Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അൽഫിയയെ അൻസിൽ നിക്കാഹ് ചെയ്തത് കഴിഞ്ഞ മാസം 18ന്; കുടുംബ സമേതമുള്ള രാമേശ്വരം യാത്രയ്ക്ക് കല്ലടയാറ്റിലെ ചതിക്കുഴിയിൽ ദുരന്തം; പുറമേ ശാന്തമായ ആറ്റിലെ അടിയൊഴുക്ക് രണ്ടു ജീവനുകളെ കൊണ്ടു പോയതിന് കാരണം അധികൃതരുടെ അനാസ്ഥ; ഇനി കരുതലെടുക്കാൻ കല്ലട ഇറിഗേഷൻ പ്രൊജക്ട്

അൽഫിയയെ അൻസിൽ നിക്കാഹ് ചെയ്തത് കഴിഞ്ഞ മാസം 18ന്; കുടുംബ സമേതമുള്ള രാമേശ്വരം യാത്രയ്ക്ക് കല്ലടയാറ്റിലെ ചതിക്കുഴിയിൽ ദുരന്തം; പുറമേ ശാന്തമായ ആറ്റിലെ അടിയൊഴുക്ക് രണ്ടു ജീവനുകളെ കൊണ്ടു പോയതിന് കാരണം അധികൃതരുടെ അനാസ്ഥ; ഇനി കരുതലെടുക്കാൻ കല്ലട ഇറിഗേഷൻ പ്രൊജക്ട്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കല്ലടയാർ കാഴ്ചയിൽ ശാന്തമാണെങ്കിലും ശക്തമായ അടിയൊഴുക്ക്. പരപ്പാർ അണക്കെട്ടിന്റെ 3 ഷട്ടറുകളും 30 സെന്റിമീറ്റർ വീതം ഉയർത്തിയതിനാൽ കല്ലടയാറ്റിലെ ജലനിരപ്പിനൊപ്പം ഒഴുക്കും കൂടുതലാകും. മറ്റു സ്ഥലങ്ങളിൽ നിന്ന് വരുന്നവർക്ക് പരിസരവാസികൾ മുന്നറിയിപ്പ് നൽകാറുണ്ടെങ്കിലും ആരും കേൾക്കില്ല. ഇത് തന്നെയാണ് കഴിഞ്ഞ ദിവസത്തെ ദുരന്തത്തിനും കാരണം. പടിക്കെട്ടിൽ നിന്നും സുരക്ഷിതമായി കുളിക്കാമെന്ന ധാരണയിൽ ഇറങ്ങുന്നത് ആഴത്തിലേക്കാണ്. അടിയൊഴിക്കിൽപ്പെട്ടാൽ നീന്തൽ അറിയാമെങ്കിലും മുങ്ങി പൊങ്ങാൻ കഴിയില്ല.

വെള്ളം ഉയരുമ്പോഴും കുളിക്കടവിലെ കുളിക്ക് നിരോധനം ഏർപ്പെടുത്തിയില്ല. ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് വേണ്ട മാർഗ നിർദശം നൽകാനും ഔദ്യോഗിക സംവിധാനമില്ല. ടൂറിസവുമായി ഒരു ബന്ധവുമില്ലാത്ത മൈനർ ഇറിഗേഷൻ വകുപ്പാണ് ലുക്കൗട്ട് തടയണയ്ക്ക് സമീപത്തായി കുളിക്കടവ് നിർമ്മിച്ചിരിക്കുന്നത്. ഇവിടെ കുളിക്കടവ് നിർമ്മിക്കുന്നതിനെ കെഐപി എതിർത്തിരുന്നു. ഈ അനാസ്ഥകളാണ് കരുനാഗപ്പള്ളി കോഴിക്കോട് പുതുക്കാട്ട് വടക്കതിൽ അൻസിൽ(26), കുലശേഖരപുരം പുന്നക്കുളം പുത്തൻ വീട്ടിൽ കിഴക്കതിൽ അൽത്താഫ്(23) എന്നിവരുടെ ജീവനെടുത്തത്. തിങ്കളാഴ്ച രാവിലെ 8.30ന് തെന്മല പരപ്പാർ അണക്കെട്ടിനു താഴെയുള്ള കുളിക്കടവിലായിരുന്നു അപകടം. അൽത്താഫിന്റെ സഹോദരി ഭർത്താവാണ് അൻസിൽ. അൻസിലിന്റെ വിവാഹം കഴിഞ്ഞമാസം 18നായിരുന്നു.

രണ്ട് കാറുകളിലായി 11 അംഗസംഘം തമിഴ്‌നാട്ടിലെ രാമേശ്വരം, ഏർവാടി പള്ളി എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം തെന്മല വഴി കരുനാഗപ്പള്ളിക്ക് പോകുകയായിരുന്നു. രാവിലെ തെന്മലയിൽ എത്തിയ ഇവർ കല്ലടയാറ്റിലെ കുളിക്കടവിൽ കുളിക്കാനിറങ്ങി. അൻസിൽ, അൽത്താഫ്, അൽത്താഫിന്റെ പിതാവ് അൻസർ എന്നിവരാണ് കുളിക്കാൻ ഇറങ്ങിയത്. അൻസർ നേരത്തെ കുളിച്ചുകയറി. മറ്റ് രണ്ടുപേരും സോപ്പ് തേച്ചു നിൽക്കവെ കാൽവഴുതി ആഴത്തിലേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ അൻസറും കൂടെയുണ്ടായിരുന്നവരും രക്ഷിക്കാൻ ശ്രമിക്കുകയും തുണി എറിഞ്ഞു നൽകുകയും ചെയ്‌തെങ്കിലും ഫലംകണ്ടില്ല.

ഇവരുടെ നിലവിളി കേട്ട് സമീപവാസികളും ആറിനു മറുകരയിലുള്ളവരും എത്തി തിരച്ചിൽ നടത്തി. ഏകദേശം 10 മിനിറ്റിനു ശേഷമാണ് ഇരുവരേയും കരയ്ക്ക് എത്തിച്ചത്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഇരുവരുടെയും മൃതദേഹം വൈകിട്ട് 4 മണിയോടെ ബന്ധുക്കൾക്ക് വിട്ടുനൽകുകയായിരുന്നു. ഹമീദ്കുഞ്ഞ് സജീല ദമ്പതികളുടെ മകനാണ് അൻസിൽ. ഭാര്യ: അൽഫിയ. സഹോദരങ്ങൾ: അസ്‌ലാം, ആദില. അൻസർ ജാസ്മിയ ദമ്പതികളുടെ മകനാണ് അൽത്താഫ്. സഹോദരങ്ങൾ: അൽഫിയ, ആഫിയ. അൻസിലിന്റെ മൃതദേഹം കോഴിക്കോട് ജമാഅത്ത്പള്ളിയിലും, അൽത്താഫിന്റെ മൃതദേഹം പുത്തൻതെരുവ് ജമാഅത്ത്പള്ളിയിലും കബറടക്കി.

കല്ലടയാറ്റിൽ രണ്ട് യുവാക്കൾ മുങ്ങി മരിച്ചതിന്റെ പശ്ചാത്തലത്തിൽ കുളിക്കടുവുകളിലെ സുരക്ഷ ഉറപ്പു വരുത്താനൊരുങ്ങുകയാണ് കല്ലട ഇറിഗേഷൻ പ്രൊജക്ട്. പരപ്പാർ അണക്കെട്ട് തുറക്കുന്ന സമയത്ത് ഇന്നലെ മുങ്ങി മരണം നടന്ന കടവ് അടക്കമുള്ള സ്ഥലങ്ങളിൽ നദിയിൽ ഇറങ്ങുന്നത് നിരോധിച്ചു കൊണ്ടുള്ള ബോർഡ് സ്ഥാപിക്കും. തെന്മല ഇക്കോടൂറിസത്തിന്റെ കുളിക്കടവിൽ സഞ്ചാരികൾക്ക് സുരക്ഷിതമായി കുളിക്കാനുള്ള സൗകര്യം ഒരുക്കാൻ ഇക്കോടൂറിസത്തിനോട് ആവശ്യപ്പെടും.

തെന്മല സ്റ്റേഷന് ഏകദേശം 500 മീറ്റർ അകലെയാണ് ഇന്നലെ അപകടം നടന്ന സ്ഥലം. ഇരുചക്ര വാഹനത്തിലെത്തിയ ഒരു യുവാവാണ് രണ്ട് പേർ കുളിക്കടവിൽ മുങ്ങിയെന്ന് സ്റ്റേഷനിൽ അറിയിക്കുന്നത്. തുടർന്ന് എസ്‌ഐ ഡി.ജെ. ഷാലു, ഗ്രേഡ് എസ്‌ഐ ഹരികുമാർ സിപിഒമാരായ രഞ്ജിത്ത്, മനു എന്നിവർ സംഭവ സ്ഥലത്തെത്തി. അൻസിലിന്റെ ഭാര്യയോടും ബന്ധുക്കളോടും മരിച്ചെന്ന വിവരം വെളിപ്പെടുത്താതെ ആശ്വസിപ്പിക്കാൻ നന്നേ പാടുപെട്ടു. ഈ സമയം അൻസിലിന്റെ ഭാര്യ ബോധം കെട്ടുവീണു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP