Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

50 ആശുപത്രികളിൽ കൂടി ഇ ഹെൽത്തിന് തുടക്കം; ഇ ഹെൽത്തുള്ള എല്ലാ ആശുപത്രികളിലും ക്യൂ മാനേജ്മെന്റ് സിസ്റ്റം; ഓരോ പൗരനും ഓരോ ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡ് ലക്ഷ്യം എന്ന് മുഖ്യമന്ത്രി

50 ആശുപത്രികളിൽ കൂടി ഇ ഹെൽത്തിന് തുടക്കം; ഇ ഹെൽത്തുള്ള എല്ലാ ആശുപത്രികളിലും ക്യൂ മാനേജ്മെന്റ് സിസ്റ്റം; ഓരോ പൗരനും ഓരോ ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡ് ലക്ഷ്യം എന്ന് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രോഗികൾക്ക് ഡോക്ടറെ കാണുന്നതിനുള്ള തിരക്കൊഴിവാക്കുന്നതിന് ഫലപ്രദമായ ക്യൂ മാനേജ്മെന്റ് സിസ്റ്റം ഇ ഹെൽത്ത് പദ്ധതി നടപ്പാക്കിയിട്ടുള്ള എല്ലാ ആശുപത്രികളിലും ലഭ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവഴി ഒപി യിലെ തിരക്ക് ഫലപ്രദമായി നിയന്ത്രിക്കാനാവും. അതുപോലെതന്നെ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് ഒരു രോഗിയെ റഫർ ചെയ്യുന്ന പക്ഷം അവർക്ക് മുൻകൂർ ടോക്കൺ ലഭ്യമാക്കാനും ഈ സൗകര്യം വഴി കഴിയും. ഓൺലൈൻ അപ്പോയ്ന്മെന്റ് എടുക്കുന്നതിനുള്ള സൗകര്യവും ഇ ഹെൽത്ത് പോർട്ടൽ വഴി ലഭ്യമാണ്. രോഗികൾക്ക് വീട്ടിലിരുന്നുതന്നെ ഡോക്ടറെ വീഡിയോകോൾ മുഖേന കണ്ട് ചികിത്സ തേടുന്നതിനുള്ള ടെലിമെഡിസിൻ സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിവിധ ജില്ലകളിലായി 50 ആശുപത്രികളിലെ ഇ ഹെൽത്ത് സംവിധാനം, എല്ലാ ജില്ലകളിലും വെർച്ച്വൽ ഐടി കേഡർ, ചികിത്സാ രംഗത്തെ കെ ഡിസ്‌കിന്റെ ഡയബറ്റിക് റെറ്റിനോപ്പതിക്ക് വേണ്ടിയുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള ഓട്ടോമേറ്റഡ് റെറ്റിനൽ ഇമേജ് ക്വാളിറ്റി അസെസ്മെന്റ് & ഫീഡ്ബാക്ക് ജനറേഷൻ, ബ്ലഡ് ബാഗ് ട്രെയ്സിബിലിറ്റിയും അനുബന്ധ രക്ത സംഭരണ കേന്ദ്രങ്ങൾ, ബ്ലോക്ക്ചെയിൻ അധിഷ്ഠിത വാക്സിൻ കവറേജ് അനാലിസിസ് സിസ്റ്റം എന്നീ നൂതന പദ്ധതികൾ എന്നിവയുടെ ഉദ്ഘാടനം ഓൺലൈൻ വഴി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഓരോ പൗരനും ഓരോ ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡ് എന്നതാണ് ലക്ഷ്യം. ഒരു വ്യക്തിയുടെ ജനനം മുതൽ മരണം വരെയുള്ള എല്ലാ ചികിത്സാരേഖകളും ഇതുമായി ലിങ്കുചെയ്ത് സൂക്ഷിക്കും. ഏതു സർക്കാർ ആശുപത്രിയിലും ഈ രേഖകൾ ചികിത്സയുടെ സമയത്ത് ലഭ്യമാക്കാനും കഴിയും. 311 ആശുപത്രികളിൽ ഇതിനോടകം തന്നെ ഇഹെൽത്ത് പദ്ധതി നടപ്പാക്കി കഴിഞ്ഞിട്ടുണ്ട്. ആർദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള സ്ഥാപനങ്ങളിൽ ഉണ്ടായ ഭൗതിക മാറ്റങ്ങൾ ഇ ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന് സഹായകരമായിട്ടുണ്ട്. ഈ പദ്ധതി ഇപ്പോൾ 50 ആശുപത്രികളിലേക്കു കൂടി വ്യാപിപ്പിക്കുകയാണ്. ഇതിനുപുറമെ 349 ആശുപത്രികളിൽക്കൂടി ഇഹെൽത്ത് പദ്ധതി നടപ്പാക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. ഇതിന് പുറമേ 349 ആശുപത്രികളിൽ കൂടി ഇ ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന് അനുമതിയും നൽകി.

കഴിഞ്ഞ അഞ്ചുവർഷക്കാലയളവിൽ നൂറുകോടിയോളം രൂപയാണ് സംസ്ഥാന സർക്കാർ ഈ പദ്ധതിക്കായി ചെലവഴിച്ചത്. ആകെയുള്ള 1,284 സർക്കാർ ആശുപത്രികളിൽ 707 സർക്കാർ ആശുപത്രികളിൽ ഈ സംവിധാനം അടുത്തുതന്നെ പൂർണമായും ലഭ്യമാകും. ശേഷിക്കുന്ന 577 ആശുപത്രികളിൽ കൂടി ഇഹെൽത്ത് സോഫറ്റ് വെയർ പൂർണതോതിൽ വികസിപ്പിച്ച് സമ്പൂർണ ഇഹെൽത്ത് പദ്ധതി നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ സമ്പന്നർക്ക് മാത്രം ചികിത്സ ലഭിക്കുകയും സാധാരണക്കാർ ചികിത്സകിട്ടാതെ തെരുവിൽ അലയുകയും ചെയ്യുന്ന ചിത്രം നമ്മുടെ മുന്നിലുള്ളതാണ്. പക്ഷെ നമ്മുടെ സംസ്ഥാനത്ത് ആരെയും സർക്കാർ കൈവിട്ടിട്ടില്ല. എല്ലാവരെയും ചേർത്തു പിടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ജനങ്ങളുടെ ആരോഗ്യവും വിദ്യാഭ്യാസവും അടക്കമുള്ള എല്ലാ അടിസ്ഥാന ആവശ്യങ്ങളും നിറവേറ്റുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്വമായാണ് സർക്കാർ കാണുന്നത്. അതിന്റെ ദൃഷ്ടാന്തമാണ് ഇഹെൽത്ത് പദ്ധതി കൂടുതൽ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സമയ ബന്ധിതമായി മുഴുവൻ ആശുപത്രികളിലും ഇ ഹെൽത്ത് 

സമയ ബന്ധിതമായി സംസ്ഥാനത്തെ മുഴുവൻ ആരോഗ്യ കേന്ദ്രങ്ങളിലും ഇ ഹെൽത്ത് പദ്ധതി നടപ്പിലാക്കുക എന്നതാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആശുപത്രികൾ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് ആ ആശുപത്രികളിലും ഇ ഹെൽത്ത് നടപ്പിലാക്കുന്നതാണ്.

വിവര, വിനിമയ സാങ്കേതികവിദ്യ ആരോഗ്യ മേഖലയിൽ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇ ഹെൽത്ത് പദ്ധതി ആശുപത്രികളിൽ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയത്. 150 ഓളം സ്ഥാപനങ്ങളിൽ 5 മാസത്തിനുള്ളിൽ ഇ ഹെൽത്ത് പദ്ധതി നടപ്പിലാക്കാൻ കഴിഞ്ഞു എന്നത് അഭിമാനമുള്ള കാര്യമാണ്. ഈ സ്ഥലങ്ങളിൽ ഓൺ ലൈൻ ടോക്കൺ സമ്പ്രദായം ലഭ്യമാണ്.

5 വർഷം കൊണ്ട് ജീവിതശൈലീ രോഗങ്ങൾ വലിയ രീതിയിൽ കുറച്ച് കൊണ്ടുവരാനുള്ള പ്രയത്നത്തിലാണ് സംസ്ഥാന സർക്കാർ. വ്യക്തികളുടെ ആരോഗ്യ ചികിത്സാ ഡേറ്റ വളരെ പ്രധാനപ്പെട്ടതാണ്. ഡേറ്റ ശേഖരണത്തിൽ ഇ ഹെൽത്ത് വളരെ വലിയ പങ്കാണ് വഹിക്കുന്നത്. നിപ വൈറസ് സമയത്ത് ഫീൽഡ്തല സർവയലൻസിന് ഇ ഹെൽത്തിന്റെ സോഫ്റ്റുവെയർ വലിയ സഹായമായിരുന്നു. കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള ഡെത്ത് ഇൻഫർമേഷൻ പോർട്ടൽ വളരെ പെട്ടന്നാണ് ഇ ഹെൽത്ത് തയ്യാറാക്കിയത്. കോവിഡ് ഡാഷ് ബോർഡും ഇ ഹെൽത്താണ് വികസിപ്പിച്ചത്. പഞ്ചായത്തടിസ്ഥാനത്തിൽ എല്ലാ മെഡിക്കൽ ഓഫീസർമാർക്കും ഒരു ഡാഷ് ബോർഡ് ലഭ്യമാക്കാനാണ് അടുത്തതായി ഇ ഹെൽത്ത് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഇ ഹെൽത്ത് കേരള പ്രോജക്ട് ഡയറക്ടർ മുഹമ്മദ് വൈ സഫിറുള്ള, കെ ഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ. പി.വി. ഉണ്ണിക്കൃഷ്ണൻ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി.ആർ. രാജു, ആരോഗ്യ വകുപ്പിലേയും ഇ ഹെൽത്തിലേയും കെ ഡിസ്‌കിലേയും ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP