Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജോയി നെടിയകാലാ ഇന്ത്യ പ്രസ് ക്ലബ് ഷിക്കാഗോ കോൺഫറൻസ് ഡയമണ്ട് സ്പോൺസർ

ജോയി നെടിയകാലാ ഇന്ത്യ പ്രസ് ക്ലബ് ഷിക്കാഗോ കോൺഫറൻസ് ഡയമണ്ട് സ്പോൺസർ

ഷിക്കാഗോ: സൂക്ഷമമായ നിരീക്ഷണങ്ങളിലൂടെയും കഠിനാദ്ധ്വാനത്തിലൂടെയും അമേരിക്കൻ മണ്ണിൽ മലയാളത്തിന് അഭിമാനമായ ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയ ജോയി നെടിയകാലാ ഇന്ത്യ പ്രസ് ക്ലബ് ഷിക്കാഗോ കോൺഫറൻസിന്റെ ഡയമണ്ട് സ്പോൺസറായി. മോർട്ടൺഗ്രോവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്യാസ് ഡിപ്പോയുടെ സിഇഒ ആയ ജോയി നെടിയകാലാ 2008 നുശേഷം ഒരിക്കൽ കൂടി നഗരത്തിലെത്തുന്ന ഇന്ത്യ പ്രസ് ക്ലബ് കോൺഫറൻസിനെ ഷിക്കാഗോ സമൂഹം സ്വാഗതം ചെയ്യുന്നതായും അറിയിച്ചു.

ഷിക്കാഗോ, മിസൂറി, വിസ്കോൺസിൻ, അയോവ, ഇന്ത്യാന എന്നിങ്ങനെ അഞ്ചു സംസ്ഥാനങ്ങളിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ മൊത്ത വിതരണം നടത്തുന്ന ഗ്യാസ് ഡിപ്പോ ഇരുനൂറ് മില്യനിലേറെ ആസ്തിയുള്ള കമ്പനിയാണ്. ഷെൽ, മാരത്തോൺ, സിറ്റ്ഗോ, വാലറോ, ഫിലിപ്സ് 66, ക്ലാർക്ക്, ഗൾഫ് എന്നീ വൻകിട കമ്പനികളുടെ ബ്രാൻഡുകൾക്കൊപ്പം ഗ്യാസ് ഡിപ്പോയുടെ സ്വന്തം ബ്രാൻഡും കമ്പനി വിതരണം ചെയ്യുന്നു. ഏകദേശം 200 ഗ്യാസ് സ്റ്റേഷനുകളെങ്കിലും കമ്പനിയുടെ ഉ‌പഭോക്താക്കളായി ഉണ്ടെന്ന് മുഖ്യവക്താവ് സാജു കണ്ണമ്പള്ളി പറഞ്ഞു. വിവിധ കമ്പനികളുടെ ടെർമിനലുകളിൽ നിന്ന് ഗ്യാസ് സ്വീകരിച്ച് ട്രക്കുകളിൽ ഗ്യാസ് സ്റ്റേഷനുകളിലെത്തിക്കുന്ന 24 മണിക്കൂർ ഓപ്പറേഷനാണ് ഗ്യാസ് ഡിപ്പോയുടേത്. ഇതിനു പുറമെ റീട്ടെയിൽ രംഗത്തും സജീവമാണ്. 25 ലധികം ഗ്യാസ് സ്റ്റേഷനുകളും സ്വന്തമായി നടത്തുന്ന ഗ്യാസ് ഡിപ്പോയുമായി ബന്ധപ്പെട്ട് നൂറിലധികം പേരെങ്കിലും പ്രവർത്തിക്കുന്നു. ഗ്യാസ് എത്തിക്കുന്ന ഇരുനൂറിലധികം സ്റ്റേഷനുകളിൽ മുപ്പത്തിയഞ്ചു ശതമാനവും മലയാളികളുടേതാണ്.

അമേരിക്കയിലെ മുഖ്യധാരാ ബിസിനസ് രംഗത്തു തന്നെ നിർമ്മായക സ്വാധീനം ചെലുത്തിയിട്ടുള്ള ഗ്യാസ് ഡിപ്പോയ്ക്ക് ഏറ്റവും വേഗതയിൽ മുന്നേറുന്ന കമ്പനികളിൽ പതിനേഴാം സ്ഥാനമാണുള്ളതെന്ന് എന്റർപ്രണർ മാസിക 2012ൽ കണക്കാക്കിയിരുന്നു. എന്റർപ്രണർ മാസികയുടെ അന്നത്തെ കണക്കനുസരിച്ച് 167 മില്യനായിരുന്നു കമ്പനിയുടെ ആസ്തി. ഇന്നത് ഇരുനൂറ് മില്യനിലേറെയായി.

ഗ്യാസ് ഡിപ്പോയ്ക്ക് പുറമെ കാപ്പിറ്റൽ ഡിപ്പോ എന്ന ഫാക്ടറിങ് കമ്പനിയുടെ ഉടമസ്ഥനുമാണ് ജോയി നെടിയകാലാ. അമേരിക്കൻ ബിസിനസ് മേഖലയിൽ സുപരിചിതമായ സംവിധാനമാണ് ഫാക്ടറിങ്. വൻകിട കമ്പനികളുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്ന ചെറുകിടക്കാർക്ക് കമ്പനിയിൽ നിന്ന് ബിൽ പാസാകുന്ന കാലതാമസം മറികടക്കാൻ ഉടനടി ഫണ്ട് അനുവദിക്കുന്ന സംവിധാനമാണ് ഫാക്ടറിങ്. തുടർന്ന് വൻകിട കമ്പനികളുമായി ഫാക്ടറിങ് കമ്പനി ഇടപാട് തീർക്കുന്നു. ചെറുകിടക്കാർക്ക് ബിസിനസിൽ ആവശ്യമനുസരിച്ച് മണിഫ്ലോ ഉറപ്പാക്കാൻ കഴിയുന്ന സംവിധാനമാണ് ഫാക്ടറിങ്.

ഇലക്ട്രോമിക്സ് എൻജിനിയറായ കോട്ടയം സംക്രാന്തി സ്വദേശിയായ ജോയി നെടിയകാലാ എടി ആൻഡ് ടിയിൽ കുറച്ചുകാലം ജോലി ചെയ്തതിനുശേഷമാണ് സ്വന്തം ബിസിനസിലേക്ക് തിരിഞ്ഞത്. ഗ്യാസ് സ്റ്റേഷനുകളിൽ ജോലി നോക്കിയശേഷം ഗ്യാസ് സ്റ്റേഷനുകൾ സ്വന്തമായി തുടങ്ങിയ സംരംഭമാണ് ഈ നിലയിൽ വളർന്നു പന്തലിച്ചത്.

മലയാളി സമൂഹവുമായി സജീവമായി ഇടപെടുന്ന ജോയി നെടിയകാലാ എല്ലാ കാര്യങ്ങൾക്കും ജാതിമത ഭേദമന്യേ സഹായം നൽകാനും മുൻനിരയിലാണ്. വലിപ്പ ചെറുപ്പം കൂടാതെ എല്ലാവരുമായും തുറന്നിടപെടാൻ കഴിയുന്നതും ഇദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ സവിശേഷതയാണ്.

അമേരിക്കയിലെ മലയാള മാദ്ധ്യമ രംഗത്തിന് അതിരുകളില്ലാത്ത സംഘ ബോധം പകർന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ആറാമത് ദേശീയ കോൺഫറൻസ് നവംബർ 19, 20, 21 തീയതികളിൽ ഷിക്കാഗോയിലാണ് നടക്കുക. പ്രവാസ മലയാള ജീവിതത്തിന്റെ നടുമുറ്റമെന്ന് വിശേഷിപ്പിക്കാവുന്ന ഷിക്കാഗോയിലെ ഗ്ലെൻവ്യൂവിലുള്ള വിൻധം ഹോട്ടലാണ് മാദ്ധ്യമ മുന്നേറ്റത്തിന് ആറാം തട്ടകമൊരുക്കുന്നത്.

ഗവൺമെന്റ് ചീഫ് വിപ്പും ഇരിങ്ങാലക്കുട എംഎൽഎയുമായ തോമസ് ഉണ്ണിയാടൻ, റാന്നിയുടെ ജനപ്രതിനിധിയും ഇടതുപക്ഷത്തിന്റെ കരുത്തനായ വക്താവും പത്ര പ്രവർത്തകനുമായിരുന്ന രാജു എബ്രഹാം എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കുന്ന കോൺഫറൻസ് മാദ്ധ്യമ രംഗത്തെ പുകൾപെറ്റവരാണ് നയിക്കുക.

നിരന്തരമെത്തുന്ന വാർത്തകുടെ നിരീക്ഷണ നേർക്കണ്ണാടിയായ കൈരളി ടിവി മാനേജിങ് ഡയറക്ടർ ജോൺ ബ്രിട്ടാസ്, നിമിഷനേര വാർത്തകളുടെ ഡിജിറ്റൽ രൂപമായ മനോരമ ഓൺലൈൻ സീനിയർ കണ്ടന്റ് കോ ഓർഡിനേറ്റർ സന്തോഷ് ജോർജ് ജേക്കബ്, കേരള പ്രസ് അക്കാദമി ചെയർമാനും പത്ര സംസ്കാരത്തിന്റെ അടിസ്ഥാന ലിപിയെഴുതിയ ദീപികയുടെ ലീഡർ റൈറ്ററുമായ സേർജി ആന്റണി, നേർക്കുനേർ എന്ന പരിപാടിയിലൂടെ ഏവർക്കും സുപരിചിതനായ ഏഷ്യാനെറ്റിന്റെ പി. ജി. സുരേഷ് കുമാർ എന്നിവരാണ് കോൺഫറൻസിലെ സെമിനാറുകൾ നയിക്കുന്ന മാദ്ധ്യമ പ്രതിഭകൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP