Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൊഫിയ പർവീണിന് നീതി ലഭിക്കട്ടെ..! കോൺഗ്രസ് എറണാകുളത്ത് നടത്തിയത് സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ പ്രക്ഷോഭം; പൊലീസിന്റെ ജലപീരങ്കിയിലും കണ്ണീർ വാതകത്തിലും കൂസാതെ പ്രവർത്തകർ; കല്ലേറും മുട്ടയേറും അടക്കം തുടർ പ്രകോപനങ്ങൾ ഉണ്ടായിട്ടും കുലുങ്ങാതെ പൊലീസും; മൊഫിയയുടെ ജീവത്യാഗം ആലുവയെ വിറപ്പിച്ചപ്പോൾ

മൊഫിയ പർവീണിന് നീതി ലഭിക്കട്ടെ..! കോൺഗ്രസ് എറണാകുളത്ത് നടത്തിയത് സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ പ്രക്ഷോഭം; പൊലീസിന്റെ ജലപീരങ്കിയിലും കണ്ണീർ വാതകത്തിലും കൂസാതെ പ്രവർത്തകർ; കല്ലേറും മുട്ടയേറും അടക്കം തുടർ പ്രകോപനങ്ങൾ ഉണ്ടായിട്ടും കുലുങ്ങാതെ പൊലീസും; മൊഫിയയുടെ ജീവത്യാഗം ആലുവയെ വിറപ്പിച്ചപ്പോൾ

ആർ പീയൂഷ്

കൊച്ചി: മോഫിയ പർവീണിന്റെ ആത്മഹത്യയിൽ ആരോപണ വിധേയനായ ആലുവ സിഐ സുധീറിനെ ജോലിയിൽ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ ആലുവ റൂറൽ എസ്‌പി ഓഫീസിലേക്ക് നടന്ന മാർച്ച് ജില്ല കണ്ട ഏറ്റവും വലിയ പ്രക്ഷോഭമായി മാറി. കോൺഗ്രസ് പ്രവർത്തകരുടെ കല്ലേറും മുട്ടയേറും പൊലീസിന്റെ ജലപീരങ്കി, കണ്ണീർ വാതകവും നഗരത്തെ സംഘർഷ ഭൂമിയാക്കി. ടയർ കത്തിച്ചും പൊലീസിനെതിരെ കോൺഗ്രസിന്റെ പ്രതിഷേധ സമരം ആളിക്കത്തിക്കാനായിരുന്നു പ്രവർത്തക ശ്രമം.

നീണ്ട ഇടവേളയ്ക്കു ശേഷമാണ് കേരളത്തിൽ ഇത്തരത്തിൽ ഒരു പ്രതിഷേധ സമരം നടക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ നൂറിലധികം പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ പൊലീസ് ബാരിക്കേഡിന് നേരെ പാഞ്ഞടുത്തു. കയ്യിലുണ്ടായിരുന്ന കൊടികളും കമ്പുകളും പൊലീസിന് നേരെ വലിച്ചെറിഞ്ഞു. റോഡിൽ നിന്നും കല്ലുകളും പെറുക്ക് ഏറു തുടങ്ങി. പൊലീസ് ഏറെ സംയമനം പാലിച്ചാണ് നിന്നത് എന്നത് ശ്രദ്ധേയമാണ്. പലവട്ടം പ്രകോപനം ഉണ്ടായിട്ടും പൊലീസ് അനങ്ങിയില്ല. കല്ലുകളും കമ്പുകളും പൊലീസ് ഷീൽഡ് ഉപയോഗിച്ച് തടഞ്ഞു. ബാരിക്കേഡുകൾ മറിച്ചിടാൻ തുടങ്ങിയതോടെ ജല പീരങ്കി പ്രയോഗിച്ചു. എങ്കിലും വർദ്ദിത വീര്യത്തോടെ പ്രവർത്തകർ തിരിച്ചാഞ്ഞടിച്ചു.

നേതാക്കന്മാരുടെ നിർദ്ദേശങ്ങൾളൊന്നും വിലപോയില്ല. പ്രവർത്തകർ അക്രമാസക്തമായി. ജലപീരങ്കി വാഹനത്തിന് നേരെ തുരുതുരാ കല്ലുകൾ പറന്നു. ഇതിനിടയിൽ ടയറിൽ തീ കത്തിച്ച് പൊലീസിന് നേരെ ഒരു പ്രവർത്തകൻ പാഞ്ഞടുത്തു. ഒപ്പമുണ്ടായിരുന്നവർ തടഞ്ഞതിനാൽ അനിഷ്ടസംഭവമൊന്നുമുണ്ടായില്ല. എന്നാൽ പൊലീസ് ഗ്രനേഡും കണ്ണീർവാതകം പ്രയോഗിച്ചു. ഇതോടെ പ്രവർത്തകരെല്ലാം ചിതറിയോടി. പലരും കണ്ണുകളും മുഖവും നീറിയതോടെ ഓടി മാറി. മുൻവശത്ത് നിന്ന പ്രവർത്തകരുടെ നേരെയും പിൻവശത്തു നിന്നവരുടെ നേരെയുമാണ് കണ്ണീർവാതകം പ്രയോഗിച്ചത്. ഇതോടെ എങ്ങോട്ടും പോകാനാവാതെ പ്രവർത്തകർ കുഴങ്ങി.

പലരും കുഴഞ്ഞു വീണു. എങ്കിലും വീണ്ടും പ്രവർത്തകർ പാഞ്ഞടുത്തു. പ്രതിഷേധം കടുത്തതോടെ പൊലീസ് തിരിച്ചടി നിർത്തി. മണിക്കൂറുകൾ നീണ്ട സംഘർഷാവസ്ഥയ്ക്ക് ശേഷമാണ് പ്രതിഷേധം അടങ്ങിയത്. തുടർന്നുള്ള ജനകീയ സമരം എങ്ങനെ മുന്നോട്ടു കൊണ്ടു പോകണം എന്ന കാര്യത്തിൽ നേതാക്കളുമായി ചർച്ച ചെയ്തു തീരുമാനിക്കുമെന്നാണ് ബഹുജന പ്രക്ഷോഭം അവസാനിപ്പിച്ചു കൊണ്ട് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.

ആലുവ ഗാന്ധി സ്‌ക്വയറിനു സമീപത്തു നിന്ന് രാവിലെ 11നു ശേഷം ആരംഭിച്ച പ്രതിഷേധ മാർച്ച് ഒന്നര കിലോമീറ്റർ പിന്നിട്ടാണ് ആലുവ എസ്‌പി ഓഫിസിനു മുന്നിലേക്ക് എത്തിയത്. ആദ്യ ഘട്ടത്തിൽ സമാധാന പരമായിരുന്നു മാർച്ച്. എന്നാൽ പൊലീസ് ബാരിക്കേഡുകൾ ഉപയോഗിച്ചു തടഞ്ഞതോടെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. അധികം വൈകാതെ പ്രവർത്തകർ അക്രമാസക്തരായി. ആദ്യ ഘട്ടത്തിൽ സമരക്കാരെ നിയന്ത്രിക്കാൻ കോൺഗ്രസ് നേതാക്കളുടെ ഭാഗത്തു നിന്നു ശ്രമമുണ്ടായെങ്കിലും കാര്യമായ ഫലമുണ്ടായില്ല. പൊലീസിനു നേരെ കല്ലേറും മുട്ടയേറും തുടങ്ങിയതോടെ പൊലീസ് തിരിച്ചടിച്ചു. ജല പീരങ്കിയിൽനിന്നു ചെളിയും മണ്ണും നിറഞ്ഞ വെള്ളം സമരക്കാർക്കു നേരെ ചീറ്റിച്ചായിരുന്നു പ്രതിരോധം.

നേതാക്കളുടെ ഉൾപ്പടെ തൂവെള്ള ഖദറിനു നിറം മാറി ചെളിവെള്ളത്തിന്റെ കളറു പിടിച്ചു. എംപിമാരായ ബെന്നി ബഹന്നാൻ, ഹൈബി ഈഡൻ എന്നിവരും, എംഎൽഎമാരായ റോജി ജോണും അൻവർ സാദത്തും മറ്റു നേതാക്കളും പ്രവർത്തകരും നനഞ്ഞു കുതിർന്നു. ഇടുങ്ങിയ സ്ഥലമായിരുന്നതിനാൽ പ്രവർത്തകർക്ക് ഓടി രക്ഷപെടാൻ സാധിച്ചില്ല. മാധ്യമ പ്രവർത്തകരുടെ ക്യാമറകളും വെള്ളത്തിൽ പ്രവർത്തന രഹിതമായി. പരുക്കേറ്റ നാലു പ്രവർത്തകരെ സ്ഥലത്തുനിന്നു മാറ്റി.

അടുത്തുള്ള വീടുകളിൽ പോയി തുണി അഴിച്ചു പിഴിഞ്ഞ് പലരും വീണ്ടും സമര വേദിയിലേക്കെത്തി. ഇതിനിടെ സമരം വീണ്ടും അക്രമാസക്തമായതോടെ പൊലീസ് കണ്ണീർ വാതക പ്രയോഗം നടത്തി. ജില്ലയിലെ മുതിർന്ന കോൺഗ്രസുകാർക്കൊപ്പം യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരും സമരത്തിൽ സജീവ സാന്നിധ്യമായി. സമരം പൂർവാധികം ശക്തിയോടെ നടത്തുമെന്ന മുഹമ്മദ് ഷിയാസിന്റെ പ്രഖ്യാപനത്തോടെ തൽക്കാലത്തേയ്ക്ക് സമരം അവസാനിപ്പിച്ച് എല്ലാവരും പിരിഞ്ഞു പോയി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP