Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അജിത്തും ആദ്യ ഭാര്യയും 2018മുതൽ വേർപിരിഞ്ഞ് താമസിക്കുന്നവർ; വിവാഹ മോചനം നടന്നുവെന്നത് പച്ചപരമാർത്ഥം; അജിത്തിനെ നാലു കുട്ടികളുടെ അച്ഛനാക്കുന്നവരുടെ ലക്ഷ്യം ദത്തു കേസ് അട്ടിമറിക്കൽ; ആനാവൂരിന് വായിക്കാൻ മറ്റൊരു രേഖകൂടി; ഇനിയെങ്കിലും ആ കുടുംബത്തെ വെറുതേ വിടൂ

അജിത്തും ആദ്യ ഭാര്യയും 2018മുതൽ വേർപിരിഞ്ഞ് താമസിക്കുന്നവർ; വിവാഹ മോചനം നടന്നുവെന്നത് പച്ചപരമാർത്ഥം; അജിത്തിനെ നാലു കുട്ടികളുടെ അച്ഛനാക്കുന്നവരുടെ ലക്ഷ്യം ദത്തു കേസ് അട്ടിമറിക്കൽ; ആനാവൂരിന് വായിക്കാൻ മറ്റൊരു രേഖകൂടി; ഇനിയെങ്കിലും ആ കുടുംബത്തെ വെറുതേ വിടൂ

വിഷ്ണു ജെജെ നായർ

തിരുവനന്തപുരം: ദത്തു കേസിൽ അനുപമയ്ക്കും അജിത്തിനും എതിരെ കള്ളക്കഥകൾ പ്രചരിപ്പിക്കുന്നവർക്ക് വായിക്കാൻ ഇതാ ഒരു രേഖ. അജിത്തിന് ഒരു ഭാര്യയുണ്ടെന്നും ആ ഭാര്യയ്ക്കും അവകാശങ്ങളുണ്ടെന്നും ഇന്നലെ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റേതായി പ്രസ്താവന വന്നിരുന്നു. മുമ്പ് ഫെയ്‌സ് ബുക്കിലും അജിത്തിനെ മോശക്കാരനാക്കുന്ന പരാമർശങ്ങൾ നടത്തിയിരുന്നു. അജിത്ത് ഒരു വിവാഹം കഴിച്ചെന്നത് വസ്തുതയാണ്. അതിൽ അജിത്തിന് കുട്ടികളില്ല. ആദ്യ ഭാര്യ നേരത്തെ മറ്റൊരു വിവാഹം കഴിച്ചിരുന്നു. അതിൽ അവർക്കും കുട്ടികളില്ല. ഈ വസ്തുകളെ തച്ചു തകർത്താണ് സൈബർ സഖാക്കളുടെ വ്യാജ പ്രചരണം. വസ്തുതകൾക്ക് നിരക്കാത്ത ഈ പ്രചരണം നടത്തുന്നവർ അറിയാൻ ഒരു രേഖ മറുനാടൻ പുറത്തു വിടുകയാണ്.

അജിത്തും ആദ്യ ഭാര്യ നസിയയും തമ്മിലുള്ള വിവാഹമോചന കോടതി ഉത്തരവാണ് അത്. നസിയയിൽ നിന്നും 2021 ഏപ്രിലിൽ തന്നെ വിവാഹ മോചനം നിയമപരമായി അജിത്ത് നേടിയിരുന്നു. ഇതെല്ലാം അറിയാമായിരുന്നിട്ടും പേരൂർക്കടയിലെ അമ്മയ്ക്ക് കുഞ്ഞിനെ കിട്ടിയിട്ടും സഖാക്കൾക്ക് വിടാൻ ഭാവമില്ല. അനുപമയേയും അജിത്തിനേയും കുഞ്ഞിനേയും ക്രൂരമായ സൈബർ അറ്റാക്കിന് വിധേയമാക്കിക്കൊണ്ടിരുന്നത് രണ്ട് ദിവസം മുമ്പ് വരെ സാമൂഹ്യമാധ്യമങ്ങളിൽ സൈബർ ഗുണ്ടകളാണെങ്കിൽ കഴിഞ്ഞദിവസം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ തന്നെ രംഗത്തിറങ്ങുന്നത് നമ്മൾ കണ്ടു. സാമൂഹ്യ മാധ്യമങ്ങളിലെ നീചമായ സദാചാര പൊലീസിങ് ഏതെങ്കിലും സൈബർ സഖാക്കളുടെ എടുത്തുചാട്ടമല്ലെന്നും അതാണ് ഈ വിഷയത്തിൽ പാർട്ടി നയമെന്നും വ്യക്തമാക്കുന്നതായിരുന്നു ആനാവൂരിന്റെ പത്രസമ്മേളനം.

അജിത്തിന്റെ ആദ്യവിവാഹം ചർച്ചയാക്കണമെന്നും അനുപമയോടും കുഞ്ഞിനോടുമുള്ള മലയാളികളുടെ സഹാനുഭൂതി ഇല്ലാതാക്കണമെന്നും ലക്ഷ്യമിട്ട് കൊണ്ടുള്ള പ്രതികരണങ്ങളാണ് ആനാവൂരിന്റെ ഭാഗത്ത് നിന്നും ഇന്നലെ ഉണ്ടായത്. ഇത് സിപിഎമ്മിലെ തലമുതിർന്ന നേതാവിന് യോജിച്ചതല്ലെന്ന് വ്യക്തമാക്കുന്നതാണ് മറുനാടന് കിട്ടിയ ഈ ഡിവോഴ്‌സ് ഉത്തരവ്. എല്ലാം അതിൽ വ്യക്തമാണ്. ആദ്യ ഭാര്യയിൽ അജിത്തിന് കുട്ടികളുണ്ടെന്ന പരാമർശമൊന്നും ഈ ഉത്തരവിൽ ഇല്ല. അങ്ങനെ കുട്ടികളുണ്ടെങ്കിൽ അത് ഉത്തരവിന്റെ ഭാഗം ആകുന്നതുമാണ്.

2020 നവംബറിലാണ് ഡിവോഴ്‌സ് കേസ് കോടതിക്ക് മുമ്പിലെത്തുന്നത്. പരസ്പര സമ്മത പ്രകാരമായിരുന്നു ഈ ഹർജി. ഇത് പരിഗണിച്ചാണ് 2021 ഏപ്രിൽ 19ന് കോടതിയുടെ ഉത്തരവ്. 2011ൽ വിവാഹിതരായ അജിത്തും നസിയയും 2008 ജൂൺ മുതൽ വേർപിരിഞ്ഞ് കഴിയുകയാണെന്ന പശ്ചാത്തല വിവരണവും ഈ ഉത്തരവിലുണ്ട്. ക്ലറിക്കൽ പിഴവ് മൂലം 2018 എന്നത് ഉത്തരവിൽ 2008 എന്ന് തെറ്റായി കടന്നുകൂടിയതുമാണ്. ഇതിൽ നിന്ന് തന്നെ 2018 മുതൽ നസിയയും അജിത്തും അകന്നു കഴിയുന്നവരാണെന്ന് വ്യക്തമാണ്. ഈ സത്യം മറച്ചു വച്ചാണ് കുടുംബ ജീവിതം തകർത്തവളാണ് അനുപമയെന്ന ആരോപണം സൈബർ സഖാക്കൾ ഉയർത്തുന്നത്.

ഡിവൈഎഫ്‌ഐയുടെ മേഖലാ പ്രസിഡന്റായ അജിത്തും എസ് എഫ് ഐയുടെ പേരൂർക്കട ജോയിന്റ് സെക്രട്ടറിയായ അനുപമയും കണ്ടു മുട്ടുന്നത് 2018ന് ശേഷമാണെന്നത് ഏവർക്കും അറിയാം. കുടുംബ ജീവിതത്തിലെ അജിത്തിന്റെ താളപ്പിഴകൾ മനസ്സിലാക്കിയാണ് അജിത്തുമായി സൗഹൃദത്തിലായതെന്ന് അനുപമയും പലവട്ടം പറഞ്ഞിട്ടുണ്ട്. അത് ശരിവയ്ക്കുന്നതാണ് ഈ ഡിവോഴ്‌സ് ഉത്തരവും. 2020ന്റെ തുടക്കത്തിൽ തന്നെ വിവാഹ മോചന നടപടികളെ കുറിച്ച് ആലോചിച്ചെങ്കിലും അപ്രതീക്ഷിതമായെത്തി കോവിഡ് മഹാമാരി മൂലം കോടതികൾ അടഞ്ഞപ്പോൾ അത് സാധ്യമാകാതെ വന്നു.

ഇതിനിടെയാണ് അനുപമ ഗർഭിണിയാകുന്നതും കുട്ടിയെ അനുപമയുടെ അച്ഛൻ ജയചന്ദ്രൻ തട്ടിക്കൊണ്ടു പോകുന്നതും. ഈ വസ്തൂകളെയാണ് സൈബർ സഖാക്കൾ വ്യാജ പ്രചരണത്തിലൂടെ അട്ടിമറിക്കുന്നത്. ദത്ത് വിവാദത്തിൽ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജൂ ഖാന് പിന്തുണയുമായി സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ എത്തുന്നത് വീണ്ടും പച്ചക്കള്ളം പറഞ്ഞായിരുന്നു. അജിത്തിന് ഒരു ഭാര്യയുണ്ടെന്നും അവരുടെ അവകാശങ്ങളെ കുറിച്ച് ചിന്തിക്കണമെന്നും കടന്നാക്രമണം നടത്തുകയാണ് സിപിഎം ജില്ലാ സെക്രട്ടറി. ദത്ത് നടപടിയിൽ വീഴ്ചയില്ലെന്ന് വിശദീകരിക്കാൻ വേണ്ടിയാണ് അജിത്തിനെതിരെ വീണ്ടും വ്യാജ പ്രചരണം.

ആരെങ്കിലും സമരം ചെയ്താൽ നടപടി സ്വീകരിക്കില്ല. പാർട്ടിക്ക് ബോധ്യമാകണം. അജിത്തിന് ഒരു ഭാര്യയുണ്ട്. അവരെ കുറിച്ച് ആരും സംസാരിക്കുന്നില്ല. അവർ ഒരു സ്ത്രീയല്ല. അവർക്കും അവകാശമില്ലേ എന്നതാണ് ആനാവൂർ ഉയർത്തുന്ന ചോദ്യം. ഇതു തീർത്തും വ്യാജമാണ്. അജിത്തും ആദ്യ ഭാര്യ രസിയയും തമ്മിൽ വിവാഹ മോചനം നേടിക്കഴിഞ്ഞു. ഡിവോഴ്സ് നടപടി ക്രമങ്ങൾ കോവിഡ് കാലത്ത് വൈകിയതു മൂലമാണ് അനുപമയ്ക്ക് ഈ ദുരവസ്ഥകൾ ഉണ്ടായത്. ഡിഗ്രി പഠനകാലത്തെ ആൾമാറാട്ട കേസിലെ വില്ലനായ അനുപമയുടെ അച്ഛൻ ജയചന്ദ്രനെ രക്ഷിച്ചെടുക്കാൻ വേണ്ടിയാണ് അജിത്തിനെതിരെ കള്ള പ്രചരണം ആനാവൂർ നടത്തുന്നത്.

ആരാണ് അജിത്ത്?

അജിത്തിന്റെ അച്ഛൻ കെ. ബേബി സിപിഎം പേരൂർക്കട ലോക്കൽ കമ്മിറ്റി അംഗമാണ്. ബിഎസ്എൻഎൽ ജീവനക്കാരനായിരുന്ന ബേബി അക്കാലത്ത് ജീവനക്കാരുടെ സംഘടനയുടെ ജില്ലാ നേതാവായിരുന്നയാളാണ്. അജിത്തിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടും ബേബി പാർട്ടിയുടെ അച്ചടക്കമുള്ള പ്രവർത്തകനായി തുടരുന്നു. അജിത്തിന്റെ അമ്മ ശ്യാമളയും പാർട്ടി അനുഭാവിയാണ്. അജിത്തിന്റെ സഹോദരനും അച്ഛന്റെ സഹോദരങ്ങളും അവരുടെ മക്കളുമെല്ലാം പാർട്ടി അംഗങ്ങളാണ്. ഇവരെല്ലാം ബാലസംഘം മുതൽ തന്നെ പാർട്ടി പ്രവർത്തനം ആരംഭിച്ചവരാണ്. സ്‌കൂൾ പഠനം നടത്തിയ പട്ടം സെന്റ് മേരീസിലും ശാസ്തമംഗലം ആർകെഡി എൻഎസ്എസിലും രാഷ്ട്രീയം ഉണ്ടായിരുന്നില്ലെങ്കിലും അക്കാലത്ത് തന്നെ തിരുവനന്തപുരം മോഡൽ സ്‌കൂളിലും എസ്എംവിയിലും പഠിച്ചിരുന്ന സുഹൃത്തുക്കൾക്കൊപ്പം എസ്എഫ്ഐ പ്രവർത്തനത്തിലും സജീവമായിരുന്നു അജിത്ത്.

തിരുവനന്തപുരം ആർട്സ് കോളേജിൽ പഠിക്കുമ്പോൾ എസ്എഫ്ഐയുടെ നേതൃരംഗത്തേയ്ക്ക് അജിത്ത് ഉയർന്നു. അന്ന് തിരുവനന്തപുരത്തെ എസ്എഫ്ഐ അന്തരിച്ച പി ബിജുവിന്റെയും ഇപ്പോഴത്തെ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീമിന്റെയും നേതൃത്വത്തിൽ രണ്ട് വിഭാഗമായി നിൽക്കുകയായിരുന്നു. പി ബിജുവിന്റെ വിഭാഗത്തെ ഇല്ലായ്മ ചെയ്യാൻ റഹീമിന്റെ ടീം കൊണ്ടുപിടിച്ചുശ്രമിക്കുന്ന കാലത്ത് പി ബിജുവിനൊപ്പമായിരുന്നു അജിത്ത് നിലകൊണ്ടത്. ആ കാലഘട്ടം മുതൽ തന്നെ ഷിജുഖാനുമായും അജിത്തിന് ബന്ധമുണ്ടായിരുന്നു.

അതിന് ശേഷം ബാംഗ്ലൂർ വിജയനഗർ കോളേജ് ഓഫ് നേഴ്സിങിൽ നിന്നും അജിത്ത് നേഴ്സിങ് ബിരുദവും സ്വന്തമാക്കി. ഇതിനിടെ സ്‌കൂൾ പഠനകാലത്ത് തന്നെ അജിത്ത് സിനിമാറ്റിക് ഡാൻസിൽ വൈദഗ്ധ്യം നേടുകയും ഒരു ഡാൻസ് സ്‌കൂൾ ആരംഭിച്ച് ഡാൻസ് മാസ്റ്റർ എന്ന നിലയിൽ പേരെടുക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയപ്രവർത്തനവും നൃത്താധ്യാപനവും ഒന്നിച്ചുകൊണ്ടുപോകുന്ന സമയത്താണ് ഒരു സിനിമയിൽ കൊറിയോഗ്രാഫി ചെയ്യാനുള്ള അവസരം അജിത്തിന് ലഭിക്കുന്നത്. അന്ന് അവിടെ ഡാൻസറായി എത്തിയതാണ് അജിത്തിന്റെ ആദ്യഭാര്യ നസീമ. അവർ ആദ്യഭർത്താവിന്റെ ഗാർഹികപീഡനത്തെ തുടർന്ന് ഡിവോഴ്സ് കഴിഞ്ഞ് നിൽക്കുകയായിരുന്നു. നസീമയുടെ കഷ്ടപ്പാടുകളിൽ തോന്നിയ സഹാനുഭൂമി ഒടുവിൽ പ്രണയമായി ഇരുവരും സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകുകയായിരുന്നു.

അജിത്തിന്റെയും നസീമയുടെയും വിവാഹജീവിതം ഒട്ടും സുഗമമായിരുന്നില്ല. നിരവധി കുടുംബപ്രശ്നങ്ങളിലൂടെ കടന്ന് പോയ ബന്ധം വേർപെടുത്താൻ ഇരുവരും തീരുമാനിക്കുമ്പോഴാണ് അജിത്ത് അനുപമയുമായി പ്രണയത്തിലാകുന്നത്. തുടർന്ന് നസീമയുമായി ഡിവോഴ്സ് കേസ് വേഗത്തിലായി. ഇതിനിടെ അനുപമയുടെ അച്ഛൻ ജയചന്ദ്രൻ അജിത്തിന് ഡിവോഴ്സ് നൽകാതിരുന്നാൽ നസീമയ്ക്ക് ജോലിയും പണവും വാഗ്ദാനം ചെയ്തെങ്കിലും നസീമ അതിന് വഴങ്ങിയില്ല.

ഇതിനിടെ അനുപമ പ്രസവിക്കുകയും ജയചന്ദ്രൻ കുട്ടിയെ എടുത്തുമാറ്റുകയും ചെയ്തു. അനുപമയെ തൊടുപുഴയിൽ അമ്മയുടെ വീട്ടിൽ വീട്ടുതടങ്കലിലാക്കി. അവിടെ നിന്നും രക്ഷപ്പെട്ടാണ് അനുപമ അജിത്തിനൊപ്പം ചേരുന്നത്. പിന്നീട് കുട്ടിക്ക് വേണ്ടിയുള്ള പോരാട്ടം നടത്തിയതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP