Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

5000 ഹെക്ടറിൽ 29,560 കോടിയുടെ പദ്ധതി; എട്ട് റൺവേകൾ; നോയിഡയിലെ ജേവാറിൽ ഒരുങ്ങുന്നത് രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളം; വൃന്ദാവനും മഥുരയും ആഗ്രയും ഇനി 'അരികെ'; വ്യവസായത്തിനും ടൂറിസത്തിനും പുത്തൻ ഉണർവാകുമെന്ന് പ്രതീക്ഷ

5000 ഹെക്ടറിൽ 29,560 കോടിയുടെ പദ്ധതി; എട്ട് റൺവേകൾ; നോയിഡയിലെ ജേവാറിൽ ഒരുങ്ങുന്നത് രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളം; വൃന്ദാവനും മഥുരയും ആഗ്രയും ഇനി 'അരികെ'; വ്യവസായത്തിനും ടൂറിസത്തിനും പുത്തൻ ഉണർവാകുമെന്ന് പ്രതീക്ഷ

ന്യൂസ് ഡെസ്‌ക്‌

നോയിഡ: രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളത്തിന് ഉത്തർപ്രദേശിലെ നോയിഡ ജേവാറിൽ നിർമ്മാണ പ്രവർത്തനം ആരംഭിക്കുന്നു. മൊത്തം നിർമ്മാണപ്രവർത്തനം പൂർത്തിയാവുമ്പോൾ എട്ടു റൺവേകളുമായി രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായി ജേവാർ മാറും. രണ്ടുവർഷത്തിനുള്ളിൽ ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം.

2024ൽ ആദ്യ വിമാനം ഇവിടെനിന്നും പറന്നുയരുമ്പോൾ ജേവാറിനെ കാത്തിരിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളം എന്ന റെക്കോഡാണ്. ഉത്തർപ്രദേശിന്റെ സമഗ്രമായ മാറ്റത്തിന് വഴി തെളിക്കുന്ന തരത്തിലേക്കായിരിക്കും ജേവാറിന്റെ വളർച്ചയും നടത്തിപ്പും.

നോയിഡ അന്താരാഷ്ട്ര വിമാനത്താവള നിർമ്മാണ തറക്കല്ലിടൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ഉത്തർപ്രദേശ് ഡൽഹി അതിർത്തിയിലെ വിമാനത്താവളം ചരക്കുനീക്കത്തിന്റെ ലോകോത്തര നിലവാരമുള്ള കവാടമാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഉത്തരേന്ത്യയിലെ ഏറ്റവും സൗകര്യമുള്ള വിമാനത്താവളങ്ങളിൽ ഒന്നാക്കി നോയിഡയെ മാറ്റും. ഇന്ത്യയിലെ എല്ലാ ചരക്കുനീക്കങ്ങളുടേയും കവാടമാക്കുക എന്നതാണ് ലക്ഷ്യം. ദേശീയ ഗതി-ശക്തി പദ്ധതിയുടെ അഭിമാനമായി നോയിഡ മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

നോയിഡ വിമാനത്താവളം യാഥാർത്ഥ്യമാകുമ്പഴേയ്ക്കും രാജ്യത്തെ ബഹുമുഖങ്ങളായ വിവിധ ചരക്കു നീക്കങ്ങൾക്കുള്ള അത്യാധുനിക സംവിധാനമാണ് നോയിഡയിൽ ഒരുങ്ങുക. ഇതിനൊപ്പം ഡൽഹി- വടക്കുകിഴക്കൻ മേഖല- പശ്ചിമ ഉത്തർപ്രദേശ് എന്നിവടങ്ങളിലെ ജനങ്ങൾക്കും വ്യവസായികൾക്കും സംരംഭകർക്കും വലിയ സഹായമായി മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മൊത്തം 10,500 കോടി രൂപ മുതൽമുടക്കിൽ 1300 ഹെക്ടർ സ്ഥലത്താണ് ആദ്യഘട്ട വിമാനത്താവളം. വർഷത്തിൽ 1.2 കോടി യാത്രക്കാരെ ഉൾക്കൊള്ളുന്ന വിധത്തിലാണ് ആദ്യഘട്ടമെന്ന് അധികൃതർ പറഞ്ഞു. മൊത്തം 5000 ഹെക്ടറിലാണ് വിമാനത്താവളം വികസിപ്പിക്കുന്നത്. ഇതിനായി 29,560 കോടി രൂപ മുതൽമുടക്കും.

വിമാനത്താവളത്തിലേക്ക് മെട്രോപാതയും നിർമ്മിക്കുന്നുണ്ട്. സൂറിക് എയർപോർട്ട് കമ്പനിക്കാണ് വിമാനത്താവളത്തിന്റെ നിർമ്മാണക്കരാർ. യമുന ഇന്റർനാഷനൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, നോയ്ഡ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (നിയാൽ) എന്നിവയാണ് കരാർ പങ്കാളികൾ.

നിർമ്മാണം പൂർത്തിയാകുന്നതോടെ അഞ്ചു വിമാനത്താവളങ്ങൾ ഉൾക്കൊള്ളുന്ന രാജ്യത്തെ ഏക സംസ്ഥാനമായി അതോടെ യു പി മാറും. ലഖ്നൗ, വാരാണസി വിമാനത്താവളങ്ങളായിരുന്നു ആദ്യമുണ്ടായിരുന്നത്. അടുത്തിടെ കുശിനഗർ വിമാനത്താവളം ഉദ്ഘാടനം ചെയ്തു.

അയോദ്ധ്യ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. 10050 കോടി രൂപ ചെലവിലാണ് നോയിഡയിൽ പുതിയ വിമാനത്താവളം തലയുയർത്തുക.ഏറെ പ്രത്യേകതകളാണ് ജേവാറിലെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത്. വിമാനത്താവളത്തിലേക്കെത്താൻ മെട്രോ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്.

നോയിഡ, ഗ്രേറ്റർ നോയിഡ, ഗസ്സിയാബാദ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്കെല്ലാം ഏറെ ഗുണകരമായിരിക്കും പുതിയ വിമാനത്താവളം. ഗ്രേറ്റർ നോയിഡയിലേക്ക് 45 കിലോമീറ്ററാണ് ജേവാറിൽ നിന്നുള്ള ദൂരം. താജ് എക്സ്‌പ്രസ്വേയിലൂടെ സഞ്ചരിച്ചാൽ 45 മിനിറ്റാണ് യാത്രാദൂരം.

വ്യവസായ വികസനത്തിനും ടൂറിസത്തിനും വളർച്ചയ്ക്കു വഴിയൊരുക്കുന്നതാണ് ഈ വിമാനത്താവളം. ഉത്തരേന്ത്യയുടെ ലോജിസ്റ്റിക്‌സ് ഗേറ്റ് വേയായി വിമാനത്താവളം മാറുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് ഒരു വിമാനത്താവളം സംയോജിത മൾട്ടി മോഡൽ കാർഗോ ഹബ്ബായി പൂർത്തിയാക്കുന്നത്. വ്യാവസായിക ഉത്പന്നങ്ങളുടെ തടസ്സമില്ലാതെയുള്ള സഞ്ചാരം സാധ്യമാകുന്നതോടെ വലിയ നിക്ഷേപങ്ങൾ ആകർഷിക്കാനും വ്യാവസായിക വളർച്ചയ്ക്കും വഴിയൊരുങ്ങും.

മൾട്ടിമോഡൽ ട്രാൻസിറ്റ് ഹബ്, ഹൗസിങ് മെട്രോ, ഹൈ സ്പീഡ് റെയിൽ സ്റ്റേഷനുകൾ, ടാക്സി, ബസ് സർവീസുകൾ, സ്വകാര്യ പാർക്കിങ് എന്നിവ ഉൾക്കൊള്ളുന്ന ഗ്രൗണ്ട് ട്രാൻസ്‌പോർട്ടേഷൻ സെന്ററും വിമാനത്താവളത്തിൽ വികസിപ്പിക്കുന്നുണ്ട്. റോഡ്, റെയിൽ, മെട്രോ എന്നിവയുമായി വിമാനത്താവളത്തിന്റെ തടസ്സങ്ങളില്ലാത്ത കണക്റ്റിവിറ്റി ഇത് സാധ്യമാക്കും.

ആദ്യവർഷത്തിൽ 1.2 കോടി യാത്രക്കാരെ ഉൾക്കൊള്ളുന്ന വിധത്തിലാണ് വിമാനത്താവളത്തിന്റെ ആദ്യഘട്ട പ്രവർത്തനം. പതിയെ ആ എണ്ണത്തിൽ വർദ്ധനവുണ്ടാകും. ജേവാറിന്റെ സാന്നിദ്ധ്യം സംസ്ഥാനത്തെ വിനോദമേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുനെന്ന കാര്യത്തിൽ സംശയമില്ല.

താജ്മഹൽ സന്ദർശിക്കാനെത്തുന്നവർക്ക് ഡൽഹിയിൽ ഇറങ്ങാതെ തന്നെ ജേവാർ വഴി അവിടേക്കെത്താം. ജേവാറിൽ നിന്ന് 140 കിലോമീറ്റർ മാത്രം മതി ആഗ്രയിലെത്താൻ. നിലവിലുള്ള താജ് എക്സ്പ്രസ് വേയും വിമാനത്താവളവുമായി ബന്ധിപ്പിക്കുന്നത് സഞ്ചാരികൾക്ക് ഏറെ സൗകര്യപ്രദമാകും. തീർത്ഥാടന കേന്ദ്രങ്ങളായ വൃന്ദാവൻ, മഥുര എന്നിവിടങ്ങളിലേക്കുള്ള യാത്രയും എളുപ്പമാകും. ലക്നൗ, വാരാണസി, അലഹാബാദ്, ഗൊരഖ്പുർ എന്നീ വിമാനത്താവളങ്ങളെ ഉഡാൻ (രാജ്യത്തെ ചെറു വിമാനത്താവളങ്ങളെ കൂട്ടിയിണക്കുന്ന പദ്ധതി) വഴി ജേവാറുമായി ബന്ധിപ്പിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.

സംയോജിത മൾട്ടി മോഡൽ കാർഗോ ഹബ്ബായി പൂർത്തിയാകുന്ന വിമാനത്താവളവും എന്ന പ്രത്യേകതയുമുണ്ട്. അത് സഞ്ചാരികൾക്കും വ്യാവസായിക മേഖയ്ക്ക് ഒരുപോലെ ഗുണം ചെയ്യും. മൾട്ടിമോഡൽ ട്രാൻസിറ്റ് ഹബ്, ഹൗസിങ് മെട്രോ, ഹൈ സ്പീഡ് റെയിൽ സ്റ്റേഷനുകൾ, ടാക്സി, ബസ് സർവീസുകൾ, സ്വകാര്യ പാർക്കിങ് എന്നിവ ഉൾക്കൊള്ളുന്ന ഗ്രൗണ്ട് ട്രാൻസ്പോർട്ടേഷൻ സെന്ററും വിമാനത്താവളത്തിൽ ഒരുക്കുന്നുണ്ട്.

ഡൽഹി - വാരാണസി ഹൈ സ്പീഡ് റെയിലുമായും വിമാനത്താവളം ബന്ധിപ്പിക്കും. കൂടാതെ, യമുന അതിവേഗപാത, വെസ്റ്റേൺ പെരിഫറൽ എക്സ്പ്രസ് വേ, ഈസ്റ്റേൺ പെരിഫറൽ എക്സ്പ്രസ് വേ ഡൽഹി-മുംബയ് എക്സ്പ്രസ് വേ തുടങ്ങി സമീപത്തെ എല്ലാ പ്രധാന റോഡുകളും ഹൈവേകളും വിമാനത്താവളവുമായി ബന്ധിപ്പിക്കുന്നതോടെ സഞ്ചാരികൾക്കും നാടിനും ഒരുപോലെ ഗുണമുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP