നിശ്ചയിച്ചിട്ടുള്ളത്. 2012 ൽ തൃശൂർ, കേരളവർമ്മ കോളേജിൽ മലയാളം അസിസ്റ്റന്റ് പ്രൊഫസറായി നിയമനം ലഭിച്ച പ്രിയവർഗീസ് സർവീസിലിരിക്കെ മൂന്നുവർഷത്തെ അവധിയിൽ ഗവേഷണം നടത്തിയാണ് പി.എച്ച്.ഡി ബിരുദം നേടിയത്.2019 മുതൽ രണ്ടുവർഷകാലം കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്റ് സർവീസ് ഡയറക്ടറായി ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തിരുന്നു.

2018 ലെ യുജിസി നിയമം 3- 9 വകുപ്പ് പ്രകാരം അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ,നിയമനങ്ങൾക്ക് ഗവേഷണ ബിരുദം നേടുന്നതിന് വിനിയോഗിച്ച കാലയളവ് അദ്ധ്യാപന പരിചയമായി കണക്കുകൂട്ടാൻ പാടില്ലെന്ന് വ്യവസ്ഥ ചെയ്യുന്നു.സ്റ്റുഡൻസ് സർവീസ് ഡയറക്ടർ തസ്തിക അനധ്യാപക തസ്തികയായതിനാൽ സർവീസും അദ്ധ്യാപന പരിചയമായി ഉൾപ്പെടുത്താനാവില്ല. എന്നാൽ ഈ കാലയളവുകൾ മുഴുവനും അദ്ധ്യാപന പരിചയമായി കണക്കിലെടുത്താണ് സ്‌ക്രീനിങ് കമ്മിറ്റി പ്രിയ വർഗീസിനെ ഇന്റർവ്യൂ പട്ടികയിൽ ഉൾപ്പെടുത്തിയത്. എട്ടു വർഷത്തെ അദ്ധ്യാപന പരിചയം വേണ്ട പ്രിയ വർഗീസിന് ചട്ടപ്രകാരം നാല് വർഷത്തെ അദ്ധ്യാപന പരിചയം മാത്രമാണുള്ള

സർവകലാശാലകളുടെയും കോളേജുകളുടെയും പ്രവർത്തനം സുഗമമായി നടക്കുമ്പോൾ ആറുപേരുടെ ഇന്റർവ്യൂ നേരിട്ട് നടത്താതെ ഓൺലൈനായി നടത്തിയതിൽ ദുരൂഹതയുണ്ട്. ബന്ധുനിയമനങ്ങൾക്കുള്ള ഒരു പഴുതായി അഭിമുഖത്തെ മാറ്റരുതെന്നും
അർഹതപ്പെട്ടവരെ ഒഴിവാക്കി യോഗ്യത ഇല്ലാത്തവരെ നിയമിക്കാൻ തയ്യാറാക്കിയിട്ടുള്ള റാങ്ക് പട്ടികയ്ക്ക് സിന്ഡിക്കേറ്റ് അംഗീകാരം നൽകരുതെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിൻ കമ്മിറ്റി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP