Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സരസമ്മയെ പ്രണയിച്ച് ആദ്യ വിവാഹം; ഗൾഫിൽ പോകാൻ കുറുക്കു വഴിയായി വിദേശത്തുണ്ടായിരുന്ന ഭാര്യാ ബന്ധുവുമായി രണ്ടാം കല്യാണം; ഒരാൾ പുലിയൂരിലും മറ്റൊരാൾ റെയിൽവേ അണ്ടർ പാസ്സേജിന്റെ അടുത്തും താമസം; രണ്ടിലും മക്കളുമുണ്ട് പിടികിട്ടാപുള്ളിക്ക്; സുകുമാരക്കുറുപ്പിന്റെ ആരുമറിയാത്ത കുടുംബ വിവാദം ഇങ്ങനെ

സരസമ്മയെ പ്രണയിച്ച് ആദ്യ വിവാഹം; ഗൾഫിൽ പോകാൻ കുറുക്കു വഴിയായി വിദേശത്തുണ്ടായിരുന്ന ഭാര്യാ ബന്ധുവുമായി രണ്ടാം കല്യാണം; ഒരാൾ പുലിയൂരിലും മറ്റൊരാൾ റെയിൽവേ അണ്ടർ പാസ്സേജിന്റെ അടുത്തും താമസം; രണ്ടിലും മക്കളുമുണ്ട് പിടികിട്ടാപുള്ളിക്ക്; സുകുമാരക്കുറുപ്പിന്റെ ആരുമറിയാത്ത കുടുംബ വിവാദം ഇങ്ങനെ

ആർ പീയൂഷ്

ആലപ്പുഴ: കൊടും കുറ്റവാളി സുകുമാരക്കുറുപ്പ് കേരളാ പൊലീസിന് ചെറിയ മാനക്കേടൊന്നുമല്ല ഉണ്ടാക്കിയിട്ടുള്ളത്. 37 വർഷമായിട്ടും കുറുപ്പിനെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് ദുൽഖർ സൽമാൻ സുകുമാരക്കുറുപ്പായി വേഷമിടുന്ന കുറുപ്പ് സിനിമ വരുന്ന 12 ന് തീയേറ്ററിലെത്തുന്നത്. ഇതോടെ സുകുമാരക്കുറുപ്പ് വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയും പഴയ കഥകൾ പലരും പൊടിതട്ടിയെടുക്കുകയും ചെയ്യുകയാണ്. ഇപ്പോൾ സുകുമാരക്കുറുപ്പിന്റെ സുഹൃത്തുക്കളിൽ ഒരാൾ മറുനാടനോട് പങ്കു വച്ചിരിക്കുന്നത് ഇയാൾക്ക് രണ്ടു ഭാര്യമാർ ഉണ്ടായിരുന്നു എന്നാണ്.

ആ കഥ ഇങ്ങനെയാണ്; കുറുപ്പ് എയർഫോഴ്സിൽ ജോലി ചെയ്യുമ്പോഴാണ് നാട്ടുകാരിയായ നഴ്സ് സരസമ്മയെ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും. പിന്നീട് എയർഫോഴ്സിലെ ജോലി ഉപേക്ഷിച്ചു. എങ്ങനെയും കുടുതൽ പണം ഉണ്ടാക്കണമെന്ന അത്യാഗ്രഹത്താൽ വിദേശത്തേക്ക് പോകാനായി ശ്രമം തുടങ്ങി. എന്നാൽ അത്ര എളുപ്പമല്ലായിരുന്നു അത്. അതിനായി കുറുപ്പ് കണ്ടെത്തിയ ഉപായം വിദേശത്തുള്ള ഒരു സ്ത്രീയെ വിവാഹം കഴിക്കുക എന്നതായിരുന്നു.

അതിനായി സരസമ്മയുടെ ഒരു ബന്ധുവിനെ വിവാഹം കഴിക്കുകയും വിദേശത്തേക്ക് പോകുകയും ചെയ്തു. അബുദാബിയിൽ മറൈൻ ഓപ്പറേറ്റിങ് കമ്പനിയിൽ ജോലി നേടിയെടുത്ത ശേഷം ആദ്യ ഭാര്യയെ മറന്നില്ല. ഇവരെയും ഒപ്പം കൂട്ടി. അങ്ങനെയാണ് സുകുമാരക്കുറുപ്പ് രണ്ട് വിവാഹം കഴിക്കുന്നത്. ഔദ്യോഗികമായി സരസമ്മയാണ് ഭാര്യ. എങ്കിലും നാട്ടുകാർക്ക് രണ്ടാം ഭാര്യയെപറ്റി അറിയാം. ഒരാൾ പുലിയൂരിലും മറ്റൊരാൾ റെയിൽവേ അണ്ടർ പാസ്സേജിന്റെ അടുത്തായുമാണ് താമസിക്കുന്നത്. കുറുപ്പിന്റെ ആദ്യ ഭാര്യയെ പറ്റി മാത്രമേ ചെങ്ങന്നൂരിന് പുറത്തുള്ളവർക്ക് അറിയുമായിരുന്നുള്ളൂ.

രണ്ടു ബന്ധങ്ങളിലും കുട്ടികൾ ഉണ്ട്. കുറുപ്പ് കൊലപാതകിയായതോടെ മുന്നോട്ടുള്ള ജീവിതം ആകെ താറുമാറായി. നാട്ടുകാരുടെ കുറ്റപ്പെടുത്തലുകളും പൊലീസിന്റെ ചോദ്യം ചെയ്യലുകളും വശം കെടുത്തി. പിന്നീട് പതിയെ ഇത് എല്ലാം മറന്ന് തുടങ്ങിയതോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി. എങ്കിലും പൊലീസിന്റെ കണ്ണും കാതും ഇവർക്കു മേൽ ഇപ്പോഴും ഉണ്ട്. സ്വന്തം വീട്ടുകാരെ എതിർത്ത് വിവാഹം കഴിച്ചതിനാൽ കുറുപ്പിന്റെ വീട്ടിൽ നിന്നും സഹായമൊന്നും ലഭിച്ചിരുന്നില്ല.

ചാക്കോ വധക്കേസിൽ സുകുമാരക്കുറുപ്പിനെ അറസ്റ്റ് ചെയ്യാൻ കഴിയാത്തതിനാൽ കൂട്ടു പ്രതികളായ ഭാസ്‌കരപിള്ളയുടെയും പൊന്നപ്പന്റെയും സുകുമാരക്കുറുപ്പിന്റെ ഭാര്യ സരസമ്മയുടെയും സഹോദരി തങ്കമണിയുടെയും പേരിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പൊന്നപ്പനെയും ഭാസ്‌കരപിള്ളയെയും ജീവപര്യന്തം ശിക്ഷിച്ചു. സരസമ്മയെയും തങ്കമണിയെയും തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തരാക്കി. ഷാഹുവിനെ പ്രതിസ്ഥാനത്തുനിന്നു മാപ്പുസാക്ഷിയാക്കി. ഇന്നും പിടികിട്ടാപ്പുള്ളിയായി സുകുമാരക്കുറുപ്പ് തുടരുന്നു.

ശിക്ഷാ കാലാവധി കഴിഞ്ഞിറങ്ങിയ ഭാസ്‌കരപിള്ള പുലിയൂരിലെ വീട്ടിൽ കുടുംബസമേതം കഴിയുന്നു. പൊന്നപ്പൻ ശിക്ഷാകാലാവധി കഴിഞ്ഞ് വൈകാതെ മരിച്ചു. സുകുമാരക്കുറുപ്പിന്റെ ഭാര്യ സരസമ്മ അടുത്തകാലത്ത് വിദേശത്തുനിന്നു നാട്ടിലെത്തി. കാറിനുള്ളിൽ മൃതദേഹം കണ്ടെത്തിയതിനു ശേഷമുള്ള വിലപിടിപ്പുള്ള ആദ്യ മൂന്നു ദിവസങ്ങൾ പൊലീസ് പാഴാക്കിയതാണ് സുകുമാരക്കുറുപ്പിനെ പിടികിട്ടാപ്പുള്ളിയാകാൻ സഹായിച്ചതെന്ന ആരോപണം ശക്തമാണ്.

മൂന്നു ദിവസത്തിനിടയിൽ ഒരു തവണയും പിന്നീട് ഒരു മാസത്തിനുള്ളിലും സുകുമാരക്കുറുപ്പ് മാവേലിക്കരയിലെ ബന്ധുവീടുകളിലെത്തിയിരുന്നു. പൊലീസിന്റെ ജാഗ്രതയുടെയും നിരീക്ഷണത്തിന്റെയും കുറവ് 37 വർഷമായി സേനയുടെ സൽപ്പേരിനു കളങ്കം ചാർത്തി തുടരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP