Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചിത്തിര ആട്ടവിശേഷത്തിന് നിലയ്ക്കലിൽ സമ്പൂർണ അരാജകത്വം; പതിനായിരത്തിലധികം തീർത്ഥാടകരെ നിയന്ത്രിക്കാൻ എണ്ണത്തിൽ കുറവ് പൊലീസുകാർ; പമ്പയിലേക്ക് ചെയിൻ സർവീസിന് എത്തിച്ചത് നാലു ബസുകൾ മാത്രം; പത്തനംതിട്ട എടിഓയ്ക്ക് സസ്പെൻഷൻ: ശബരിമലയിലെ ഈ അനാസ്ഥ പുറംലോകം അറിഞ്ഞത് ഇപ്പോൾ

ചിത്തിര ആട്ടവിശേഷത്തിന് നിലയ്ക്കലിൽ സമ്പൂർണ അരാജകത്വം; പതിനായിരത്തിലധികം തീർത്ഥാടകരെ നിയന്ത്രിക്കാൻ എണ്ണത്തിൽ കുറവ് പൊലീസുകാർ; പമ്പയിലേക്ക് ചെയിൻ സർവീസിന് എത്തിച്ചത് നാലു ബസുകൾ മാത്രം; പത്തനംതിട്ട എടിഓയ്ക്ക് സസ്പെൻഷൻ: ശബരിമലയിലെ ഈ അനാസ്ഥ പുറംലോകം അറിഞ്ഞത് ഇപ്പോൾ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ചിത്തിര ആട്ടവിശേഷ നാളിൽ ശബരിമലയുടെ ബേസ് ക്യാമ്പായ നിലയ്ക്കലിൽ ഉണ്ടായത് സമ്പൂർണ അരാജകത്വം. എണ്ണത്തിൽ കുറവ് തീർത്ഥാടകരാകും ചടങ്ങിന് എത്തുക എന്ന അധികൃതരുടെ കണക്കു കൂട്ടൽ തെറ്റിച്ച് പതിനയ്യായിരത്തോളം പേരാണ് നിലയ്ക്കലിൽ വന്ന് തമ്പടിച്ചത്.

ഏറെയും തമിഴ്‌നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു. ഇവർ സ്വന്തം വാഹനങ്ങളിലും ബസുകളിലുമായിട്ടാണ് നിലയ്ക്കലിൽ എത്തിയത്. നവംബർ മൂന്നിനായിരുന്നു ചിത്തിര ആട്ടവിശേഷം. ഒരു ദിവസത്തേക്ക് മാത്രമാണ് നട തുറന്നത്. മൂന്നിന് പുലർച്ചെ മൂന്നു മുതലാണ് നിലയ്ക്കലിൽ നിന്ന് തീർത്ഥാടകരെ കടത്തി വിടാൻ തീരുമാനിച്ചിരുന്നത്. കോവിഡ് മാനദണ്ഡങ്ങൾ ദർശനത്തിന് പാലിക്കണമെന്നതിനാൽ തന്നെ ഒരു പാട് പേർ വരില്ല എന്നായിരുന്നു പൊലീസിന്റെയും ദേവസ്വം അധികൃതരുടെയും കെഎസ്ആർടിസി അധികൃതരുടെയും പ്രതീക്ഷ.

രണ്ടിന് വൈകിട്ട് പത്തനംതിട്ടയിലും എരുമേലിയിലും നിന്ന് പമ്പയ്ക്ക് പോയ ബസുകളിൽ വിരലിൽ എണ്ണാവുന്ന ആൾക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. പമ്പയിൽ പോയി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്ന നിർദ്ദേശം കെഎസ്ആർടിസി ചീഫ് ഓഫീസിൽ നിന്ന് പത്തനംതിട്ട എടിഓയ്ക്ക് കിട്ടിയത് അന്ന് രാത്രി ഏഴിനാണ്. പകൽ രണ്ടിന് വാട്സാപ്പിലാണ് ഉത്തരവ് അയച്ചത് എന്നാണ് പറയുന്നത്. എന്തായാലും നാലു ബസുകളമായിട്ടാണ് എടിഓ പമ്പയ്ക്ക് പോയത്.

പിറ്റേന്ന് പുലർച്ചെ ചെയിൻ സർവീസ് ആരംഭിക്കുകയായിരുന്നു ലക്ഷ്യം. തലേന്ന് പമ്പയ്ക്കുള്ള കെഎസ്ആർടിസി ബസുകളിൽ എരുമേലിയിലും പത്തനംതിട്ടയിലും നിന്ന് തീർത്ഥാടകർ കുറവായിരുന്നത് കാരണം അലസ മനോഭാവമാണ് എല്ലാ വകുപ്പുകളും സ്വീകരിച്ചത്. എന്നാൽ, അന്ന് രാത്രി കഥ ആകെ മാറി. അയൽ സംസ്ഥാനങ്ങളിൽ നിന്ന് തീർത്ഥാടകരുടെയും വാഹനങ്ങളുടെയും ഒഴുക്കുണ്ടായി. ബേസ് ക്യാമ്പായ നിലയ്ക്കലിൽ വാഹനമിട്ട ശേഷം തീർത്ഥാടകരെ പമ്പയ്ക്ക് കെഎസ്ആർടിസി ചെയിൻ സർവീസിലാണ് പോകേണ്ടത്. തീർത്ഥാടകർ വന്ന വാഹനങ്ങൾ നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിൽ നിറഞ്ഞതോടെ റോഡിന് ഇരുവശവുമായി പാർക്ക് ചെയ്തു.

പതിനായിരത്തിലധികം യാത്രക്കാരെ കൊണ്ടു പോകാൻ ഒരു ബസാണ് മൂന്നിന് പുലർച്ചെ എത്തിയത്. മറ്റ് ബസുകൾ വഴിയിൽ കുടുങ്ങിയെന്നായിരുന്നു എടിഓയുടെ വിശദീകരണം. റോഡിന് ഇരുവശവും വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത് കാരണം മുന്നു ബസുകൾക്ക് സ്ഥലത്ത് എത്താൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറയുന്നു. എന്നാൽ നാലല്ല, നാൽപത് ബസ് വന്നാൽപ്പോലും കൊണ്ടുപോകാൻ സാധിക്കാത്ത വിധമായിരുന്നു ഭക്തജനത്തിരക്ക്. ആവശ്യത്തിന് ബസില്ലാതായതോടെ നൂറുകണക്കിന് യാത്രക്കാർ പ്രതിഷേധവുമായി തടിച്ചു കൂടി. ഇവരെ നിയന്ത്രിക്കാൻ വിരലിൽ എണ്ണാവുന്ന പൊലീസുകാരാണ് ഉണ്ടായിരുന്നത്.

തീർത്ഥാടകരുടെ പ്രതിഷേധം കനത്തതോടെയാണ് പൊലീസ് നെട്ടോട്ടമോടിയത്. തൊട്ടടുത്തുള്ള മണിയാർ ക്യാമ്പിൽ നിന്ന് കൂടുതൽ പൊലീസുകാരെ എത്തിച്ചു. കെഎസ്ആർടിസി ബസുകൾ അപര്യാപ്തമായ സാഹചര്യത്തിൽ സ്വകാര്യ വാഹനങ്ങളും ബസുകളും പമ്പയിലേക്ക് കടത്തി വിടേണ്ടതായും വന്നു. കെഎസ്ആർടിസിയുടെ ഭാഗത്ത് വീഴ്ചയുണ്ടായി എന്നാരോപിച്ച് പത്തനംതിട്ട എടിഓ സുധിൽ പ്രഭനന്ദലാലിനെ സസ്പെൻഡ് ചെയ്തു. പകരം കൊട്ടാരക്കര ഡിടിഓയ്ക്ക് പത്തനംതിട്ട എടിഓയുടെ ചുമതല നൽകി.

അതേ സമയം സുധിലിനെ ബലിയാടാക്കുകയായിരുന്നുവെന്ന് ആക്ഷേപമുയർന്നു. ചിത്തിര ആട്ടവിശേഷത്തിന് കൂടുതൽ സർവീസുകൾ നടത്തുന്ന പതിവ് കെഎസ്ആർടിസിക്കില്ല. തീർത്ഥാടകർ കുറവാകും എന്നത് തന്നെ കാരണം. ഇക്കുറി ചുരുങ്ങിയത് 30,000 പേർ ഈ ദിവസം ദർശനത്തിന് വന്നു. അത് അനുസരിച്ചുള്ള മുന്നൊരുക്കം കെഎസ്ആർടിസിയോ പൊലീസോ നടത്തിയിരുന്നില്ല.

ആരും പ്രതീക്ഷിക്കാത്ത പോലെ ആളു വന്നപ്പോൾ അതിന്റെ ഉത്തരവാദിത്തം മുഴുവൻ ഒരു ഉദ്യോഗസ്ഥന്റെ തലയിൽ വച്ചു കെട്ടുകയായിരുന്നു. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയ്ക്ക് ആർക്കെതിരേയും നടപടി എടുത്തിട്ടുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP