Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കല്യാണപ്രായമായ നാലു സഹോദരിമാർ; ചാവക്കാട്ടുകാരന്റെ പ്രയാസത്തിൽ മനമലിഞ്ഞ് സ്വന്തം കമ്പനിയിൽ ജോലി വാങ്ങി നൽകിയത് കുറുപ്പ്; മരണ നാടകത്തിന് വന്നത് കടപ്പാടും കിട്ടാൻ പോകുന്ന വലിയ തുകയും ഓർത്ത്; ചാക്കോയെ കൊന്നത് ഷാഹുവും പൊന്നപ്പനും ഭാസ്‌കരപിള്ളയും ചേർന്ന്: മാപ്പുസാക്ഷിയാക്കി കഥ മെനഞ്ഞതു കൊണ്ട് ഷാഹു നിരപരാധിയാകുന്നില്ല

കല്യാണപ്രായമായ നാലു സഹോദരിമാർ; ചാവക്കാട്ടുകാരന്റെ പ്രയാസത്തിൽ മനമലിഞ്ഞ് സ്വന്തം കമ്പനിയിൽ ജോലി വാങ്ങി നൽകിയത് കുറുപ്പ്; മരണ നാടകത്തിന് വന്നത് കടപ്പാടും കിട്ടാൻ പോകുന്ന വലിയ തുകയും ഓർത്ത്; ചാക്കോയെ കൊന്നത് ഷാഹുവും പൊന്നപ്പനും ഭാസ്‌കരപിള്ളയും ചേർന്ന്: മാപ്പുസാക്ഷിയാക്കി കഥ മെനഞ്ഞതു കൊണ്ട് ഷാഹു നിരപരാധിയാകുന്നില്ല

ശ്രീലാൽ വാസുദേവൻ

ചെറിയനാട്(ആലപ്പുഴ): ചാക്കോയെ വധിച്ചതിൽ കുറുപ്പിന് പങ്കില്ല. പൊന്നപ്പനും ഷാഹുവും ഭാസ്‌കരപിള്ളയും ചേർന്നാണ് ചാക്കോയെ വക വരുത്തിയത്. ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്നു കൊണ്ടു വരുന്ന മൃതദേഹവും കാത്ത് കുറുപ്പ് മറ്റൊരിടത്ത് നിൽക്കുകയായിരുന്നു. സുകുമാരക്കുറുപ്പിന്റെ തിരോധാനം അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിന്റെ ചുമതലയുണ്ടായിരുന്ന റിട്ട. എസ്‌പി ജോർജ് വർഗീസ് പറയുന്നത് ഇങ്ങനെയാണ്്.

കൊലക്കേസിൽ നേരിട്ടു പങ്കുള്ള ഷാഹു പിന്നെങ്ങനെ മാപ്പുസാക്ഷിയായി. ഈ കേസിൽ കുറുപ്പിനെ പിടികിട്ടാതെ വന്നതോടെ മറ്റു പ്രതികൾക്കെങ്കിലും ശിക്ഷ നൽകുക എന്ന ലക്ഷ്യത്തോടെ ഷാഹുവിനെ പൊലീസ് മാപ്പു സാക്ഷിയാക്കുകയായിരുന്നു. ജോർജ് ജോസഫിന്റെ കണ്ടെത്തൽ തന്നെയാണ് കുറുപ്പിന്റെ ബന്ധുക്കളും പറയുന്നത്. അതിനൊപ്പം ഷാഹു ആരായിരുന്നുവെന്നും അവർ പറഞ്ഞു. ഷാഹു ഇപ്പോൾ നിരപരാധിയുടെ വേഷം അണിഞ്ഞ് മാധ്യമങ്ങൾക്ക് മുന്നിൽ വിലസുകയാണ്.

ചാക്കോയെ കിട്ടിയില്ലായിരുന്നെങ്കിൽ കുറുപ്പ് തന്നെ തട്ടിക്കളയുമായിരുന്നുവെന്നു വരെ ഷാഹു പറഞ്ഞു വയ്ക്കുന്നു. ഷാഹു ആരായിരുന്നുവെന്നും കുറുപ്പ് അയാൾക്ക് ചെയ്ത സഹായമെന്തായിരുന്നുവെന്നും ചെറിയനാട്ടുള്ള കുറുപ്പിന്റെ അടുത്ത ബന്ധുക്കൾക്ക് അറിയാം. കുറുപ്പിനൊപ്പം ഇവിടെ വന്ന ഷാഹുവിന്റെ ദയനീയകഥ അദ്ദേഹം തന്നെയാണ് വീട്ടുകാരോടും സുഹൃത്തുക്കളോടും പറഞ്ഞത്.

ആ കഥ ഇങ്ങനെ:
നാലു സഹോദരിമാർക്കുള്ള ഏക സഹോദരൻ ആയിരുന്നു ചാവക്കാട്ടുകാരൻ ഷാഹു. കുടുംബം പുലർത്താൻ വേണ്ടിയാണ് മറ്റേതൊരു ശരാശരി മലയാളിയെയും പോലെ അയാൾ അബുദബിയിലെത്തിയത്. കിട്ടിയ ജോലികളൊന്നും വീട്ടിലെ ദാരിദ്ര്യം മാറ്റാൻ തക്കതായിട്ടുള്ളതായിരുന്നില്ല.

തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്തിരുന്ന ഷാഹുവിനെ കുറുപ്പ് പരിചയപ്പെടാനിടയായി. അയാളുടെ ബുദ്ധിമുട്ടുകൾ കണ്ട് മനമലിഞ്ഞ് താൻ ജോലി ചെയ്യുന്ന കമ്പനിയിലേക്ക് ഷാഹുവിനെ കൊണ്ടു വന്നു. സാമാന്യം നല്ല ശമ്പളം കിട്ടുന്ന ഒരു ജോലിയും വാങ്ങി നൽകി. ഷാഹുവിന്റെ വീട്ടുകാരെയും കുറുപ്പ് സഹായിച്ചു. ഇതോടെ കുറുപ്പുമായി ഒരു ആത്മബന്ധം ഷാഹുവിന് ഉണ്ടായി. ഈ കടപ്പാടിന്റെ പേരിലാണ് കുറുപ്പിന്റെ മരണ നാടകത്തിൽ പങ്കെടുക്കാൻ ഷാഹു അയാൾക്കൊപ്പം നാട്ടിലെത്തിയത്.

ചാക്കോയെ വധിക്കാൻ തീരുമാനിച്ചത് മദ്യലഹരിയിൽ

തന്റെ മരണ നാടകം ആസൂത്രണം ചെയ്യാൻ സുകുമാരക്കുറുപ്പ് ഒരു പഴയ കാറു വാങ്ങിയിരുന്നു. നേരത്തേയുണ്ടായിരുന്ന കാറിന്റെ ഡ്രൈവറായിരുന്നു പൊന്നപ്പൻ. കുറുപ്പിന്റെ മരണം കൃത്രിമമായി സൃഷ്ടിക്കാൻ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് മോർച്ചറിയിൽ നിന്ന് മൃതദേഹം എടുത്തു നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നത് കുറുപ്പിന്റെ സഹോദരീ ഭർത്താവ് മധുസൂദനൻ ആയിരുന്നു. അയാൾ നിർദ്ദേശിച്ച പ്രകാരം മൃതദേഹം എടുക്കാനായി കുറുപ്പിന്റെ ആദ്യ കാറിൽ വണ്ടാനത്തേക്ക് പോയത് ഭാസ്‌കരപിള്ള, പൊന്നപ്പൻ, ഷാഹു എന്നിവർ ആയിരുന്നു. മെഡിക്കൽ കോളജിൽ ചെന്നപ്പോഴേക്കും മധുവിന്റെ മട്ടു മാറിയിരുന്നു.

മൃതദേഹം നൽകിയാൽ തനിക്ക് പണി കിട്ടുമെന്ന് മനസിലാക്കിയ അയാൾ തന്ത്രപൂർവം ഒഴിഞ്ഞു മാറുകയായിരുന്നു. നിരാശരായി മടങ്ങും വഴി മൂവർ സംഘം നന്നായി മദ്യപിച്ചു. കുറുപ്പ് കൊണ്ടു വന്ന ഒരു കുപ്പി സ്‌കോച്ചിന് പുറമേ വരുന്ന വഴി കൽപ്പകവാടി ഷാപ്പിലും കയറി. അടിച്ചു പൂസായി വരുന്ന വഴിയാണ് കരുവാറ്റയിലെ തീയറ്ററിന് മുന്നിൽ വച്ച് ചാക്കോയെ കണ്ടത്. ആലപ്പുഴ സനാതനം വാർഡിൽ ഡ്രൈവർ പൊന്നപ്പന്റെ അയൽവാസിയായിരുന്നു ചാക്കോ. വാഹനം നിർത്തിയ ചാക്കോ പൊന്നപ്പനെ കണ്ടാണ് മുൻസീറ്റിൽ കയറിയത്. ഈ കയറിയ ആൾ തന്റെ അയൽവാസിയാണെന്ന് പൊന്നപ്പൻ പറഞ്ഞില്ല. പിൻസീറ്റിലിരുന്ന ഭാസ്‌കര പിള്ളയും ഷാഹുവും ചേർന്നാണ് കഴുത്തിൽ തോർത്ത് മുറുക്കി ചാക്കോയെ കൊന്നത്. മാവേലിക്കര-പന്തളം റോഡിൽ കൊച്ചാലുംമൂടിന് സമീപം കുറുപ്പ് രണ്ടാമത് വാങ്ങിയ കാറുമായി കാത്തു കിടപ്പുണ്ടായിരുന്നു.

മൃതദേഹം കിട്ടിയില്ലെന്നും വരുന്ന വഴിക്ക് കുറുപ്പിന്റെ രൂപസാദൃശ്യമുള്ള ഒരുത്തനെ തട്ടിയെന്നും ഭാസ്‌കരപിള്ള അറിയിച്ചപ്പോൾ കുറുപ്പ് ഞെട്ടി. നിങ്ങൾ എന്തെങ്കിലും കാണിക്ക് എനിക്കിതിൽ പങ്കില്ലെന്ന് പറഞ്ഞ് കുറുപ്പ് പഴയ കാറും അവർക്ക് നൽകി തന്റെ സ്വന്തം കാറിൽ പൊന്നപ്പനെയും കൂട്ടി പന്തളത്തേക്ക് പോയി. അവിടെ എൻഎസ്എസ് മെഡിക്കൽ മിഷനിൽ ചികിൽസയിലായിരുന്ന മാതാവിനെ കണ്ട ശേഷമാണ് ഇരുവരും പാലക്കാട്ടേക്ക് കടന്നത്. അവിടെ ഒളിച്ചു പാർത്ത് ദിവസങ്ങൾ കഴിഞ്ഞ് കുറുപ്പ് വീണ്ടും ചെറിയനാട്ട് വന്നു. ബന്ധുക്കളായ നാലു പേരുടെ സഹായത്തോടെ ഭോപ്പാലിലേക്ക് പോവുകയും ചെയ്തു.

യഥാർഥ സംഭവം ഇങ്ങനെയായിരിക്കേ ഷാഹുവിനെ പൊലീസ് മാപ്പുസാക്ഷിയാക്കിയത് കുറുപ്പിനെ പിടികിട്ടാത്ത ക്ഷീണത്തിലാണ്. പക്ഷേ, അതിന്റെ പേരിൽ സ്വയം ദിവ്യനായി മാറിയ ഷാഹു ഇപ്പോൾ തട്ടിവിടുന്നതൊക്കെയും പച്ചക്കള്ളമാണെന്ന് കുറുപ്പിന്റെ ബന്ധുക്കൾ പറയുന്നു. കുറുപ്പ് വാഗ്ദാനം ചെയ്ത പണം കണ്ടു തന്നെയാണ് ഷാഹു മരണ നാടകം കളിക്കാനെത്തിയത്. മാപ്പുസാക്ഷിയായതോടെ വിശുദ്ധന്റെ വേഷം കെട്ടുകയാണെന്നും കുറുപ്പിന്റെ ബന്ധുക്കൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP