Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചൈനീസ് മുൻ ഉപപ്രധാനമന്ത്രി പീഡിപ്പിച്ചെന്ന് ആരോപിച്ചു; പിന്നാലെ ടെന്നീസ് താരം പെങ് ഷുവായി അപ്രത്യക്ഷയായി; എവിടെയെന്ന ചോദ്യവുമായി കായികലോകം; അന്വേഷണം വേണമെന്ന് യുഎൻ; അറിയില്ലെന്ന് ചൈന; വിവാദങ്ങൾ ഉയരവെ വീട്ടിൽ സുരക്ഷിതയെന്ന മറുപടിയുമായി ഗ്ലോബൽ ടൈംസ്

ചൈനീസ് മുൻ ഉപപ്രധാനമന്ത്രി പീഡിപ്പിച്ചെന്ന് ആരോപിച്ചു; പിന്നാലെ ടെന്നീസ് താരം പെങ് ഷുവായി അപ്രത്യക്ഷയായി; എവിടെയെന്ന ചോദ്യവുമായി കായികലോകം; അന്വേഷണം വേണമെന്ന് യുഎൻ; അറിയില്ലെന്ന് ചൈന; വിവാദങ്ങൾ ഉയരവെ വീട്ടിൽ സുരക്ഷിതയെന്ന മറുപടിയുമായി ഗ്ലോബൽ ടൈംസ്

ന്യൂസ് ഡെസ്‌ക്‌

തായ്പെയ് (തയ്വാൻ): ചൈനയുടെ മുൻ ഉപപ്രധാനമന്ത്രി സാങ് ഗാവൊലിക്കെതിരേ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചതിന് പിന്നാലെ ടെന്നീസ് താരം പെങ് ഷുവായി അപ്രത്യക്ഷയായതിൽ ചോദ്യമുന്നയിച്ച് കായിക ലോകത്തെ പ്രമുഖർ അടക്കം രംഗത്ത് വന്നതിന് പിന്നാലെ താരം സുരക്ഷിതയെന്ന വെളിപ്പെടുത്തലുമായി ചൈനീസ് ദേശീയ മാധ്യമമായ ഗ്ലോബൽ ടൈംസ്.

പ്രശസ്ത ടെന്നീസ് താരങ്ങളായ നൊവാക് ദ്യോകോവിച്ച്, സെറീന വില്ല്യംസ്, നവോമി ഒസാക, കോകോ ഗാഫ്, കിം ക്ലിസ്റ്റേഴ്സ്, സിമോണ ഹാലെപ്, ആൻഡി മറെ, പെട്രൊ ക്വിറ്റോവ തുടങ്ങിയ താരങ്ങളാണ് ഷുവായിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്. 'പെങ് ഷുവായി എവിടെ' എന്ന ഹാഷ്ടാഗിലാണ് താരത്തെ കണ്ടെത്താനുള്ള കാമ്പയിൻ നടക്കുന്നത്.

പെങ്ങിന്റെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ ടെന്നീസ് അസോസിയേഷനും (ഡബ്ല്യുടിഎ) രംഗത്തെത്തിയിരുന്നു. നടപടി ഉണ്ടായില്ലെങ്കിൽ ചൈനയിൽ ഡബ്ല്യുടിഎ ടൂർണമെന്റുകൾ നടത്തില്ലെന്ന് രാജ്യാന്തര ടെന്നീസ് ഫെഡറേഷൻ വക്താവ് ഹീഥർ ബോളർ വ്യക്തമാക്കി.

മുപ്പത്തിയഞ്ചുകാരിയായ പെങ് ഷുവായി എവിടെ എന്ന ചോദ്യവുമായി യുഎന്നും യുഎസും രംഗത്തെത്തി. എന്നാൽ സാങ് ഗാവൊലിക്കെതിരെ ലൈംഗിക ആരോപണത്തെ കുറിച്ചും പെങ്ങിന്റെ തിരോധാനത്തെ കുറിച്ചും അറിയില്ല എന്നായിരുന്നു ചൈനയുടെ പ്രതികരണം. സിഎൻഎൻ ഉൾപ്പടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

പെങ് ജീവിച്ചിരിക്കുന്നതിന് തെളിവ് പുറത്തുവിടണമെന്ന് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. പെങ്ങിന്റെ ജീവനിൽ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കനത്ത ആശങ്ക പ്രകടിപ്പിച്ചു. അതേസമയം 73കാരനായ ചൈനീസ് നേതാവിനെതിരായ ആരോപണങ്ങളിൽ സുതാര്യമായ അന്വേഷണം വേണമെന്നാണ് യുഎന്നിന്റെ ആവശ്യം. പെങ് അപ്രത്യക്ഷയായ സംഭവത്തെ തുടർന്ന് ചൈന വേദിയാവുന്ന ടൂർണമെന്റുകൾ പിൻവലിക്കും എന്നാണ് വനിതാ ടെന്നീസ് അസോസിയേഷന്റെ പ്രതികരണം.

വിവാദങ്ങളെ കുറിച്ച് അറിയില്ല എന്നാണ് ചൈനീസ് പ്രതികരണം. നയതന്ത്രപരമായ ചോദ്യമല്ലെന്നും വിഷയത്തേക്കുറിച്ച് അറിയില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ പെങ് ഷുവായി സുരക്ഷിതയാണെന്നും പൊതുവേദിയിൽ ഉടൻ പ്രത്യക്ഷപ്പെടുമെന്നും ചൈനീസ് ദേശീയ മാധ്യമമായ ഗ്ലോബൽ ടൈംസിന്റെ എഡിറ്റർ ഇൻ ചീഫ് ഹു ഷിൻജിൻ പ്രതികരിച്ചു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക മാധ്യമമായ പീപ്പിൾസ് ഡെയ്ലിക്ക് കീഴിലുള്ള പത്രമാണ് ദ് ഗ്ലോബൽ ടൈംസ്.

ഇതിനിടെയാണ് പെങ് ഷുവായി സുരക്ഷിതമാണെന്ന് നാടകീയമായി ചൈനീസ് ദേശീയ മാധ്യമമായ ഗ്ലോബൽ ടൈംസ് വ്യക്തമാക്കിയത്. അധികം വൈകാതെ താരം പൊതുജനമധ്യത്തിൽ പ്രത്യക്ഷപ്പെടുമെന്നും അവർ സ്വന്തം വീട്ടിൽ സുരക്ഷിതയായി കഴിയുന്നുണ്ടെന്നും ഗ്ലോബൽ ടൈംസിന്റെ എഡിറ്റർ ഇൻ ചീഫ് ഹു ഷിൻജിൻ വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു ഷിൻജിന്റെ പ്രതികരണം.

നവംബർ രണ്ടിന് ചൈനീസ് സാമൂഹ്യമാധ്യമായ വെയ്‌ബോ വഴിയാണ് സാങ് ഗാവൊലിക്കെതിരെ ലൈംഗിക ആരോപണം പെങ് ഷുവായി ഉന്നയിച്ചത്. പോസ്റ്റ് ഉടൻ വെയ്ബോയിൽ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ വിവാദം വലിയ ചർച്ചയാവാതിരിക്കാൻ ഇന്റർനെറ്റിൽ കനത്ത സെൻസറിങ് നടന്നു എന്നാണ് വിദേശ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ. 2018-ൽ വിരമിച്ച 75-കാരനായ സാങ് ഇപ്പോൾ രാഷ്ട്രീയരംഗത്തില്ല.

ചൈനയിലെ ഏറ്റവും പ്രശസ്തയായ കായികതാരങ്ങളിലൊരാളാണ് പെങ് ഷുവായി. ലോക മുൻ ഒന്നാം നമ്പർ ടെന്നീസ് ഡബിൾസ് താരമാണ്. ഒന്നാം റാങ്കിലെത്തിയ ആദ്യ ചൈനീസ് താരം എന്ന നേട്ടം പെങ്ങിനുണ്ട്. മൂന്നു ഒളിമ്പിക്സിൽ പങ്കെടുത്ത 35-കാരിയായ പെങ് ഷുവായി രണ്ട് ഗ്രാൻസ്ലാം ഡബിൾസ് കിരീടങ്ങൾ നേടിയിട്ടുണ്ട്.

2014-ൽ ഫ്രഞ്ച് ഓപ്പണും 2013-ൽ വിംബിൾഡണും നേടി. സിംഗിൾസിൽ 2014 യു.എസ്.ഓപ്പൺ സെമി ഫൈനലിൽ എത്തിയതാണ് ഏറ്റവും മികച്ച നേട്ടം. സിംഗിൾസ് ലോക റാങ്കിങ്ങിൽ 14-ാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. ഡബിൾസിൽ ലോക ഒന്നാം നമ്പർ താരവുമായിരുന്നു. ഏഷ്യൻ ഗെയിംസിൽ രണ്ട് സ്വർണവും ഒരു വെങ്കലവും സ്വന്തമാക്കിയിരുന്നു. കരിയറിലാകെ രണ്ട് സിംഗിൾസും 22 ഡബിൾസ് കിരീടങ്ങളുമുയർത്തി. 2010ലെ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടി. മൂന്ന് ഒളിംപിക്‌സിൽ പങ്കെടുത്തതും സവിശേഷതയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP