Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റോഡു കൈയേറ്റം ഒഴിപ്പിക്കാനുള്ള സർക്കുലറിൽ അഞ്ചു വർഷം കഴിഞ്ഞിട്ടും നടപടിയില്ല

സ്വന്തം ലേഖകൻ

ആലപ്പുഴ: റോഡുകളും നടപ്പാതകളും കൈയേറി നടത്തിയ അനധികൃത നിർമ്മിതികളും കൈയേറ്റങ്ങളും ഒഴിപ്പിക്കുന്നതിനായി ബന്ധപ്പെട്ട കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിൽ നഗരകാര്യ, പഞ്ചായത്ത് ഡയറക്ടർമാർ മുഖേന എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും സർക്കുലറിലൂടെ 2016 ഓഗസ്റ്റ് 16-നു നിർദ്ദേശം നല്കിയിട്ടുള്ളതാണെന്നു സംസ്ഥാന സർക്കാർ.

റോഡ്, നടപ്പാത വികസനത്തിന് തടസ്സമാകുന്ന അനധികൃതവും അപകടകരവുമായ നിർമ്മിതികൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കാൻ മോഡറേറ്ററെ നിയമിക്കണമെന്നാവശ്യപ്പെട്ടു ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയിക്ക് സിറ്റിസൺസ് ഓപ്പൺ ലീഗൽ ഫോറം (കോൾഫ്) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളിൽ സമർപ്പിച്ച നിവേദനത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. അഡീഷണൽ ചീഫ് സെക്രട്ടറിക്കു വേണ്ടി അണ്ടർ സെക്രട്ടറി എ. മദീന ബീഗമാണ് മറുപടി നല്കിയിട്ടുള്ളത്. ഈ വിഷയത്തിൽ 2000 മുതൽ അയച്ചിട്ടുള്ള നിവേദനങ്ങളും ഓർമ്മപ്പെടുത്തൽ കത്തുകളും പത്രമാധ്യമങ്ങളിലെ ലേഖനങ്ങളും സൂചിപ്പിച്ചായിരുന്നു നിവേദനം.

സുപ്രീം കോടതിയുടെ 2013 ജനുവരി 18-ലെ എസ്എൽഎ (സിവിൽ) നമ്പർ 8519/2006 വിധി, കേരള ഹൈക്കോടതിയുടെ 2021 ജൂൺ എട്ടിലെ ഡബ്ലിയുപിസി നമ്പർ 11886/2021 ഇടക്കാല ഉത്തരവ് എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു അന്നത്തെ അഡിഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ സർക്കുലർ പുറപ്പെടുവിച്ചിരുന്നത്. ഇതേസമയം, റോഡുവശത്തെ കൊടിമരത്തൂണുകൾ എടുത്തുമാറ്റുന്നതു സംബന്ധിച്ച് കേരള ഹൈക്കോടതിയുടെ 2021 നവംബർ 15-ലെ ഡബ്ലിയുപിസി നമ്പർ 1671/2021 ഉത്തരവ് പ്രകാരം, നാട്ടിയവർ അവരവർ സ്വമേധയാ എടുത്തുമാറ്റാനുള്ള ഉത്തരവുമിട്ടിട്ടുണ്ട്.

എന്നാൽ സർക്കാർ സർക്കുലർ പുറപ്പെടുവിച്ചു അഞ്ചു വർഷം കഴിഞ്ഞിട്ടും നടപടിയൊന്നുമില്ലെന്നാണ് പൊതുജനങ്ങളുടെ പരാതി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് കൃത്യവിലോപം നടത്തിയത്. ചീഫ് സെക്രട്ടറിക്കു കോൾഫ് വിശദമായ നിവേദനമാണ് സമർപ്പിച്ചിരുന്നത്.

കേരള സംസ്ഥാനത്ത് വർധിച്ചു വരുന്ന വാഹനങ്ങളുടെ എണ്ണത്തിന് അനുസൃതമായി ഗതാഗത, കാൽനട തടസ്സങ്ങളുണ്ടാകാതിരിക്കാൻ റോഡുകളും നടപ്പാതകളും വികസിപ്പിക്കേണ്ടത് അനിവാര്യമായതിനാൽ അതിനു തടസ്സമാകുന്ന വിധത്തിൽ വഴിവക്കിലും റോഡുപുറമ്പോക്കിലും പാതകൾക്ക് കുറുകേയുമുള്ള അനധികൃത നിർമ്മിതികൾ നീക്കം ചെയ്യാൻ ഫലപ്രദവും ശക്തവും നിലനില്ക്കുന്നതുമായ സംവിധാനങ്ങൾ ഏർപ്പെടുത്താൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നന്നായിരുന്നു നിവേദനത്തിലെ ആവശ്യം.

'റോഡ് ഗതാഗതത്തിനും നടപ്പാത കാൽനടക്കാർക്കും' എന്ന തത്ത്വത്തിനു മുൻഗണന നല്കുന്ന നയമായിരിക്കണം സർക്കാർ സ്വീകരിക്കേണ്ടത്. നിലവിൽ റോഡിലൂടെയൂടെ വാഹനഗതാതവും ലഭ്യമായ നടപ്പാതകളിലൂടെയുള്ള ആൾക്കാരുടെ നടപ്പും തടസ്സമേറിയതും അപകടങ്ങൾ നിറഞ്ഞതുമാണ്. വൃദ്ധരും സ്ത്രീകളും കുട്ടികളും ഭിന്നശേഷിക്കാരും രോഗികളുമാണ് ഇതുമൂലം ഏറെ ക്ലേശിക്കുന്നത്. കാൽനട സുരക്ഷ ഒരിടത്തും പാലിക്കപ്പെടുന്നില്ല. ഭുരിപക്ഷയിടങ്ങളിലും നടപ്പാതകളില്ല. ഉള്ളയിടങ്ങളിലാകട്ടെ അനധികൃത കൈയേറ്റവും വഴിവാണിഭവുമാണ്. അതിനാൽ എല്ലാവർക്കും റോഡിലേക്കിറങ്ങേണ്ടി വരുന്നതിനാൽ വാഹനങ്ങളുമായി ഇടകലർന്നാണ് നടപ്പ്.

സർക്കാർ ഭൂമി കൈയേറി സ്തൂപങ്ങൾ, സ്തംഭങ്ങൾ, കമാനങ്ങൾ, ബോർഡുകൾ, കൊടിമരങ്ങൾ, തൂണുകൾ, കാണിക്കവഞ്ചികൾ, നേർച്ചപ്പെട്ടികൾ, ശിലകൾ, ആൽത്തറകൾ, കുരിശടികൾ, സ്മാരകങ്ങൾ, ശില്പങ്ങൾ, പ്രതിമകൾ, കബറുകൾ, ഏച്ചുകെട്ടലുകൾ, വഴിവാണിഭത്തട്ടുകൾ തുടങ്ങിയവ അനധികൃതമായി നിർമ്മിക്കുകയും അഥവാ സ്ഥാപിക്കുകയും അനുമതിയില്ലാതെ അവ നിലനിർത്തുകയും ചെയ്യുന്നത് സംസ്ഥാനത്ത് വ്യാപകമാണ്. വിവിധ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, മത സംഘടനകളും മറ്റുമാണ് മുഖ്യമായും ഇവയ്ക്കു പിന്നിലെന്നുള്ളതുകൊണ്ട് അവ ഒരിക്കലും നീക്കം ചെയ്യപ്പെടുന്നില്ലെന്നുള്ളത് വസ്തുതയാണ്. പൊതു സുരക്ഷയ്ക്ക് അതു വൻ ഭീഷണിയും അപകടകാരണവുമാണ്.

ചെറുതായി തുടങ്ങി കാൽനടയാത്രയും വാഹന ഗതാഗതവും തടസ്സപ്പെടുത്തുന്ന വിധത്തിൽ അവ പരിസരത്തേക്ക് വ്യാപിപ്പിക്കുകയാണ് സാധാരണ ചെയ്യുന്നത്. ഇത്തരത്തിൽ ചെറുതും വലുതുമായ അനേകം നിർമ്മിതികൾ സംസ്ഥാനത്തുടനീളം കാണാം. സ്ഥാപിച്ചു എന്നു കരുതി ആർക്കും അത് അവകാശമാകുന്നില്ല എന്നതാണ് നിയമമെന്നു കരുതുന്നു. കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ അത് അവകാശമായി അനുവദിക്കുന്ന സർക്കാർ പ്രീണന നയം തിരുത്തിയാൽ തന്നെ തടസ്സങ്ങൾ മാറിക്കിട്ടും. സംഘടിതരല്ലാത്ത നാട്ടുകാർക്കും വാഹനയാത്രികർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടികൾ ഒഴിവാക്കുക തന്നെയാണ് വേണ്ടത്. അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ ദൃഡീകരിച്ചു നല്കുന്നതു അതിനു വിരുദ്ധമാണ്.

റോഡുവക്കിൽ ചെറുതായി തുടങ്ങുന്ന ചെറിയ നിർമ്മിതികൾ ക്രമേണ വികസിപ്പിച്ച് വലുപ്പം കൂട്ടുന്നതും ഭൂമി വളച്ചുകെട്ടുന്നതും സംസ്ഥാനത്ത് എവിടേയും ദൃശ്യമാണ്. പലയിടങ്ങളിലും വീതികൂട്ടൽ അടക്കമുള്ള റോഡുവികസനം ഇതു മൂലം തടസ്സപ്പെടുകയും അപകടങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. സംഘടിത ശക്തിയും മത, സാമുദായിക പരിഗണനകളും കണക്കിലെടുത്തും സംഘർഷമുണ്ടാകുമെന്നു ഭയപ്പെട്ടും ഭൂരിപക്ഷം പൊതുജനങ്ങൾക്ക് ശല്യവും തടസ്സവുമാകുന്നതും സുരക്ഷാഭീക്ഷണിയുള്ളതുമായ അനധികൃത നിർമ്മിതികൾ നീക്കം ചെയ്യാത്തത് നിയമവിരുദ്ധവും അനീതിയുമാണ്. വർഷങ്ങൾ കഴിയുന്നതോടെ അവ ഒരിക്കലും മാറ്റാനാകാത്ത സ്ഥിരം ഏർപ്പാടായി മാറുന്നു. അതുപോലെ തന്നെ വഴിവക്കിലെ മരങ്ങൾ കൈയേറി ആണിയടിച്ചും പോസ്റ്റുകളിൽ വച്ചുകെട്ടിയും മറ്റും കാഴ്ചതടസ്സപ്പെടുത്തി ബോർഡുകൾ സ്ഥാപിക്കുന്നതും തടയണം.

അതിനാൽ നാടിന്റെ വികസനത്തെക്കരുതി അനധികൃതവും തടസ്സമുണ്ടാക്കുന്നതുമായ നിർമ്മിതികൾ നീക്കം ചെയ്യുന്നതിനുള്ള തുടർനടപടികൾക്ക് നേതൃത്വം നല്കുന്നതിനായി സംസ്ഥാനതലത്തിൽ ഒരു മോഡറേറ്ററെ നിയമിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നു നിവേദനത്തിൽ അഭ്യർത്ഥിച്ചിരുന്നു. പരാതികൾ സ്വീകരിക്കാനും മധ്യസ്ഥത വഹിക്കാനും തടസ്സമായ നിർമ്മിതികൾ നീക്കം ചെയ്യാനായി ഉത്തരവിട്ട് നടപ്പിലാക്കാനും അധികാരമുള്ള മോഡറേറ്ററെയായിരിക്കണം നിയമിക്കേണ്ടത്. താഴെത്തട്ടിൽ നിന്നു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായസഹകരണങ്ങൾ ഇതിന് ആവശ്യമായി വരും.

അനധികൃത നിർമ്മിതികൾ സ്വയം നീക്കം ചെയ്യാൻ ബന്ധപ്പെട്ടവർക്ക് ആദ്യം സമയം അനുവദിക്കണം. പിന്നീട് നില നില്ക്കുന്നവയ്ക്കെതിരേ പരാതികൾ സമർപ്പിക്കാൻ പൊതു ജനങ്ങൾക്ക് അവസരം നല്കണം. അങ്ങനെയുള്ള പരാതികൾ പരിഗണിച്ച് അനുരഞ്ജനത്തിന്റെ മാർഗത്തിലൂടെ തീർപ്പുകല്പിക്കാനും നഷ്ടപരിഹാരം ഈടാക്കാനായി ഉത്തരവിടാനുമാണ് മോഡറേറ്റർക്ക് അധികാരം നല്കേണ്ടത്. തുടർന്ന് ക്രിമിനൽ നടപടി ചട്ടം തുടങ്ങി നിലവിലുള്ള നിയമങ്ങൾ പ്രകാരം തുടർനടപടികൾ സ്വീകരിക്കാവുന്നതാണ്. ഇക്കാര്യത്തിൽ കർശനമായ നടപടികൾ തുടർച്ചയായി ഉണ്ടായാൽ പൊതുജനങ്ങൾക്കു തന്നെയാണ് ഏറെ പ്രയോജനപ്പെടുക. കൈയൂക്കു ഭയന്നു സങ്കുചിത സംഘടിത ശക്തികളെ സർക്കാർ പ്രോത്സാഹിപ്പിക്കേണ്ടതില്ല.

രാഷ്ട്രീയസംഘടനകളുടേയും മത, സാമുദായിക വിഭാഗങ്ങളുടേയും ആത്മാർഥമായ സഹകരണം ഇതിന് ആവശ്യമാണ്. അതിന് കേരള സർക്കാർ നേതൃത്വം നല്കണ്ടേതുണ്ട്. തടസ്സമായിട്ടുള്ളവ നീക്കം ചെയ്യാൻ പരസ്പരണധാരണയും വിട്ടുവീഴ്ചയും അത്യാവശ്യമാണ്. കൊച്ചി ഷിപ്പ്യാർഡിന്റെ വികസനത്തിനായി അവിടെയുണ്ടായിരുന്ന ഒരു പള്ളി മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിച്ചത് മാതൃകയായി എടുത്തുകാട്ടാവുന്നതാണ്. തിരുവനന്തപുരം തുമ്പയിൽ റോക്കറ്റ് ഗവേഷണത്തിനു തുടക്കമിട്ടതും ഒരു ക്രിസ്ത്യൻ പള്ളിയിലാണ്. തുടർന്നു സംസ്ഥാനത്തു പലയിടങ്ങളിലും ഇങ്ങനെ മാതൃകാപരങ്ങളായ പ്രവർത്തനങ്ങളുണ്ടായിട്ടുണ്ട്. ഇനിയും പലരും നന്മനിറഞ്ഞ നടപടികളുമായി മുന്നോട്ടുവരുമെന്നുള്ളതിനു സംശയമില്ല.

സങ്കുചിത മനസ്ഥിതി ഒഴിവാക്കാനുള്ള ബോധവത്കരണം നടത്തിയാൽ നാടിന്റെ പുരോഗതിക്ക് നാട്ടുകാർ ഇക്കാര്യത്തിൽ വേണ്ടുന്ന സഹായസഹകരണങ്ങൾ സന്തോഷത്തോടെ നല്കുമെന്നാണ് കോൾഫ് പ്രതീക്ഷ പ്രകടിപ്പിച്ചത്. അതിനായി ജനാഭിമുഖ്യ സർക്കാർ മുന്നിട്ടിറങ്ങുകയാണ് വേണ്ടത്. വേണ്ടത് ഇച്ഛാശക്തിയും എന്നും കൂട്ടിച്ചേർത്തു.

ഈ വിഷയം സംബന്ധിച്ച് 2000 മുതൽ മാറിമാറി വന്ന സർക്കാരുകൾക്ക് നിവേദനങ്ങൾ അയക്കുകയും വിവിധ മാധ്യമങ്ങലിൽ ലേഖനങ്ങളെഴുതുകയും ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് 2007 ഡിസംബർ 25-നു അന്നത്തെ മുഖ്യമന്ത്രിക്കും മറ്റും അയച്ച നിവേദനങ്ങൾക്കും തുടർന്നു അയച്ച ഓർമ്മപ്പെടുത്തൽ കത്തുകൾക്കും ഒന്നും മറുപടി ലഭ്യമായിട്ടില്ല. ഈ നിവേദനത്തെത്തുടർന്ന് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, വൈദ്യുതി മന്ത്രി, പൊതുമരാമത്ത് മന്ത്രി, റവന്യൂ മന്ത്രി, ധനകാര്യ മന്ത്രി, നിയമ മന്ത്രി, ഗതാഗത മന്ത്രി, ചീഫ് സെക്രട്ടറി, പബൽക് റിലേഷൻസ് വകുപ്പ് ഡയറക്ടർ എന്നിവർക്ക് 2010 ജനുവരി മൂന്നിനു അയച്ച ഓർമ്മപ്പെടുത്തൽ കത്തുകൾക്കും പ്രതികരണമുണ്ടായിട്ടില്ല. പിന്നീടും ഇത് ആവർത്തിച്ചുകൊണ്ടിരുന്നു.

ഇക്കാലത്തിനിടയിൽ സുപ്രീം കോടതിയും വിവിധ ഹൈക്കോടതികളും റോഡുവക്കിൽ തടസ്സമായി നില്ക്കുന്ന ദേവാലയങ്ങൾ ഉൾപ്പടെയുള്ള അനധികൃത നിർമ്മിതികൾ പൊളിച്ചു നീക്കം ചെയ്യണമെന്നു ഉത്തരവിട്ടിട്ടുണ്ട്. അനധികൃത മതനിർമ്മാണങ്ങൾ നീക്കംചെയ്യൽ, സ്ഥലം മാറ്റം, ക്രമീകരണം എന്നി സംബന്ധിച്ച സമഗ്ര നയം നടപ്പാക്കണമെന്നായിരുന്നു വിധി. അത് പലസംസ്ഥാനങ്ങളിലും നടപ്പിലാക്കുകയും ചെയ്തു. എന്നാൽ കേരളത്തിന്റെ സ്ഥിതി വ്യക്തമല്ല.

സുപ്രീം കോടതി ജസ്റ്റിസ് ദൽവീർ ഭണ്ഡാരി, ജസ്റ്റിസ് ദീപക് വർമ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചിന്റെ 2009 ഡിസംബർ ഏഴിലെ ഉത്തരവിന് അനുസൃതമായി തെരുവുകളിലോ പാർക്കുകളിലോ മറ്റു പൊതുസ്ഥലങ്ങളിലോ ക്ഷേത്രങ്ങൾ, പള്ളികൾ, ഗുരുദ്വാരകൾ തുടങ്ങിയവ അനധികൃതമായി നിർമ്മിക്കുന്നത് തടയണമെന്ന് സംസ്ഥാനങ്ങളോട് കർശനമായി നിർദേശിച്ചിട്ടുള്ള വിവരം അക്കാലത്ത് പത്രങ്ങളിൽ മുഖ്യവാർത്തയായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ പൊതുസ്ഥലങ്ങളിൽ പതിനായിരക്കണക്കിന് അനധികൃത മത ഘടനകൾ നിലനില്ക്കുന്നുണ്ടെന്നുള്ള വിവരം സത്യവാങ്മൂലങ്ങളിലൂടെ സുപ്രീം കോടതിക്കു വ്യക്തമായതിനെത്തുടർന്നായിരുന്നു അത്.

ആർക്കും എവിടേയും കൈയേറി എന്തും ചെയ്തു നിലനില്ക്കാമെന്ന സന്ദേശം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നു അഭ്യർത്ഥിക്കുന്നു. നാടിന്റെ ധമനികളായ റോഡുകളിലും നടപ്പാതകളിലും തടസ്സമായ എല്ലാം നീക്കം ചെയ്യുകയാണ് വേണ്ടത്. പുറമ്പോക്കുകളിൽ ആരും എന്തും ചെയ്തിട്ട് അതിനെല്ലാം നിയമപരിരക്ഷയുള്ളതു പോലെ പ്രവർത്തിക്കുന്നത് അനുവദിച്ചൂകൂടാ. അത് സംസ്ഥാനത്തിന്റെ പുരോഗതിയെ പിന്നോട്ടടിക്കുകുയും അപകടങ്ങൾ ഏറെയുണ്ടാക്കുകയും ചെയ്യും. നാടിന്റെ സമഗ്രവികസനം മാത്രമായിരിക്കണം സർക്കാരിന്റെ ലക്ഷ്യം. അതിനു വീതിയേറിയ റോഡുകളുടെയും നടപ്പാതകളുടെയും ആവശ്യകത പ്രത്യേകം എടുത്തുപറയേണ്ടതില്ല.

ഈ വിഷയത്തിൽ 21 വർഷമായി അയച്ചിട്ടുള്ള നിവേദനങ്ങൾക്ക് സർക്കാർതലത്തിൽ ഒരു തരത്തിലുമുള്ള മറുപടിയോ നടപടിയോ ഉണ്ടായിട്ടില്ലെന്നു നിവേദനത്തിൽ ഓർമ്മിപ്പിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP