Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൈലാഞ്ചി ഡിസൈനിങ്ങിലും ചിത്രരചനയിലും വിദഗ്ധ; കലോത്സവത്തിൽ കലാപ്രതിഭ; അനീതിക്കെതിരെ ധൈര്യപൂർവം ശബ്ദമുയർത്തുന്ന കൂട്ടുകാരി; കോളേജിൽ നിന്നും യാത്ര പറഞ്ഞത് മെഹന്ദി ഡിസൈൻ വർക്ക് കിട്ടിയിട്ടുണ്ടെന്നും മൂന്നു ദിവസത്തിനുള്ളിൽ തിരികെവരാമെന്നും വാക്കു നൽകി; മോഫിയയ്ക്ക് നീതി കിട്ടുംവരെ പ്രതിഷേധിക്കാൻ ഈ കുട്ടികളും

മൈലാഞ്ചി ഡിസൈനിങ്ങിലും ചിത്രരചനയിലും വിദഗ്ധ; കലോത്സവത്തിൽ കലാപ്രതിഭ; അനീതിക്കെതിരെ ധൈര്യപൂർവം ശബ്ദമുയർത്തുന്ന കൂട്ടുകാരി; കോളേജിൽ നിന്നും യാത്ര പറഞ്ഞത് മെഹന്ദി ഡിസൈൻ വർക്ക് കിട്ടിയിട്ടുണ്ടെന്നും മൂന്നു ദിവസത്തിനുള്ളിൽ തിരികെവരാമെന്നും വാക്കു നൽകി; മോഫിയയ്ക്ക് നീതി കിട്ടുംവരെ പ്രതിഷേധിക്കാൻ ഈ കുട്ടികളും

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: താടുപുഴ അൽ-അസ്ഹർ ലോ കോളജിലെ പ്രിയപ്പെട്ടവളായിരുന്നു മോഫിയാ പർവീൺ. അതുകൊണ്ടാണ് സമരം ചെയ്ത് ശീലമില്ലാത്ത ആ കുട്ടികളും കൂട്ടുകാരിക്ക് നീതി തേടി മുദ്രാവാക്യം വിളിയുമായി ആലുവയിൽ എത്തിയത്. കോളേജിലെ കുട്ടികളെ പൊലീസ് അതിക്രൂരമായി നേരിട്ടു. പ്രതിഷേധം ശക്തമായപ്പോൾ അവരെ വെറുതെ വിടുകയും ചെയ്തു. ഇതൊന്നും ഈ കുട്ടികളെ തളർത്തില്ല. മോഫിയാ പർവീണിന് നീതി കിട്ടുവരെ അവർ പ്രതിഷേധിക്കും.

മെഹന്ദി ഡിസൈൻ വർക്ക് കിട്ടിയിട്ടുണ്ടെന്നും മൂന്നു ദിവസത്തിനുള്ളിൽ തിരികെവരാമെന്നും കോളജിലെ കൂട്ടുകാർക്കു വാക്കു നൽകി പോയതാണു മോഫിയ പർവീൺ. മൈലാഞ്ചി ഡിസൈനിങ്ങിലും ചിത്രരചനയിലും വിദഗ്ധയായിരുന്നു. ചിത്രരചന, ഇംഗ്ലിഷ് പ്രസംഗം, കഥാരചന, കവിതാരചന എന്നിവയിൽ ഒന്നാം സമ്മാനം നേടിയ മോഫിയ കോളജിലെ കലോത്സവത്തിൽ കലാപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അതിനപ്പുറം അസാമാന്യ ധൈര്യം. അത്തരത്തിലൊരു പെൺകുട്ടിയാണ് ആത്മഹത്യ ചെയ്തത്. അതുൾക്കൊള്ളാൻ ഇനിയും കോളേജിലെ സഹപാഠികൾക്ക് ആയിട്ടില്ല.

ആലുവയിൽ ഗാർഹിക പീഡനത്തെത്തുടർന്ന് ജീവനൊടുക്കിയ മോഫിയ പർവീൺ തൊടുപുഴ അൽ-അസ്ഹർ ലോ കോളജിലെ മൂന്നാം വർഷ എൽഎൽബി വിദ്യാർത്ഥിനിയായിരുന്നു. അനീതിക്കെതിരെ ധൈര്യപൂർവം ശബ്ദമുയർത്തുന്ന ആളായിരുന്നു മോഫിയയെന്ന് സഹപാഠിയായ മുഹമ്മദ് മത്തനാട് ഓർമിക്കുന്നു. പൊലീസിൽ നിന്നു നീതി ലഭിക്കില്ലെന്നു തോന്നിയിട്ടാവാം മോഫിയ ജീവനൊടുക്കിയതെന്നും മുഹമ്മദ് പറയുന്നു. അതുകൊണ്ടാണ് കൂട്ടുകാരിക്ക് വേണ്ടി അവരും പ്രതിഷേധവുമായി എത്തിയത്.

മോഫിയ പർവീണിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത് വന്നിരുന്നു. ഞാൻ ഈ ലോകത്ത് ആരേക്കാളും സ്‌നേഹിച്ച ഒരാൾ ഇങ്ങനെ പറയുന്നത് കേൾക്കാൻ ശക്തിയില്ല, പപ്പാ സോറി..എന്നോട് ക്ഷമിക്കണം. നിങ്ങൾ പറഞ്ഞതാണ് ശരി, അവൻ ശരിയല്ല എന്നാണ് മോഫിയ പർവീൺ കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇവിടെ ജീവിക്കാൻ പറ്റുന്നില്ലെന്നും, പപ്പാ സന്തോഷത്തോടെ ജീവിക്കണമെന്നും എന്റെ റൂഹ് ഇവിടെതന്നെ ഉണ്ടാകുമെന്നും കത്തിൽ മോഫിയ വ്യക്തമാക്കിയിട്ടുണ്ട്.

ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ ആലുവ സ്റ്റേഷനിൽ മോഫിയ ഗാർഹിക പീഡന പരാതി നൽകിയിരുന്നു. പരാതിയെ തുടർന്ന് മോഫിയയെയും ഭർതൃവീട്ടുകാരെയും പൊലീസ് വിളിപ്പിക്കുകയും ചെയ്തതാണ്. പൊലീസ് സ്റ്റേഷനിൽ നിന്ന് തിരിച്ചെത്തിയ ശേഷമാണ് മോഫിയയെ ജിവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ''പപ്പാ സോറി..എന്നോട് ക്ഷമിക്കണം. നിങ്ങൾ പറഞ്ഞതാണ് ശരി, അവൻ ശരിയല്ല. പറ്റുന്നില്ല ഇവിടെ ജീവിക്കാൻ. ഞാൻ ഈ ലോകത്ത് ആരേക്കാളും സ്‌നേഹിച്ച ഒരാൾ ഇങ്ങനെ പറയുന്നത് കേൾക്കാനുള്ള ശക്തിയില്ല, അവൻ അനുഭവിക്കും എന്തായാലും. പപ്പാ സന്തോഷമായി ജീവിക്കണം. എന്റെ റൂഹ് ഇവിടെതന്നെ ഉണ്ടാക്കണം.

ഞാൻ മരിച്ചാൽ അയാൾ എന്തൊക്കെ പറഞ്ഞുണ്ടാക്കുമെന്ന് എനിക്കറിയില്ല. അവൻ എന്നെ മാനസിക രോഗിയാക്കി കഴിഞ്ഞു. ഇനി ഞാൻ എന്ത് ചെയ്താലും മാനസിക പ്രശ്‌നമെന്ന് പറയും. എനിക്ക് ഇനി അത് കേട്ടുനിൽക്കാൻ വയ്യ. ഞാൻ ഒരുപാട് സഹിച്ചു. പടച്ചോൻ പോലും നിന്നോട് പൊറുക്കില്ല. അവസാനമായി അവനിട്ട് ഒന്നു കൊടുക്കാൻ പറ്റി. അതെങ്കിലും ചെയ്തില്ലെങ്കിൽ എന്റെ മനസാക്ഷിയോട് ചെയ്യുന്ന തെറ്റായി പോകും. സുഹൈലും അമ്മയും അച്ഛനും ക്രിമിനൽസ് ആണ്. അവർക്ക് മാക്‌സിമം ശിക്ഷ കൊടുക്കണം. എന്റെ അവസാനത്തെ ആഗ്രഹം!''- ഇതായിരുന്നു മോഫിയയുടെ കത്തിലെ ഉള്ളടക്കം.

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ടയാളെയാണ് മോഫിയ വിവാഹം കഴിച്ചത്. വിവാഹസമയത്ത് തന്നെ വീട്ടുകാർ ഈ ബന്ധത്തെ എതിർത്തിരുന്നുവെന്നാണ് മോഫിയയുടെ കുറിപ്പിൽ നിന്ന് വ്യക്തമാകുന്നത്. എന്നാൽ വീട്ടുകാരുടെ ഈ എതിർപ്പിനെ മറികടന്നാണ് വിവാഹതീരുമാനത്തിലേക്ക് മോഫിയ എത്തിയത്. അതിന്റെ കുറ്റബോധവും മോഫിയയുടെ കത്തിൽ വ്യക്തമാണ്. ഭർത്താവിന്റെ മുത്തലാഖ് ചൊല്ലലും വേദന കൂട്ടി. ഭർത്താവിനും വീട്ടുകാർക്കുമെതിരെ പരാതി നൽകിയിട്ടും പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തില്ലെന്നും മോഫിയയുടെ വീട്ടുകാർ ആരോപിക്കുന്നു. തനിക്കു നീതി ലഭിച്ചില്ലെന്നും സർക്കിൾ ഇൻസ്‌പെക്ടർക്കെതിരെ നടപടിയെടുക്കണമെന്ന് മോഫിയ ആത്മഹത്യകുറിപ്പിൽ ആരോപിക്കുന്നുണ്ട്.

പരാതിയിൽ ചർച്ച നടത്തുന്നതിനായി യുവതിയെയും ഭർത്താവിനെയും ഭർതൃവീട്ടുകാരെയും ഇന്നലെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു. ഇതിനിടയിൽ വാക്കു തർക്കമുണ്ടായപ്പോൾ മോഫിയ ഭർത്താവിന്റെ മുഖത്തടിച്ചെന്നും ഇതിൽ ഇടപെടുക മാത്രമാണ് ചെയ്തതെന്നും പൊലീസ് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP