Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ധനവില വർദ്ധനവിൽ ഒറ്റയാൾ പ്രതിഷേധം; കൊല്ലത്ത് നിന്നും ഡൽഹിയിലേയ്ക്ക് സൈക്കിൾ യാത്ര നടത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ; പിന്തുണയുമായെത്തിയത് ഉമ്മൻ ചാണ്ടി മുതൽ രാഹുൽ ഗാന്ധി വരെ; പഞ്ചറൊട്ടിക്കാൻ ഒപ്പംകൂടി ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപി പ്രവർത്തകനും; വേറിട്ട മാർഗത്തിൽ പ്രതികരണം രേഖപ്പെടുത്തിയ റാഫി കൊല്ലത്തിന്റെ യാത്ര സമാപിച്ചു

ഇന്ധനവില വർദ്ധനവിൽ ഒറ്റയാൾ പ്രതിഷേധം; കൊല്ലത്ത് നിന്നും ഡൽഹിയിലേയ്ക്ക് സൈക്കിൾ യാത്ര നടത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ; പിന്തുണയുമായെത്തിയത് ഉമ്മൻ ചാണ്ടി മുതൽ രാഹുൽ ഗാന്ധി വരെ; പഞ്ചറൊട്ടിക്കാൻ ഒപ്പംകൂടി ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപി പ്രവർത്തകനും; വേറിട്ട മാർഗത്തിൽ പ്രതികരണം രേഖപ്പെടുത്തിയ റാഫി കൊല്ലത്തിന്റെ യാത്ര സമാപിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ധനവില വർദ്ധനവിനെതിരെയും കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ചും വേറിട്ട പ്രതിഷേധത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകനായ റാഫി കൊല്ലം. കൊല്ലം മുതൽ ഇന്ത്യൻ പാർലമെന്റ് വരെ സൈക്കിൾ ചവിട്ടിയാണ് ഒരു ഫോട്ടോഗ്രാഫർ കൂടിയായ റാഫി ജനാധിപത്യ ഇന്ത്യയിൽ തന്റെ പ്രതികരണം രേഖപ്പെടുത്തിയത്. 55 ദിവസം കൊണ്ട് 3048 കി.മി സൈക്കിൾ ചവിട്ടി റാഫി ഇന്നലെ ഡൽഹിയിലെത്തി. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ അധ്യക്ഷൻ ബിവി ശ്രീനിവാസിന്റെ നേതൃത്വത്തിൽ പാർലമെന്റിന് മുന്നിൽ റാഫിയുടെയും കൂട്ടരുടെയും സൈക്കിൾ യാത്രയ്ക്ക് സ്വീകരണം നൽകി. റാഫിയ്‌ക്കൊപ്പം യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി സി. വിഷ്ണു, അസ്‌കർ എന്നിവരും സൈക്കിളിൽ ഡൽഹിയിലെത്തിയിട്ടുണ്ട്.

സാമൂഹ്യമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട നിരവധി ചിത്രങ്ങളെടുത്ത ഫോട്ടോഗ്രാഫറാണ് റാഫി കൊല്ലം. കൊല്ലം വാടി കടപ്പുറത്തെത്തിയ രാഹുൽ ഗാന്ധി എത്തിയപ്പോൾ ഏറെ പ്രചരിക്കപ്പെട്ട വള്ളത്തിൽ നിന്നും ചാടിയിറങ്ങുന്ന ചിത്രത്തിന്റെ പിതാവും റാഫി ആയിരുന്നു. ജനകീയവിഷയങ്ങളിൽ തന്റെ പ്രതികരണവുമായി ഭാരത യാത്ര നടത്തുന്ന റാഫിക്ക് പിന്തുണയുമായി രാജ്യത്തുടനീളം നിരവധിയിടങ്ങളിലാണ് സ്വീകരണങ്ങൾ നൽകപ്പെട്ടത്.

കടന്നുവന്ന വഴികളിൽ യാത്രയുടെ ലക്ഷ്യം അറിഞ്ഞ് തോളിൽ തട്ടി അഭിനന്ദിച്ച ഒട്ടേറെ മനുഷ്യരും യൂത്ത് കോൺഗ്രസിന്റെ കൊടി കണ്ണിൽപ്പെട്ട് വാഹനം റിവേഴ്‌സെടുത്ത് കാര്യം തിരക്കിയ വാഹനങ്ങളുമുണ്ടെന്ന് റാഫി പറയുന്നു. കൊല്ലത്ത് നിന്നും യാത്ര തുടങ്ങിയ ശേഷം കേരളത്തിലുടനീളം ഹൃദ്യമായ വരവേൽപ്പാണ് ഓരോ കവലകളിലും ഈ ചെറുപ്പക്കാരന് നൽകിയത്. ഒരു ദിവസം 40 കിലോമീറ്റർ എന്ന കണക്കുകൂട്ടലുമായി യാത്ര പുറപ്പെട്ട റാഫി കാലാവസ്ഥയും ജനങ്ങളിൽ നിന്നും പ്രതികരണവും അനുകൂലമായപ്പോൾ പ്രതിദിനം 60- 70 കിലോമീറ്റർ വീതം പിന്നിട്ടാണ് 55 ദിവസംകൊണ്ട് ഡൽഹിയിലെത്തിയത്. താമസിക്കാനുള്ള ടെന്റ് അടക്കമുള്ള സജ്ജീകരണങ്ങൾ കരുതിയിരുന്നെങ്കിലും യാത്ര അവസാനിക്കുന്ന സ്ഥലങ്ങളിലെ കോൺഗ്രസ് ഓഫിസുകളിലായിരുന്നു മിക്കവാറും ദിവസങ്ങളിലെ വിശ്രമം. തന്റെ പാർട്ടി നൽകിയ പിന്തുണയാണ് ഈ യാത്രയിലുടനീളം ആവേശമായതെന്ന് റാഫി പറയുന്നു.

കേരളം വിട്ടാൽ യൂത്ത് കോൺഗ്രസ് പതാക അഴിച്ചുവയ്ക്കണമെന്നും അല്ലെങ്കിൽ കാവി കോട്ടകളിൽ നിന്നും അക്രമമുണ്ടാകുമെന്നും പലരും റാഫിയെ ഉപദേശിച്ചിരുന്നു. എന്നാൽ റാഫി അതിന് തയ്യാറായില്ല. യൂത്ത് കോൺഗ്രസ് പതാക കെട്ടിയതിന്റെ പേരിൽ ആരും ഉപദ്രവിച്ചില്ലെന്ന് മാത്രമല്ല, യാത്രയുടെ ഉദ്ദേശലക്ഷ്യത്തെ പറ്റി അറിഞ്ഞപ്പോൾ മറ്റ് രാഷ്ട്രീയ വിശ്വാസികളും പിന്തുണയുമായെത്തി എന്നും റാഫി പറയുന്നു. ഇന്ധനവില വർദ്ധനവും കർഷകവിരുദ്ധ കാർഷിക ബില്ലും പ്രതിപക്ഷം ഉയർത്തുന്ന കേവലം രാഷ്ട്രീയവിഷമല്ല. കർഷകരിൽ ഭരണകക്ഷിക്കാരുമുണ്ട്, പെട്രോളടിക്കുമ്പോൾ ബിജെപി പ്രവർത്തകരുടെ ഉള്ളിലും കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധമുയരുന്നുണ്ടെന്നും റാഫി വ്യക്തമാക്കുന്നു. വഴിയിൽ വച്ച് സൈക്കിൾ പഞ്ചറായപ്പോൾ പഞ്ചറൊട്ടിക്കാൻ ഒപ്പം കൂടിയത് ആ പ്രദേശത്തെ ഒരു ബിജെപി പ്രവർത്തകനായിരുന്നെന്ന് റാഫി പറയുന്നു. യാത്രയുടെ ലക്ഷ്യങ്ങൾ ചോദിച്ചറിഞ്ഞ അദ്ദേഹം യാത്രയ്ക്ക് പിന്തുണയും നൽകിയാണ് അവിടെ നിന്നും തന്നെ യാത്രയാക്കിയത്.

യാത്രയ്ക്ക് ആവശ്യമായ വളരെ കുറച്ച് പണവും വസ്ത്രങ്ങളും മാത്രമാണ് യാത്രയിൽ കൈയിൽ കരുതിയത്. യാത്രക്ക് ആവശ്യമായ സൈക്കിൾ വാങ്ങുകയായിരുന്നു. യൂത്ത് കോൺഗ്രസ് ദേശീയ- സംസ്ഥാന നേതൃത്വങ്ങൾ പൂർണ പിന്തുണയാണ് യാത്രയ്ക്ക് നൽകിയത്. ദേശീയ പ്രസിഡന്റ് ബിവി ശ്രീനിവാസ് നേരിട്ട് വിളിച്ച് കാര്യങ്ങൾ ചോദിച്ച് അറിയുന്നുണ്ട്- റാഫി പറയുന്നു.

കൊല്ലം ഡിസിസി ഓഫീസിന് മുന്നിൽ നിന്നും ആരംഭിച്ച യാത്രയാണ് ഇന്ത്യൻ പാർലമന്റിന് മുന്നിൽ ഇന്നലെ ആരംഭിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലാണ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്. തൃശൂരിൽ നിന്നും സി. വിഷ്ണുവും സൈക്കിളിൽ ഒപ്പം ചേർന്നു. കർണാടകയിൽ നിന്നും കോൺഗ്രസ് നേതൃത്വം യാത്രയുടെ വിവരം അറിഞ്ഞ് വിളിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ്- യൂത്ത് കോൺഗ്രസ് നേതൃത്വങ്ങൾ വലിയ പിന്തുണയും സഹായങ്ങളുമാണ് ചെയ്ത് തന്നതെന്നും റാഫി കൂട്ടിച്ചേർത്തു. രക്തസാക്ഷികളായ ഷുഹൈബ്, കൃപേഷ്, ശരത് ലാൽ എന്നിവരുടെ സ്മൃതി മണ്ഡപങ്ങളും ഡൽഹിയിൽ ഗാന്ധിജി, നെഹ്‌റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ സമാധിയിടങ്ങളും സന്ദർശിച്ച് അഭിവാദ്യങ്ങളർപ്പിച്ചാണ് 55-ാം ദിവസം യാത്ര അവസാനിച്ചത്.

കടന്നുവന്ന വഴികളിൽ രാഹുൽ ഗാന്ധി, ഉമ്മൻ ചാണ്ടി, പി. ചിദംബരം, സച്ചിൻ പൈലറ്റ്, അശോക് ഗെലോട്ട്, യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് ബിവി ശ്രീനിവാസ്, ജന. സെക്രട്ടറി റോയ് മാണി തുടങ്ങിയവരൊക്കെ യാത്രയെ സ്വീകരിച്ച് അഭിവാദ്യങ്ങളർപ്പിച്ചിരുന്നു. ഉമ്മൻ ചാണ്ടി മൂന്ന് സ്ഥലങ്ങളിൽ വച്ച് യാത്രയ്ക്ക് അഭിവാദ്യങ്ങൾ നൽകിയെന്ന് പറയുമ്പോൾ റാഫിക്ക് ആവേശമിരട്ടിക്കും. ഡൽഹിയിലെത്തിയ ശേഷം റാഫി ആദ്യം പോയതും ഉമ്മൻ ചാണ്ടിയെ കാണാൻ കേരളാ ഹൗസിലേയ്ക്കായിരുന്നു. യൂത്ത് കോൺഗ്രസ് പാർലമെന്റിലേക്ക് നടത്തുന്ന മാർച്ചിൽ പങ്കെടുക്കാൻ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ ഡൽഹിയിലെത്തുന്ന കേരളാ സംഘം നാളെ റാഫിക്ക് സ്വീകരണം നൽകും.

യാത്രയിലെ കാഴ്‌ച്ചകൾ കോർത്തിണക്കി കേരളത്തിൽ ചിത്രപ്രദർശനം നടത്താനും റാഫിക്ക് പദ്ധതിയുണ്ട്. മികച്ച ഫോട്ടോഗ്രഫർ കൂടിയായ റാഫി നേരത്തെ രണ്ടു ഘട്ടങ്ങളിലായി 47 ദിവസം ഡൽഹിയിലെ കർഷക സമരത്തിൽ അണിചേർന്നിരുന്നു. റാഫി പകർത്തിയ പല ചിത്രങ്ങൾ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ ചർച്ചയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP