Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അന്തർ സംസ്ഥാന നദീജല വിഷയത്തിൽ വേഗത്തിൽ തീരുമാനം എടുക്കാൻ ത്രിതല സമിതി; സമിതി നിലവിലുള്ള അന്തർ സംസ്ഥാന ജല ഉപദേശക സമിതിക്ക് പകരം; മുല്ലപ്പെരിയാറിലെ മരം മുറി ഉത്തരവ് റദ്ദാക്കി; മന്ത്രിസഭായോഗ തീരുമാനങ്ങൾ

അന്തർ സംസ്ഥാന നദീജല വിഷയത്തിൽ വേഗത്തിൽ തീരുമാനം എടുക്കാൻ ത്രിതല സമിതി; സമിതി നിലവിലുള്ള അന്തർ സംസ്ഥാന ജല ഉപദേശക സമിതിക്ക് പകരം; മുല്ലപ്പെരിയാറിലെ മരം മുറി ഉത്തരവ് റദ്ദാക്കി; മന്ത്രിസഭായോഗ തീരുമാനങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അന്തർ സംസ്ഥാന നദീജല വിഷയം - ത്രിതല സമിതി രൂപീകരിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. അന്തർ സംസ്ഥാന നദീജല തർക്കങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വേഗത്തിലും കൃത്യമായും തീരുമാനങ്ങൾ എടുക്കുന്നതിന് സർക്കാരിനാവശ്യമായ അഭിപ്രായങ്ങളും ഉപദേശങ്ങളും ലഭ്യമാക്കുന്നതിനാണ് ത്രിതല സമിതി. അന്തർ സംസ്ഥാന നദീജല സ്ട്രാറ്റജിക് കൗൺസിൽ, അന്തർ സംസ്ഥാന നദീജല മോണിറ്ററിങ് കമ്മിറ്റി, അന്തർ സംസ്ഥാന നദീജല നിയമ സാങ്കേതിക സെൽ എന്നിങ്ങനെയാണ് ഇത്. നിലവിലുള്ള അന്തർ സംസ്ഥാന ജല ഉപദേശക സമിതിക്ക് പകരമാണിത്.

അന്തർ സംസ്ഥാന നദീജല സ്ട്രാറ്റജിക് കൗൺസിലിൽ മുഖ്യമന്ത്രി ചെയർമാനും ജലവിഭവ വകുപ്പ് മന്ത്രി വൈസ് ചെയർമാനുമായിരിക്കും. വനം വകുപ്പ്, ഊർജ്ജ വകുപ്പ് മന്ത്രിമാർ അംഗങ്ങളാണ്. നിർദ്ദിഷ്ട പദ്ധതി പ്രദേശവുമായി ബന്ധപ്പെട്ട നാല് എംഎൽഎമാരും രണ്ട് എംപിമാരും അംഗങ്ങളായിരിക്കും. ഇവരെകൂടാതെ ചീഫ് സെക്രട്ടറി, ജലവിഭവ വകുപ്പ് സെക്രട്ടറി എന്നിവരും മെമ്പർമാരാകും.

അന്തർ സംസ്ഥാന നദീജല വിഷയങ്ങളിൽ കേരളത്തിന്റെ പൊതുതാത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് നയപരമായ തീരുമാനങ്ങൾ കൗൺസിൽ എടുക്കും. സുപ്രീംകോടതിയിൽ അല്ലെങ്കിൽ അന്തർ സംസ്ഥാന നദീജല ട്രിബ്യൂണലിൽ വരുന്ന കേസുകൾ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള നടപടികൾ സമിതി സ്വീകരിക്കും. അന്തർ സംസ്ഥാന നദീജല തർക്കങ്ങൾ ഉൾപ്പെടുന്ന പുതിയ പദ്ധതികളുടെ നിർമ്മാണവും പ്രവർത്തനവും സൂക്ഷ്മമായി നിരീക്ഷിച്ച് നിർദ്ദേശങ്ങൾ നൽകലും സമിതിയുടെ ചുമതലയാണ്.

ചീഫ് സെക്രട്ടറി ചെയർമാനായ അന്തർ സംസ്ഥാന നദീജല മോണിറ്ററിങ് കമ്മിറ്റിയിൽ ജലവിഭവ, ഊർജ്ജ, റവന്യൂ, വനം, കൃഷി, നിയമ വകുപ്പ് സെക്രട്ടറിമാർ അംഗങ്ങളാവും. കെ.എസ്.ഇ.ബി ചെയർമാനും അന്തർ സംസ്ഥാന നദീജല ചീഫ് എൻജിനീയറും അംഗങ്ങളായിരിക്കും. അന്തർ സംസ്ഥാന നദീജല വിഷയങ്ങളിൽ നയപരമായ തീരുമാനങ്ങൾ രൂപീകരിക്കുന്നതിന് സംസ്ഥാനസമിതിയെ സഹായിക്കലാണ് മോണിറ്ററിങ് കമ്മിറ്റിയുടെ ചുമതല. നദീജല കരാറുകൾ സമയബന്ധിതമായി പുതുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കലും നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി ഇടപെടലുകൾ ഉറപ്പാക്കലും ചുമതലയാണ്.

അന്തർ സംസ്ഥാന നദീജല വിഷയങ്ങളിൽ ആവശ്യമായ നിയമോപദേശം സ്ട്രാറ്റജിക്ക് കമ്മിറ്റിക്കും മോണിറ്ററിങ് കമ്മിറ്റിക്കും നൽകുകയാണ് അന്തർ സംസ്ഥാന നദീജല നിയമ സാങ്കേതിക സെല്ലിന്റെ ചുമതല.

ഉത്തരവ് റദ്ദാക്കി

മുല്ലപ്പെരിയാർ ബേബി ഡാമിന് അരികെയുള്ള പാട്ട ഭൂമിയിലെ 15 മരങ്ങളും കുറ്റിച്ചെടികളും തൈകളും മുറിക്കാൻ വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ (വന്യജീവി)& ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ നവംബർ 5 ന് പുറപ്പെടുവിച്ച ഉത്തരവ് റദ്ദ് ചെയ്യാൻ വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

തമിഴ്‌നാട് ജലവിഭവ വകുപ്പിലെ കമ്പം എക്‌സിക്യൂട്ടീവ് എൻജിനീയർ സമർപ്പിച്ച അപേക്ഷയിൽ മരങ്ങൾ മുറിച്ച് നീക്കാനുള്ള അനുമതി കേന്ദ്ര നിയമങ്ങൾ നിഷ്‌കർഷിച്ചിട്ടുള്ള ക്ലിയറൻസ് ലഭ്യമാക്കാതെയാണ് പുറപ്പെടുവിച്ചിട്ടുള്ളത്. കേരളം സുപ്രീംകോടതി മുമ്പാകെ നൽകിയ റിട്ട് ഹർജിയിൽ 2021 ജനുവരി 22 ന് ഫയൽ ചെയ്ത മറുപടി സത്യവാങ്മൂലത്തിൽ മരംമുറിക്കൽ അനുവദിക്കാൻ കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെയും ദേശീയ വന്യജീവി ബോർഡിന്റെ സ്റ്റാന്റിങ് കമ്മിറ്റിയുടെയും അനുമതി ആവശ്യമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അന്തർ സംസ്ഥാന ബന്ധങ്ങളെ ബാധിക്കുന്ന വിഷയത്തിൽ തീരുമാനം കൈക്കൊള്ളുന്നതിന് മുമ്പ് മന്ത്രിസഭയുടെ പരിഗണനയക്ക് സമർപ്പിക്കേണ്ടതാണെന്ന് കേരള സർക്കാരിന്റെ റൂൾസ് ഓഫ് ബിസിനസിൽ നിഷ്‌കർഷിച്ചിട്ടുമുണ്ട്. ആവശ്യമായ കേന്ദ്ര സർക്കാർ അനുമതി ലഭ്യമാകാതെയും സംസ്ഥാന സർക്കാരിന്റെ അനുമതി ഇല്ലാതെയും പുറപ്പെടുവിച്ച ഉത്തരവ് നിയമപരമായി നിലനിൽക്കാത്തതിനാലാണ് റദ്ദ് ചെയ്യാൻ തീരുമാനിച്ചത്.

ബഡ്‌സ് സ്‌കൂൾ സ്ഥാപിക്കും

തൃശ്ശൂർ ജില്ലയിലെ കടപ്പുറം പഞ്ചായത്തിലെ സുനാമി പുനരധിവാസ പദ്ധതി പ്രകാരം ഏറ്റെടുത്ത ഭൂമിയിൽ ബഡ്‌സ് സ്‌കൂൾ സ്ഥാപിക്കുന്നതിന് അനുമതി നൽകും. ഇതിനായി 0.1203 ഹെക്ടർ ഭൂമിയിൽ, 0.1034 ഹെക്ടർ ഭൂമി ആർ ഒന്നിന് 100 രൂപ വാർഷിക പാട്ട നിരക്കിൽ കടപ്പുറം ഗ്രാമപഞ്ചായത്തിന് പാട്ടത്തിന് അനുവദിക്കും.

ദുരിതാശ്വാസ നിധി

2018 ലെ പ്രളയ സമയത്ത് രക്ഷാ പ്രവർത്തനത്തിനിടെ അണുബാധയേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട ആലപ്പുഴ, ആറാട്ടുപുഴ വില്ലേജിലെ വലിയഴീക്കൽ സ്വദേശി വി രാകേഷിന്റെ ഭാര്യ തുഷാരക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 5 ലക്ഷം രൂപ അനുവദിക്കാൻ തീരുമാനിച്ചു.

തസ്തികകൾ

തീരദേശ പൊലീസ് സ്റ്റേഷനുകൾക്ക് ഏൽപ്പിക്കപ്പെട്ട ചുമതലകൾ ഫലപ്രദമായി നിർവഹിക്കുന്നതിന് ഏലത്തൂർ, അഞ്ചുതെങ്ങ് സ്റ്റേഷനുകളിൽ സിവിൽ പൊലീസ് ഓഫീസർമാരുടെ 10 വീതം തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.

കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയിൽ അക്കാദമിക്/നോൺ അക്കാദമിക് വിഭാഗങ്ങളിലായി 118 തസ്തികകൾ ഡെപ്യൂട്ടേഷൻ/കരാർ വ്യവസ്ഥയിൽ സൃഷ്ടിക്കാൻ തീരുമാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP