Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡിഎൻഎ പരിശോധന ചിത്രീകരിക്കുമെന്ന ഉറപ്പ് നടപ്പായില്ല; ശിശുക്ഷേമ സമിതി തെളിവു നശിപ്പിക്കാൻ കൂട്ടു നിൽക്കുന്നു; കുറ്റക്കാരെ സംരക്ഷിക്കാനുള്ള നീക്കം നടക്കുന്നു; വകുപ്പുതല അന്വേഷണത്തിൽ വിശ്വാസമില്ല; നടന്നത് കുട്ടിക്കടത്ത് തന്നെ, സിബിഐ അന്വേഷണം വേണം; നിലപാട് കടുപ്പിച്ചു അനുപമ

ഡിഎൻഎ പരിശോധന ചിത്രീകരിക്കുമെന്ന ഉറപ്പ് നടപ്പായില്ല;  ശിശുക്ഷേമ സമിതി തെളിവു നശിപ്പിക്കാൻ കൂട്ടു നിൽക്കുന്നു; കുറ്റക്കാരെ സംരക്ഷിക്കാനുള്ള നീക്കം നടക്കുന്നു; വകുപ്പുതല അന്വേഷണത്തിൽ വിശ്വാസമില്ല; നടന്നത് കുട്ടിക്കടത്ത് തന്നെ, സിബിഐ അന്വേഷണം വേണം; നിലപാട് കടുപ്പിച്ചു അനുപമ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ അനധികൃതമായി ദത്ത് നൽകിയെന്ന വിഷയത്തിൽ ശിശുക്ഷേമ സമിതിക്കെതിരെ ആരോപണം കടുപ്പിച്ച് അനുപമ. സി.ഡബ്ല്യൂ.സി തെളിവു നശിപ്പിക്കാൻ കൂട്ട് നിൽക്കുകയാണെന്ന് അനുപമ ആരോപിച്ചു. ഡിഎൻഎ പരിശോധന നടത്താൻ സാമ്പിൾ ശേഖരിച്ച രീതിയെയും അവർ വിമർശിച്ചു.

സാമ്പിൾ എടുക്കുന്നത് ചിത്രീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഉറപ്പു നൽകിയെങ്കിലും അത് നടപ്പായില്ല. സിസിടിവി ദൃശ്യങ്ങളിൽ വിശ്വാസ്യതയില്ല. കുറ്റക്കാരെ സംരക്ഷിക്കാൻ നീക്കം നടക്കുന്നു. വകുപ്പുതല അന്വേഷണത്തിൽ വിശ്വാസമില്ലെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു.

വിഷയത്തിൽ വനിതാ - ശിശുവികസന വകുപ്പ് തല അന്വേഷണം നടത്തുന്നതിനിടെയാണ് പുതിയ ആരോപണവുമായി അനുപമ രംഗത്തെത്തിയിട്ടുള്ളത്. അന്വേഷണ റിപ്പോർട്ട് ഇന്നോ നാളെയോ സർക്കാരിന് സമർപ്പിക്കുമെന്നാണ് വിവരം. അനുപമയുടേയും അജിത്തിന്റെയും മൊഴി വനിതാ - ശിശു വികസന വകുപ്പ് ഡയറക്ടർ രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ഇതിലടക്കം സംശയമുണ്ടെന്നാണ് അനുപമ പറയുന്നത്.

മൊഴിയെടുത്തപ്പോൾ തന്നെ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള ചോദ്യങ്ങളാണ് ഉണ്ടായത് എന്ന് അനുപമ ആരോപിച്ചു. എന്തുകൊണ്ട് കോടതിയിൽ കേസ് കൊടുത്തില്ല? ശിശുക്ഷേമ സമിതിയിൽ അനുപമ പോയി അന്വേഷിച്ചതിന് രജിസ്റ്ററിൽ തെളിവുകളില്ല തുടങ്ങിയ കാര്യങ്ങളാണ് ഇപ്പോൾ വനിതാ ശിശു വികസന ഡയറക്ടർ പറയുന്നത്. അതുകൊണ്ട് തെളിവടക്കം നശിപ്പിക്കുന്ന ഒരു നടപടി ഉണ്ടായിട്ടുണ്ട് എന്ന സംശയമാണ് അനുപമ പ്രകടിപ്പിക്കുന്നത്.

'കേസിൽ വകുപ്പ് തല അന്വേഷണത്തിൽ വിശ്വാസമില്ല. ഷിജു ഖാൻ അടക്കമുള്ളവരെ സംരക്ഷിക്കാനുള്ള നീക്കം സർക്കാരിന്റെയും വകുപ്പിന്റെയും ഭാഗത്ത് നിന്ന് ഉണ്ടാകുന്നു. അതുകൊണ്ട് വകുപ്പ് തല അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറുമെങ്കിലും ഇതിൽ വിശ്വാസമില്ല' - അനുപമ പറഞ്ഞു. ശിശുക്ഷേമ സമിതിക്ക് ദത്ത് ലൈസൻസ് ഉണ്ടെങ്കിൽ കോടതിക്ക് മുമ്പിൽ ഹാജരാക്കാൻ എന്തുകൊണ്ട് സാധിച്ചില്ല എന്നും അനുപമ ചോദിച്ചു.

അതേസമയം നടന്നത് കുട്ടിക്കടത്താണ്, സംഭവത്തിൽ സിബിഐ അന്വേഷണം വേണം. അന്വേഷണമാവശ്യപ്പെടാനുള്ള നടപടികൾ തുടങ്ങിയെന്നും അനുപമ വ്യക്തമാക്കി. ദത്ത് വിവാദത്തിൽ നിർണായകമായ ഡിഎൻഎ പരിശോധനാഫലം ഇന്നോ നാളെയോ വരാനിരിക്കെ ശിശുക്ഷേമസമിതി സെക്രട്ടറി ഷിജു ഖാനടക്കമുള്ളവർക്കെതിരെ കടുത്ത ആരോപണങ്ങളുമായി അനുപമ രംഗത്തു വരുന്നത്.

സംഭവിച്ച വീഴ്ചകൾ മുഴുവൻ തന്റെ തലയിൽ കെട്ടിവയ്ക്കാനാണ് ശ്രമം. കുഞ്ഞിനെ കിട്ടിയാലും സമരവുമായി മുന്നോട്ടുപോകുമെന്നും, ഇതിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരം ചെയ്യുമെന്നും അനുപമ വ്യക്തമാക്കുന്നു. കുഞ്ഞിന് അനുപമയും അജിത്തും ചേർന്ന് പേര് കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിനെ കിട്ടിയാൽ ആ പേര് വിളിക്കണമെന്നാണാഗ്രഹമെന്ന് അനുപമ പറയുന്നു.

ആന്ധ്രയിൽ നിന്നും എത്തിച്ച കുഞ്ഞിന്റെ ഡിഎൻഎ സാമ്പിൾ ഇന്നലെ ശേഖരിച്ചിരുന്നു. അനുപമയും അജിത്തും, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജിയിൽ നേരിട്ടെത്തി രക്തസാമ്പിൾ നൽകിയിരുന്നു. ഡിഎൻഎ ഫലം പോസിറ്റീവായാൽ കുഞ്ഞിനെ തിരികെ നൽകാനുള്ള നടപടികൾ ചൈൽഡ് വെൽഫെയർ കമ്മിറ്റി സ്വീകരിക്കും. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർന്നുള്ള നടപടികൾ.

ഈ മാസം മുപ്പതാം തീയതിക്ക് അകം ഡിഎൻഎ പരിശോധനാ ഫലം ഉൾപ്പെടെ റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം കുടുംബകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം അനുപമ ശിശുക്ഷേമ സമിതിക്ക് മുന്നിൽ നടത്തുന്ന സമരം തുടരുകയാണ്. ആന്ധ്രയിൽ നിന്ന് തിരികെയെത്തിച്ച കുഞ്ഞിപ്പോൾ നിർമലാ ഭവൻ ശിശുസംരക്ഷണ കേന്ദ്രത്തിലാണ്. കുഞ്ഞിനെ കാണണമെന്നാവശ്യപ്പെട്ട് അനുപമ കത്ത് നൽകിയിരുന്നുവെങ്കിലും ഇത് നിലവിൽ അനുവദിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP