Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കനത്ത മഴ തുടരുന്നു; എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ റെഡ് അലർട്ട്; ഇടുക്കി ഡാം തുറന്നു; പുറത്തേക്ക് ഒഴുക്കി വിടുന്നത് സെക്കൻഡിൽ 40,000 ലിറ്റർ വെള്ളം; മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നതിൽ ആശങ്ക; തൃശൂരിൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ വിലക്ക്; ഇടുക്കിയിൽ രാത്രി യാത്രാ നിരോധിച്ചു

കനത്ത മഴ തുടരുന്നു; എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ റെഡ് അലർട്ട്; ഇടുക്കി ഡാം തുറന്നു; പുറത്തേക്ക് ഒഴുക്കി വിടുന്നത് സെക്കൻഡിൽ 40,000 ലിറ്റർ വെള്ളം; മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നതിൽ ആശങ്ക; തൃശൂരിൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ വിലക്ക്; ഇടുക്കിയിൽ രാത്രി യാത്രാ നിരോധിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ ഉയർത്തി. മുല്ലപ്പെരിയാറും തുറന്നേക്കുമെന്നാണ് സൂചന. പത്തനംതിട്ട ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. എറണാകുളത്തും തൃശൂരിലും ഇടുക്കി ജില്ലകളിൽ റെഡ് അലർട്ടാണ്. കണ്ണൂർ ഇരിക്കൂറിൽ മൂന്ന് വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു. പെടയങ്കോട് സ്വദേശി സാജിദിന്റെ മകൻ നസലാണ് മരിച്ചത്.

തൃശൂർ വേളൂക്കര പട്ടേപ്പാടത്ത് മൂന്നു വയസ്സുള്ള കുട്ടിയെ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായി. അലങ്കാരത്ത്പറമ്പിൽ ബെൻസിലിന്റെയും ബെൻസിയുടെയും മകൻ ആരോം ഹെവൻ ആണ് രാവിലെ ഒഴുക്കിൽപ്പെട്ടത്. വീട്ടിൽ കുളിപ്പിക്കാനായി നിർത്തിയ സമയത്ത് കുട്ടി പെട്ടന്ന് ഓടുകയും തൊട്ടടുത്തുള്ള തോട്ടിൽ കാൽ വഴുതി വീഴുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. അമ്മയും കൂടെ ചാടിയെങ്കില്ലും കുട്ടി ഒഴുകിപ്പോവുകയായിരുന്നു.

അപ്പർകുട്ടനാട്ടിലെ തിരുവല്ല, ചെങ്ങന്നൂർ മേഖലകളിൽ കനത്തമഴയാണ്. മാന്നാർ, ബുധനൂർ, ചെന്നിത്തല, വെൺമണി, ചെറിയനാട് പഞ്ചായത്തുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. അച്ചൻകോവിൽ, കുട്ടമ്പേരൂരാർ, പുത്തനാർ എന്നിവ കരകവിഞ്ഞു. കുട്ടനാട്ടിൽ ജലനിരപ്പുയരുകയാണ്. പത്തനംതിട്ടയിൽ അതീവജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. അടൂർ എംസി റോഡിൽ വെള്ളം കയറി ഏനാത്ത് ഉൾപ്പെടെ പലയിടത്തും ഗതാഗതം തിരിച്ചുവിട്ടു. നദിതീരങ്ങളിലും ഉരുൾപൊട്ടൽ മേഖലയിലുമുള്ളവർ ജാഗ്രത പാലിക്കണം. മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണം.

കൊച്ചിയിലും ആലപ്പുഴയിലും തൃശൂരും കോട്ടയത്തും കനത്ത മഴ തുടരുകയാണ്. എറണാകുളം കളമശേരിയിൽ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി തങ്കരാജ് (72) ആണ് മരിച്ചത്. കോട്ടയം ജില്ലയിൽ കൂട്ടിക്കൽ മേഖലയിൽ മേഖലയിൽ പുല്ലകയാറ്റിലെ ജലനിരപ്പ് ഉയർന്നു തന്നെ നിൽക്കുന്നു. കൂട്ടിക്കലിലെ താളുങ്കൽ തോടും ഇടുക്കി ജില്ലയിലെ കൊക്കയാറ്റിൽനിന്ന് വരുന്ന ചന്തക്കടവ് തോടും കരകവിഞ്ഞു.

ആലപ്പുഴ ചങ്ങനാശേരി റോഡിൽ രാവിലെ െവള്ളക്കെട്ടൊഴിഞ്ഞെങ്കിലും വേലിയേറ്റം വർധിക്കുന്നത് ജലനിരപ്പ് ഉയരാനിടയാക്കി. ഇപ്പോൾ ഒന്നാം കരയ്ക്കും പള്ളിക്കുട്ടുമ്മയ്ക്കും ഇടയിലാണ് വെള്ളക്കെട്ടുള്ളത്. ഉച്ചയോടെ കിടങ്ങറ പെട്രോൾ പമ്പിനു സമീപവും വെള്ളം കയറിയിട്ടുണ്ട്. ഈ പ്രദേശത്ത് വലിയ കുഴികൾ രൂപപ്പെട്ടത് യാത്രക്കാരെ അപകടത്തിലാക്കുന്നുണ്ട്. കായംകുളം പുനലൂർ റോഡിൽ വെട്ടിക്കോട്ട് ചാൽ നിറയാറായി.

കെപി റോഡിലെ നൂറനാട് നിന്നു എംസി റോഡിലെ പന്തളത്തേക്കുള്ള റോഡിൽ കുടശ്ശനാട് മാവിളമുക്കിൽ വെള്ളം കയറിത്തുടങ്ങി. കരിങ്ങാലിൽ ചാൽ പുഞ്ചയിൽ വെള്ളം നിറഞ്ഞതിനെത്തുടർന്നാണ് റോഡിൽ വെള്ളം കയറിയത്. അച്ചൻകോവിലാറ്റിൽ വെള്ളം കയറുന്നത് മാവേലിക്കര താലൂക്കിലെ പല റോഡുകളിലെയും ഗതാഗതം തടസ്സപ്പെടാനിടയാക്കും.

പെരുന്ന ഭാഗത്ത് വെള്ളം കയറിയതിനെ തുടർന്ന് പെരുന്ന ഗവ എൽപി സ്‌കൂളിൽ ക്യാംപ് തുടങ്ങി. മണിമലയാറ്റിൽ പഴയിടം കോസ്വേയിൽ വെള്ളം മുട്ടിയൊഴുകുന്നു. അനിഷ്ട സംഭവങ്ങൾ ഇതു വരെ ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. മണിമലയാർ, മീനച്ചിലാർ എന്നിവിടങ്ങളിൽ വെള്ളമുയർന്നെങ്കിലും അപകട നിലയിലേക്ക് എത്തിയിട്ടില്ല.

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ഇടുക്കി ഡാം തുറന്നത്. അണക്കെട്ടിന്റെ ഒരു ഷട്ടർ 40 സെന്റീമീറ്ററാണ് ഉയർത്തിയത്. സെക്കൻഡിൽ 40,000 ലിറ്റർ വെള്ളമാണ് ഇതിലൂടെ ഒഴുക്കിവിടുക. നിലവിൽ 2398.9 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. ഓറഞ്ച് അലർട്ടാണ് ഇടുക്കി ഡാമിൽ നിലനിൽക്കുന്നത്. 2399.03 അടി ആയാൽ മാത്രമാണ് റെഡ് അലർട്ട് പ്രഖ്യാപിക്കുക.

നിലവിൽ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ മാത്രമാണ് ഇടുക്കി ഡാം തുറക്കാൻ തീരുമാനിച്ചതെന്നും അധികൃതർ അറിയിച്ചു.

അതേസമയം മുല്ലപ്പെരിയാർ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറക്കുകയാണെങ്കിൽ അവിടെ നിന്ന് ഒഴുകിയെത്തുന്ന ജലം കൂടി ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഇടുക്കിയിലെ നടപടി. ആശങ്കയ്ക്ക് അടിസ്ഥാനമില്ലെങ്കിലും പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. അതേസമയം ഇടുക്കി ഡാമിനെ സംബന്ധിച്ച് ഇതൊരു അസാധാരണ സാഹചര്യമാണ്. കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നപ്പോൾ ഒക്ടോബർ 16ന് ശേഷം ഇടുക്കി ഡാമിന്റെ ഷട്ടറുകൾ തുറന്നിരുന്നു.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിലെ അതിരപ്പിള്ളി ഉൾപ്പെടെ ടൂറിസം കേന്ദ്രങ്ങളിൽ രണ്ട് ദിവസത്തേക്ക് സന്ദർശന വിലക്കേർപ്പെടുത്തി. ബീച്ചുകളിലും പുഴയോരങ്ങളിലും സന്ദർശകരെ അനുവദിക്കില്ല. മലയോര പ്രദേശങ്ങളിലൂടെ ഇന്നും നാളെയും രാത്രി ഏഴു മണി മുതൽ രാവിലെ ഏഴു മണി വരെയുള്ള യാത്രയ്ക്ക് വിലക്കേർപ്പെടുത്തി. ക്വാറി പ്രവർത്തനം രണ്ട് ദിവസത്തേക്ക് നിർത്തിവയ്ക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇടുക്കി ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ രാത്രികാല യാത്ര നിരോധിച്ചു. തൊഴിലുറപ്പ് ജോലികൾ നിർത്തിവയ്ക്കാൻ അധികൃതർ നിർദ്ദേശം നൽകി. ജില്ലയിൽ വിനോദസഞ്ചാരത്തിനും, മണ്ണെടുപ്പ്, ക്വാറി തുടങ്ങിയ മൈനിങ് പ്രവർത്തനങ്ങൾക്കും ഏർപ്പെടുത്തിയിട്ടുള്ള നിരോധനം തുടരുമെന്നും അധികൃതർ അറിയിച്ചു. ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ ഉയർത്തിയ സാഹചര്യത്തിൽ പെരിയാറിന്റെ തീരത്ത് അതീവജാഗ്രതാ നിർദ്ദേശമുണ്ട്.

തിങ്കളാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെലോ അലർട്ടുമാണ്. ചൊവ്വാഴ്ച വരെ പരക്കെ മഴയായിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.

15-ാം തീയതി എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് അതിശക്തമായ മഴ എന്നതുകൊണ്ട് അർഥമാക്കുന്നത്.

15-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും 16-ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയ്ക്കാണ് ഈ ജില്ലകളിൽ സാധ്യത. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.

ശനിയാഴ്ച കനത്ത മഴ വൻനാശമുണ്ടാക്കിയ തിരുവനന്തപുരം ജില്ലയിൽ മഴയ്ക്ക് നേരിയ ശമനമുണ്ടായത് ആശ്വാസം നൽകുന്നു. തിരുവനന്തപുരത്ത് 33 ദുരിതാശ്വാസ ക്യാംപുകളിലായി 571 പേരെ മാറ്റിപ്പാർപ്പിച്ചു. വിനോദ സഞ്ചാരവും ക്വാറി, മൈനിങ് പ്രവർത്തനങ്ങളും നിരോധിച്ചു. മലയോര മേഖലകളിലേയ്ക്ക് അത്യാവശ്യത്തിനല്ലാതെ യാത്ര പാടില്ല. നെയ്യാർ, അരുവിക്കര, പേപ്പാറ ഡാമുകളുടെ എല്ലാ ഷട്ടറുകളും ഉയർത്തിയിരിക്കുന്നതിനാൽ സമീപവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

മഴക്കെടുതിയുമായി ബന്ധപ്പെട്ട അടിയന്തര സഹായത്തിന് ഫയർഫോഴ്‌സ് കൺട്രോൾറൂം 101 ൽ വിളിക്കാം.

തിരുവനന്തപുരം നഗരത്തിലെ മഴക്കെടുതികൾ ഫലപ്രദമായി നേരിടുന്നതിന് പൊതുജനങ്ങളെ സഹായിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ജില്ല അഗ്‌നിരക്ഷാ നിലയത്തിൽ സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യത്തിൽ കൺട്രോൾ റൂമിന്റെ സേവനം ആവശ്യമുള്ളവർ താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. കൺട്രോൾ റൂം നമ്പർ 101, 04712333101

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP