Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചൈനീസ് ഗ്രാമം അവരുടെ നിയന്ത്രണത്തിലുള്ള പ്രദേശത്ത്; 100 വീടുള്ള ഗ്രാമം നിർമ്മിച്ചത് ആറ് പതിറ്റാണ്ട് മുമ്പ് ചൈന കൈയടക്കിയ തർക്ക മേഖലയിൽ; യുഎസ് പ്രതിരോധ റിപ്പോർട്ടിനോട് പ്രതികരിച്ച് ഇന്ത്യ; അടുത്ത സമയത്ത് നിർമ്മാണങ്ങൾ ഒന്നും നടന്നിട്ടില്ലെന്ന് സുരക്ഷാ വൃത്തങ്ങൾ

ചൈനീസ് ഗ്രാമം അവരുടെ നിയന്ത്രണത്തിലുള്ള പ്രദേശത്ത്; 100 വീടുള്ള ഗ്രാമം നിർമ്മിച്ചത് ആറ് പതിറ്റാണ്ട് മുമ്പ് ചൈന കൈയടക്കിയ തർക്ക മേഖലയിൽ; യുഎസ് പ്രതിരോധ റിപ്പോർട്ടിനോട് പ്രതികരിച്ച് ഇന്ത്യ; അടുത്ത സമയത്ത് നിർമ്മാണങ്ങൾ ഒന്നും നടന്നിട്ടില്ലെന്ന് സുരക്ഷാ വൃത്തങ്ങൾ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ യഥാർഥ നിയന്ത്രണ രേഖയ്ക്കുസമീപം ചൈന 100 വീടുകളുള്ള ഗ്രാമം നിർമ്മിച്ചെന്ന യുഎസ് പ്രതിരോധ റിപ്പോർട്ടിൽ പ്രതികരിച്ച് ഇന്ത്യ. അപ്പർ സുബാൻസിരി ജില്ലയിലുള്ള ഗ്രാമം ചൈനീസ് നിയന്ത്രണ പ്രദേശത്തുള്ളതാണെന്നു സുരക്ഷാസേനയോട് അടുത്തു നിൽക്കുന്ന വൃത്തങ്ങൾ സൂചിപ്പിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

യഥാർഥ നിയന്ത്രണരേഖയോടുചേർന്ന ഇന്ത്യൻ ഭൂമിയിൽ അവകാശവാദമുന്നയിക്കാൻ ചൈന തന്ത്രപരമായി നീങ്ങുകയാണെന്ന യു.എസ്. റിപ്പോർട്ടിനോടാണ് ഇന്ത്യ പ്രതികരിച്ചത്. ഇന്ത്യൻ അതിർത്തിക്കുള്ളിൽ അരുണാചൽ പ്രദേശിൽ ചൈന നിർമ്മിച്ചതായി പറയുന്ന 100 വീടുകൾ അടങ്ങുന്ന ഗ്രാമം ചൈനീസ് നിയന്ത്രണത്തിലള്ള പ്രദേശത്താണെന്ന് ഇന്ത്യൻ സുരക്ഷാ ഏജൻസികളുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. പ്രതിരോധ ആസ്ഥാനമായ പെന്റഗൺ യുഎസ് കോൺഗ്രസിനു സമർപ്പിച്ച റിപ്പോർട്ടിനോടുള്ള പ്രതികരണമായാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്.

ആറു പതിറ്റാണ്ടുകൾക്കു മുൻപു ചൈന കയ്യടക്കിയ ഭൂമിയിലാണ് ഗ്രാമം എന്നാണു വിശദീകരണം. ഇവിടെ കാലങ്ങളായി ചൈനീസ് ആർമി പോസ്റ്റ് ഉണ്ടെന്നും ഇന്ത്യൻ സുരക്ഷാസേനയോട് അടുത്തു നിൽക്കുന്ന വൃത്തങ്ങൾ വ്യക്തമാക്കി.

അപ്പർ സുബൻസിരി ജില്ലയിലെ തർക്ക പ്രദേശത്തുള്ള ഗ്രാമം ചൈനയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്താണെന്നാണ് റിപ്പോർട്ടിനോട് പ്രതികരിച്ചുകൊണ്ട് വ്യത്തങ്ങൾ വ്യക്തമാക്കിയത്. നാല് വർഷങ്ങളായി ചൈന മേഖലയിൽ ഒരു സൈനിക പോസ്റ്റ് നിലനിർത്തുന്നുണ്ട്. അടുത്ത സമയത്ത് നിർമ്മാണങ്ങൾ ഒന്നും നടന്നിട്ടില്ല. ആറ് പതിറ്റാണ്ട് മുമ്പ് ചൈന കൈയടക്കിയ പ്രദേശത്താണ് ഗ്രാമം നിർമ്മിച്ചിരിക്കുന്നതെന്നും സുരക്ഷാ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.



സൈനിക സുരക്ഷ സംബന്ധിച്ചുള്ള വിഷയങ്ങളെക്കുറിച്ചു യുഎസ് പ്രതിരോധ വിഭാഗം സമർപ്പിച്ച വാർഷിക റിപ്പോർട്ടിലായിരുന്നു പരാമർശം. സ്വതന്ത്രഭരണ പ്രദേശമായ ടിബറ്റിനും ഇന്ത്യയ്ക്കു കീഴിലുള്ള അരുണാചൽ പ്രദേശിനും ഇടയിലുള്ള തർക്കഭൂമിയിൽ ചൈന ഗ്രാമം നിർമ്മിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്.

2020-ൽ ഇന്ത്യയിലെ അരുണാചൽ പ്രദേശിനും ടിബറ്റ് സ്വയംഭരണമേഖലയ്ക്കുമിടയിലുള്ള തർക്കപ്രദേശത്ത് ചൈന നൂറോളം വീടുകളുണ്ടാക്കിയെന്നാണ് പെന്റഗണിന്റെ റിപ്പോർട്ട്. കഴിഞ്ഞ ജൂണിലുണ്ടായ ഇന്ത്യ-ചൈന സംഘർഷത്തിനിടെ യഥാർഥ നിയന്ത്രണ രേഖയ്ക്കടുത്ത് ചൈന ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിച്ചുവെന്നും ഒപ്പം ആണവായുധശേഖരം അതിവേഗം വിപുലീകരിച്ചുകൊണ്ടുമിരിക്കുന്നുവെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.

ഇന്ത്യയുമായി സൈനിക, നയതന്ത്ര ചർച്ചകൾ നടത്തുന്നതിനിടയിലും ചൈന, അതിർത്തി മേഖലയിൽ കടന്നുകയറ്റ നീക്കങ്ങൾ സജീവമാക്കുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സംഘർഷ സമയത്ത് സൈനികർക്ക് ഉപയോഗിക്കാൻ പാകത്തിലാണ് ചൈന അതിർത്തിയിൽ ഗ്രാമങ്ങൾ നിർമ്മിക്കുന്നതെന്ന് ഈസ്റ്റേൺ ആർമി കമാൻഡ് ചീഫ് ലഫ്. ജനറൽ മനോജ് പാണ്ഡെ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ടിബറ്റൻ മേഖലയിൽ കരുത്തുറപ്പിക്കുകയാണ് ചൈനയുടെ ലക്ഷ്യം.

അരുണാചൽ പ്രദേശിൽ ചൈന 101 ഓളം വീടുകളടങ്ങിയ 'പുതിയ ഗ്രാമം' നിർമ്മിച്ച വിവരം ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ ജനുവരിയിൽ തന്നെ ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യൻ അതിർത്തിയിൽ 4.5 കിലോമീറ്റർ ഉള്ളിലായാണ് ചൈനയുടെ നിർമ്മാണമെന്നാണു റിപ്പോർട്ട്. അപ്പർ സുബാൻസിരി ജില്ലയിൽ സാരി ചു നദീതീരത്താണ് ചൈന ഗ്രാമമുണ്ടാക്കിയതെന്നാണു സാറ്റലൈറ്റ് ചിത്രങ്ങളിൽനിന്നു വ്യക്തമാകുന്നത്.

2020ൽ ആകാം ചൈന യഥാർഥ നിയന്ത്രണരേഖയുടെ കിഴക്കു വശത്ത് 100 വീടുകൾ നിർമ്മിച്ചതെന്ന് യുഎസ് റിപ്പോർട്ടിൽ പറഞ്ഞത്. വർഷങ്ങളായി ഇന്ത്യയും ചൈനയും അവകാശമുന്നയിക്കുന്ന മേഖലയാണിത്. 2019 ഓഗസ്റ്റ് 26ന് പകർത്തിയ ഇതേ മേഖലയുടെ ഉപഗ്രഹ ചിത്രത്തിൽ യാതൊരു നിർമ്മാണ പ്രവൃത്തികളും ഉണ്ടായിരുന്നില്ല. എന്നാൽ പുതിയ ചിത്രത്തിൽ കെട്ടിടങ്ങളും മറ്റും വ്യക്തമായി കാണാൻ സാധിക്കും. മേഖലയിൽ വർഷങ്ങളായി ചൈനയ്ക്ക് ചെറിയ സൈനിക ഔട്ട്പോസ്റ്റ് ഉണ്ടായിരുന്നെങ്കിലും 2020ലാണ് കടന്നുകയറ്റം രൂക്ഷമായത്.

യു.എസും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുന്നതു തടയാൻ ചൈന നിരന്തരം ശ്രമിച്ച് പരാജയപ്പെട്ടു. 2027-ഓടെ എഴുന്നൂറോളം ആണവ പോർമുനകൾ (വ്യോമ, കര, നാവിക) സൃഷ്ടിക്കാനാണ് ചൈനയുടെ ശ്രമം. നേരത്തേ, പെന്റഗൺ പ്രവചിച്ചിരുന്നതിനെക്കാൾ രണ്ടരയിരട്ടി അധികം വേഗത്തിലാണ് ആണവായുധ മേഖലയിൽ ചൈനയുടെ മുന്നേറ്റം. ആണവായുധശേഷിയിൽ മുമ്പിലുള്ള യു.എസിനും റഷ്യയ്ക്കുമൊപ്പമെത്തുകയാണ് അവരുടെ ലക്ഷ്യമെന്നും റിപ്പോർട്ട് പറയുന്നു. എന്നാൽ, പെന്റഗണിന്റെ റിപ്പോർട്ട് മുൻവിധികളാണെന്നാരോപിച്ച് ചൈന തള്ളിക്കളഞ്ഞിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP