Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'എല്ലാവരേക്കാളും നിരാശ എനിക്കു തന്നെ; എന്നിലുള്ള പ്രതീക്ഷ നിങ്ങൾ കൈവിടരുത്; ഈ വീഴ്ച എന്നെ കൂടുതൽ കരുത്തനാക്കും'; സെമിയിൽ വെയ്ഡിന്റെ നിർണായകമായ ക്യാച്ച് കൈവിട്ടതിൽ ക്ഷമാപണവുമായി ഹസൻ അലി

'എല്ലാവരേക്കാളും നിരാശ എനിക്കു തന്നെ; എന്നിലുള്ള പ്രതീക്ഷ നിങ്ങൾ കൈവിടരുത്; ഈ വീഴ്ച എന്നെ കൂടുതൽ കരുത്തനാക്കും'; സെമിയിൽ വെയ്ഡിന്റെ നിർണായകമായ ക്യാച്ച് കൈവിട്ടതിൽ ക്ഷമാപണവുമായി ഹസൻ അലി

സ്പോർട്സ് ഡെസ്ക്

ദുബായ്: ട്വന്റി20 ലോകകപ്പിൽ ഓസ്‌ട്രേലിയയ്ക്കെതിരായ സെമി പോരാട്ടത്തിൽ മാത്യു വെയ്ഡിന്റെ നിർണായകമായ ക്യാച്ച് കൈവിട്ടതിൽ സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം രൂക്ഷ വിമർശനം ഉയരുന്നതിനിടെ പാക്കിസ്ഥാൻ ക്രിക്കറ്റ് ആരാധകരോട് ക്ഷമാപണവുമായി പേസ് ബോളർ ഹസൻ അലി.

കിരീട പ്രതീക്ഷ ഉയർത്തി ഗ്രൂപ്പ് ഘട്ടത്തിലെ കുതിപ്പിന് ശേഷം നോക്കൗട്ട് റൗണ്ടിൽ ഓസ്‌ട്രേലിയയോട് തോറ്റ് പാക്കിസ്ഥാൻ പുറത്തായതിനു പിന്നാലെ, തോൽവിക്കു മുഖ്യ കാരണക്കാരനെന്ന പേരിൽ പാക്കിസ്ഥാൻ ആരാധകരുടെ കടുത്ത വിമർശനം ഹസൻ അലി നേരിട്ടിരുന്നു.

മാത്യു വെയ്ഡിന്റെ നിർണായകമായ ക്യാച്ച് കൈവിട്ടതിനു പിന്നാലെ ഹസൻ അലിക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് ഉയർന്നത്. ക്യാച്ച് കൈവിട്ടതിനു പിന്നാലെ തുടരെ 3 സിക്‌സർ നേടിയാണു വെയ്ഡ് ഓസ്‌ട്രേലിയയെ ജയിപ്പിച്ചത്. ഹസൻ അലിയുടെ ഇന്ത്യക്കാരിയായ ഭാര്യയ്‌ക്കെതിരെ പോലും വിമർശനത്തിന്റെ മുന നീണ്ടു.

ഇതിനിടെ, പാക്കിസ്ഥാന്റെ തോൽവിയിൽ ഏറ്റവും നിരാശൻ താൻ തന്നെയാണെന്ന പ്രഖ്യാപനത്തോടെ ക്ഷമാപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹസൻ അലി. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ടീമിന്റെ തോൽവിക്കു കാരണക്കാരനായതിൽ ഹസൻ അലി വിശദീകരണം അറിയിച്ചത്.

'എന്റെ മോശം പ്രകടനം മൂലം എല്ലാവരും കടുത്ത നിരാശയിലും വിഷമത്തിലുമാണെന്ന് എനിക്കറിയാം. നിങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാൻ എനിക്കു സാധിച്ചില്ല. ഇതിൽ എല്ലാവരേയുംകാൾ നിരാശ എനിക്കു തന്നെയാണ്. എങ്കിലും എന്നിലുള്ള പ്രതീക്ഷ നിങ്ങൾ കൈവിടരുത് എന്ന് അഭ്യർത്ഥിക്കുന്നു. ഇനിയും പാക്കിസ്ഥാൻ ക്രിക്കറ്റിനെ സാധിക്കുന്നിടത്തോളം കാലം സേവിക്കണമെന്നാണ് എന്റെ ആഗ്രഹം. അതിനായി തീർച്ചയായും കഠിനാധ്വാനം ചെയ്യും. ഈ വീഴ്ച എന്നെ കൂടുതൽ കരുത്തനാക്കും' ഹസൻ അലി കുറിച്ചു.

 

'എല്ലാവരുടെയും സന്ദേശങ്ങൾക്കും പ്രാർത്ഥനകൾക്കും ട്വീറ്റുകൾക്കും പോസ്റ്റുകൾക്കും വിളികൾക്കും നന്ദി. എല്ലാം എനിക്ക് അത്യാവശ്യമായിരുന്നു' ഹസൻ അലി കുറിച്ചു.

ഷഹീൻ ഷാ അഫ്രീദി എറിഞ്ഞ പത്തൊൻപതാം ഓവറിലാണ്് വെയ്ഡിന്റെ ക്യാച്ച് ഹസൻ അലി കൈവിട്ടത്. ഇതാണ് പാക് തോൽവിയിൽ നിർണായകമായതെന്ന് ക്യാപ്റ്റൻ ബാബർ അസം വ്യക്തമാക്കിയിരുന്നു.

മത്സരശേഷം സമ്മാനദാനച്ചടങ്ങിൽ സംസാരിക്കുമ്പോഴായിരുന്നു ബാബറിന്റെ ഈ പ്രതികരണം. എന്നാൽ പിന്നീട് നടന്ന വാർത്താസമ്മേളനത്തിൽ ഹസൻ അലിയെ പിന്തുണച്ചാണ് ബാബർ രംഗത്തെത്തിയത്.

'ക്യാച്ചുകൾ കൈവിട്ടു പോകുന്നതു സ്വാഭാവികമാണ്. ചില ക്യാച്ചുകൾ നിർണായകമായേക്കാം. പക്ഷേ, എല്ലാം കളിയുടെ ഭാഗമാണ്. ഹസൻ അലി ഞങ്ങളുടെ പ്രധാന ബോളറാണ്. ഒട്ടേറെ മത്സരങ്ങളിൽ വിജയം സമ്മാനിച്ച താരമാണ് അദ്ദേഹം' ബാബർ പറഞ്ഞു.

ഹസൻ അലിയുടെ ഭാര്യ ഇന്ത്യക്കാരിയാണ്, അതുകൊണ്ടാണ് ഹസൻ അലി മത്സരത്തിലെ ഹീറോയായ മാത്യു വെയ്ഡിന്റെ ക്യാച്ച് വിട്ടുകളഞ്ഞത്. ഇതിനുള്ള പ്രതിഫലം മത്സരത്തിന് മുമ്പ് തന്നെ ഹസൻ അലിയുടെ ബാങ്ക് അക്കൗണ്ടിലെത്തിയെന്നും പാക് ആരാധകർ ആരോപിച്ചിരുന്നു.

ഇന്ത്യൻ പെൺകുട്ടിയായ സാമിയ അർസൂയെ വിവാഹം കഴിച്ചതാണ് പാക് ആരാധകർ ഹസൻ അലിക്കെതിരെ രൂക്ഷവിമർശനം ഉന്നയിക്കാൻ കാരണമായി ഉയർത്തിക്കാട്ടുന്നത്. ഒരു എയറോനോട്ടിക്കൽ എഞ്ചിനീയറാണ് സമിയ, 2019-ൽ ദുബായിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽവച്ചാണ് സാമിയ ഹസനെ വിവാഹം കഴിച്ചത്. ഹസൻ അലി ഒരു ഇന്ത്യൻ യുവതിയെ വിവാഹം കഴിച്ചതിനാൽ മത്സരം 'ഒത്തുകളിച്ചു' എന്നാണ് ചില പാക് ആരാധകർ ആരോപിച്ചത്.

എമിറേറ്റ്സ് എയർലൈൻസിൽ ഫ്‌ളൈറ്റ് എഞ്ചിനീയറായി ജോലി ചെയ്യുകയാണ് സാമിയ. ഹരിയാനയിലെ പൽവാൽ ജില്ലയിലെ ചന്ദേനി ഗ്രാമമാണ് സാമിയയുടെ സ്വദേശം. അവരുടെ പിതാവ് ലിയാഖത്ത് അലി ഹരിയാന സർക്കാരിൽ ജോലി ചെയ്ത് വിരമിച്ച ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറാണ്. 15 വർഷത്തിലേറെയായി കുടുംബം താമസിച്ചിരുന്ന ഫരീദാബാദിൽ നിന്നാണ് സാമിയ തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP