Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എന്റെ ഈ വാക്കുകൾ നിങ്ങൾ കുറിച്ചുവെച്ചോളൂ...; കേന്ദ്ര സർക്കാറിന് ഈ കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ടി വരും...; ഞാൻ വീണ്ടും ഓർമിപ്പിക്കുന്നു; മോദിയുടെ മാപ്പു പറച്ചിലോടെ ചർച്ചയാകുന്നത് രാഹുലിന്റെ ഈ പഴയ വാക്കുകൾ; ഒടുവിൽ ജയിച്ചത് കടുത്ത തണുപ്പിലും കത്തിപ്പടർന്ന പ്രതിഷേധാഗ്നി; ഡൽഹിയിൽ ഇനിയും സമരം തുടരും

എന്റെ ഈ വാക്കുകൾ നിങ്ങൾ കുറിച്ചുവെച്ചോളൂ...; കേന്ദ്ര സർക്കാറിന് ഈ കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ടി വരും...; ഞാൻ വീണ്ടും ഓർമിപ്പിക്കുന്നു; മോദിയുടെ മാപ്പു പറച്ചിലോടെ ചർച്ചയാകുന്നത് രാഹുലിന്റെ ഈ പഴയ വാക്കുകൾ; ഒടുവിൽ ജയിച്ചത് കടുത്ത തണുപ്പിലും കത്തിപ്പടർന്ന പ്രതിഷേധാഗ്നി; ഡൽഹിയിൽ ഇനിയും സമരം തുടരും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുമ്പോൾ ചർച്ചയാകുന്നത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ തമിഴ്‌നാട്ടിൽ നടത്തിയ ആ പഴയ പ്രസ്താവന. കേന്ദ്ര സർക്കാറിന് കർഷക ദ്രോഹനിയമങ്ങൾ പിൻവലിക്കേണ്ടി വരുമെന്ന് മാധ്യമങ്ങളോട് രാഹുൽ അന്ന് പ്രതികരിച്ചത്. 'കർഷകർ നടത്തുന്ന സമരത്തിൽ അഭിമാനമുണ്ട്. കർഷകരെ പിന്തുണക്കുന്നു. കർഷകർക്കൊപ്പമാണ് താൻ നിലകൊള്ളുന്നത്. ഈ വിഷയം ഉയർത്തി കൊണ്ടു വരും. എന്റെ ഈ വാക്കുകൾ നിങ്ങൾ കുറിച്ചുവെച്ചോളൂ... കേന്ദ്ര സർക്കാറിന് ഈ കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ടി വരും... ഞാൻ വീണ്ടും ഓർമിപ്പിക്കുന്നു...'-ഇതായിരുന്നു രാഹുൽ പറഞ്ഞത്.

അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ്, മണിപ്പൂർ സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ യു.പിയിലും പഞ്ചാബിലും ജയിക്കേണ്ടത് ബിജെപിയെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. ഇതു കൂടി ലക്ഷ്യംവച്ചാണ് കാർഷിക നിയമങ്ങൾ പിൻവലിക്കാൻ ബിജെപി ഇപ്പോൾ തയാറായിരിക്കുന്നത്. ഇതിനിടെയാണ് രാഹുലിന്റെ പഴയ മുന്നറിയിപ്പ് വീണ്ടും സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.

വിളവെടുപ്പ് ഉത്സവമായ പൊങ്കലിനോട് അനുബന്ധിച്ച് നടത്തുന്ന ജെല്ലിക്കെട്ട് കാണാൻ മധുരയിലെത്തിയപ്പോഴാണ് കർഷക സമരത്തിന് നൽകുന്ന പിന്തുണ രാഹുൽ ആവർത്തിച്ചത്. കർഷകരുടെ നിലപാട് ഏറെ അഭിമാനം നൽകുന്നതാണെന്നും അവർക്കൊപ്പം ഉണ്ടാകുമെന്നും രാഹുൽ അന്ന് വ്യക്തമാക്കിയിരുന്നു. മോദി സർക്കാറിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരായ കർഷക സമരത്തിന് പ്രതീകാത്മക പിന്തുണ നൽകാനാണ് രാഹുൽ ജെല്ലിക്കെട്ട് കാണാൻ എത്തിയത്. അന്ന് നടത്തിയ പ്രസംഗത്തിലെ വാക്കുകളാണ് ഇപ്പോൾ ശരിയായി മാറുന്നത്. നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും കർഷകർ സമരം തുടരും. പാർലമെന്റിൽ നിയമം പിൻവലിക്കും വരെ സമരം തുടരാനാണ് കർഷക സംഘടനകളുടെ തീരുമാനം.

നവംബർ ഏഴിന് ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗം നടന്നിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പായിരുന്നു യോഗത്തിലെ പ്രധാന ചർച്ച വിഷയം. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ തുടങ്ങിയ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും യോഗത്തിനെത്തിയിരുന്നു. കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം തെരഞ്ഞെടുപ്പിനെ ഏത് തരത്തിൽ സ്വാധീനിക്കുമെന്ന് യോഗം ചർച്ച ചെയ്തു. ഇതിന് പിന്നാലെ ധനമന്ത്രി നിർമല സീതാരാമൻ കർഷകരുമായി ഏത് തരത്തിലുമുള്ള ചർച്ചകൾക്കും തയാറാണെന്ന് പ്രഖ്യാപിച്ചത്. എന്നാൽ നിയമം തന്നെ പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു. അതിർത്തിയിൽ സമരം നടത്തുന്ന കർഷക സംഘടനകൾ ബിജെപിക്കെതിരെ യു.പിയിൽ പ്രചാരണത്തിനെത്തുമെന്ന് കൂടി അറിയിച്ചതോടെ പാർട്ടി കടുത്ത സമ്മർദത്തിലേക്ക് വീണു. അഭിമാനപോരാട്ടം നടക്കുന്ന യു.പിയിൽ ബിജെപിക്ക് തിരിച്ചടിയുണ്ടാവുമെന്ന പ്രവചനങ്ങൾ വരുന്നതിനിടെയാണ് കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള തീരുമാനം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. എതിർപ്പുയർന്ന മൂന്ന് നിയമങ്ങളും പിൻവലിക്കുന്നുവെന്നും പാർലമെന്റിൽ ഇക്കാര്യം അറിയിക്കുമെന്നും മോദി പറഞ്ഞു. നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് പിൻവലിക്കാൻ തീരുമാനിച്ചത്. ഒരാൾ പോലും ബുദ്ധിമുട്ടാതിരിക്കാനാണ് സർക്കാറിന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. കർഷകരുടെ ക്ഷേമം മുൻനിർത്തിയാണ് എല്ലാം ചെയ്തത്. കർഷകരോട് ക്ഷമ ചോദിക്കുകയാണ്. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കർഷകർ സമരം അവസാനിപ്പിക്കണമെന്ന് മോദി അഭ്യർത്ഥിച്ചു.

കടുത്ത തണുപ്പിലും കത്തിപ്പടരുന്ന പ്രതിഷേധാഗ്‌നിയെ അതിജയിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസർക്കാറിനും ബിജെപിക്കും കഴിഞ്ഞില്ലെന്നതാണ് വസ്തുത. കനത്ത മഞ്ഞിനെയും കോവിഡ് മഹാമാരിയെയും അവഗണിച്ചായിരുന്നു കർഷകരുടെ മുന്നേറ്റം. ആ മുന്നേറ്റത്തിൽ അവസാനം മോദി ഭരണകൂടത്തിന് അടിതെറ്റി. അങ്ങനെ വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

മോദി ഭരണകൂടം നടപ്പാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കർഷകർ പോരാട്ടരംഗത്തിറങ്ങിയത്. തങ്ങളുടെ വിളകൾക്ക് താങ്ങുവില ഉറപ്പാക്കണമെന്നും കോർപറേറ്റുകൾക്ക് കർഷകരെ അടിയറവു വെക്കരുതെന്നും അവർ ഉറച്ച ശബ്ദത്തിൽ പറഞ്ഞു. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന നിശ്ചയദാർഢ്യവും അവർ പങ്കുവെച്ചു. ഇതാണ് കേന്ദ്രത്തെ തോൽപ്പിച്ചത്. 11 വട്ട ചർച്ചകൾ കേന്ദ്രവും കർഷകരും തമ്മിൽ നടത്തിയെങ്കിലും അവയൊന്നും വിജയം കണ്ടിരുന്നില്ല. ജനുവരി 26ന് ചെങ്കോട്ടയിലടക്കം നടന്ന അക്രമങ്ങളും ചർച്ചയായി. നിരവധി കർഷകർക്കാണ് പ്രക്ഷോഭവേദിയിൽ ജീവൻ നഷ്ടമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP