Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'എന്റെ കുഞ്ഞിന്റെ സാമ്പിളാണോ എടുത്തതെന്ന് ഉറപ്പില്ല'; അട്ടിമറിക്ക് സാധ്യതയെന്നും അനുപമ; നിയമപരമായി മുന്നോട്ട് പോകുമെന്നും പ്രതികരണം; മൂന്ന് ദിവസത്തിനുള്ളിൽ ഡിഎൻഎ പരിശോധനാഫലം വന്നേക്കുമെന്ന് പ്രതീക്ഷ

'എന്റെ കുഞ്ഞിന്റെ സാമ്പിളാണോ എടുത്തതെന്ന് ഉറപ്പില്ല'; അട്ടിമറിക്ക് സാധ്യതയെന്നും അനുപമ; നിയമപരമായി മുന്നോട്ട് പോകുമെന്നും പ്രതികരണം; മൂന്ന് ദിവസത്തിനുള്ളിൽ ഡിഎൻഎ പരിശോധനാഫലം വന്നേക്കുമെന്ന് പ്രതീക്ഷ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അമ്മയറിയാതെ ദത്ത് നൽകിയെന്ന കേസിൽ നിർണ്ണായകമായ ഡിഎൻഎ പരിശോധനക്കുള്ള നടപടികളുടെ ആദ്യ ഘട്ടം പൂർത്തിയായി. കുഞ്ഞ്, അനുപമ, പങ്കാളി അജിത്ത് എന്നിവരുടെ ഡിഎൻഎ സാംപിൾ ശേഖരിച്ചു. ഡിഎൻഎ പരിശോധനയിൽ അട്ടിമറിക്ക് സാധ്യതയുണ്ടെന്നു സാംപിൾ നൽകിയ ശേഷവും അനുപമ ആരോപിച്ചു. തന്റെയും ഭർത്താവിന്റെയും കുട്ടിയുടെയും ഡിഎൻഎ സാംപിൾ ഒരുമിച്ച് എടുക്കാത്തത് അംഗീകരിക്കാനാകില്ലെന്ന് അനുപമ രാവിലെയും പറഞ്ഞിരുന്നു.

കുഞ്ഞിന്റെ ഡിഎൻഎ പരിശോധനാ സാംപിളാണ് ആദ്യമെടുത്തത്. രാജീവ് ഗാന്ധി ബയോ ടെക്‌നോളജിയിൽ നിന്നുള്ള വിദഗ്ദ്ധർ, കുഞ്ഞിനെ താമസിപ്പിച്ചിരിക്കുന്ന നിർമല ശിശുഭവനിലെത്തിയാണ് സാംപിൾ ശേഖരിച്ചത്. രാവിലെ പത്തരയോടെയെത്തി അരമണിക്കൂറിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉദ്യോഗസ്ഥർ മടങ്ങി. ഉച്ചയ്ക്ക് രണ്ടരയ്ക്ക് സാംപിളെടുക്കാനായി എത്താൻ അനുപമയോടും അജിത്തിനോടും ആവശ്യപ്പെടുകയായിരുന്നു.

അതനുസരിച്ച് ഉച്ചയ്ക്ക് 2.30-ഓടെ അജിത്തും അനുപമയും രാജീവ് ഗാന്ധി സെന്റർ ഓഫ് ബയോടെക്‌നോളജിയിലെത്തി സാമ്പിൾ നൽകി. തന്റെ കുഞ്ഞിന്റെ സാമ്പിൾ തന്നെയാണോ എടുത്തതെന്ന് ഉറപ്പില്ലെന്നും അട്ടിമറിയുണ്ടെന്ന് സംശയമുണ്ടെന്നും അനുപമ സാമ്പിൾ നൽകിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാം ശരിയായ രീതിയിൽ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും അനുപമ പ്രതികരിച്ചു.

സാമ്പിൾ എടുത്തത് തന്റെ കുഞ്ഞിന്റെ തന്നെയാണോ എന്ന് ഉറപ്പില്ലെന്നും അക്കാര്യത്തിൽ ആശങ്കയുണ്ടെന്നും അനുപമ പറഞ്ഞു. സാമ്പിൾ ശേഖരിക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ചിരുന്നില്ല, ഫോട്ടോകൾ എടുത്തു. ഫേട്ടോഗ്രാഫ് ഒക്കെ എടുത്തിരുന്നതിനാൽ എന്തെങ്കിലും സംശയം ഉണ്ടായാൽ നോക്കാം. രണ്ട് പേരുടേയും സാമ്പിളുകൾ എടുത്തു. നാളെ വൈകുന്നേരത്തിനകം, അല്ലെങ്കിൽ മറ്റന്നാൾ ഫലം ലഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും അവർ പറഞ്ഞു.

ആന്ധ്രയിൽ നിന്ന് കുഞ്ഞ് എത്തിയ ശേഷം വളരെ വേഗമാണ് തുടർനടപടി ക്രമങ്ങൾ നടക്കുന്നത്. താത്കാലിക സംരക്ഷണത്തിന് ചുമതലപ്പെടുത്തിയ നിർമ്മലാ ശിശു ഭവനിൽ എത്തി കുഞ്ഞിനെ കാണണമെന്ന് ഡിഎൻഎ പരിശോധനക്ക് മുമ്പും അനുപമ ആവശ്യപ്പെട്ടു. എന്നാൽ ഇപ്പോൾ കുഞ്ഞിനെ കാണാനാകില്ലെന്നാണ് വനിതാ ശിശുക്ഷേമവകുപ്പിന്റെ നിലപാട്.

തെറ്റു ചെയ്തവർക്കു സാംപിൾ എടുക്കാനുള്ള ഉത്തരവാദിത്തം കൊടുത്താൽ അവർ പ്രതികാര മനോഭാവത്തോടെ പെരുമാറുമെന്ന് അനുപമ പറഞ്ഞു. ഡിഎൻഎ സാംപിൾ എടുക്കുന്ന കുഞ്ഞ് തന്റെതാണെന്ന് ഉറപ്പാക്കാനാകില്ലെന്നും മാതാപിതാക്കളുടെയും കുട്ടിയുടെയും ഡിഎൻഎ പരിശോധന ഒരുമിച്ച് ചെയ്യാൻ എന്തു കൊണ്ടാണ് തയാറാകാത്തതെന്ന് അധികൃതർ വ്യക്തമാക്കണമെന്നും അനുപമ രാവിലെ ആവശ്യപ്പെട്ടിരുന്നു.

കുഞ്ഞിന്റെ സാമ്പിൾ എടുത്തതിന് ശേഷം അടുത്ത നടപടി അനുപമയുടെയും അജിത്തിന്റെയും സാമ്പിൾ ശേഖരണമായിരുന്നു. മൂന്ന് ദിവസത്തിനുള്ളിൽ തന്നെ പരിശോധനാഫലം വരുമെന്നാണ് പ്രതീക്ഷ. ഫലം പൊസിറ്റീവായാൽ നിയമോപദേശം തേടിയ ശേഷം ശിശുക്ഷേമസമിതി തുടർനടപടികൾ എടുക്കും.

ശിശുക്ഷേമസമിതിക്ക് അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകുന്നതിൽ വീഴ്ച പറ്റിയിട്ടുണ്ടോ എന്ന കാര്യത്തിൽ പരിശോധന നടന്നുവരികയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു. വനിതാശിശുക്ഷേമ ഡയറക്ടർ ടി വി അനുപമ ഇക്കാര്യത്തിൽ നടത്തുന്ന അന്വേഷണം പൂർത്തിയായി എന്നാണ് മനസ്സിലാക്കുന്നത്. ഡിഎൻഎ പരിശോധന നടത്താൻ ഉത്തരവ് വന്ന ശേഷം വളരെ വേഗത്തിൽത്തന്നെയാണ് എല്ലാ നടപടികളും പൂർത്തിയാക്കിയത്.

എല്ലാ കാലതാമസവും ഒഴിവാക്കാൻ ഇടപെട്ടു. എല്ലാ നടപടികളും വീഡിയോ ആയി പകർത്തിയിട്ടുണ്ട്. ആരോപണങ്ങൾ ഇനി ഉയരാതിരിക്കാനാണ് ഇത്. കുഞ്ഞിന്റെ ഡിഎൻഎ പരിശോധന ആന്ധ്രയിൽവച്ച് തന്നെ നടത്താമായിരുന്നു. എന്നാലിത് ഒഴിവാക്കി കേരളത്തിലേക്ക് കുഞ്ഞിനെ കൊണ്ടുവന്ന് ഡിഎൻഎ പരിശോധന നടത്താൻ തീരുമാനിച്ചത് സുതാര്യത ഉറപ്പാക്കാനാണ്.

അനുപമയ്ക്ക് കുഞ്ഞിനെ കാണാൻ ഇപ്പോഴനുമതി നൽകാനാകില്ലെന്നാണ് ആരോഗ്യമന്ത്രി വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ നിയമവശം പരിശോധിച്ച് വരികയാണ്. നിയമപരമായി നടപടികൾ പൂർത്തിയാക്കിയ ശേഷം കോടതി വഴി മാത്രമേ കുഞ്ഞിനെ കൈമാറാനാകൂ. ഇക്കാര്യത്തിൽ നിയമപരമായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ഉണ്ടെങ്കിൽ അത് ചെയ്യാനാണ് നൽകിയിരിക്കുന്ന നിർദ്ദേശം. അനുപമയ്ക്ക് കുഞ്ഞിനെക്കാണാൻ നിയമപരമായ സാധ്യതയുണ്ടെങ്കിൽ അത് വേണമെന്നാണ് നിലപാടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

കുഞ്ഞിനെത്തേടി അമ്മ വന്നിട്ടും ദത്ത് നടപടികൾ നിർത്തിവെക്കാൻ ചൈൽഡ് വെൽഫയർ കമ്മിറ്റിയും ശിശുക്ഷേമ സമിതിയും ഒന്നും ചെയ്തില്ലെന്ന് തെളിയിക്കുന്ന മൊഴികൾ വകുപ്പ് തല അന്വേഷണത്തിൽ നിർണായകമായേക്കും. കുഞ്ഞ് ദത്ത് പോകുന്നതിന് മൂന്നരമാസം മുമ്പ് അനുപമയുടെ പരാതി കിട്ടി സിറ്റിങ് നടത്തിയിട്ടും പൊലീസിനെ അറിയിക്കാത്ത ചെൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്‌സന്റെ നടപടിയും ഗുരുതര വീഴ്ചയാണ്.

അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടികൾ നിർത്തിവെയ്ക്കാൻ ചൈൽഡ് വെൽഫയർ കമ്മിറ്റിയും ശിശുക്ഷേമ സമിതിയും ഇടപെട്ടില്ലെന്നതിന്റെ തെളിവുകളും മൊഴികളും അന്വേഷണത്തിന്റെ അദ്യഘട്ടത്തിൽ തന്നെ കിട്ടിയിരുന്നു. കുഞ്ഞ് ദത്ത് പോകുന്നതിന് മുമ്പ് തന്നെ അനുപമ കുഞ്ഞിനെത്തേടി ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് മുമ്പാകെ പരാതിയുമായി എത്തിയതിനും തെളിവുകളുണ്ട്.

കുട്ടികളെ കാണാതായ കേസ് ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ പരിധിയിൽ വരും എന്നിരിക്കെ പൊലീസിൽ പരാതി കൊടുത്തിരുന്നെങ്കിൽ പൊലീസിന് റിപ്പോർട്ട് കൊടുക്കേണ്ടി വന്നേനെ. ശിശുക്ഷേമ സമിതിയുടെ ഭാഗത്ത് നിന്നും സംഭവിച്ച ഗുരുതര വീഴ്ചകൾ തെളിയിക്കാനുള്ള മൊഴികളും രേഖകളും കിട്ടിയിരുന്നു.

ദത്ത് പോയതിന് ശേഷം നാലാം ദിവസം അനുപമ വീണ്ടും ചൈൽഡ് വെൽഫയർ കമ്മിറ്റിയിലെത്തിയിരുന്നു. അതേ ദിവസം ശിശുക്ഷേമ സമിതിയിലും എത്തി. എന്നിട്ടും അനങ്ങിയില്ല. ഒക്ടോബർ 14-ന് സംഭവം ദൃശ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് ശേഷവും ഒക്ടോബർ 16-ന് കുടുംബകോടതിയിൽ നടന്ന സിറ്റിംഗിൽ ശിശുക്ഷേമ സമിതി ഇടപെടാത്തതും വീഴ്ചയ്ക്ക് തെളിവാണ്. അനുപമയുടെ ആൺകുഞ്ഞിനെ പെൺകുഞ്ഞാക്കി രജിസ്റ്ററിൽ രേഖപ്പെടുത്തിയതും നേരത്തെ തന്നെ വിവാദമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP