Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'മണ്ണിൽ പൊന്നുവിളയിക്കുന്നവരാണു ഞങ്ങൾ; മോദിയല്ല ആരു മുന്നിൽ നിന്നാലും കുലുങ്ങില്ല'; രാഷ്ട്രീയക്കാരെ 'അകറ്റി നിർത്തിയുള്ള' സമരത്തിൽ വിജയം കണ്ടത് കർഷകരുടെ നിശ്ചയദാർഢ്യം; സമര മുഖത്ത് അരങ്ങേറിയത് ഒട്ടേറെ നാടകീയ സംഭവങ്ങൾ

'മണ്ണിൽ പൊന്നുവിളയിക്കുന്നവരാണു ഞങ്ങൾ; മോദിയല്ല ആരു മുന്നിൽ നിന്നാലും കുലുങ്ങില്ല'; രാഷ്ട്രീയക്കാരെ 'അകറ്റി നിർത്തിയുള്ള' സമരത്തിൽ വിജയം കണ്ടത് കർഷകരുടെ നിശ്ചയദാർഢ്യം; സമര മുഖത്ത് അരങ്ങേറിയത് ഒട്ടേറെ നാടകീയ സംഭവങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 'മണ്ണിൽ പൊന്നുവിളയിക്കുന്നവരാണു ഞങ്ങൾ; മോദിയല്ല ആരു മുന്നിൽ നിന്നാലും കുലുങ്ങില്ല' കൃഷി നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനമെത്തിയതോടെ ഉറച്ച ശബ്ദത്തിൽ സമരമുഖത്തെ കർഷകരുടെ വാക്കുകൾ. തണുത്തുറയുന്ന കാലാവസ്ഥയെ അതിജീവിച്ച് തെരുവിലെ സമരത്തിൽ ഇത്ര നാൾ പിടിച്ചുനിൽക്കുമെന്ന ചോദ്യത്തിന് ഒരു വർഷത്തോളം നീണ്ട ചെറുത്ത് നിൽപ്പിലൂടെ മറുപടി നൽകിയ കർഷകരുടെ നിശ്ചയദാർഢ്യമാണ് ഒടുവിൽ വിജയം കണ്ടത്.

കാർഷിക നിയമത്തിനെതിരെ കർഷകരുടെ അടിയുറച്ച പോരാട്ടവീര്യത്തിനു മുന്നിൽ കേന്ദ്രം ചുവടുമാറ്റിയതോടെ ഒരു വർഷത്തോടടുക്കുന്ന ജനകീയ മുന്നേറ്റത്തിന് ഇത് ഐതിഹാസിക വിജയനിമിഷമാണ് ഉണ്ടായത്.

'ചരിത്രപരമായ നിയമ നിർമ്മാണം' എന്നാണ് മൂന്ന് കാർഷിക നിയമങ്ങളെ കേന്ദ്രസർക്കാരും ബിജെപിയും വിശേഷിപ്പിച്ചിരുന്നത്. മോദി സർക്കാരിന്റെ ഏറ്റവും ജനക്ഷേമകരമായ തീരുമാനമെന്നായിരുന്നു തുടക്കത്തിലെ പ്രചാരണം. കർഷക സമരം ഒരാണ്ടു പിന്നിടുമ്പോൾ ചില സംസ്ഥാനങ്ങളിലെ വോട്ടാണു 'ജനക്ഷേമത്തെക്കാൾ' പ്രധാനം എന്ന തിരിച്ചറിവിലാണ് കേന്ദ്രസർക്കാരും പാർട്ടിയും ഒടുവിൽ എത്തിനിൽക്കുന്നത്. അതേസമയം, ഏതു സമയത്തും എവിടെയും തിരഞ്ഞെടുപ്പിനൊരുങ്ങി നിൽക്കുന്ന പാർട്ടിയെന്ന വിശേഷണം അന്വർഥമാക്കുന്ന രാഷ്ട്രീയ നീക്കം കൂടിയായെ ഇതിനെ കാണാനാകു.

സർവ സന്നാഹങ്ങളുമെടുത്താണ് പാർട്ടി കൃഷി നിയമങ്ങളെ പിന്തുണച്ചു കൊണ്ടിരുന്നത്. അതിനെതിരെയുള്ള നീക്കങ്ങൾ ഒരു വിഭാഗത്തിന്റേതു മാത്രമാണെന്നും അതിനു പിന്നിൽ കോൺഗ്രസും പ്രതിപക്ഷവുമാണെന്നുമായിരുന്നു ആദ്യ ആരോപണം.

പിന്നീട് രാജ്യാന്തരതലത്തിൽ ഇന്ത്യയുടെ പ്രതിഛായ തകർക്കാനുള്ള ബോധപൂർവ ശ്രമമാണെന്നായി പ്രചാരണം. ഖലിസ്ഥാൻ വാദികളാണ് സമരത്തിനു പിന്നിലെന്ന് ആരോപണമുയർത്തി. പ്രധാനമന്ത്രി മോദിയുടെ അഭിമാന പ്രശ്‌നമായാണ് കൃഷി നിയമങ്ങളെ പാർട്ടി കണ്ടിരുന്നത്. നിലപാടിൽ അയവു വന്നപ്പോഴും രണ്ട് വർഷത്തേക്ക് മരവിപ്പിക്കാമെന്നും നടപ്പാക്കാതിരിക്കാനാവില്ലെന്നും വ്യക്തമാക്കി.

നിയമം പിൻവലിക്കും വരെ പോരാടുമെന്ന കർഷകരുടെ നിശ്ചയദാർഢ്യം ഒടുവിൽ വിജയം കാണുമ്പോൾ രാഷ്ട്രീയ മുതലെടുപ്പിന് എത്തിയ രാഷ്ട്രീയ നേതാക്കളെയും പാർട്ടികളെയും പടിക്ക് പുറത്ത് നിർത്തി കാർഷിക വൃത്തിക്കായി പോരാടിയവരുടെ വിജയം കൂടിയായി ഇത് മാറുന്നു. സമരപന്തൽ ഒരു രാഷ്ട്രീയ പാർട്ടിയുടേയും സ്വാധീന വേദിയാകാതെ ഒന്നിച്ച് പോരാടാനായതാണ് കർഷകരുടെ വിജയത്തിന് മധുരമേറുന്നത്.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളാണ് കാർഷിക നിയമം പിൻവലിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന് വ്യക്തമാണ്. ഉത്തർപ്രദേശ് ബിജെപിയുടെ മുഖ്യലക്ഷ്യമാണ്. 80 ലോക്‌സഭാ സീറ്റുകളും 403 നിയമസഭാ സീറ്റുകളുമുള്ള യുപിയിൽ ബിജെപി ഭരണം തുടർന്നേക്കാമെങ്കിലും 100 സീറ്റെങ്കിലും കുറയുമെന്നാണു തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങുന്നതിനു മുൻപേയുള്ള സർവേ ഫലങ്ങൾ പറയുന്നത്. തിരഞ്ഞെടുപ്പാവുമ്പോഴേക്ക് ഇതെങ്ങിനെ മാറി മറിയുമെന്നുറപ്പില്ല. ഒരവസരവും എതിരാളികൾക്കു നൽകാൻ പാർട്ടിക്കു താൽപര്യമില്ല.

ജാട്ട്മുസ്ലിം വിഭാഗങ്ങൾ തമ്മിലുള്ള വിരോധമാണ് ബിജെപിക്ക് വിജയ വഴിയൊരുക്കിയത്. കർഷക സമരം ആളിക്കത്തിയതോടെ ഈ വിഭാഗങ്ങൾ ഒരുമിച്ച് കർഷക റാലികളിൽ പങ്കെടുത്തു തുടങ്ങിയത് അപായ മണിയായി ആർഎസ്എസ് മുന്നറിയിപ്പു നൽകി. കിഴക്കൻ യുപിയിലെ സരായ് മേഖലയിൽ ലഖിംപുർ ഖേരി വിഷയവും സാധാരണ കർഷകരിൽ ബിജെപി വിരോധമുണ്ടാക്കി. പടിഞ്ഞാറൻ യുപിയിലെ 70 സീറ്റുകളിൽ മാത്രമല്ല, കിഴക്കോട്ടും കർഷക രോഷം വ്യാപിക്കുന്നതു ദോഷം ചെയ്യുമെന്ന് പാർട്ടി തിരിച്ചറിഞ്ഞു.

ഹരിയാനയിലും ഹിമാചലിലും രാജസ്ഥാനിലും കൃഷി നിയമങ്ങളോടുള്ള രോഷം ഉപതിരഞ്ഞെടുപ്പുകളിൽ വലിയ നഷ്ടമുണ്ടാക്കി. രാജസ്ഥാനിൽ രണ്ടിടത്ത് രണ്ടാംസ്ഥാനം പോലും നേടാനായില്ല. ഹിമാചലിൽ ഒരു ലോക്‌സഭാ സീറ്റടക്കം നാലിടത്ത് തോറ്റു. ഹരിയാനയിലും തോൽവി നേരിട്ടു.

ഒപ്പം ബിജെപിക്കാരെ പുറത്തിറങ്ങാൻ അനുവദിക്കാത്ത വിധം സിഖുകാരുടെ രോഷം പാർട്ടിക്കെതിരെ തിരിഞ്ഞതും പുനരാലോചനയ്ക്ക് കാരണമായി. ലഖിംപുർ ഖേരി സംഭവത്തോടെ അത് ഇരട്ടിച്ചു. പഞ്ചാബിൽ ഇപ്പോൾ ചിത്രത്തിലില്ലെങ്കിലും അവിടെയും കോൺഗ്രസിനൊരു പ്രതീക്ഷ കൊടുക്കരുതെന്ന ദൃഢനിശ്ചയം പാർട്ടിക്കുണ്ട്. കോൺഗ്രസ് വിട്ടു വന്ന അമരീന്ദറിന്റെ ജനപ്രീതി മുതലെടുക്കണമെങ്കിൽ കൃഷി നിയമങ്ങൾ ഒഴിവാക്കിയേ മതിയാകുമായിരുന്നുള്ളൂ.

ഇനി വേണമെങ്കിൽ എൻഡിഎ വിട്ടു പോയ അകാലിദളിനും ബിജെപിക്കൊപ്പം ചേരുന്നതിൽ വിഷമമുണ്ടാകില്ല. സിഖ് മതസ്ഥാപകനായ ഗുരു നാനാക്കിന്റെ ജയന്തി ദിനത്തിൽത്തന്നെ പ്രഖ്യാപനം നടത്തിയതിനും അതിനെ പാർട്ടിയുടെ പ്രചാരക സംഘങ്ങൾ വാഴ്‌ത്തുന്നതും സിഖ് സമുദായത്തിന്റെ പ്രീതി ലക്ഷ്യമിട്ടു തന്നെയാണ്. അടുത്ത വർഷം തിരഞ്ഞെടുപ്പു നടക്കുന്ന ഉത്തരാഖണ്ഡിലും സിഖ് സ്വാധീനം ഏറെയാണ്.

മുട്ടുമടക്കാത്ത നേതാവ് എന്ന മോദിയുടെ പ്രതിഛായയ്ക്ക് നേരിയ മങ്ങലേൽക്കുമെങ്കിലും പ്രതിപക്ഷത്തിന്റെ വലിയൊരു രാഷ്ട്രീയ ആയുധമില്ലാതാക്കിയ 'മാസ്റ്റർ സ്‌ട്രോക്ക്' ആയാണ് ബിജെപി കൃഷി നിയമങ്ങൾ പിൻവലിച്ചതിനെ കാണുന്നത്. ചിതറിക്കിടക്കുന്ന പ്രതിപക്ഷം ഈ പിന്മാറ്റത്തിൽനിന്ന് ആവേശമുൾക്കൊള്ളുമോ എന്ന ആശങ്ക അത്ര ഗൗരവമായി നേതൃത്വം എടുത്തിട്ടുമില്ല.

നാടകീയ സംഭവങ്ങൾ. 

2020 മെയ്‌ 15: നിയമപരിഷ്‌കരണം സംബന്ധിച്ചു ധനമന്ത്രി നിർമല സീതാരാമന്റെ പ്രഖ്യാപനം. ജൂൺ 5: ഓർഡിനൻസ് രാഷ്ട്രപതി വിജ്ഞാപനം ചെയ്തു. സെപ്റ്റംബർ 14: മൂന്നു ബില്ലുകളും ലോക്‌സഭയിൽ. സെപ്റ്റംബർ 15: അവശ്യവസ്തു ഭേദഗതി ബിൽ 2020 ലോക്‌സഭ പാസാക്കി.

സെപ്റ്റംബർ 17: കാർഷികോൽപന്ന വ്യാപാര വാണിജ്യ ബിൽ, കർഷക (ശാക്തീകരണ, സംരക്ഷണ) ബിൽ എന്നിവയും ലോക്‌സഭ പാസാക്കി. ശിരോമണി അകാലിദൾ നേതാവും കേന്ദ്ര ഭക്ഷ്യ സംസ്‌കരണ മന്ത്രിയുമായ ഹർസിമ്രത് കൗർ ബാദൽ രാജിവച്ചു.

കർഷകർ സമരത്തിലേക്ക്
സെപ്റ്റംബർ 28: നിയമത്തിനെതിരെ ഇന്ത്യാ ഗേറ്റിനു സമീപം കോൺഗ്രസ് പ്രവർത്തകർ ട്രാക്ടർ കത്തിച്ചു പ്രതിഷേധിച്ചു. നവംബർ 24: ഡൽഹി ലക്ഷ്യമിട്ടുള്ള 'ഡൽഹി ചലോ' പ്രക്ഷോഭം അഖിലേന്ത്യാ കർഷക സമര ഏകോപന സമിതി പ്രഖ്യാപിച്ചു. നവംബർ 26 27: കർഷകരെ ഡൽഹി അതിർത്തിയിൽ പൊലീസ് തടഞ്ഞു. പലയിടത്തും സംഘർഷം. നവംബർ 27: 'ഡൽഹി ചലോ' കർഷക മുന്നേറ്റത്തിനു ഡൽഹിയിലേക്കു കടക്കാൻ അനുമതി. ലക്ഷത്തിലേറെ കർഷകർ ഡൽഹിയിലേക്കുള്ള കവാടങ്ങളിൽ. നവംബർ 29 : കർഷക സംഘടനകൾ അതിർത്തികളിൽ കുത്തിയിരിപ്പു സമരം ശക്തമാക്കി. നിരങ്കാരി മൈതാനത്തേക്കു സമരം മാറ്റിയാൽ ചർച്ചയ്ക്കു തയാറാണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാഗ്ദാനം തള്ളി.

ഡിസംബർ 1: കേന്ദ്ര സർക്കാരുമായുള്ള ചർച്ച പരാജയം. ഡിസംബർ 5: ചർച്ച വീണ്ടും അലസിപ്പിരിഞ്ഞു. ഡിസംബർ 8: ഭാരത് ബന്ദ്. കർഷക സംഘടനാനേതാക്കളും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുത്ത അടിയന്തര യോഗം അലസിപ്പിരിഞ്ഞു. ഡിസംബർ 9: കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറുമായി വീണ്ടും ചർച്ച. കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച 7 വാഗ്ദാനങ്ങളും കർഷകർ തള്ളി. ഡിസംബർ 11: പ്രക്ഷോഭം അവസാനിപ്പിച്ചു ചർച്ചയ്ക്കു തയാറാകണമെന്ന പ്രധാനമന്ത്രിയുടെ ആവശ്യം കർഷകർ തള്ളി.

ഡിസംബർ 12: ഹരിയാനയിൽ ടോൾ ബൂത്തുകൾ പിടിച്ചെടുത്തു. ഡിസംബർ 17: കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് സിഖ് ആത്മീയാചാര്യൻ ബാബാ റാം സിങ് ജീവനൊടുക്കി. ഡിസംബർ 24: ആറാം ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞു. 2021 ജനുവരി 4: കേന്ദ്ര സർക്കാരും 40 കർഷക സംഘടനകളും തമ്മിൽ നടത്തിയ ഏഴാം ചർച്ചയും പരാജയം. ജനുവരി 7: ഡൽഹി അതിർത്തികളിൽ 3000 ട്രാക്ടറുകളുമായി കർഷക റാലി.

ജനുവരി 8: എട്ടാം ചർച്ചയും പരാജയം ജനുവരി 12: 3 കൃഷി നിയമങ്ങൾക്കും സുപ്രീം കോടതിയുടെ സ്റ്റേ. കോടതിക്കു റിപ്പോർട്ട് നൽകാൻ നാലംഗ സമിതിയെ നിയോഗിച്ചു. ജനുവരി 26: റിപ്പബ്ലിക് ദിനത്തിലെ കിസാൻ പരേഡ് സംഘർഷം. ഒരു കർഷകൻ ട്രാക്ടർ മറിഞ്ഞു മരിച്ചു. ചെങ്കോട്ടയിൽ ചിലർ സിഖ് പതാകകൾ ഉയർത്തി. ഫെബ്രുവരി 14 : കർഷകപ്രക്ഷോഭത്തെ പിന്തുണച്ചുള്ള 'ടൂൾകിറ്റ്' എന്ന പേരിൽ ഗ്രേറ്റ ട്യുൻബെർഗ് പങ്കുവച്ച മാർഗരേഖയുടെ പേരിൽ യുവ പരിസ്ഥിതി പ്രവർത്തക ദിശ രവിയെ (21) ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.

മാർച്ച് 26: ഭാരത് ബന്ദ്. ജൂലൈ 22: ജന്തർ മന്തറിൽ കർഷകരുടെ 'കിസാൻ പാർലമെന്റ്'. സെപ്റ്റംബർ 27: കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ് ഭാഗികം. ഒക്ടോബർ 3: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ പ്രതിഷേധിച്ച കർഷകർക്കിടയിലേക്കു കാറുകൾ ഇടിച്ചുകയറ്റിയതിനെത്തുടർന്നു 4 പേരും ഈ കാറുകൾ കത്തിച്ചതോടെ മറ്റു 4 പേരും കൊല്ലപ്പെട്ടു. കാറുകളിലൊന്ന് ഓടിച്ചിരുന്നതു കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്രയാണെന്നു കർഷകർ ആരോപിച്ചു.

ഒക്ടോബർ 9: ലഖിംപുർ ഖേരി കേസിൽ ആശിഷ് മിശ്ര അറസ്റ്റിൽ. ഒക്ടോബർ 28: ഡൽഹി ഹരിയാന അതിർത്തിയിലെ തിക്രിയിൽ, കർഷക പ്രക്ഷോഭത്തിൽ പങ്കെടുത്ത സ്ത്രീകൾക്കു മേൽ ട്രക്ക് ഇടിച്ചുകയറി 3 പേർ മരിച്ചു. നവംബർ 19: വിവാദ കൃഷി നിയമങ്ങൾ പിൻവലിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം.

മലയാളികൾ അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അണിനിരന്ന കർഷകരുടെ വിജയമാണ് ഡൽഹിയിൽ കണ്ടത്. കർഷക പ്രക്ഷോഭം നയിച്ച കർഷക സംഘടനാ പ്രമുഖ നേതാക്കൾ

രാകേഷ് ടികായത്ത് ഭാരതീയ കിസാൻ യൂണിയൻ ദേശീയ വക്താവ്. പ്രക്ഷോഭത്തിലെ മുൻനിര പോരാളി. ഡൽഹി പൊലീസിൽ കോൺസ്റ്റബിളായിരുന്ന ടികായത്ത്, പടിഞ്ഞാറൻ യുപിയിൽ പ്രക്ഷോഭത്തിനായി കർഷകരെ അണിനിരത്തി.

ഡോ. ദർശൻ പാൽ കർഷക സംഘടനകളെ ഒന്നിപ്പിക്കുന്നതിനു പിന്നിലെ ശക്തിയാണ് ഈ റിട്ട. ഡോക്ടർ. പഞ്ചാബ് മെഡിക്കൽ സർവീസിൽ നിന്ന് 2002ൽ രാജിവച്ചു കൃഷിയിലേക്കിറങ്ങിയ അദ്ദേഹം ക്രാന്തികാരി കിസാൻ യൂണിയനു തുടക്കമിട്ടു.

ശിവ് കുമാർ കക്കാജി രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കൺവീനർ. 2012ൽ മധ്യപ്രദേശിൽ സമരത്തിനു നേരെയുണ്ടായ പൊലീസ് വെടിവയ്പിൽ പരുക്കേറ്റു. അടിയന്തരാവസ്ഥക്കാലത്തു ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഉറച്ച നിലപാടുകളിലൂടെ ചർച്ചകളിൽ കേന്ദ്രത്തെ കടന്നാക്രമിക്കുന്നവരിൽ മുന്നിൽ.

ജൊഗീന്ദർ സിങ് ഉഗ്രാഹ പഞ്ചാബിലെ ഏറ്റവും കരുത്തുറ്റ കർഷക നേതാക്കളിലൊരാൾ. ഭാരതീയ കിസാൻ യൂണിയൻ (ഉഗ്രാഹ വിഭാഗം) നേതാവ്. കരസേനയിൽ നിന്നു വിരമിച്ച ശേഷം 2002ലാണു കർഷക സംഘടനയ്ക്കു രൂപം നൽകിയത്.

ബൽബീർ സിങ് രജേവാൾ: പഞ്ചാബിലെ ഭാരതീയ കിസാൻ യൂണിയൻ (രജേവാൾ വിഭാഗം) പ്രസിഡന്റ്. കർഷകർക്കിടയിലെ തന്ത്രജ്ഞൻ.

ഗുർനാം സിങ് ചദുനി ഭാരതീയ കിസാൻ യൂണിയൻ ഹരിയാന പ്രസിഡന്റ്. ഹരിയാനയിൽ നിന്ന് ആയിരക്കണക്കിനു കർഷകരെ പ്രക്ഷോഭത്തിൽ അണിനിരത്തുന്നതിൽ നിർണായക പങ്ക്.

ഹനൻ മോള്ള സിപിഎം പൊളിറ്റ് ബ്യൂറോ അംഗം, കിസാൻ സഭ ജനറൽ സെക്രട്ടറി. വിവാദ കൃഷി നിയമങ്ങൾക്കെതിരെ ഡൽഹിയിലെ പ്രതിഷേധങ്ങൾക്കു നേതൃത്വം നൽകി. കർഷക സംഘടനകളെ ഏകോപിപ്പിക്കുന്നതിനു ചുക്കാൻ പിടിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP