Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഇന്ത്യയിൽ അലോപ്പതി വന്നിട്ട് 250 കൊല്ലമായി; ഈ കാലത്തിനിടയിൽ ഇന്ത്യക്കാർ അലോപ്പതിയിൽ ഒരു കണ്ടുപിടിത്തം നടത്തിയോ?; ആയുർവേദവും അലോപ്പതിയും തമ്മിലുള്ള ശത്രുത അറിവില്ലായ്മ'; അലോപ്പതി ചികിത്സ മതിയാക്കി ഡോ. എം.എസ്. വല്യത്താൻ

'ഇന്ത്യയിൽ അലോപ്പതി വന്നിട്ട് 250 കൊല്ലമായി; ഈ കാലത്തിനിടയിൽ ഇന്ത്യക്കാർ അലോപ്പതിയിൽ ഒരു കണ്ടുപിടിത്തം നടത്തിയോ?; ആയുർവേദവും അലോപ്പതിയും തമ്മിലുള്ള ശത്രുത അറിവില്ലായ്മ'; അലോപ്പതി ചികിത്സ മതിയാക്കി ഡോ. എം.എസ്. വല്യത്താൻ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: അലോപ്പതി ചികിത്സാ രംഗത്തോട് പൂർണമായും വിടപറഞ്ഞ് ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയുടെ സ്ഥാപക ഡയറക്റ്ററും ലോക പ്രശസ്ത കാർഡിയാക് സർജനുമായ ഡോ. എം.എസ്. വല്യത്താൻ. 1994നു ശേഷം അലോപ്പതി ചികിത്സ ഡോ. വല്യത്താൻ നടത്തിയിട്ടേയില്ല. ഈയിടെ പ്രസിദ്ധീകരിച്ച 'മയൂരശിഖ' എന്ന കൃതിയിലൂടെയാണ് മണിപ്പാൽ സർവകലാശാലയുടെ സ്ഥാപക വൈസ് ചാൻസലറായ ഡോ. വല്യത്താൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

'അലോപ്പതിയോട് വെറുപ്പൊന്നും ഉണ്ടായതു കൊണ്ടല്ല ഈ തീരുമാനം. ശ്രീചിത്രയിൽ ഓപ്പറേഷൻ തിയറ്ററിൽ നിൽക്കുമ്പോൾ അവിടത്തെ ഡോക്ടർമാരും നഴ്‌സുമാരും മറ്റുമല്ലാതെ ഉപകരണങ്ങൾ ഉൾപ്പെടെ ബാക്കിയെല്ലാം ഇറക്കുമതിയല്ലേ എന്ന ചിന്തയുണ്ടാവുമായിരുന്നു. ഇന്ത്യയിൽ അലോപ്പതി വന്നിട്ട് 250 കൊല്ലമായി. ഈ കാലത്തിനിടയിൽ ഇന്ത്യക്കാർ അലോപ്പതിയിൽ ഒരു കണ്ടുപിടിത്തം നടത്തിയോ ലോകം അംഗീകരിച്ച സിദ്ധാന്തം ആവിഷ്‌കരിച്ചോ സി.വി. രാമൻ ഫിസിക്‌സിൽ കണ്ടെത്തിയതു പോലെ ഒന്ന് എന്തുകൊണ്ട് അലോപ്പതിയിൽ ഇന്ത്യയിൽനിന്നുണ്ടായില്ല'- ഡോ. വല്യത്താൻ ചോദിക്കുന്നു.

'നോബൽ സമ്മാനം നേടിയ ഷോക്ലി 1961ൽ പറഞ്ഞത് ശാസ്ത്രത്തെ ഇളക്കിമറിക്കുന്ന കണ്ടുപിടിത്തങ്ങളെ കൊണ്ടുവരാൻ വെള്ളക്കാർക്കേ കഴിയൂ എന്നായിരുന്നു. അന്യനാട്ടിൽ നിന്ന് ഇവിടേയ്ക്കു വന്ന ആയുർവേദവും ഗണിതശാസ്ത്രവും സ്വാംശീകരിക്കാനും അതിൽ ഗവേഷണം നടത്തി പുതിയ കാര്യങ്ങൾ കണ്ടെത്താനും കേരളീയർക്ക് കഴിഞ്ഞു. എന്നാൽ, പാശ്ചാത്യശാസ്ത്രം കേരളത്തിൽ വന്നപ്പോൾ ഇത്തരമൊരു മുന്നേറ്റമൊന്നും ഉണ്ടായില്ല എന്നതാണ് അമ്പരപ്പിക്കുന്ന കാര്യം'- ഡോ. വല്യത്താൻ പറയുന്നു.

'ആയുർവേദവും അലോപ്പതിയും തമ്മിലുള്ള ശത്രുത അറിവില്ലായ്മ കൊണ്ടാണ്. രോഗമുള്ളവരെ ചികിത്സിച്ച് സുഖപ്പെടുത്തുകയാണ് രണ്ടുകൂട്ടരുടെയും ലക്ഷ്യം. നമ്മുടെ പക്കലുള്ള 'സുശ്രുത സംഹിത' നാലാം നൂറ്റാണ്ടിലേതാണെന്ന് പൊതുവെ അഭിപ്രായമുണ്ട്. സുശ്രുതൻ 120 ഇനം ശസ്ത്രക്രിയാ ഉപകരണങ്ങളെക്കുറിച്ച് പറയുന്നുണ്ട്. സർജറി പഠിപ്പിക്കാൻ മത്തങ്ങയും പൊള്ളയായ മരവും പോലെ പ്രകൃതിയിൽ നിന്നുള്ളവയെ ഉപയോഗിക്കാമെന്ന് അദ്ദേഹം കണ്ടെത്തി.

ചക്കയുടെ പുറത്തെ തൊലിയിൽ ചെറിയ സുഷിരമിട്ട് ചക്കക്കുരു എടുക്കാൻ പഠിപ്പിക്കുന്നതുപോലുള്ള ചിന്താഗതി നൂതനമായിരുന്നു. സർജറി കഴിഞ്ഞ് എങ്ങനെ തുന്നിക്കെട്ടണം എന്നും പറയുന്നുണ്ട്. മയക്കിക്കിടത്താതെയുള്ള ശസ്ത്രക്രിയയായിരുന്നു സുശ്രുതന്റെ കാലത്തേത്. അക്കാലത്ത് നിലവിലിരുന്ന ശസ്ത്രക്രിയ പിൽക്കാലത്ത് നിലച്ചുപോയി.

അഞ്ചാം നൂറ്റാണ്ടോടെയാണ് ആയുർവേദാചാര്യന്മാർ ശസ്ത്രക്രിയ ചെയ്യാതെയായത്. ഒടിഞ്ഞ എല്ല് നേരെയാക്കി വച്ചുകെട്ടി ചികിത്സിക്കുന്നവരെയൊക്കെ താഴ്ന്ന ജാതിക്കാരായി കാണാനുള്ള പ്രവണത വളർന്നുവന്നു. കൈ കൊണ്ട് ജോലി ചെയ്യുന്നവരെല്ലാം മോശപ്പെട്ട പണിയാണ് ചെയ്യുന്നതെന്ന ധാരണ അക്കാലത്ത് രൂപപ്പെട്ടു. അതിന്റെ ദോഷം ഇന്നും ഭാരതം അനുഭവിക്കുകയാണ്'- ഡോ. വല്യത്താൻ ചൂണ്ടിക്കാട്ടി.

പത്മഭൂഷണും പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ച ഡോ. വല്യത്താൻ 'ആയുർവേദ ബയോളജി' എന്ന പുതിയ ശാസ്ത്രശാഖയിലെ ആദ്യപഥികനാണ്. വൈസ് ചാൻസലർ സ്ഥാനത്തുനിന്ന് രണ്ടായിരമാണ്ടിൽ വിരമിച്ചശേഷം ആയുർവേദത്തിന്റെ പ്രാമാണിക ഗ്രന്ഥങ്ങളുടെ പഠനത്തിലും വ്യാഖ്യാനത്തിലും മുഴുകിയ ഇദ്ദേഹം എഴുതിയ അഞ്ച് കൃതികൾ ഇംഗ്ലീഷിലെ ആധികാരിക ഗ്രന്ഥങ്ങളാണ്. ഇതിൽ മൂന്ന് കൃതികളുടെ മലയാള പരിഭാഷ പുറത്തിറങ്ങി. ഡോ. വല്യത്താന്റെ ആദ്യ മലയാള പുസ്തകമായ 'മയൂരശിഖ' മാധ്യമ പ്രവർത്തകനായ വി.ഡി. സെൽവരാജുമായി ചേർന്നാണ് എഴുതിയത്. ചിന്ത പബ്ലിഷേഴ്‌സ് ആണ് പ്രസാധകർ.

വിദേശത്തുനിന്നു വലിയ വില കൊടുത്തു വാങ്ങിക്കൊണ്ടിരുന്ന ഹൃദയ വാൽവുകൾ ശ്രീചിത്രയിൽ നിർമ്മിച്ച് ഇന്ത്യയിൽ ആദ്യമായി കുറഞ്ഞ വിലയ്ക്കു വാൽവ് ലഭ്യമാക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന പരിശ്രമങ്ങളുടെ മാറ്റ് വളരെക്കൂടുതലാണ്. രക്ത ബാഗുകൾ നിർമ്മിച്ചു വ്യാപകമാക്കിയതു മറ്റൊരു ഉദാഹരണം.

യൂണിവേഴ്‌സിറ്റി കോളജിലെ പഠനത്തിനുശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്നാണ് അദ്ദേഹം എംബിബിഎസ് നേടിയത്. എംഎസ് പഠനത്തിനായി യൂണിവേഴ്‌സിറ്റി ഓഫ് ലിവർപൂളിലേക്ക്. എഫ്ആർസിഎസ് കൂടി എടുത്തശേഷം തിരികെ നാട്ടിലേക്ക്. ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (പിജിമർ) കുറച്ചു കാലം ജോലി ചെയ്തു. ജോലി കിട്ടിയപ്പോൾ പഠനം ഉപേക്ഷിച്ചില്ല. ഹൃദയ ശസ്ത്രക്രിയയെക്കുറിച്ച് ഉന്നതപഠനത്തിനായി ജോൺ ഹോപ്കിൻസ് അടക്കം രണ്ടുമൂന്ന് ഉന്നത വിദേശ സർവകലാശാലകളിലേക്ക് അദ്ദേഹം തിരികെപ്പോയി.

തിരുവനന്തപുരം ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ആദ്യ ഡയറക്ടർ എന്ന നിലയിലാണ് അദ്ദേഹത്തെ മലയാളികൾക്കു കൂടുതൽ പരിചയം. മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാധാരണ ഫോക്കസ് തന്നെ അദ്ദേഹം മാറ്റിയെടുത്തു. മെഡിക്കൽ സാങ്കേതികവിദ്യയ്ക്ക് അദ്ദേഹം കൂടുതൽ ഊന്നൽ നൽകി.

ശ്രീചിത്ര വിട്ട് മണിപ്പാൽ യൂണിവേഴ്‌സിറ്റിയുടെ ആദ്യ വൈസ് ചാൻസലറായ ഡോ. വല്യത്താൻ പിന്നീട് ആ വഴിയിൽനിന്ന് ആയുർവേദത്തിന്റെ ഗവേഷണത്തിലേക്കു കടന്നു. അലോപ്പതി ഡോക്ടർമാരും ആയുർവേദക്കാരും തമ്മിൽ പലപ്പോഴും അഭിപ്രായഭിന്നതകൾ ഉണ്ടാകാറുള്ളപ്പോൾ, രണ്ടിലും അതിന്റേതായ ഗുണങ്ങൾ കണ്ടെത്താൻ പരിശ്രമിച്ച ഡോ. വല്യത്താന്റെ സംഭാവന പ്രത്യേകം ഓർമിക്കപ്പെടുന്നു.

ആയുർവേദത്തെ ജനകീയമാക്കാനും പ്രഫഷനലുകളെ ബോധവൽക്കരിക്കാനും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഉപകരിച്ചിട്ടുണ്ട്. ആയുർവേദവും അലോപ്പതിയും സമന്വയിപ്പിച്ചു കൊണ്ടുപോകാവുന്ന പല നിർദേശങ്ങളും അദ്ദേഹം മുന്നോട്ടുവച്ചു. വൈദ്യശാസ്ത്രത്തിന്റെ മാത്രമല്ല, ഇന്ത്യയിലെ എല്ലാ ജീവശാസ്ത്ര മേഖലകളുടെയും അമ്മയാണ് ആയുർവേദം എന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു.

മണിപ്പാൽ യൂണിവേഴ്‌സിറ്റി ഓർത്തോഡോന്റിക്‌സ് മുൻ പ്രൊഫസറായ പഞ്ചാബ് സ്വദേശി ഡോ. അഷിമയാണ് ഭാര്യ. ഡോ. മനീഷും ഡോ. മന്നാ വല്യത്താനും മക്കളാണ്.

ആയുർവേദ ഡോക്ടർമാർക്ക് ജനറൽ ശസ്ത്രക്രിയ നടത്താൻ നേരത്തെ കേന്ദ്ര സർക്കാർ അനുമതി നൽകിയ പശ്ചാത്തലത്തിൽ നിലവിലുള്ള പരിമിതികളെ മറികടന്ന് മുന്നേറാനുള്ള അവസരമാണ് ചികിത്സാ മേഖലയ്ക്ക് കൈവരുന്നത്. ജനറൽ സർജറി ഉൾപ്പെടെ നിർവഹിക്കുന്നതിനാണ് സ്‌പെഷലൈസ്ഡ് ആയുർവേദ ഡോക്ടർമാർക്ക് കേന്ദ്രം അനുമതി നൽകിയത്.

ശല്യതന്ത്ര (ജനറൽ സർജറി), ശാലക്യതന്ത്ര (ഇഎൻടി, ദന്തചികിത്സ) ബിരുദാനന്തര ബിരുദമുള്ളവർക്ക് പ്രായോഗിക പരിശീലനം നേടി ശസ്ത്രക്രിയകളും അനുബന്ധ ചികിത്സകളും നടത്താം. ഇതിനായി, ഇന്ത്യൻ മെഡിസിൻ സെൻട്രൽ കൗൺസിൽ (പിജി ആയുർവേദ എജ്യുക്കേഷൻ) റെഗുലേഷൻസ് ഭേദഗതി ചെയ്തു.

ശല്യതന്ത്രയിൽ പൈൽസ്, മൂത്രക്കല്ല്, ഹെർണിയ, വെരിക്കോസ് വെയിൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട 34 ശസ്ത്രക്രിയകൾക്കാണ് അനുമതി. ശാലക്യതന്ത്രയിൽ തിമിര ശസ്ത്രക്രിയ, പല്ലിലെ റൂട്ട് കനാൽ തെറാപ്പി തുടങ്ങി 15 ചികിത്സകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്തുന്നതിന് നിയമപരമായ അംഗീകാരം നൽകിയതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP