Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിൽവർ ലൈൻ കേരളത്തെ വിഭജിക്കുന്ന ചൈനാ മതിലാവും; അലൈന്മെന്റിൽ ഉൾപ്പെടെ പാകപ്പിഴകൾ; നിലവിലെ റെയിൽവേ ലൈനിനു സമാന്തരമായുള്ള അലൈന്മെന്റ് ഭാവി റെയിൽ വികസനത്തിന് തടസ്സമാകും; പൂർത്തിയാകുമ്പോൾ ചെലവ് 1.10 ലക്ഷം കോടിയാകും; സിൽവർ ലൈൻ പദ്ധതിയെ എതിർക്കാൻ മെട്രോമാൻ പറയുന്ന കാരണങ്ങൾ

സിൽവർ ലൈൻ കേരളത്തെ വിഭജിക്കുന്ന ചൈനാ മതിലാവും; അലൈന്മെന്റിൽ ഉൾപ്പെടെ പാകപ്പിഴകൾ; നിലവിലെ റെയിൽവേ ലൈനിനു സമാന്തരമായുള്ള അലൈന്മെന്റ് ഭാവി റെയിൽ വികസനത്തിന് തടസ്സമാകും; പൂർത്തിയാകുമ്പോൾ  ചെലവ് 1.10 ലക്ഷം കോടിയാകും; സിൽവർ ലൈൻ പദ്ധതിയെ എതിർക്കാൻ മെട്രോമാൻ പറയുന്ന കാരണങ്ങൾ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: പിണറായി വിജയൻ സർക്കാറിന്റെ സ്വപ്‌ന പദ്ധതിക്കെതിരെ എതിർപ്പുമായി മെട്രോമാൻ ഇ ശ്രീധരൻ. സിൽവർ ലൈൻ പദ്ധതിക്കെതിരെയാണ് ശ്രീധരൻ രംഗത്തുവന്നത്. പദ്ധതി സംസ്ഥാന താത്പര്യങ്ങൾക്കു വിരുദ്ധമാണെന്ന് മെട്രോമാൻ അഭിപ്രായപ്പെട്ടു. പദ്ധതിയുടെ അലൈന്മെന്റിൽ ഉൾപ്പെടെ പാകപ്പിഴകളുണ്ട്. നിലവിലെ റെയിൽവേ ലൈനിനു സമാന്തരമായാണ് തിരൂർ മുതൽ കാസർകോട് വരെ ഇതിന്റെ അലൈന്മെന്റ്. ഭാവിയിലെ വികസന പ്രവർത്തനങ്ങൾക്കു തടസ്സമാകുമെന്നതിനാൽ റെയിൽവേ ഇതിൽ എതിർപ്പ് അറിയിച്ചിട്ടുണ്ട്. 140 കിലോമീറ്റർ കടന്നുപോകുന്നത് നെൽപ്പാടങ്ങളിലൂടെയാണ്. അതിവേഗ പാതയ്ക്ക് ഇത് ഗുണകരമല്ല.

സിൽവർ ലൈൻ നിലവിലെ പാതയിൽനിന്ന് അകന്നാകുന്നതാണ് ഗുണകരം. ഉയരത്തിലോ അടിപ്പാതയായോ നിർമ്മിക്കാം. ലോകത്തൊരിടത്തും അതിവേഗ, അർധാതിവേഗ പാതകൾ തറനിരപ്പിൽ നിർമ്മിച്ചിട്ടില്ല. സിൽവർ ലൈനിന്റെ സാങ്കേതിക മാനദണ്ഡങ്ങൾ റെയിൽവേ അംഗീകരിച്ചിട്ടില്ല. മറ്റുള്ളവർ കടക്കുന്നത് തടയാൻ ട്രാക്കിന്റെ ഇരുവശത്തും വലിയ മതിൽ നിർമ്മിക്കേണ്ടിവരും. ഇത് കേരളത്തെ രണ്ടായി വിഭജിക്കുന്ന ചൈനാമതിലാവുമെന്ന് ശ്രീധരൻ കുറ്റപ്പെടുത്തി.

എൽ.ഡി.എഫിൽത്തന്നെ പദ്ധതിയെ എതിർക്കുന്നവരുണ്ട്. 2010ൽ അച്യുതാനന്ദൻ സർക്കാർ മുന്നോട്ടുവെച്ച അതിവേഗ റെയിൽ പദ്ധതി 2016ൽ തടഞ്ഞത് ആരാണെന്നു ചിന്തിക്കണം. റെയിൽവേ ബോർഡിനെ മറികടന്ന് പദ്ധതിച്ചെലവ് മുഴുവൻ വഹിക്കാനുള്ള സംസ്ഥാനസർക്കാർ തീരുമാനം വലിയ അബദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന താത്പര്യങ്ങൾക്കു വിരുദ്ധമായതിനാലാണ് ഈ പദ്ധതിയെ ബിജെപി. എതിർക്കുന്നതെന്നു ശ്രീധരൻ വ്യക്തമാക്കി.

വരുമാനം എന്ന ലക്ഷ്യത്തോടെ സിൽവർ ലൈനിൽ രാത്രിയിൽ റോറോ സർവീസ് ആസൂത്രണം ചെയ്തിട്ടുണ്ട്. എന്നാൽ, അറ്റകുറ്റപ്പണി നടത്തേണ്ടത് രാത്രിയിലായതിനാൽ ഇത് സാധ്യമാകില്ല. പദ്ധതിക്ക് അത്യാവശ്യമായ സർവേ പൂർത്തിയാക്കിയിട്ടില്ല. ഗതാഗത സർവേ, ജിയോ ടെക്നിക്കൽ സർവേ, സാമൂഹികാഘാത പഠനം, പരിസ്ഥിതി പഠനം എന്നിവയൊന്നും നടത്തിയിട്ടില്ല. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് പദ്ധതി രൂപരേഖ.

പദ്ധതിച്ചെലവ്, ഉദ്ദേശിക്കുന്ന യാത്രക്കാരുടെ എണ്ണം എന്നിവയൊന്നും വിശ്വസനീയമല്ല. പദ്ധതി രൂപരേഖ പൊതു ഇടത്തിൽ ലഭ്യമാക്കിയിട്ടില്ല. പദ്ധതിയുടെ ഭാഗമായി 20,000 കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടിവരും. സിൽവർ ലൈനിന് 75,000 കോടി ചെലവാകുമെന്നാണ് കരുതുന്നത്. പൂർത്തിയാകുമ്പോൾ ചെലവ് 1.10 ലക്ഷം കോടിയാകുമെന്നും ഇ ശ്രീധരൻ ചൂണ്ടിക്കാട്ടുന്നു.

2025ൽ സിൽവർ ലൈൻ പൂർത്തിയാക്കുമെന്നാണ് പ്രോജക്ട് ഏജൻസിയായ കെ.ആർ.ഡി.സി.എൽ. പറയുന്നത്. അറിവില്ലായ്മയാണ് ഇത് കാണിക്കുന്നത്. രാജ്യത്തെ മികച്ച ഏജൻസിയായ ഡി.എം.ആർ.സി.ക്കുപോലും പദ്ധതി പൂർത്തിയാക്കാൻ എട്ടുമുതൽ 10 വരെ വർഷം വേണ്ടിവരും. ഏൽപ്പിച്ച 27 മേൽപ്പാലങ്ങളിൽ ഒരെണ്ണത്തിന്റെപോലും നിർമ്മാണം തുടങ്ങാൻ കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ കെ.ആർ.ഡി.സി.എലിനു കഴിഞ്ഞിട്ടില്ല.

സാമ്പത്തിക പ്രതിസന്ധിയിലുള്ള സംസ്ഥാനം 1.10 ലക്ഷം കോടി രൂപ എങ്ങനെ കണ്ടെത്തും? ഭൂമി കൈമാറാൻ കേരളത്തിനു കഴിയാത്തതിനാലാണ് ഇവിടെ പാത ഇരട്ടിപ്പിക്കൽ സാവധാനത്തിലാകാൻ കാരണം. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിക്ക് അനുമതി നൽകിയിരുന്നെങ്കിൽ ഇപ്പോൾ ട്രെയിൻ സർവീസ് തുടങ്ങാൻ കഴിയുമായിരുന്നുവെന്നും ഇ ശ്രീധരൻ വ്യക്തമക്കി.

എതിർപ്പുയരുമ്പോഴും പദ്ധതിയുമായി സർക്കാർ മുന്നോട്ട്

സിൽവർ ലൈൻ പദ്ധതിക്കെതിരെ രൂക്ഷമായ എതിർപ്പ് ഉയരുമ്പോവും കെ റെയിൽ പദ്ധതിയുമായി മുന്നോട്ടെന്ന തീരുമാനത്തിൽ ഉറച്ചിരിക്കയാണ് സംസ്ഥാന സർക്കാർ. പിണറായി സർക്കാറിന്റെ തിലക കുറിയാകുന്ന പദ്ധതിയായി കെ റെയിൽ പദ്ധതിയെ മാറ്റുക എന്ന തീരുമാനത്തിലാണ് സർക്കാർ മുന്നോട്ടു പോകുന്നത്. സർക്കാർ കടുംപിടുത്തം പിടിക്കുന്ന പദ്ധതിക്ക് വേണ്ടി ഒടുവിൽ സഹായ വാഗ്ദാനവുമായി രംഗത്തെത്തിയത് ഏഷ്യൻ വികസന ബാങ്ക് (എ.ഡി.ബി) ആണ്.

ഒരു ബില്യൺ ഡോളർ (7500 കോടിയോളം രൂപ)യാണ് തിരുവനന്തപുരം-കാസർകോട് കെ റെയിലിന് വായ്പ നൽകാൻ എഡിബി സന്നദ്ധതയറിയിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഡൽഹിയിൽ കേരളാ റെയിൽ വികസന കോർപറേഷൻ അധികൃതരുമായുള്ള കൂടിക്കാഴ്ചയിലാണ് എ.ഡി.ബി അറിയിച്ചത്.എ.ഡി.ബി വായ്പയ്ക്ക് ഒന്നര ശതമാനം വരെയാണ് പലിശ. പരിസ്ഥിതി ആഘാത പഠനം, പുനരധിവാസം, സാമൂഹ്യാഘാത പഠനം എന്നിവയെല്ലാം കൃത്യമായി നടത്തണമെന്നാണ് വ്യവസ്ഥ. കേന്ദ്ര ധനമന്ത്രാലയത്തിന്റെ ശുപാർശയോടെയാവും വായ്പാ നടപടികൾ.

പദ്ധതിയെക്കുറിച്ച് പഠിക്കാൻ എ.ഡി.ബി കൺസൾട്ടന്റുമാരെ നിയോഗിക്കും. എ.ഡി.ബിയെക്കാൾ കുറഞ്ഞ നിരക്കിൽ (0.2 0.5 %) പലിശ നൽകാൻ ജപ്പാനിലെ ജൈക്ക സന്നദ്ധതയറിയിച്ചിട്ടുണ്ട്. ഭൂമിവിലയടക്കം 2.5 ബില്യൺ ഡോളർ (19000കോടി രൂപ) ഒറ്റ വായ്പ നൽകാൻ ജൈക്ക തയ്യാറാണ്. ചൈനയിലെ ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക്, ജർമ്മൻബാങ്ക് എന്നിവയെയും വായ്പയ്ക്കായി സമീപിച്ചിട്ടുണ്ട്. 66,405 കോടി ചെലവ് കണക്കാക്കുന്ന പദ്ധതിക്കായി 33,700 കോടിയാണ് വിദേശവായ്പയെടുക്കുക. വായ്പയുടെ തിരിച്ചടവ് ബാദ്ധ്യത പൂർണമായി സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നതായി കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

ഇത്രയും വായ്പയ്ക്ക് പ്രതിവർഷം 1946 കോടി തിരിച്ചടവുണ്ടാവും. തിരിച്ചടവ് മുടങ്ങിയാൽ, സംസ്ഥാനത്തിനുള്ള കേന്ദ്രവിഹിതത്തിൽ നിന്ന് തുക കുറവു ചെയ്ത് ബാങ്കിന് കൈമാറും. അതിനിടെ കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കലിന് സംസ്ഥാന സർക്കാർ ഡെപ്യൂട്ടി കലക്ടറെ നിയമിച്ചു. അനിൽ ജോസിനെയാണ് ഭൂമി ഏറ്റെടുക്കൽ ഡെപ്യൂട്ടി കലക്ടറായി നിയമിച്ചത്. ഡെപ്യൂട്ടി കലക്ടർക്ക് കീഴിൽ 11 തഹസിൽദാർമാരും ഉണ്ടാകും.

ഏരിയൽ സർവെയിൽ രേഖപ്പെടുത്തിയ ഭൂമിയിൽ കല്ലിട്ട് അതിര് തിരിക്കുന്നത് അടക്കമുള്ള പ്രവൃത്തികളുടെ ചുമതല ഡെപ്യൂട്ടി കലക്ടറും തഹസിൽദാർമാരും അടങ്ങുന്ന സംഘത്തിനാണ്. എറണാകുളം കേന്ദ്രമാക്കിയാണ് ഡെപ്യൂട്ടി കലക്ടറിന്റെ പ്രവർത്തനം. അതിവേഗപാത കടന്നു പോകുന്ന 11 ജില്ലകളിലും സ്പെഷ്യൽ തഹസിൽദാർമാരെ സർക്കാർ നേരത്തെ നിയമിച്ചിരുന്നു.

11 ജില്ലകളിൽ നിന്നായി 1221 ഹെക്ടർ ഭൂമിയാണ് കെ റെയിൽ റെയിൽ പദ്ധതിക്കായി ഏറ്റെടുക്കുന്നത്. ഭൂമിയേറ്റടുക്കലിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 12 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അന്തിമ അനുമതി ലഭിച്ച ശേഷം നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ തീരുമാനം.

ഭൂമിയേറ്റെടുക്കലിന് 2100കോടി കിഫ്ബി വായ്പ അനുവദിച്ചിട്ടുണ്ട്. ഭൂമിയേറ്റെടുക്കാനും നഷ്ടപരിഹാരം നൽകാനും ചെലവ് 13,362കോടി.വായ്പ തിരിച്ചടയ്ക്കൽമുടക്കുമുതലിന്റെ 8.1ശതമാനം പ്രതിവർഷം തിരിച്ചുകിട്ടും. നഗരവികസനം കൂടിയാവുമ്പോൾ ഇത് 16ശതമാനമാവും. ചരക്കുലോറികൾ കൊണ്ടുപോവുന്ന റോറോ സർവീസും ലാഭകരമാന്നാണ് വിലയിരുത്തൽ. മൂന്നാംവർഷത്തിൽ പദ്ധതി ലാഭകരമാവുമെന്നാണ് കെ.ആർ.ഡി.സി.എൽ ടിക്കറ്റ് വരുമാനത്തിൽ നിന്ന് തിരിച്ചടവിനുള്ള മുതലും പലിശയും കിട്ടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP