Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജിജോയുടെ മൃതദേഹം ബാറിനു പിന്നിലെ ചാലിൽ കിടന്നത് ആരോ കിടത്തിയതുപോലെ ആയിരുന്നു; പൊലീസ് പിന്തുടരുന്നതും പിന്നീട് ടോർച്ചിന്റെ വെളിച്ചം മേലോട്ടും താഴോട്ടും പല പ്രാവശ്യം പോകുന്നതായും സിസിടിവിയിൽ കാണുന്നതും സംശയത്തിന് ഇട നൽകുന്നു; എസ്‌പിയുടെ വാഹനത്തിൽ അടിച്ചിട്ടോടിയ യുവാവിന്റെ മരണത്തിൽ സംശയവുമായി സഹോദരനും

ജിജോയുടെ മൃതദേഹം ബാറിനു പിന്നിലെ ചാലിൽ കിടന്നത് ആരോ കിടത്തിയതുപോലെ ആയിരുന്നു; പൊലീസ് പിന്തുടരുന്നതും പിന്നീട് ടോർച്ചിന്റെ വെളിച്ചം മേലോട്ടും താഴോട്ടും പല പ്രാവശ്യം പോകുന്നതായും സിസിടിവിയിൽ കാണുന്നതും സംശയത്തിന് ഇട നൽകുന്നു; എസ്‌പിയുടെ വാഹനത്തിൽ അടിച്ചിട്ടോടിയ യുവാവിന്റെ മരണത്തിൽ സംശയവുമായി സഹോദരനും

മറുനാടൻ മലയാളി ബ്യൂറോ

കുമരകം: കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ വാഹനത്തിൽ അടിച്ചിട്ട് ഓടിയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി ബന്ധുക്കൾ വീണ്ടും രംഗത്ത്. ജില്ലാ പൊലീസ് മേധാവിയുടെ വാഹനത്തിൽ അടിച്ചശേഷം പൊലീസിന് കണ്ട് ഭയന്നോടിയ ജിജോയുടെ മൃതദേഹം ബാറിനു പിന്നിലെ ചാലിൽ കിടന്നത് ആരോ കിടത്തിയതുപോലെ ആയിരുന്നെന്ന് സഹോദരൻ ജോജി പൊലീസിനു മൊഴി നൽകി.

ജിജോ ബാറിലേക്കു കയറിയതിനു പിന്നാലെ പൊലീസ് പിന്തുടരുന്നതും പിന്നീട് ടോർച്ചിന്റെ വെളിച്ചം മേലോട്ടും താഴോട്ടും പല പ്രാവശ്യം പോകുന്നതായും സിസിടിവിയിൽ കാണുന്നത് സംശയത്തിന് ഇടനൽകുന്നു. ജിജോ മതിലിൽനിന്നു വെള്ളത്തിലേക്കു ചാടുന്ന ശബ്ദം കേട്ടിട്ടുണ്ടെങ്കിൽ അവിടെ പരിശോധന നടത്തേണ്ടതായിരുന്നു. എന്നാൽ ആരും പരിശോധന നടത്തിയില്ലെന്നും ജോജി മൊഴി നൽകി.

കഴിഞ്ഞ ദിവസം പിതാവ് വി.ജെ.ആന്റണിയും മരണത്തിൽ സംശയമുന്നയിച്ചിരുന്നു. മൊബൈൽ ഫോണും ചെരിപ്പും വീട്ടുകാരെ കാണിച്ചു ജിജോയുടേതാണെന്ന് ഉറപ്പുവരുത്തി. ജിജോയെ പൊലീസ് കൊന്നതാണെന്നാണ് ആരോപണമാണ് ബന്ധുക്കൾ ഉന്നയിക്കുന്നത്. മദ്യലഹരിയിൽ വലിയ മതിൽ ചാടി കടക്കുന്നതിന് ഇടയിൽ കാനയിൽ വീണാണ് ജിജോയുടെ മരണമെന്നാണ് പൊലീസ് വാദം. ശ്വാസനാളത്തിൽ ചെളി കയറിയെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മതാപിതാക്കളുടെ പരാതിയിൽ കുമരകം പൊലീസ് കേസെടുത്തിട്ടുണ്ട്.

പൊലീസ് വാഹനം എന്ന് അറിഞ്ഞതോടെ അടുത്തുള്ള ബാർ ഹോട്ടലിലേക്ക് ഓടി കയറി കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ജിജോ മരിച്ചത്. ചക്രംപടിക്ക് സമീപം എടിഎമ്മിന് മുന്നിൽ നിർത്തിയിരുന്ന എസ്‌പിയുടെ ഔദ്യോഗിക വാഹനത്തിൽ ജിജോ അടിക്കുകയായിരുന്നു. പൊലീസ് വാഹനം എന്ന് അറിഞ്ഞതോടെ അടുത്തുള്ള ബാർ ഹോട്ടലിലേക്ക് ഓടി കയറി. പിന്നാലെ ഹോട്ടലിന് പിന്നിലെ കാനായിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസിന്റെ അടിയേറ്റാണ് ജിജോയുടെ മരണം എന്നാണ് മാതാപിതാക്കളുടെ ആരോപണം.

ജിജോയുടെ മരണം സംബന്ധിച്ച് പൊലീസിന്റെ വാദം തെറ്റാണെന്ന് പിതാവ് വി.ജെ. ആന്റണി ചൂണ്ടിക്കാട്ടി. അദ്ദേഹം മരണത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ: 'മതിലിൽ നിന്നു ചാടുന്ന ആൾ മരിക്കാനുള്ള വെള്ളമോ ചെളിയോ ചാലിൽ ഇല്ലായിരുന്നു. മതിലിൽ നിന്നു ചാടി ചതുപ്പിൽ വീഴുമ്പോൾ പരിസരത്ത് ചെളി തെറിക്കേണ്ടതാണെങ്കിലും അതുണ്ടായിട്ടില്ല. ചെരിപ്പിൽ ചെളി പുരണ്ടിരുന്നില്ല. തലയ്ക്കു പിന്നിൽ അടി കൊണ്ടതു പോലുള്ള പാടുണ്ടായിരുന്നു. ബന്ധുക്കളെ അറിയിക്കാതെ മൃതദേഹം എടുത്ത്, അജ്ഞാത മൃതദേഹം എന്ന നിലയിലാണ് പൊലീസ് ആശുപത്രിയിൽ എത്തിച്ചത്' ആന്റണി പറഞ്ഞു. ഇതു സംബന്ധിച്ചു മുഖ്യമന്ത്രിക്കു പരാതി നൽകി.

അതേസമയം ജിജോക്കൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന സുജിത്തിനെയും കണ്ടെത്തിയിട്ടുണ്ട്. ജിജോയെ ഇറക്കിയ ശേഷം ബാറിനു മുന്നിലൂടെ കുറച്ചു ദൂരം ബൈക്കിൽ പോയതായി സുജിത് പറഞ്ഞു. കുറെ കഴിഞ്ഞ് ബൈക്കിൽ തിരിച്ചുവരികയും ബൈക്ക് റോഡരികിൽ വച്ച ശേഷം ബാറിൽ കയറി ജിജോയെ അന്വേഷിക്കുകയും ചെയ്തു. ഈ സമയത്ത് കൂടുതൽ പൊലീസ് വരുന്നതു കണ്ട് സുജിത് തിരികെപ്പോയി. 'ബൈക്ക് സമീപത്തെ കടയുടെ അരികിലേക്കു കയറ്റിവച്ച ശേഷം നടന്നു വീട്ടിലേക്കു പോയി. പിറ്റേന്നു രാവിലെ ജിജോ മരിച്ചതായി അറിഞ്ഞ് ബന്ധുവീട്ടിലേക്കു മാറുകയായിരുന്നു' സുജിത് പറഞ്ഞു. കേസിൽ പ്രതിയാകുമോ എന്ന ഭീതിയിലാണ് സംഭവസ്ഥലത്തു നിന്നു കടന്നുകളഞ്ഞതെന്നു സുജിത് പറഞ്ഞു.

ജില്ലാ പൊലീസ് മേധാവിയുടെ വാഹനത്തിൽ അടിച്ച ശേഷം ഓടിയ വെച്ചൂർ അച്ചിനകം വാടപ്പുറത്തുചിറ (കാപ്പിക്കട) ജിജോയെ പിന്നീട് ഹോട്ടലിനു പിന്നിലെ പാടത്ത് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ജിജോയും സുജിത്തും ഒരുമിച്ചാണ് ബൈക്കിൽ വന്നത്. ജിജോ അടിച്ചത് പൊലീസ് വാഹനത്തിലാണെന്നു മനസ്സിലായ ഉടൻ സുജിത് ബൈക്കുമായി കടന്നുകളഞ്ഞു. കഴിഞ്ഞ ദിവസം സുജിത്തായിരുന്നു കൂടെയുണ്ടായിരുന്നതെന്നു പൊലീസ് തിരിച്ചറിഞ്ഞിരുന്നു. അതേസമയം സംഭവ ദിവസം ഹോട്ടൽ പരിസരത്ത് ഏറെ തെരഞ്ഞെങ്കിലും ജിജോയെ കണ്ടെത്തിയില്ലെന്നാണ് പൊലീസ് പറയുന്നത്. ഇതേ തുടർന്ന് പൊലീസ് സംഘം മടങ്ങി. ഇക്കാര്യം സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നീട് ഹോട്ടലുകാരാണ് പിന്നിലെ കാനായിൽ മൃതദേഹം കണ്ടെത്തിയത് എന്നുമാണ് പൊലീസ് പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP