Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മോഡലുകളുടെ അപകട മരണത്തിലെ നിർണായക തെളിവുകൾ നശിപ്പിച്ചു; കായലിൽ എറിഞ്ഞ ഹാർഡ് ഡിസ്‌ക്കിനായി പരിശോധന നടത്തും; ഡ്രൈവർ അബ്ദുൽ റഹ്മാന്റെ മൊഴി രേഖപ്പെടുത്തിയ അന്നു മുതൽ സൈജു തങ്കച്ചനും ഒളിവിൽ; അപകടത്തിൽ പെട്ട കാറിലും കൃത്രിമം നടന്നെന്ന് സംശയം; ബ്രേക്ക് ഫ്‌ളൂയിഡും ചോർന്നെന്ന് സംശയം

മോഡലുകളുടെ അപകട മരണത്തിലെ നിർണായക തെളിവുകൾ നശിപ്പിച്ചു; കായലിൽ എറിഞ്ഞ ഹാർഡ് ഡിസ്‌ക്കിനായി പരിശോധന നടത്തും; ഡ്രൈവർ അബ്ദുൽ റഹ്മാന്റെ മൊഴി രേഖപ്പെടുത്തിയ അന്നു മുതൽ സൈജു തങ്കച്ചനും ഒളിവിൽ; അപകടത്തിൽ പെട്ട കാറിലും കൃത്രിമം നടന്നെന്ന് സംശയം; ബ്രേക്ക് ഫ്‌ളൂയിഡും ചോർന്നെന്ന് സംശയം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പാലാരിവട്ടത്ത് മുൻ മിസ് കേരളയടക്കമുള്ളവർ കാറപടകത്തിൽ കൊല്ലപ്പെട്ട കേസിലെ നിർണായക തെളിവുകൾ നശിപ്പിക്കപ്പെട്ട നിലയിലാണ്. ഡിജെ പാർട്ടിനടന്ന നമ്പർ 18 ഹോട്ടലിലെ ഹാർഡ് ഡിസ്‌കാണ് നശിപ്പിച്ചക്കപ്പെട്ട തെളിവുകളിൽ പ്രധാനം. ഇത് കണ്ടെത്താൻ കായലിൽ പരിശോധന നടത്താൻ പൊലീസ് നീക്കം. ഹോട്ടലുടമ റോയിയുടെ നിർദേശപ്രകാരം ഹാർഡ് ഡിസ്‌ക് കായലിലെറിഞ്ഞുവെന്നാണ് ജീവനക്കാരുടെ മൊഴി. ഇത് സത്യമാണോ എന്നതിൽ അടക്കം സംശയം ഉണ്ട്.

ഹാർഡ് ഡിസ്‌ക് കണ്ടെടുക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് കായലിൽ തിരച്ചിൽ നടത്താനുള്ള പൊലീസ് നീക്കം നടത്തുന്നത്. ഒന്ന്, രണ്ട് നിലകളിലെ മുറികളിലേക്കുള്ള ഇടനാഴികളുടെയും പാർക്കിങ്ങിലെയും ഡിജെ പാർട്ടിനടന്ന ഹാളിലെയും ദൃശ്യങ്ങളാണ് ഈ ഹാർഡ് ഡിസ്‌കിലുള്ളത്. കേസിൽ ഏറെ നിർണായകമാണ് ഈ ദൃശ്യങ്ങൾ.

ഹോട്ടലുടമ റോയ് പറഞ്ഞതനുസരിച്ച് ഹോട്ടലിലെ ജീവനക്കാരനായ അനിൽ സിസിടിവി സർവീസ് നടത്തുന്ന മെൽവിൻ എന്നയാളോട് ഹാർഡ് ഡിസ്‌ക് അഴിക്കുന്നതെങ്ങനെയെന്ന് ചോദിച്ചു. വാട്‌സാപ്പിൽ ഹാർഡ് ഡിസ്‌കിന്റെ ചിത്രങ്ങളഴിച്ചു നൽകി. ഇതു നോക്കി ഹോട്ടലിലെ മറ്റൊരു ജീവനക്കാരനായ ലിൻസൻ ഹാർഡ് അഴിച്ചെടുത്ത് മറ്റൊന്ന് ഘടിപ്പിച്ചു. അഴിച്ചെടുത്ത ഹാർഡ് ഡിസ്‌ക് മെൽവിനു കൈമാറി.

മെൽവിനും മറ്റൊരു പ്രതിയായ വിഷ്ണുകുമാറും ചേർന്ന് ഈ ഹാർഡ് ഡിസ്‌ക് റോയിയുടെ വീടിനു സമീപത്ത് കണ്ണങ്കാട്ട് പാലത്തിൽനിന്ന് കായലിൽ എറിഞ്ഞുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. അപകടവുമായി നേരിട്ട് ബന്ധപ്പിക്കാവുന്ന തെളിവു ലഭിച്ചിട്ടില്ലെങ്കിലും ഹാർഡ് ഡിസ്‌ക് നശിപ്പിച്ചതെന്തിന് എന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു. ഇതു തിരിച്ചെടുത്താൽ മാത്രമേ കേസിലെ ദുരൂഹത നീക്കാനും കഴിയൂ. അതേസമയം, ഡിജെ പാർട്ടിയിൽ വിഐപികളോ, സിനിമാതാരങ്ങളോ, രാഷ്ട്രീയക്കാരോ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. ഇതുവരെ ശേഖരിച്ച മറ്റ് ഹാർഡ് ഡിസ്‌കുകളിൽ ഇത്തരത്തിലുള്ളവരുടെ ദൃശ്യങ്ങളില്ലെന്നാണ് പൊലീസ് പറയുന്നത്.

അപകടത്തിൽ പെട്ട കാറിലും കൃത്രിമം?

മോഡലുകൾ സഞ്ചരിച്ച കാറിൽ കൃത്രിമം നടന്നോ എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. കാർ അപകടത്തിൽ പെടുമെന്ന് ഉറപ്പുള്ളതു കൊണ്ടാണോ പിന്തുടർന്നത് എന്നത് അടക്കം പരിശോധിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. മോഡലുകളുടെ അപകടമരണത്തിന്റെ വസ്തുതകൾ പുറത്തുവരാൻ ഇവർ സഞ്ചരിച്ച കാറിന്റെ ഫൊറൻസിക് പരിശോധനയ്ക്ക് അന്വേഷണസംഘം ഒരുങ്ങുന്നത്. ഡ്രൈവർ മദ്യപിച്ചു വണ്ടിയോടിച്ചുണ്ടായ സാധാരണ അപകടമരണത്തേക്കാൾ ഗൗരവം കേസിനു ലഭിച്ചതോടെയാണു വൈകിയാണെങ്കിലും പൊലീസിന്റെ നീക്കം.

കൊല്ലപ്പെട്ട മോഡലുകൾ അടക്കം 4 പേർ സഞ്ചരിച്ച കാറോടിച്ചിരുന്ന തൃശൂർ മാള സ്വദേശി അബ്ദുൽ റഹ്മാൻ പരുക്കുകളോടെ രക്ഷപ്പെട്ടിരുന്നു. റഹ്മാന്റെ മൊഴികളിൽ പൊരുത്തക്കേടുണ്ടോയെന്നു കണ്ടെത്താൻ ഫൊറൻസിക് പരിശോധന നിർണായകമാണ്. ഓട്ടത്തിനിടയിൽ കാറിന്റെ ബ്രേക്ക് ഫ്‌ളൂയിഡ് ചോർന്നതായി സംശയമുണ്ട്. ഹോട്ടലിന്റെ പാർക്കിങ് യാഡിൽ ഈ കാർ കിടന്ന സ്ഥലത്തിന്റെ പരിശോധനയും നിർണായകമാണ്. ഇവിടെ വല്ല കൃത്രിമവും നടന്നോ എന്നതാണ് ഉയരുന്ന സംശയം.

മോഡലുകൾ പങ്കെടുത്ത പാർട്ടി നടന്ന ഫോർട്ട്‌കൊച്ചി നമ്പർ 18 ഹോട്ടലിലെ നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങൾ നശിപ്പിക്കപ്പെട്ട സാഹചര്യത്തിൽ സംഭവം നടന്ന ഒക്ടോബർ 31നു രാത്രിയിൽ ഹോട്ടലിൽ ഉണ്ടായിരുന്ന മുഴുവൻ പേരുടെയും മൊഴി രേഖപ്പെടുത്താനുള്ള നീക്കത്തിലാണു ക്രൈംബ്രാഞ്ച്.

പാർട്ടി നടന്ന സമയം ഹോട്ടലിലെ മുറികളിലൊന്നിൽ വിഐപി താമസിച്ചിരുന്നെന്ന വാർത്ത പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഈ വിഐപി ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണെന്ന റിപ്പോർട്ടുകൾ ശക്തമാണ്. ഈ ഉദ്യോഗസ്ഥന്റെ സാന്നിധ്യം മറയ്ക്കുന്നതിനാണു ഹോട്ടലുടമ റോയ് നിരീക്ഷണ ക്യാമറ ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്‌കുകൾ നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയതെന്നും സൂചനയുണ്ട്.

സൈജു തങ്കച്ചൻ ഒളിവിൽ

അതേസമയം മോഡലുകൾ സഞ്ചരിച്ച കാറിനെ പിന്തുടർന്ന കാറിലെ ഡ്രൈവർ സൈജു തങ്കച്ചൻ ഒളിവിലാണ്. കാർ ഓടിച്ചിരുന്ന അബ്ദുൽ റഹ്മാന്റെ മൊഴി രേഖപ്പെടുത്തിയ അന്നു മുതൽ ഒളിവിൽ പോയ സൈജു തങ്കച്ചനെ കണ്ടെത്തിയിട്ടില്ല. സൈജു പിൻതുടർന്നതു കൊണ്ടാണു കാറിന്റെ വേഗം വർധിപ്പിക്കേണ്ടിവന്നതെന്നാണു റഹ്മാന്റെ മൊഴി. കാർ തടഞ്ഞുനിർത്തിയ സൈജു മോഡലുകളെ അന്നു രാത്രി തന്റെ വീട്ടിൽ തങ്ങാൻ നിർബന്ധിച്ചതായും മൊഴിയുണ്ട്. സൈജുവിനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല. റഹ്മാന്റെയും സൈജുവിന്റെയും മൊഴികൾ കേസിന്റെ അന്വേഷണത്തിൽ ഏറെ നിർണായകമാണ്.

നേരത്തെ വഞ്ചനാക്കുറ്റത്തിന് മുംബൈ മലയാളി സൈജുവിനെതിരെ നൽകിയ പരാതി ഉന്നതർ ഇടപെട്ട് മുക്കിയെന്നാണ് റിപ്പോർട്ടും പുറത്തുവന്നിരുന്നു. 10 ലക്ഷം രൂപ യുവതിയിൽ നിന്ന് കടം വാങ്ങിയ സൈജു ഈ പണം ലഹരി ഇടപാടിനാണ് ഉപയോഗിച്ചത്. കൊച്ചിയിലേക്ക് ഈ പണം ഉപയോഗിച്ച് ലഹരി കടത്തിയെന്ന് തിരിച്ചറിഞ്ഞതോടെ യുവതി പണം തിരികെ ആവശ്യപ്പെട്ടു. ഇതോടെ സൈജു ഭീഷണിപ്പെടുത്തുകയായിരുന്നു. പൊലീസിൽ പരാതിപ്പെട്ടെങ്കിലും കേസ് പോലും രജിസ്റ്റർ ചെയ്തില്ലെന്നുമാണ് ആക്ഷേപമുള്ളത്.

സൈജുവിൽ നിന്ന് പണം വാങ്ങാൻ യുവതി രണ്ട് തവണ കൊച്ചിയിൽ എത്തിയിരുന്നു. ജീവൻ അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞതോടെ ഇവർ മുംൈബയിലേക്ക് മടങ്ങി. പൊലീസും യുവതിയുടെ പരാതി അന്വേഷിച്ചില്ല. സൈജുവിന് ലഹരികടത്തുമാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നത് സാധൂകരിക്കുന്ന തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മോഡലുകൾ കൊല്ലപ്പെട്ട അപകടത്തിൽ നിന്ന് രക്ഷപെട്ട അബ്ദുൽ റഹ്മാനാണ് വാഹനത്തെ മറ്റൊരു വാഹനം ഹോട്ടലിൽ നിന്ന് ഇറങ്ങിയപ്പോൾ മുതൽ പിന്തുടർന്നിരുന്നുവെന്ന് പൊലീസിനോട് വെളിപ്പെടുത്തിയത്. ഈ മൊഴി പുറത്ത് വന്നതോടെ സൈജു ഒളിവിൽ പോയി. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷയും സമർപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP