Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

2020 ഒക്ടോബർ 15-ന് ഒരു കടലാസിൽ ഒപ്പിട്ടു വാങ്ങി; അത് വായിച്ചു നോക്കണമെന്ന് ശാഠ്യം പിടിച്ചപ്പോൾ അച്ഛൻ അടിച്ചു; മതിലിനോട് ചേർത്ത് നിർത്തി വയറിനു ചവിട്ടാനൊരുങ്ങി; സഹികെട്ട് ഞാൻ ആ പേപ്പറിൽ ഒപ്പിട്ടു കൊടുത്തു; ഒരിക്കലും കുട്ടിയെ കിട്ടില്ലെന്ന് പറഞ്ഞവരെ തോൽപ്പിച്ച് അമ്മയുടെ പോരാട്ടം; സദാചാരം ചർച്ചയാക്കിയവർ അറിയാൻ അനുപമയുടെ കണ്ണീർക്കഥ

2020 ഒക്ടോബർ 15-ന് ഒരു കടലാസിൽ ഒപ്പിട്ടു വാങ്ങി; അത് വായിച്ചു നോക്കണമെന്ന് ശാഠ്യം പിടിച്ചപ്പോൾ അച്ഛൻ അടിച്ചു; മതിലിനോട് ചേർത്ത് നിർത്തി വയറിനു ചവിട്ടാനൊരുങ്ങി; സഹികെട്ട് ഞാൻ ആ പേപ്പറിൽ ഒപ്പിട്ടു കൊടുത്തു; ഒരിക്കലും കുട്ടിയെ കിട്ടില്ലെന്ന് പറഞ്ഞവരെ തോൽപ്പിച്ച് അമ്മയുടെ പോരാട്ടം; സദാചാരം ചർച്ചയാക്കിയവർ അറിയാൻ അനുപമയുടെ കണ്ണീർക്കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പേരൂർക്കട സ്വദേശിനി 22വയസുള്ള അമ്മ അനുപമ എസ്. ചന്ദ്രനും അവളുടെ കുഞ്ഞും. ആ അമ്മയ്ക്ക് കുഞ്ഞിനെ തിരികെ കിട്ടിയേക്കും. അതിന് തൊട്ടടുത്തുവരെ കാര്യങ്ങളെത്തിച്ചു. നിന്റെ കുട്ടിയെ ഇനി കിട്ടില്ലെന്ന് പ്രഖ്യാപിച്ചവരെ തോൽപ്പിക്കാൻ ആ അമ്മ നടത്തിയ ഒറ്റയാൾ പോരാട്ടമാണ്. കള്ളക്കഥകളിലൂടെ സദാചാരം ചർച്ചയാക്കി സൈബർ സഖാക്കൾ പ്രതിപക്ഷത്തെ പോലും അനുപമയ്ക്ക് അടുത്തു നിന്ന് ആട്ടിയകറ്റി. ആരുടേയും പിന്തുണയില്ലാതെ അവർ പൊരുതിയപ്പോൾ സർക്കാർ മുട്ടുമടക്കി. ഇനി ഡിഎൻഎ പരിശോധന. ഡിഎൻഎ പരിശോധനയിൽ അട്ടിമറിയുണ്ടാകുമെന്ന് ഈ അമ്മ ഭയക്കുന്നുണ്ട്. അതിന് കാരണം ആരോഗ്യമന്ത്രിയുടെ ഓഫീസിലെത്തിയപ്പോൾ പ്രൈവറ്റ് സെക്രട്ടറി എൻകെ സജീവൻ നടത്തിയ ആക്രോശമാണ്.

പാർട്ടി കുടുംബത്തിലായിരുന്നു ഈ സംഭവങ്ങളെല്ലാം നടന്നത്. വിവാഹിതനായ അജിത്ത്, ഭാര്യയുമായി പ്രശ്‌നങ്ങളിൽ നീങ്ങുമ്പോൾ കണ്ടുമുട്ടുന്ന പെൺകുട്ടിയുമായി സൗഹൃദം തുടങ്ങുന്നു. അടുപ്പം പ്രണയമായി. ഇതിനിടെ ഡൈവേഴ്‌സ് കേസും അജിത്ത് കോടതിയിൽ നടത്തുന്നു. ഗർഭിണിയായപ്പോൾ ഒരുമിച്ച് ജീവിക്കാം എന്ന മോഹത്തിൽ കാത്തിരുന്നു. പക്ഷേ മാർക്ക് തട്ടിപ്പിൽ യൂണിവേഴ്‌സിറ്റ് ഡീബാറു ചെയ്ത അച്ഛൻ. സ്വന്തം പ്രണയത്തെ വിവാഹത്തിൽ എത്തിക്കാൻ ഒളിച്ചോട്ടം വരെ നടത്തിയ ഡിവൈഎഫ് ഐക്കാരൻ. ഇയാളുടെ സദാചാര ബോധം മകൾക്ക് വില്ലനായി. ആ ചോരക്കുഞ്ഞിനെ അവർ കടത്തി. സ്വന്തം കുട്ടിക്കായി വാതിലുകൾ മുട്ടിയപ്പോൾ അച്ഛൻ തന്നെ കള്ളക്കഥകൾ പ്രചരിപ്പിച്ചു. അതിനെ അതിജീവിക്കാൻ ആ അമ്മയ്ക്ക് കഴിഞ്ഞു. അങ്ങനെയാണ് വിജയവാഡയിലേക്ക് കടത്തിയ ആ കുട്ടി വീണ്ടും ജന്മനാട്ടിൽ എത്തിയത്.

പാർട്ടികുടുംബമാണ് അനുപമയുടേത്. അപ്പൂപ്പൻ പേരൂർക്കട സദാശിവൻ സി.പി. എമ്മിന്റെ തലസ്ഥാനത്തെ കരുത്തനായ നേതാവായിരുന്നു. അച്ഛൻ ജയചന്ദ്രൻ പാർട്ടിപ്രവർത്തകൻ. അമ്മ സ്മിതാ ജയിംസ് . ചേച്ചി അഞ്ജു. കഴിഞ്ഞ തദ്ദേശഭരണ തിരെഞ്ഞടുപ്പിൽ പേരൂർക്കട വാർഡിൽ നിന്ന് മത്സരിക്കാൻ ക്ഷണമുണ്ടായിരുന്നു അനുപമയ്ക്ക്. അത് വേണ്ടെന്ന് വെച്ചു. ഡിഗ്രി അവസാനവർഷമായിരുന്നു. നിർമലാഭവനിലായിരുന്നു പഠിച്ചത്. ചെമ്പഴന്തി എസ്.എൻ.കോളജിൽ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റായിരുന്നു. ബി.എസ്.സി ഫിസിക്‌സായിരുന്നു പഠിച്ചത്. ചുറുചുറുക്കുള്ള പാർട്ടി പ്രവർത്തക വിപ്ലവ വീര്യത്തോടെ കുട്ടിക്ക് വേണ്ടി പോരാട്ടത്തിന് ഇറങ്ങി.

എസ്.എഫ്.ഐ പേരൂർക്കട ഏരിയാ ജോയിന്റ് സെക്രട്ടറിയായിരുന്നു അനുപമ. ഡിവൈഎഫ്ഐ പേരൂർക്കട മേഖലാ ജോയന്റ് സെക്രട്ടറിയായിരുന്നു. അവിടെ വച്ചാണ് അജിത്തിനെ പരിചയപ്പെടുന്നത്. അജിത്ത് ഡി.വൈ.എഫ്. ഐ മേഖലാ സെക്രട്ടറിയായിരുന്നു. അജിത്ത് നേഴ്‌സായിരുന്നു. ജോലിയും ഉണ്ടായിരുന്നു. ഇതെല്ലാം മറച്ചുവച്ച് അജിത്തിനെ പണിയില്ലാ ദുഷ്ടനാക്കി ജയചന്ദ്രൻ ചിത്രീകരിച്ചു. അജിത്ത് ഡാൻസ് മാസ്‌റററാണ്. ഒരു സിനിമയിൽ കൊറിയോഗ്രാഫി ചെയ്തിരുന്നുവെന്നതാണ് വസ്തുത.

അനുപമയും അജിത്തും തമ്മിലെ പരിചയം പ്രണയമായി വളർന്നു. അജിത്ത് ഭാര്യയുമായി ഡിവോഴ്‌സിന് ഒരുങ്ങി നിൽക്കുകയായിരുന്നു അപ്പോൾ. ഇതിനിടെ അനുപമ ഗർഭിണിയായി. അജിത്ത് വിവാഹമോചനം നേടിയശേഷം ഒരുമിച്ച താമസിക്കാം എന്നാണ് അവർ തീരുമാനിച്ചത്. അതുകൊണ്ട് തന്നെ ഗർഭിണിയാണെന്ന കാര്യം ആദ്യം വീട്ടിൽ പറഞ്ഞില്ല. എട്ടാം മാസത്തിലാണ് അനുപമ വീട്ടിൽ വിവരം പറയുന്നത്. ഇതോട അച്ഛൻ ജയചന്ദ്രന്റെ ക്രൂരതയും തുടങ്ങി.

ഫോൺ പിടിച്ചു വാങ്ങി വെച്ചു. ഒരു വീട്ടിൽ പ്രവർത്തിച്ചിരുന്ന സ്‌കാൻ സെന്ററിൽ കൊണ്ടുപോയി സ്‌കാൻ ചെയ്തുനോക്കിയപ്പോൾ കുഞ്ഞ് നോർമലായിരുന്നു. 1.5 കിലോ തൂക്കമുണ്ടായിരുന്നു. അബോർഷൻ ചെയ്യിപ്പിക്കാൻ വല്ലവഴിയുമുണ്ടോ എന്നാണ് പിന്നെ അച്ഛൻ ജയചന്ദ്രൻ നോക്കിയത്. അച്ഛന്റെ സുഹൃത്തുക്കളായ ഡോക്ടർ ദമ്പതിമാരിൽ ഭാര്യ ഗൈനക്കോളജിസ്റ്റാണ്. അവരുടെ ഒത്താശയിൽ കള്ളക്കലി തുടർന്നുവെന്ന് അനുപമ ആരോപിക്കുന്നു. മലപ്പുറത്തെക്ക് നാടുകടത്തി. മലപ്പുറത്ത് ഒരാശുപത്രിയിൽ അഡ്‌മിറ്റാക്കി. ഇതിനിടെ കോവിഡ് പോസിറ്റിവായിരുന്നു. ഗർഭിണികളായ കോവിഡ് രോഗികളുള്ള ഒരു വാർഡിലായിരുന്നു പാർപ്പിച്ചു. പിന്നീട് കായംകുളത്തേക്ക്. കായംകുളത്തെ ഒരു സ്വകാര്യാശുപത്രിയിലേക്ക്‌കൊണ്ടു പോയി. അവിടെയും സിസേറിയൻ നടത്താനൊരു ശ്രമമുണ്ടായി. എതിർത്തപ്പോൾ സംഗതി ബുദ്ധിമുട്ടാകുമെന്ന് അവിടുത്തെ ഡോക്ടർക്ക് തോന്നി-അനുപമ പറയുന്നു.

ഇതിനിടെ 2020 ഒക്ടോബർ മാസം 15-ന് എന്നെക്കൊണ്ട് ഒരു കടലാസിൽ ഒപ്പിട്ടുവാങ്ങി, അത് വായിച്ചുനോക്കണമെന്ന് ഞാൻ ശാഠ്യം പിടിച്ചപ്പോൾ അച്ഛൻ എന്നെ അടിച്ചു. മതിലിനോട് ചേർത്ത് നിർത്തി വയറിനു ചവിട്ടാനൊരുങ്ങി, എന്റെ കുഞ്ഞിനെ കൊല്ലുമെന്ന് പറഞ്ഞു. സഹികെട്ട് ഞാൻ ആ പേപ്പറിൽ ഒപ്പിട്ടുകൊടുത്തു. എന്റെ കുഞ്ഞിനെ എന്നിൽ നിന്നടർത്തി മാറ്റാനുള്ള സമ്മതപത്രത്തിലാണ് ഒപ്പിട്ടുവാങ്ങിപ്പിച്ചത് എന്നു പിന്നീടറിഞ്ഞു.'കുഞ്ഞിനെ വളർത്താൻ ഞാൻ പ്രാപ്തയല്ല, അതിനാൽ ശിശുക്ഷേമസമിതിക്ക് കൈമാറുന്നു എന്നാണ് അതിൽ എഴുതി പിടിപ്പിച്ചിരുന്നത് എന്ന് മാസങ്ങൾക്കുശേഷമാണ് മനസ്സിലാകുന്നത്. ഞാൻ ബഹളം വെച്ചപ്പോൾ ്അടിയും വഴക്കും കിട്ടി. കടുത്ത മാനസിക സമ്മർദത്തിലാണ് കടന്നുപോയ്‌ക്കൊണ്ടിരുന്നത്.-അച്ഛന്റെ ക്രൂരതയെ അനുപമ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്.

ചേച്ചിയുടെ കല്യാണം കഴിഞ്ഞാൽ ഉടൻ കുഞ്ഞിനെ തിരികെ തരും എന്ന് വാക്ക് അമ്മ പറഞ്ഞുവെന്നും അനുപമ വെളിപ്പെടുത്തിയിട്ടുണ്ട്. അതിന് ശേഷം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് പോകുന്നത്. അവിടെ ടെസ്റ്റ് ചെയ്തപ്പോളും വീണ്ടും കോവിഡ് പോസിറ്റീവാണെന്ന് പറഞ്ഞു. അങ്ങനെയാണ് സിസേറിയന് സമ്മതിക്കുന്നത്. ഒക്ടോബർ19-ന് വൈകിട്ട് 5.00 മണിക്കായിരുന്നു സിസേറിയൻ. ഐ.സി.യു വിൽ കിടക്കുമ്പോൾ അവിടുത്തെ ഒരു നഴ്‌സിനോട് അജിത്തിനെ വിളിക്കാൻ ഫോൺ ആവശ്യപ്പെട്ടു. അവർ അത് നേരെ പോയി അമ്മയോട് പറഞ്ഞു,അതോടെ അത് പൊളിഞ്ഞു. 20-ന് വൈകിട്ട് റൂമിലേക്ക് കൊണ്ടുവന്നു. രണ്ടു ദിവസം കുഞ്ഞിനൊപ്പം കഴിഞ്ഞു. അമ്മയായിരുന്നു കൂട്ടിരുന്നത്. മൂന്നാം ദിവസം ഡിസ്ചാർജ് ചെയ്തു-അനുപമ പറയുന്നു.

തിരികെയുള്ള യാത്രക്കിടെയാണ് അച്ഛൻ കുഞ്ഞിനെയെടുത്തു കൊണ്ടുപോകുന്നത്. പിന്നീട് അമ്മയും അച്ഛനൊപ്പം പോയി. സമ്മതപത്രത്തിന്റെ കാര്യം കൂടിയായപ്പോൾ നേരത്തെ നിശ്ചയിച്ച തിരക്കഥ പ്രകാരമാണ് കാര്യങ്ങൾ നീങ്ങുന്നത് എന്നു അനുപമയ്ക്ക് മനസ്സിലായി. പിന്നീട് തന്നെ തൊടുപുഴയിലെ അമ്മ വീട്ടിലേക്ക് നാടുകടത്തി. ചേച്ചിയുടെ കല്യാണം കഴിഞ്ഞതോടെ കുട്ടിയെ കിട്ടില്ലെന്ന് അനുപമയ്ക്ക് ഉറപ്പായി. ഇതോടെയാണ് അജിത്തിനേയും കൂട്ടി പോരാട്ടത്തിന് ഇറങ്ങിയത്. ചേച്ചിയുടെ കല്യാണത്തിനുശേഷം വീണ്ടും തൊടുപുഴയിലാക്കി. അജിത്തിന്റെ കൂടെ പോവുമെന്നു തന്നെ പറഞ്ഞു. അച്ഛനും അമ്മയും എന്നോട് ആത്മഹത്യ ചെയ്‌തോളാൻ പറഞ്ഞു. അല്ലെങ്കിൽ എന്നെ പ്രാന്താശുപത്രിയിലാക്കും എന്നും പറഞ്ഞു. ഇതിനിടെ അജിത്ത് വിവാഹമോചിതനായിരുന്നു.

മാർച്ച് 19 നാണ് ഞാൻ തൊടുപുഴയിലെ വീട്ടിൽനിന്ന് അനുപമ രക്ഷപ്പെടുന്നത്. കോട്ടയത്ത് എത്തിയശേഷം അജിത്തിനെ വിളിച്ചു. അജിത്തുകൊട്ടാരക്കര കാത്തുനിന്നു. തിരുവനന്തപുരത്തെത്തിയശേഷം അജിത്തിന്റെ വീട്ടിൽ നിൽക്കാതെ മാറിനിന്നു. ഇതിനിടെ മകളെ കാണാനില്ലെന്ന് പറഞ്ഞ് അച്ഛൻ പൊലീസിൽ പരാതി നൽകിയിരുന്നു. കുറച്ചുദിവസം മാറി നിന്ന ശേഷം അനുപമ ഹാജരായി-അന്ന് തുടങ്ങിയ പോരാട്ടമാണ് ഡിഎൻഎ ടെസ്റ്റിലേക്ക് കാര്യങ്ങളെത്തിക്കുന്നത്. കുഞ്ഞിനെ കണ്ടുപിടിക്കണമെന്നാവശ്യപ്പെട്ട് പേരൂർക്കട പൊലീസിൽ പരാതി നൽകി. സർട്ടിഫിക്കറ്റുകൾ തിരികെ ആവശ്യപ്പെട്ട് ഒരു പരാതിയും നൽകി. ഒപ്പം പാർട്ടി സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും വൃന്ദാകാരാട്ടിനും പരാതി നൽകി. ശിശുക്ഷേമ സമിതിക്കും പരാതി നൽകി. ഇതൊന്നും ആദ്യം ആരും മൈൻഡ് ചെയ്തില്ല.

ഓഗസ്റ്റ് മാസത്തിലാണ് അച്ഛൻ ജയചന്ദ്രൻ പൊലീസിനെ അറിയിക്കുന്നത് കുഞ്ഞിനെ ശിശുക്ഷേമസമിതിയിൽ ഏൽപ്പിച്ചുവെന്ന്. അച്ഛൻ ഏൽപ്പിച്ചദിവസം കിട്ടിയ രണ്ടാമത്തെ കുട്ടിയുടെ ഡി.എൻ.എ പരിശോധന നടത്തിയപ്പോൾ മിസ്മാച്ചായിരുന്നു. അതും തട്ടിപ്പായിരുന്നു. യഥാർത്ഥ കുട്ടിയെ ആദ്യം പെൺകുട്ടിയെന്ന് രേഖപ്പെടുത്തിയതും കുതന്ത്രം. ഇതിനിടെയിൽ ഏഷ്യാനെറ്റ് ന്യൂസിൽ വാർത്ത വന്നു. മുറുനാടൻ അടക്കം വിഷയം ചർച്ചയാക്കി. ഇതോടെ സർക്കാരിന് ഉണരേണ്ടി വന്നു. വീണ്ടുമൊരു ഡിഎൻഎ പരിശോധന അതിനെ പ്രതീക്ഷയോടെ കാണുകയാണ് അനുപമ. അപ്പോഴും ഇത് അട്ടിമറിക്കുമോ എന്ന ഭീതിയും മനസ്സിലുണ്ടെന്നതാണ് വസ്തുത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP