Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസ്സുകാരൻ മരിച്ച സംഭവത്തിൽ കൃത്യമായ ഉത്തരം ലഭിക്കാതെ അധികൃതർ; നടപടി ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പും; വധൂഗൃഹത്തിലും വരന്റെ വീട്ടിലും വിരുന്നുകൾ നടന്നു; വരന്റെ വീട്ടിലേക്ക് ഭക്ഷണമെത്തിച്ച ഫാസ്റ്റ് ബർഗർ കാറ്ററിങ് യൂണിറ്റും വധൂ ഗൃഹത്തിലേക്ക് കേക്ക് എത്തിച്ച നവീൻ ബേക്കറിയും പൂട്ടി സീൽ ചെയ്തു

ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസ്സുകാരൻ മരിച്ച സംഭവത്തിൽ കൃത്യമായ ഉത്തരം ലഭിക്കാതെ അധികൃതർ; നടപടി ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പും; വധൂഗൃഹത്തിലും വരന്റെ വീട്ടിലും വിരുന്നുകൾ നടന്നു; വരന്റെ വീട്ടിലേക്ക് ഭക്ഷണമെത്തിച്ച ഫാസ്റ്റ് ബർഗർ കാറ്ററിങ് യൂണിറ്റും വധൂ ഗൃഹത്തിലേക്ക് കേക്ക് എത്തിച്ച നവീൻ ബേക്കറിയും പൂട്ടി സീൽ ചെയ്തു

കെ വി നിരഞ്ജൻ

കോഴിക്കോട്: ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസ്സുകാരൻ മരിച്ച സംഭവത്തിൽ പരിശോധനയും നടപടിയും ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്. നരിക്കുനി പഞ്ചായത്തിലെ ഇയ്യാട് കുണ്ടായി ചങ്ങളംകണ്ടി അക്‌ബറിന്റെ മകൻ മുഹമ്മദ് യമീനാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. വ്യാഴാഴ്ച വീടിനടുത്തുള്ള ബന്ധുവീട്ടിലെ വിവാഹത്തിൽ പങ്കെടുത്ത് തച്ചംപൊയിലിലുള്ള വധുവിന്റെ വീട്ടിൽ മുഹമ്മദ് യമീനും കുടുംബവും വിരുന്നിന് പോയിരുന്നു. ഇവിടെ നിന്നും കഴിച്ച ചിക്കൻ റോളിൽ നിന്ന് വിഷബാധയേറ്റതാണെന്ന് കരുതുന്നതായാണ് ബന്ധുക്കൾ പറഞ്ഞിരുന്നത്. വിവാഹ സത്ക്കാരത്തിൽ പങ്കെടുത്ത പന്ത്രണ്ട് കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലുമാണ്. ഈ സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് സ്ഥാപനങ്ങൾ ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടി സീൽ ചെയ്തു.

വധൂ ഗൃഹത്തിലും വരന്റെ ഗൃഹത്തിലും വെവ്വേറെ വിരുന്നുകൾ നടന്നിരുന്നു. വരന്റെ ഗൃഹത്തിൽ രാത്രി ഏഴു മണിയോടെ നടന്ന വിരുന്നിൽ മന്തി, മയോണിസ്, ചിക്കൻ എന്നിവ വിതരണം ചെയ്തത് ഫാസ്റ്റ് ബർഗർ എന്ന കാറ്ററിങ് യൂണിറ്റാണ്. ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ ലൈസൻസ് ഇല്ലാതെയും വൃത്തിഹീനവുമായാണ് സ്ഥാപനം പ്രവർത്തിക്കുന്നത് എന്ന് കണ്ടെത്തിയതിനെത്തുടർന്ന് സ്ഥാപനം പൂട്ടി സീൽ ചെയ്തതായി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ എം ടി ബേബിച്ചൻ അറിയിച്ചു.

വരന്റെ വീട്ടിൽ നിന്നും കാറ്ററിങ് യൂണിറ്റിൽ നിന്നും വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വധുവിന്റെ വീട്ടിൽ രാവിലെ വരന്റെ വീട്ടിൽ നിന്നെത്തിയവർക്കായി പാചകക്കാരൻ മുഖാന്തിരം തയ്യാറാക്കിയ മന്തിയാണ് നൽകിയത്. ഇത് കഴിച്ച ആർക്കും തന്നെ രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടില്ലെന്ന എം ടി ബേബിച്ചൻ പറഞ്ഞു. വിരുന്നുകാർക്കായി പച്ചവെള്ളത്തിൽ ലൈം ജ്യൂസ് തയ്യാറാക്കി നൽകിയിരുന്നു. വെള്ളത്തിന്റെ സാമ്പിൾ റീജണൽ അനലറ്റിക്കൽ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഉച്ചയോടെ വിരുന്നിൽ പങ്കെടുത്ത വനിതകൾക്കായി ചിക്കൻ റോൾ, കേക്ക് എന്നിവയടങ്ങിയ പാക്കറ്റ് ഫുഡ് നൽകിയിരുന്നു. ഇത് കഴിച്ച പലരും ഭക്ഷ്യവിഷബാധ നേരിട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.

കേക്ക് തയ്യാറാക്കിയ നവീൻ ബേക്കറി എന്ന സ്ഥാപനം വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നത് കണ്ടെത്തിയതിനാൽ പൂട്ടി സീൽ ചെയ്തു. ചിക്കൻ റോൾ തയ്യാറാക്കിയ ഇത്താസ് എന്ന സ്ഥാപനത്തിൽ പോരായ്മകളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതേ ദിവസം മുന്നൂറോളം പേർക്ക് ഇവർ ചിക്കൻ റോൾ വിതരണം ചെയ്തിരുന്നതായും അവർക്കൊന്നും ഭക്ഷ്യവിഷബാധ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അറിയിച്ചു. ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകൾ ഒന്നും തന്നെ പരിശോധനയ്ക്കായി ലഭ്യമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വരന്റെയും വധുവിന്റെയും വീട്ടുകാരുടെ മൊഴികളിൽ പല പൊരുത്തക്കേടുകളുമുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഭക്ഷ്യവിഷബാധയേറ്റ പലരും കുഞ്ഞുങ്ങളായതിനാൽ അവരുടെ മൊഴികളിലും വൈരുദ്ധ്യമുണ്ട്. ഏഴു വയസ്സിന് മുകളിലുള്ള കുട്ടികളുടെ മൊഴികൾ മാത്രമാണ് കൃത്യമായിട്ടുള്ളത്. അതിനു താഴെയുള്ള കുട്ടികളുടെ അമ്മമാർ നൽകുന്ന മൊഴി എത്രത്തോളം വസ്തുതയോടടുക്കുന്നതാണ് എന്നത് സംശയാസ്പദം ആണ്. എല്ലാ ഭക്ഷണവും കഴിച്ചിട്ടും യാതൊരു കുഴപ്പമില്ലാത്ത കുട്ടികളും മന്തിയും പാക്കറ്റ് ഭക്ഷണവും കഴിച്ച് രോഗാവസ്ഥയിൽ എത്തിയവരും ഉണ്ട്. സാമ്പിളുകൾ തുടർ പരിശോധനയ്ക്കായി വൈറോളജി ലാബിലേക്ക് അയച്ചതായി ഡോക്ടർമാരും വ്യക്തമാക്കുന്നു.

ആവർത്തിച്ചുവരുന്ന ഭക്ഷ്യവിഷബാധയുടെ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ കാറ്ററിങ് യൂണിറ്റുകൾ അവർ തയ്യാറാക്കി വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുവിനെയും സാമ്പിളുകൾ സീൽ ചെയ്ത പാക്കറ്റിൽ ഫ്രീസറിൽ രണ്ട് ദിവസങ്ങൾ എങ്കിലും സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ടാൽ പരിശോധനക്കായി ഹാജരാക്കണമെന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ എം ടി ബേബിച്ചൻ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP