Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വില്യംസണ് മറുപടി നൽകാതെ ഫിഞ്ചിന്റെ മടക്കം; കിവീസ് ബൗളർമാരെ തല്ലിപ്പരത്തി മിച്ചൽ മാർഷ്; അർധ സെഞ്ചുറിയുമായി പ്രതീക്ഷ കാത്ത് വാർണറും; 92 റൺസിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് നിർണായകമായി; ന്യൂസിലൻഡിനെ കീഴടക്കിയത് എട്ട് വിക്കറ്റിന്; ഏകദിനത്തിലെ രാജക്കന്മാരായ ഓസ്‌ട്രേലിയ ഇനി ട്വന്റി 20യിലെയും ലോകചാമ്പ്യന്മാർ

വില്യംസണ് മറുപടി നൽകാതെ ഫിഞ്ചിന്റെ മടക്കം; കിവീസ് ബൗളർമാരെ തല്ലിപ്പരത്തി മിച്ചൽ മാർഷ്; അർധ സെഞ്ചുറിയുമായി പ്രതീക്ഷ കാത്ത് വാർണറും; 92 റൺസിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് നിർണായകമായി; ന്യൂസിലൻഡിനെ കീഴടക്കിയത് എട്ട് വിക്കറ്റിന്; ഏകദിനത്തിലെ രാജക്കന്മാരായ ഓസ്‌ട്രേലിയ ഇനി ട്വന്റി 20യിലെയും ലോകചാമ്പ്യന്മാർ

സ്പോർട്സ് ഡെസ്ക്

ദുബായ്: ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ന്യൂസീലൻഡിനെ എട്ട് വിക്കറ്റിന് കീഴടക്കി കന്നിക്കിരീടത്തിൽ മുത്തമിട്ട് ഓസ്‌ട്രേലിയ. നായകൻ കെയ്ൻ വില്യംസണിന്റെ ബാറ്റിങ് മികവിൽ കിവീസ് ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം 7 പന്തുകൾ ശേഷിക്കെ ഓസിസ് മറികടന്നു.

ഞായറാഴ്ച നടന്ന ഫൈനലിൽ ന്യൂസീലൻഡ് ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം 18.5 ഓവറിൽ ഓസീസ് മറികടന്നു. മിച്ചൽ മാർഷ്, ഡേവിഡ് വാർണർ എന്നിവരുടെ തകർപ്പൻ ഇന്നിങ്സുകളാണ് ഓസീസിന്റെ കിരീട വിജയത്തിൽ നിർണായകമായത്. തുടക്കത്തിൽ നായകൻ ആരോൺ ഫിഞ്ചിന്റെ വിക്കറ്റ് നഷ്ടമായിട്ടും കിവീസ് ബൗളർമാരെ നിഷ്പ്രഭരാക്കിയാണ് ഇരുവരും മുന്നേറിയത്.

50 പന്തിൽ നിന്ന് 4 സിക്സും 6 ഫോറുമടക്കം 77 റൺസെടുത്ത മാർഷാണ് ഓസീസ് നിരയിലെ ടോപ് സ്‌കോറർ. മാർഷ് തന്നെയാണ് കളിയിലെ താരവും. സ്‌കോർ ന്യൂസിലൻഡ് 20 ഓവറിൽ നാല് വിക്കറ്റിന് 172 റൺസ്, ഓസ്‌ട്രേലിയ 18.5 ഓവറിൽ രണ്ട് വിക്കറ്റിന് 173



ഫൈനലിൽ രണ്ടാമത് ബാറ്റെടുത്ത ഓസീസിന് മൂന്നാം ഓവറിൽ തന്നെ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെ (5) നഷ്ടമായിരുന്നു. ട്രെൻഡ് ബോൾട്ടിനായിരുന്നു വിക്കറ്റ്.

എന്നാൽ രണ്ടാം വിക്കറ്റിൽ ഡേവിഡ് വാർണർക്കൊപ്പം മിച്ചൽ മാർഷ് എത്തിയതോടെ ഓസീസ് ടോപ് ഗിയറിൽ കുതിക്കാൻ തുടങ്ങി. ഇരുവരും കൂട്ടിച്ചേർത്ത 92 റൺസാണ് ഓസീസ് ഇന്നിങ്സിന്റെ നട്ടെല്ല്. 13-ാം ഓവറിൽ വാർണറെ ബോൾട്ട് മടക്കിയെങ്കിലും തുടർന്നെത്തിയ ഗ്ലെൻ മാക്സ്വെൽ മാർഷിന് ഉറച്ച പിന്തുണ നൽകി. മാക്സ്വെൽ 18 പന്തിൽ നിന്ന് 28 റൺസോടെ പുറത്താകാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തിരുന്നു. തകർപ്പൻ ബാറ്റിങ് പുറത്തെടുത്ത ക്യാപ്റ്റൻ കെയ്ൻ വില്യംസനാണ് കിവീസിന്റെ ടോപ് സ്‌കോറർ. 48 പന്തുകൾ നേരിട്ട കിവീസ് ക്യാപ്റ്റൻ മൂന്ന് സിക്സും 10 ഫോറുമടക്കം 85 റൺസെടുത്തു.

ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ഒരു ക്യാപ്റ്റന്റെ ഏറ്റവും ഉയർന്ന സ്‌കോറാണിത്. മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ കുമാർ സംഗക്കാരയുടെ റെക്കോഡാണ് വില്യംസൺ മറികടന്നത്. സ്റ്റാർക്ക് എറിഞ്ഞ 11-ാം ഓവറിലെ നാലാം പന്തിൽ വില്യംസന്റെ ക്യാച്ച് ഹെയ്സൽവുഡ് നഷ്ടപ്പെടുത്തിയതിന് ഓസീസിന് വലിയ വില നൽകേണ്ടി വന്നു.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസിന് നാലാം ഓവറിൽ തന്നെ ആദ്യം വിക്കറ്റ് നഷ്ടമായി. സെമി ഫൈനലിലെ വിജയശിൽപി ഡാരിൽ മിച്ചലിനെ (11) ജോഷ് ഹെയ്സൽവുഡ് മാത്യു വെയ്ഡിന്റെ കൈയിലെത്തിക്കുകയായിരുന്നു.

എന്നാൽ രണ്ടാം വിക്കറ്റിൽ ഒന്നിച്ച മാർട്ടിൻ ഗുപ്റ്റിൽ - വില്യംസൺ സഖ്യം 48 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി കിവീസ് ഇന്നിങ്സ് ട്രാക്കിലാക്കി. 12-ാം ഓവറിൽ ഗുപ്റ്റിലിനെ മടക്കി ആദം സാംപയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. റൺസ് കണ്ടെത്താൻ വിഷമിച്ച ഗുപ്റ്റിൽ 35 പന്തുകൾ നേരിട്ടാണ് 28 റൺസെടുത്തത്. മൂന്ന് ബൗണ്ടറി മാത്രമാണ് അദ്ദേഹത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നത്.

തുടർന്നെത്തിയ ഗ്ലെൻ ഫിലിപ്പ്സിനെ കൂട്ടുപിടിച്ച് വില്യംസൺ കിവീസ് ഇന്നിങ്സ് ടോപ് ഗിയറിലാക്കി. 68 റൺസാണ് ഈ കൂട്ടുകെട്ട് കിവീസ് സ്‌കോർ ബോർഡിൽ ചേർത്തത്. 18-ാം ഓവറിൽ 17 പന്തിൽ നിന്ന് 18 റൺസെടുത്ത ഫിലിപ്പ്സിനെ പുറത്താക്കി ഹെയ്സൽവുഡാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അതേ ഓവറിലെ അഞ്ചാം പന്തിൽ വില്യംസണെ ഹെയ്സൽവുഡ് സ്റ്റീവ് സ്മിത്തിന്റെ കൈകളിലെത്തിച്ചു.

ജിമ്മി നീഷാം 13 റൺസോടെയും ടിം സെയ്ഫെർട്ട് എട്ടു റൺസോടെയും പുറത്താകാതെ നിന്നു. ഓസീസിനായി ജോഷ് ഹെയ്സൽവുഡ് നാല് ഓവറിൽ 16 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി.

നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഓസീസ് ടീം കളത്തിലിറങ്ങിയത്. കിവീസ് നിരയിൽ പരിക്കേറ്റ ഡെവോൺ കോൺവെയ്ക്ക് പകരം ടിം സെയ്ഫെർട്ടിനെ ഉൾപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP