Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ത്രിപുര സംഘർഷം: വാർത്ത റിപ്പോർട്ട് ചെയ്ത രണ്ട് വനിതാ മാധ്യമ പ്രവർത്തകർക്കെതിരെ കേസ്; കുറ്റകരമായ ഗൂഢാലോചന ഉൾപ്പെടെ വകുപ്പുകൾ ചുമത്തി; നടപടി, വിഎച്ച്പിയുടെ പരാതിയിൽ

ത്രിപുര സംഘർഷം: വാർത്ത റിപ്പോർട്ട് ചെയ്ത രണ്ട് വനിതാ മാധ്യമ പ്രവർത്തകർക്കെതിരെ കേസ്; കുറ്റകരമായ ഗൂഢാലോചന ഉൾപ്പെടെ വകുപ്പുകൾ ചുമത്തി; നടപടി, വിഎച്ച്പിയുടെ പരാതിയിൽ

ന്യൂസ് ഡെസ്‌ക്‌

അഗർത്തല: ത്രിപുര സംഘർഷം റിപ്പോർട്ട് ചെയ്ത വനിതാ മാധ്യമപ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. വിശ്വഹിന്ദു പരിഷത്തിനെ അപകീർത്തിപ്പെടുത്തുന്ന വിധം വാർത്ത നൽകി എന്ന പരാതിയിലാണ് കേസ്. ഉനാക്കോട്ടി ജില്ലയിലെ ഫാട്ടിക്രോയ് പൊലീസ് സ്റ്റേഷനിലാണ് കേസ്.

വിശ്വ ഹിന്ദു പരിഷത്ത് നേതൃത്വത്തിന്റെ പരാതിയിലാണ് നടപടി. ഡൽഹിയിലേക്കു തിരച്ചുപോകാൻ തയാറാകുമ്പോഴാണ് പൊലീസ് ഹോട്ടലിലെത്തുകയും ഇവരെ അവിടെതന്നെ തടഞ്ഞുവയ്ക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.

മാധ്യമപ്രവർത്തകരായ 21കാരി സമൃദ്ധി സകുനിയ, 25കാരിയായ സ്വര ഝാ എന്നിവർക്കെതിരെയാണ് പരാതി. ഡൽഹി കേന്ദ്രമായുള്ള വാർത്താ വെബ്സൈറ്റായ എച്ച്ഡബ്ല്യു ന്യൂസിന്റെ റിപ്പോർട്ടർമാരാണിവർ. കുറ്റകരമായ ഗൂഢാലോചന, കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രകോപനം സൃഷ്ടിച്ചു, സമാധാന ഭംഗം വരുത്തുക എന്ന ലക്ഷ്യത്തോടെ മനപ്പൂർവം അപമാനിച്ചു എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.

വിഎച്ച്പി നേതാവായ കഞ്ചൻ ദാസ് ആണ് പരാതിക്കാരൻ. ഫാട്ടിക്രോയിയിലെ മുസ്ലിം വീടുകൾ ഇവർ ശനിയാഴ്ച സന്ദർശിച്ചിരുന്നു. ഈ വേളയിൽ ത്രിപുര സർക്കാരനെയും ഹിന്ദു സമൂഹത്തെയും അപമാനിക്കുംവിധം സംസാരിച്ചു എന്നാണ് പരാതിക്കാരന്റെ ആരോപണം. ഉനാകോട്ടിയിലെ പോൾ ബസാറിലുള്ള പള്ളി ആക്രമിച്ച സംഭവത്തിൽ വിഎച്ച്പി, ബജ്റംഗ്ദൾ എന്നീ സംഘടനകളെ തെറ്റായി ചിത്രീകരിച്ചു. ത്രിപുരയിലെ സാമുദായിക സൗഹാർദം തകർക്കാൻ മാധ്യമപ്രവർത്തകർ ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു.

നോർത്ത് ത്രിപുര ജില്ലയിലെ ധർമനഗറിലെ ഹോട്ടലിലാണ് മാധ്യമപ്രവർത്തകർ താമസിച്ചിരുന്നത്. അവർ ഹോട്ടൽ ഒഴിഞ്ഞ് പോകാൻ നിൽക്കവെ പൊലീസ് എത്തി തടയുകയായിരുന്നു. രാവിലെ ഒമ്പത് മണി വരെ ഇരുവരെയും പോകാൻ അനുവദിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ. 

'കഴിഞ്ഞ ദിവസം രാത്രം 10.30ഓടെയാണ് പൊലീസുകാർ ഹോട്ടലിലേക്ക് എത്തിയത്. എന്നാൽ അവർ ഞങ്ങളോട് ഒന്നും തന്നെ പറഞ്ഞില്ല. 5.30യ്ക്ക് മുറി ഒഴിയാൻ തയാറാകുമ്പോഴാണ് ഞങ്ങൾക്കെതിരെ കേസുണ്ടെന്നും ധർമനഗർ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യാൻ കൊണ്ടുപോകുന്നതിനെക്കുറിച്ചും പറയുന്നത്.' സ്വർണ ഝാ ട്വിറ്ററിൽ കുറിച്ചു. ഇതോടൊപ്പം എഫ്‌ഐആറിന്റെ കോപ്പിയും സ്വർണ പങ്കുവച്ചു. 'ഞങ്ങൾ തലസ്ഥാനമായ അഗർത്തലയിലേക്ക് പോകാനിരിക്കുകയായിരുന്നു. എന്നാൽ ഇവിടെനിന്നും ഞങ്ങളെ പോകാൻ അനുവദിക്കുന്നില്ല. ഹോട്ടലിന് ചുറ്റും 1617 പൊലീസുകാർ ഉണ്ട്.' സമൃദ്ധി ട്വിറ്ററിൽ കുറിച്ചു.

മൂന്ന് വനിതാ പൊലീസുകാരടക്കം 15 പൊലീസുകാർ ഞങ്ങളെ തടഞ്ഞുവച്ചിരിക്കുകയാണെന്ന് സകുനിയ ഫോൺ വഴി സഹപ്രവർത്തകരെ അറിയിച്ചു. ശനിയാഴ്ച വൈകീട്ട് 7.30ന് പൊലീസിൽ നിന്ന് ഫോൺ വന്നു. ആധാർ വിവരങ്ങൾ ചോദിച്ചു. എവിടെയൊക്കെയാണ് പോകുന്നതെന്നും ചോദിച്ചറിഞ്ഞുവെന്നും സകുനിയ പറഞ്ഞു.

ഗോമതി ജില്ലയിൽ കലാപത്തിനിടെ തകർത്ത പള്ളി സംബന്ധിച്ച വാർത്ത വെള്ളിയാഴ്ച സകുനിയയും ഝായും റിപ്പോർട്ട് ചെയ്തിരുന്നു. പനിസാഗറിൽ ആക്രമിക്കപ്പെട്ട മറ്റൊരു പള്ളിയുമായി ബന്ധപ്പെട്ട വാർത്ത നൽകാനാണ് പിന്നീട് ധർമനഗറിലെത്തിയത്. ഒക്ടോബർ 26ന് വിഎച്ച്പി നടത്തിയ റാലിക്കിടെ വ്യാപക അക്രമങ്ങൾ അരങ്ങേറിയിരുന്നു.

ഈ സംഭവത്തിന് ശേഷം സകുനിയ മേഖലയിൽ നടന്ന കാര്യങ്ങൾ ട്വിറ്ററിൽ അപ്ഡേറ്റ് ചെയ്തു. തെറ്റായ വിവരങ്ങൾ നൽകരുതെന്ന് പൊലീസ് സകുനിയയോട് പ്രത്യേകം നിർദ്ദേശം നൽകി. ധർമനഗറിലെ മുസ്ലിം യുവാവിനെ ആക്രമിച്ച സംഭവത്തിലെ ട്വീറ്റാണ് പൊലീസിന്റെ ഈ പ്രതികരണത്തിന് കാരണമായത്.

ശനിയാഴ്ച രാത്രി 10.30ന് പൊലീസുകാർ ധർമനഗറിലെ ഹോട്ടലിലെത്തിയിരുന്നു. ഇന്ന് പുലർച്ചെ 5.30നാണ് ഞങ്ങൾ ഹോട്ടൽ ഒഴിഞ്ഞത്. ചോദ്യം ചെയ്യലിന് സ്റ്റേഷനിലെത്താൻ ഈ വേളയിൽ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. ഒരു വീഡിയോ സംബന്ധിച്ച് ചോദിക്കാനാണ് എന്നായിരുന്നു പൊലീസ് പറഞ്ഞത്. അഭിഭാഷകരുടെ സഹായം ആവശ്യമുണ്ടെന്ന് ഞങ്ങൾ പൊലീസിനോട് പറഞ്ഞുവെന്നും സകുനിയ വിശദീകരിച്ചു.

നേരത്തെ മറ്റുചില മാധ്യമപ്രവർത്തകർക്കെതിരെയും ത്രിപുര പൊലീസ് നടപടിയെടുത്തിരുന്നു. ഡൽഹി കേന്ദ്രമായുള്ള ഇന്ത്യ ടുമോറോ വെബ്സൈറ്റിന്റെ റിപ്പോർട്ടർ മസീഹുസമ അൻസാരിയെ വെസ്റ്റ് അഗർത്തല പൊലീസ് രണ്ടു മണിക്കൂർ ചോദ്യം ചെയ്തു. ശ്യാം മീര സിങ് ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തകർക്കും ആക്ടിവിസ്റ്റുകൾക്കുമെതിരെ ത്രിപുര പൊലീസ് യുഎപിഎ ചുമത്തിയതും വലിയ വാർത്തയായിരുന്നു.

ത്രിപുര പൊലീസിന്റെ നടപടിക്കെതിരെ എഡിറ്റേഴ്സ് ഗിൽഡ് രംഗത്തുവന്നിരിക്കെയാണ് പുതിയ സംഭവങ്ങൾ. മുസ്ലിം ആരാധനാലയങ്ങളും വീടുകളും ഷോപ്പുകളും കലാപത്തിനിടെ ആക്രമിക്കപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് മുസ്ലിം സംഘടനകൾ പരാതിപ്പെടുകയും ചെയ്തിട്ടുണ്ട്.

ഒക്ടോബർ 26ന് ബംഗ്ലാദേശിൽ ദുർഗ പൂജയ്ക്കിടെ ക്ഷേത്രങ്ങൾക്ക് നേരെയുണ്ടായ അക്രമങ്ങളിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത് നടത്തിയ റാലിക്കിടെയാണ് ആക്രമണം ഉണ്ടായത്. ത്രിപുരയിലെ പാനിസാഗറിൽ മുസ്ലിം പള്ളിയും കടകളും തകർത്ത സംഭവത്തിൽ റിപ്പോർട്ട് നൽകിയ മാധ്യമ പ്രവർത്തകരാണ് സമൃദ്ധിയും സ്വർണയും. അതേസമയം ഗോമതി ജില്ലയിലെ കക്രബൻ പ്രദേശത്തെ മുസ്ലിം പള്ളി തകർത്തെന്നത് വ്യാജവാർത്തയാണെന്ന് സർക്കാർ അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP