Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നെഹ്രുവിന്റെ കടുത്ത ആരാധകനായ ഡോക്ടർ അപ്പോൾ സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞിനെ നെഹ്രുവെന്ന് പേരു ചൊല്ലിവിളിച്ചു; ഒരിക്കലും പേരു മാറ്റരുതെന്ന് അമ്മയോട് ചട്ടവും കെട്ടി; സ്‌കൂളിൽ ഇടാൻ നിർദ്ദേശിച്ചത് ജവഹർ എന്ന പേരും; അഭിമാനത്തോടെ ആ കഥ പറഞ്ഞ് ശിശുദിനത്തിൽ വൈറലായി വട്ടിയൂർക്കാവിലെ 'നെഹ്‌റു'!

നെഹ്രുവിന്റെ കടുത്ത ആരാധകനായ ഡോക്ടർ അപ്പോൾ സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞിനെ നെഹ്രുവെന്ന് പേരു ചൊല്ലിവിളിച്ചു; ഒരിക്കലും പേരു മാറ്റരുതെന്ന് അമ്മയോട് ചട്ടവും കെട്ടി; സ്‌കൂളിൽ ഇടാൻ നിർദ്ദേശിച്ചത് ജവഹർ എന്ന പേരും; അഭിമാനത്തോടെ ആ കഥ പറഞ്ഞ് ശിശുദിനത്തിൽ വൈറലായി വട്ടിയൂർക്കാവിലെ 'നെഹ്‌റു'!

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശിശുദിനത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായി വട്ടിയൂർക്കാവിലെ 'നെഹ്‌റു'!. വട്ടിയൂർക്കാവിനടുത്തെ പാണാങ്കരക്കാർ ഇടയ്ക്ക് നെഹ്രുവിനൊപ്പം സവാരിപോകും. നെഹ്രു അവർക്ക് ഏറെ വേണ്ടപ്പെട്ടവനാണ്. അവരുടെ സ്വന്തം ഓട്ടോഡ്രൈവർ. ഈ ഓട്ടോ ഡ്രൈവറുടെ കഥ ചർച്ചയാക്കുന്നത് ശിശുദിനത്തിൽ മാതൃഭൂമിയാണ്. തിരുവനന്തപുരം എംപിയായ ശശി തരൂർ അടക്കം ഈ വാർത്ത സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു. 

1964 മെയ്‌ 27-നാണ് നെഹ്രു ജനിക്കുന്നത്. സാക്ഷാൽ ജവാഹർലാൽ നെഹ്രുവിന്റെ മരണസമയത്ത്. ശാസ്തമംഗലം ശ്രീരാമകൃഷ്ണ ആശുപത്രിയിലെ ഡോ. കേശവൻ നായർ അപ്പോൾ ഒരു പ്രസവ ശസ്ത്രക്രിയയിൽ ആയിരുന്നു. ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർക്ക് ഒരു ഫോൺ വന്നു. 'ജവാഹർലാൽ നെഹ്രു മരിച്ചു' എന്നതായിരുന്നു സന്ദേശം.

നെഹ്രുവിന്റെ കടുത്ത ആരാധകനായ ഡോക്ടർ അപ്പോൾ സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞിനെ നെഹ്രുവെന്ന് പേരു ചൊല്ലിവിളിച്ചു. അങ്ങനെ മഞ്ചാടിമൂട്ടിലെ സഹദേവൻ-ഗോമതി ദമ്പതിമാരുടെ അഞ്ചാമത്തെ മകനായി നെഹ്രു ജനിച്ചു. വീട്ടിൽ ഇവനെ നെഹ്രു എന്ന് വിളിക്കണമെന്ന് ഡോക്ടർ കുട്ടിയുടെ അമ്മയോട് പറഞ്ഞു. അത് അവർ അനുസരിച്ചു. അങ്ങനെ നെഹ്‌റു പിറന്നു.

സ്‌കൂളിൽ ജവഹർ എന്ന് പേരിടണമെന്ന് നിർദ്ദേശിച്ചതും കേശവൻനായരാണ്. ജവഹർ എന്ന് പേരിട്ടെങ്കിലും ആ പേരും 'നെഹ്രു'വെന്ന പേരിൽ മുങ്ങിപ്പോയി. ഡോക്ടർക്ക് വലിയ കാര്യമായിരുന്നു കുഞ്ഞു നെഹ്രുവിനെ. 'ഓരോ തവണ കുത്തിവെപ്പിന് ആശുപത്രിയിൽ ചെല്ലുമ്പോഴും ചോദിക്കും 'ഇവന്റെ പേര് മാറ്റിയിട്ടില്ലല്ലേ?'-അങ്ങനെ നെഹ്രുവിനെ ആ ഡോക്ടറും പിന്തുടർന്നു.

മഞ്ചാടിമൂട് സ്‌കൂളിലും ശാസ്തമംഗലം സ്‌കൂളിലുമായി ആറാം ക്‌ളാസ് വരേയേ പഠിച്ചുള്ളൂ നെഹ്രു. പിന്നെ ജീവിത പ്രാരാബ്ദങ്ങളിൽ കൂലി ജോലിക്ക് പോയി. സൈക്കിൾ കടയിലും നിന്നു. ചേട്ടനൊപ്പമായിരുന്നു ആദ്യ കാല ജോലി എല്ലാം. 1983 മുതൽ ഓട്ടോ ഡ്രൈവർ. പ്രാരാബ്ദങ്ങൾക്കിടയിലും സന്തോഷവാനാണ് ഈ നെഹ്രു.

''നെഹ്രുവെന്ന് എല്ലാവരും വിളിക്കുന്നത് ആദരവായി മാത്രമേ തോന്നിയിട്ടുള്ളൂ. ഓർമവെച്ചപ്പോൾമുതൽ ഞാൻ കേൾക്കുന്ന എന്റെ പേരാണത്. ആരെങ്കിലും കളിയാക്കണമെന്നു കരുതി വിളിച്ചാലും എനിക്ക് പ്രശ്‌നമില്ല.' നെഹ്രു പറയുന്നു. എന്നാൽ, തനിക്ക് ആദ്യമൊന്നും അങ്ങനെയല്ലായിരുന്നെന്ന് ഭാര്യ ഷീല. ''കല്യാണം കഴിഞ്ഞ ഉടനെ 'നെഹ്രുവിന്റെ ഭാര്യ' എന്നുപറഞ്ഞു പരിചയപ്പെടുത്തുമ്പോൾ 'എന്നെ തന്നെയാണോ' എന്ന് സംശയം തോന്നിയിരുന്നു. എവിടെയെങ്കിലും പോയാൽ 'ഭർത്താവിന്റെ പേരെന്താ?' എന്നു ചോദിക്കുമ്പോൾ 'ജവഹർ' എന്നു സ്റ്റൈലിൽ പറയും. ''ഓ... നമ്മുടെ നെഹ്രുവിന്റെ ഭാര്യയാണോ'' എന്ന് ഉടൻ മറുചോദ്യം വരും. ഷീല പറയുന്നു.

പാണങ്കര ശ്രീസഹദേവത്തിലാണ് നെഹ്രുവും കുടുംബവും താമസം. ഉണ്ണിയും മണി (ഗോവിന്ദ്) യുമാണ് മക്കൾ. കോവിഡ് ബാധിച്ച് അഞ്ചുമാസംമുമ്പ് ഉണ്ണി മരിച്ചത് നെഹ്രുവിനും കുടുംബത്തിനും നൽകിയത് തീരാ വേദനയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP