Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാസ് വേഡിനായി മലപ്പുറത്തെ യുവാവിന്റെ ചൂണ്ടുവിരൽ മുറിച്ചെടുത്ത ക്രൂരത; 300 ദിവസം കൊണ്ട് മൂന്നിരട്ടി പണം എന്ന വാഗ്ദാനത്തിൽ വീഴുന്നത് ഡോക്ടർമാരും എഞ്ചിനീയർമാരും; കേസ് ഒതുക്കാൻ പൊലീസിനും ലക്ഷങ്ങൾ; മലപ്പുറം കേന്ദ്രീകരിച്ച ക്രിപ്‌റ്റോ കറൻസി തട്ടിപ്പുകളുടെ കഥ

പാസ് വേഡിനായി മലപ്പുറത്തെ യുവാവിന്റെ ചൂണ്ടുവിരൽ മുറിച്ചെടുത്ത ക്രൂരത; 300 ദിവസം കൊണ്ട് മൂന്നിരട്ടി പണം എന്ന വാഗ്ദാനത്തിൽ വീഴുന്നത് ഡോക്ടർമാരും എഞ്ചിനീയർമാരും; കേസ് ഒതുക്കാൻ പൊലീസിനും ലക്ഷങ്ങൾ; മലപ്പുറം കേന്ദ്രീകരിച്ച ക്രിപ്‌റ്റോ കറൻസി തട്ടിപ്പുകളുടെ കഥ

ജംഷാദ് മലപ്പുറം

മലപ്പുറം: 300 ദിവസംകൊണ്ട് മൂന്നിരട്ടി പണമെന്ന വാഗ്ദാനവുമായി ക്രിപ്‌റ്റോ കറൻസികളുടെ (ഡിജിറ്റൽ നാണയം) മായിക ലോകത്തുപെട്ട് കയ്യിലുള്ളതെല്ലാം നഷ്ടമായത് നിരവധി മലയാളികൾക്ക്. മലപ്പുറത്തെ നിരവധി പേർക്കാണു ലക്ഷങ്ങൾ നഷ്ടമായത്. തട്ടിപ്പിലൂടെ ലാഭം കൊയ്യുന്നവർ പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ളവരാണെങ്കിലും ഇരകളായി ലക്ഷങ്ങൾ നഷ്ടപ്പെടുത്തുന്നവരാകട്ടെ ഡോക്ടർമാരും എൻജിനീയർമാരും ഉൾപ്പെടെ ഉന്നതവിദ്യാഭ്യാസമുള്ളവരുമാണ്. മായികലോക തട്ടിപ്പിൽ കോടികൾ കളയുന്ന മലയാളികൾ പാസ്വേഡിനായി യുവാവിന്റെ ചൂണ്ടുവിരൽ മുറിച്ചെടുത്തത് ഉൾപ്പെടെ തട്ടിപ്പിന്റെ പിന്നാമ്പുറക്കഥകളാണ്.

സാധാരണ തട്ടിപ്പുകളിൽനിന്നും വിഭിന്നമായി ചിന്തിക്കാൻ പോലും കഴിയാത്ത നൂറു കോടിക്കും ആയിരം കോടിക്കും മുകളിലാണ് പല ക്രിപ്‌റ്റോ കറൻസി തട്ടിപ്പുകളും നടന്നിട്ടുള്ളത്. പലയിടത്തും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും തെളിവുകളുടെ അഭാവത്തിലും സ്വാധീന വലയത്തിലും വീണ് അന്വേഷണം പാതിവഴിയിൽ തന്നെ നിൽക്കുന്നു. ഇതാണ് അവസ്ഥ. ക്രിപ്‌റ്റോകറൻസി ഇടപാടുകളുമായി ബന്ധപ്പെട്ട് തട്ടി ക്കൊണ്ടുപോകലുകളും കൊലപാതകവും പാസ്വേഡിനായി യുവാവിന്റെ ചൂണ്ടുവിരൽ മുറിച്ചെടുത്തതും ഉൾപ്പെടെ കുറ്റകൃത്യങ്ങൾ ഇതിനോടകം നടന്നുകഴിഞ്ഞു.

മലപ്പുറത്തുകാരനെ കൊലപ്പെടുത്തി ഇടത് ചൂണ്ടുവിരൽ മുറിച്ചെടുത്തു

ബിറ്റ്‌കോയിൻ ഇടപാടുകളുമായി ബന്ധപ്പെട്ട് മലപ്പുറം പുലാമന്തോൾ സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തി ഇടത് ചൂണ്ടുവിരൽ മുറിച്ചെടുത്തത് രണ്ടുവർഷം മുൻപാണ്. കേസിൽ കൂട്ടാളികൾ തന്നെയാണ് അറസ്റ്റിലായതും. നിക്ഷേപത്തിന് ഉയർന്ന മൂല്യവർധന വാഗ്ദാനം ചെയ്തു മലപ്പുറം, മഞ്ചേരി, പാണ്ടിക്കാട് എന്നിവിടങ്ങളിൽനിന്ന് യുവാവും സംഘവും 485 കോടി രൂപ സമാഹരിച്ചിരുന്നു. എന്നാൽ നഷ്ടം സംഭവിച്ചതിനെ തുടർന്ന് ഇടപാടുകൾക്കു നേതൃത്വം നൽകിയ യുവാവ് സ്ഥലം വിട്ടു.

തന്റെ ബിറ്റ്‌കോയിൻ അക്കൗണ്ട് അജ്ഞാതർ ഹാക്ക് ചെയ്തുവെന്നും എല്ലാം നഷ്ടപ്പെട്ടുവെന്നും യുവാവ് അറിയിച്ചെങ്കിലും കൂട്ടാളികൾ വിശ്വസിച്ചില്ല. ഡെറാഡൂണിൽ വാടകയ്ക്കു താമസിക്കുകയായിരുന്ന യുവാവിനെ പിന്തുടർന്ന് കൂട്ടാളികൾ അവിടെയെത്തി. അക്കൗണ്ടിന്റെ പാസ്വേഡ് നൽകണമെന്ന ആവശ്യത്തിനു വഴങ്ങാതായപ്പോൾ ഇയാളെ ആക്രമിക്കുകയും കൊല്ലുകയുമായിരുന്നു. മൃതദേഹത്തിൽ ഇടതു കയ്യിലെ ചൂണ്ടുവിരൽ നീക്കം ചെയ്ത നിലയിലായിരുന്നു. ഇടതു ചൂണ്ടുവിരലാണ് യുവാവ് തന്റെ ഡിജിറ്റൽ രേഖകൾക്ക് പാസ്വേഡായി ഉപയോഗിച്ചിരുന്നതെന്നായിരുന്നു പൊലീസിന്റെ നിഗമനം.

ചേരുന്ന ഘട്ടത്തിൽ കുറച്ചു നാളത്തേക്കു വലിയ ലാഭവിഹിതം നൽകി കെണിയിൽ വീഴ്‌ത്തുന്ന രീതിയാണ് ഇത്തരം തട്ടിപ്പുകളിലെല്ലാമുള്ളത്. ആദ്യം കിട്ടുന്ന ലാഭത്തിൽ കണ്ണുമഞ്ഞളിക്കുന്നതോടെ കൂടുതൽ പണം നിക്ഷേപിക്കുകയായി. കൂടാതെ സുഹൃത്തുക്കളെയും ബന്ധുക്കളെയുമൊക്കെ കണ്ണിചേർക്കുകയും ചെയ്യും. കുറച്ചുനാളുകൾക്കു ശേഷം ഈ ലാഭവിഹിതം നിലയ്ക്കും. മുതലുമായി തട്ടിപ്പുസംഘം സ്ഥലംവിടുകയും ചെയ്യും.

കഴിഞ്ഞ ദിവസം കണ്ണൂരിൽ നാലുപേർ പിടിയിലായി

ക്രിപ്‌റ്റോ കറൻസിയുടെ പേരിൽ നിക്ഷേപത്തട്ടിപ്പു നടത്തിയ നാലുപേർ കഴിഞ്ഞദിവസമാണ് കണ്ണൂരിൽ പിടിയിലായത്. കഴിഞ്ഞവർഷം മലപ്പുറത്ത് മോറിസ് കോയിൻ എന്ന ക്രിപ്‌റ്റോ കറൻസിയുടെ പേരിൽ കോടികൾ തട്ടിയ അതേ കമ്പനിയുടെ പേരിൽത്തന്നെയാണ് ഇവരുടെയും തട്ടിപ്പ്. ബെംഗളൂരു ആസ്ഥാനമായ ലോങ് റിച്ച് ടെക്‌നോളജീസ് എന്ന കമ്പനിയുടെ പേരിലായിരുന്നു കബളിപ്പിക്കൽ. മലപ്പുറം ജില്ലയിൽ ലോങ് റിച്ച് ടെക്‌നോളജീസ് എന്ന കമ്പനിയുടെ എംഡിക്കെതിരെയുള്ള കേസ് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ. അന്വേഷണം നടന്നുകൊണ്ടിരിക്കെ കോടതിയിൽനിന്നു മുൻകൂർ ജാമ്യം നേടിയ പ്രതി വിദേശത്തേക്കു കടന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

മോറിസ് കോയിൻ എന്ന ക്രിപ്‌റ്റോ കറൻസിയുടെ പേരിൽ കോടികളുടെ അനധികൃത നിക്ഷേപം സമാഹരിച്ചതിന് ലോങ് റിച്ച് ടെക്‌നോളജീസ് എംഡി നിഷാദിനെതിരെ കഴിഞ്ഞ വർഷം ഒക്ടോബറിൽ മലപ്പുറം പൂക്കോട്ടുംപാടം പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. പ്രൈസ് ചിറ്റ്‌സ് ആൻഡ് മണി സർക്കുലേഷൻ സ്‌കീംസ് (ബാനിങ്) ആക്ട് പ്രകാരമായിരുന്നു കേസ്. എന്നാൽ പിന്നീട് പൊലീസിനെ ലക്ഷങ്ങൾ നൽകി സംഘം സ്വാധീനിക്കാൻ ശ്രമിച്ചതായും സൂചനകൾ പുറത്തുവന്നിരുന്നു. ഒരു പൊലീസുദ്യോഗസ്ഥൻ പണം വാങ്ങാൻ തയ്യാറായില്ലെങ്കിലും മറ്റൊരാൾ കൈക്കൂലി വാങ്ങിയതായും ആരോപണം ഉയർന്നിട്ടുണ്ട്.

15,000 രൂപ നിക്ഷേപിച്ചാൽ ദിവസം 270 രൂപ വീതം

ഏറ്റവും കുറഞ്ഞ തുകയായ 15,000 രൂപ നിക്ഷേപിച്ചാൽ ദിവസം 270 രൂപ വീതം 300 ദിവസം ലാഭവിഹിതം ലഭിക്കുമെന്നായിരുന്നു പ്രധാന വാഗ്ദാനം. മറ്റൊരാളെ ചേർത്താൽ അതിന്റെ കമ്മിഷനും ലഭിക്കും. നിക്ഷേപങ്ങൾ മോറിസ് കോയിൻ എന്ന ക്രിപ്‌റ്റോ കറൻസിയാക്കി മാറ്റി നിക്ഷേപകർക്കു ലഭിക്കുമെന്നും 300 ദിവസം ലാഭവിഹിതം ലഭിച്ചു കഴിഞ്ഞാൽ മോറിസ് കോയിൻ വിൽക്കാമെന്നും പറഞ്ഞായിരുന്നു നിക്ഷേപങ്ങൾ സമാഹരിച്ചത്.

ആളുകളിൽനിന്നു നിക്ഷേപം സ്വീകരിച്ചു ബിസിനസ് നടത്തുന്ന സ്ഥാപനങ്ങൾക്ക് റിസർവ് ബാങ്കിന്റെ അനുമതി ആവശ്യമാണ്. എന്നാൽ ഇയാളുടെ സ്ഥാപനങ്ങളായ ലോങ് റിച്ച് ടെക്‌നോളജി, ലോങ് റിച്ച് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയ്ക്ക് ഈ റജിസ്‌ട്രേഷൻ ഇല്ലെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇയാളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഒരു വർഷത്തിനിടെ 1300 കോടി രൂപയുടെ നിക്ഷേപം എത്തിയെന്നായിരുന്നു മറ്റൊരു കണ്ടെത്തൽ. ഈ അക്കൗണ്ടുകളെല്ലാം മരവിപ്പിച്ച പൊലീസ് പണമിടപാട് സംബന്ധിച്ച വിവരങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു കൈമാറുകയും ചെയ്തു.

പൊലീസിന് ലക്ഷങ്ങൾ വാഗ്ദാനം

കേസ് അട്ടിമറിക്കാനും കേസിൽ പെടുന്ന തട്ടിപ്പുവീരന്മാരെ രക്ഷിക്കാനും പൊലീസുദ്യോഗസ്ഥരും രംഗത്ത്. മോറിസ് കോയിൻ എന്ന ക്രിപ്‌റ്റോ കറൻസിയുടെ പേരിൽ കോടികളുടെ അനധികൃത നിക്ഷേപം സമാഹരിച്ചതിന് ലോങ് റിച്ച് ടെക്‌നോളജീസ് സിഇഒ നിഷാദ് കിളിയടുക്കലിനെതിരെ കഴിഞ്ഞ വർഷം ഒക്ടോബറിൽ മലപ്പുറം പൂക്കോട്ടുംപാടം പൊലീസ് സ്വമേധയാ കേസെടുത്തിരുന്നെങ്കിലും പിന്നീട് ലക്ഷങ്ങൾ നൽകി പൊലീസിനെ സ്വാധീനിച്ച് കേസ് ഒത്തുതീർപ്പാക്കിയതായും ആക്ഷേപം.

നേരത്തെയുണ്ടായിരുന്ന പൂക്കോട്ടുംപാടം സിഐക്കു തട്ടിപ്പുവീരൻ വാഗ്ദാനം നൽകിയത് 20 ലക്ഷം രൂപയെന്നു പണം നൽകാൻ പോയവർ സുഹൃത്തുക്കളോട് സമ്മതിച്ചതായും ആരോപണം. ഈ ഉദ്യോഗസ്ഥൻ പണത്തിന് മുന്നിൽ മുട്ടുമടക്കാതിരുന്നതോടെ നിലമ്പൂർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ശ്രമം നടന്നു. നിലമ്പൂർ പൊലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്‌ഐ പ്രതി നിഷാദിനെ ഗൾഫിലേക്കു പോകാൻ സഹായിച്ചതായും കേസ് അട്ടിമറിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്. കേസിൽ ആദായനികുതി വകുപ്പും, എൻഫോഴ്‌സ്‌മെന്റും ഇപ്പോഴും അന്വേഷണം തുടരുന്നു.

കഴിഞ്ഞ യുഡിഎഫ് ഭരണ കാലത്ത് ഖാദി ബോർഡിൽ ജോലിതരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം നൽകി വിവിധയാളുകളിൽ നിന്ന് 80 ലക്ഷം രൂപയോളം കൈപറ്റിയതിനെ തുടർന്ന് കോൺഗ്രസ് പ്രവർത്തകനായിരുന്ന നിഷാദ് കിളിയടുക്കലിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. അതിന് ശേഷമാണ് ഇയാൾ മണിചെയ്ൻ മാതൃകയിലുള്ള ബിസിനസുമായി രംഗത്ത് വന്നത്.

ഈ ബിസിനസ് വഴി കോടികളാണ് നിഷാദ് സമ്പാദിച്ചിട്ടുള്ളത്. വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴിയാണ് ഇവരുടെ പ്രവർത്തനങ്ങൾ നടന്നിരുന്നത്. കോവിഡ് കാലത്ത് നാട്ടിലെ ക്ലബുകൾക്ക് 2 ലക്ഷം രൂപ വീതം പ്രതിരോധ പ്രവർത്തനങ്ങൾക്കും സൗജന്യ ഭക്ഷ്യകിറ്റുകൾ നൽകുന്നതിനും ഇയാൾ സഹായം നൽകിയിരുന്നു. നിലമ്പൂർ പ്രസ് ക്ലബിന്റെ നിർമ്മാണത്തിനും വലിയ സംഭാവന നൽകിയ നിഷാദിനെ പ്രസ്‌ക്ലബ് അനുമോദന ചടങ്ങ് നടത്തി ആദരിച്ചിരുന്നു. അതുകൊണ്ട് നിലമ്പൂരിലെ മാധ്യമ പ്രവർത്തകരും ഇയാളുടെ തട്ടിപ്പിനെ കുറിച്ച് മൗനം നടിക്കുകയും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഇയാളെ പിന്തുണക്കുകയും ചെയ്തിരുന്നു. കേസ് രജിസ്റ്റർചെയ്തതിന് പിന്നാലെ പൊലീസിന്റെ സഹായത്തോടെ വിദേശത്തേക്കുപോയ നിഷാദിപ്പോൾ അവിടെ സുഖവാസത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP