Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കിഫ്ബി മസാല ബോണ്ടുവഴി സമാഹരിച്ച 200 കോടി നിക്ഷേപിച്ചത് വിജയ ബാങ്കിൽ; കലാവധി തികയും മുമ്പ് പിൻവലിച്ചപ്പോൾ നഷ്ടം 4.67 കോടി; കെഎസ്എഫ്ഇയിലെ സുരക്ഷാ ബോണ്ടുകളിലെ അശ്രദ്ധയിൽ 109 കോടി പലിശ നൽകേണ്ടി വന്നു; ഗുരുതര വീഴ്ചകൾ എണ്ണിപ്പറഞ്ഞ് സിഎജിയുടെ പ്രത്യേക റിപ്പോർട്ട്, കിഫ്ബി വെട്ടിൽ

കിഫ്ബി മസാല ബോണ്ടുവഴി സമാഹരിച്ച 200 കോടി നിക്ഷേപിച്ചത് വിജയ ബാങ്കിൽ; കലാവധി തികയും മുമ്പ് പിൻവലിച്ചപ്പോൾ നഷ്ടം 4.67 കോടി; കെഎസ്എഫ്ഇയിലെ സുരക്ഷാ ബോണ്ടുകളിലെ അശ്രദ്ധയിൽ 109 കോടി പലിശ നൽകേണ്ടി വന്നു; ഗുരുതര വീഴ്ചകൾ എണ്ണിപ്പറഞ്ഞ് സിഎജിയുടെ പ്രത്യേക റിപ്പോർട്ട്, കിഫ്ബി വെട്ടിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന സർക്കാറിനെയും കിഫ്ബിയെയും അടിമുടി വെട്ടിലാക്കി ഗുരുതര പരാമർശങ്ങളുമായി സിഎജിയുടെ പ്രത്യേക ഓഡിറ്റ് റിപ്പോർട്ട്. കൃത്യമായ നയമില്ലാതെ വൻ തോതിൽ നഷ്ടം വരുത്തിവെച്ചെന്നാണ് ഓഡിറ്റ് റിപ്പോർട്ടിലെ കണ്ടെത്തൽ. ഗുരുതര ആരോപണങ്ങളാണ് റിപ്പോർട്ടിൽ ഉള്ളത്. ചെറിയ കാര്യങ്ങളിൽ പോലും വലിയ വീഴ്‌ച്ച ഉണ്ടായെന്നാണ് ആരോപണം. ഏപ്രിൽ 14ന് ധനകാര്യ സെക്രട്ടറിക്ക് ലഭിച്ച റിപ്പോർട്ട് സർക്കാർ ഇതുവരെ പൂഴ്‌ത്തി വെച്ചിരിക്കയായിരുന്നു.

പൊലീസ് ഫണ്ട് വിനിയോഗം, കിഫ്ബി വിഷയങ്ങളിൽ സർക്കാരിനെ വെട്ടിലാക്കിയ മുൻ എജി എസ്.സുനിൽരാജ് മുൻകൈയെടുത്താണ് പ്രത്യേക ഓഡിറ്റ് നടത്തിയത്. ഓരോ പിഴവുകളും എണ്ണിപ്പറഞ്ഞു കൊണ്ടാമ് എസ് സുനിൽ രാജിന്റെ റിപ്പോർട്ടുള്ളത്. കിഫ്ബി മസാല ബോണ്ടുവഴി സമാഹരിച്ചതിൽ നിന്ന് 200 കോടി വിജയ ബാങ്കിൽ നിക്ഷേപിച്ചിരുന്നു. ഇത് കാലാവധി തികയും മുമ്പ് പിൻവലിച്ചതിനാൽ പലിശയിനത്തിൽ 4.67 കോടിയുടെ നഷ്ടമുണ്ടായെന്ന് ഓഡിറ്റ് റിപ്പോർട്ട് പറയുന്നു. മസാലബോണ്ട് വഴി സമാഹരിച്ച പണം രണ്ടുവർഷത്തിനകം ചെലവാക്കണമെന്നതിനാൽ എപ്പോൾ വേണമെങ്കിലും പിൻവലിക്കാൻ കഴിയുന്ന തരത്തിലായിരുന്നു സ്ഥിരനിക്ഷേപം നടത്താൻ.

കെ.എസ്.എഫ്.ഇയിൽ നിന്ന് സുരക്ഷാ ബോണ്ടുകൾ വഴി 31 കോടി സ്വീകരിച്ചു, എന്നാൽ അശ്രദ്ധമൂലം 109 കോടിരൂപയ്ക്ക് പലിശ നൽകി. പ്രവാസി ചിട്ടിക്കായി 7.51 രൂപ മുടക്കി വാങ്ങിയ സോഫ്‌റ്റ്‌വെയർ കെ.എസ്.എഫ്.ഇക്ക് കൈമാറിയില്ല. ചീഫ് പ്രോജക്ട് എക്‌സാമിനറെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചപ്പോൾ കിഫ്ബി പറഞ്ഞ യോഗ്യതയുള്ള ആരും വന്നില്ലെങ്കിലും മൂന്ന് അപേക്ഷകരിൽ ഒരാളെ നിയമിച്ചു. ഡപ്യൂട്ടേഷൻ ഒഴിവാക്കി കരാർ നിയമനം നടത്തിയതുമൂലം 42 ലക്ഷത്തിന്റെ അധികചെലവുണ്ടായി.

സർക്കാരിന് കീഴിലെ സ്വയംഭരണ സ്ഥാപനമായിരുന്നിട്ടും കിഫ്ബിയിലെ നിയമനങ്ങളിൽ സംവരണം പാലിച്ചില്ല. സർക്കാരിന്റെ അനുമതിയില്ലാതെ തസ്തികകൾ സൃഷ്ടിച്ചു. വൗച്ചർ ഹാജരാക്കാത്തചെലവുകളും കിഫ്ബി അംഗീകരിച്ചെന്നും ഓഡിറ്റിൽ കണ്ടെത്തി. കിഫ്ബി വാടകക്കെടുത്ത കെട്ടിടം ഉപയോഗിക്കാത്ത കാലയളവിൽ വാടകയായി 16 ലക്ഷം രൂപ നൽകി. വരുമാനമുണ്ടാക്കാൻ കഴിയുന്ന പദ്ധതികളിൽ പലതും പറഞ്ഞ സമയത്തിനകം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

2019-20 സംസ്ഥാന ബജറ്റിനെ രൂക്ഷമായി വിമർശിച്ച് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി.) റിപ്പോർട്ട്. ബജറ്റ് നിർദ്ദേശം പോലും കാര്യക്ഷമമായി നടപ്പിലാക്കുന്നില്ല, ബജറ്റിനെ നോക്കുകുത്തിയാക്കി ബജറ്റിന് പുറത്ത് നിരവധി ചെലവുകൾ നടക്കുന്നുവെന്നും സി.എ.ജി. നിയമസഭയിൽ വെച്ച റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. ബജറ്റിൽ ചെലവ് ശരിയായി രേഖപ്പെടുത്താത്തതിനൊപ്പം അനുവദിച്ച വിഹിതം ചെലവഴിക്കുന്നുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

നിയമസഭയുടെ അനുമതി വേണമെന്നുള്ള നിബന്ധന ഉണ്ടായിട്ടുകൂടി അനുവദിക്കപ്പെട്ട തുകയെക്കാൾ 2019-20 വർഷം അധികച്ചെലവുണ്ടായി. പൊതുമരാമത്ത്, വിദ്യാഭ്യാസം, കായികം വിനോദം, കലയും സംസ്‌കാരവും എന്നീ വകുപ്പുകളിൽ ബജറ്റ് വിഹിതമില്ലാതെ ഉയർന്ന ഗ്രാന്റുകൾ അനുവദിച്ചു. ബജറ്റ് വഴിയുള്ള ധനസഹായം പാഴാക്കാതിരിക്കാനായി 382.37 കോടി രൂപ നിക്ഷേപക ഹെഡ്ഡിൽ നിക്ഷേപിച്ചതായും ഓഡിറ്റ് കുറ്റപ്പെടുത്തുന്നു.

മാത്രമല്ല, മൂലധന ചെലവിനെ റവന്യൂ ചെലവായും റവന്യൂ ചെലവിനെ മൂലധന ചെലവായും മാറ്റിയും മറിച്ചുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുതൽമുടക്കിന് അനുവദിക്കുന്ന പണംപോലും മൂലധനച്ചെലവായി രേഖപ്പെടുത്തിയിരിക്കുന്നുവെന്നും സി.എ.ജി. റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. ബജറ്റിൽ അനുവദിച്ച വിഹിതംപോലും ചെലവഴിക്കാത്തതിന് പുറമെ, ഉപധനാഭ്യർഥനയിലൂടെ അനുവദിച്ച അധികതുക ചെലവഴിക്കാത്ത വിഭാഗങ്ങളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പലവിഭാഗങ്ങളിലും മിച്ചം തുകയുണ്ടായിട്ടുപോലും ബജറ്റ് മാന്വലിന് വിരുദ്ധമായി ഉപവകയിരുത്തൽ നടത്തിയതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

മാത്രമല്ല ബജറ്റിന് യാഥാർഥ്യബോധമില്ലെന്ന രൂക്ഷമായ കുറ്റപ്പെടുത്തലും സി.എ.ജിയുടെ ഭാഗത്തുനിന്നുണ്ടായി. മുൻപ് നിയമസഭാ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പലതവണ ഉന്നയിച്ച വിഷയാണ് ഇപ്പോൾ സി.എ.ജിയും ശരിവെച്ചിരിക്കുന്നത്. ബജറ്റുമായി താരതമ്യം ചെയ്ത് ചെലവുപുരോഗതി നിരീക്ഷിച്ചിരുന്നെങ്കിൽ ഇതിൽ പല അധിക ചെലവുകളും ഒഴിവാക്കാവുന്നതേയുണ്ടായിരുന്നുള്ളു. അതിന് സർക്കാർ തയ്യാറായില്ല. അധികച്ചെലവുകൾ കുറയ്ക്കുന്നതിലടക്കം നിരീക്ഷണ സംവിധാനം നടപ്പാക്കണമെന്ന നിർദ്ദേശമാണ് സി.എ.ജി. മുന്നോട്ടുവെക്കുന്നത്. നിയമസഭ അംഗീകരിച്ച ഗ്രാന്റുകളെക്കാൾ അധികം ചെലവുകൾ വരുന്നതിനെ ഗൗരവമായി കാണണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു.

2016 ജനുവരി ഒന്നുമുതൽ കഴിഞ്ഞ വർഷം മാർച്ച് 31 വരെയുള്ള കണക്കുകളാണ് ഓഡിറ്റ് ചെയ്തത്. റിപ്പോർട്ട് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഏപ്രിൽ 14ന് കിഫ്ബി സിഇഒയ്ക്കും ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിക്കും കൈമാറിയിരുന്നു. നിയമസഭയിൽ വയ്‌ക്കേണ്ട ബാധ്യതയില്ലാത്തതിനാൽ റിപ്പോർട്ടിലെ വിവരങ്ങൾ സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എന്തെങ്കിലും തിരുത്തൽ നടപടികളെടുത്തോയെന്നും അതിനാൽ വ്യക്തമല്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP