Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ജനശ്രദ്ധ തിരിച്ചുവിടാൻ സിപിഎം-ജോജു ഒത്തുകളി'; ആരോപണവുമായി കോൺഗ്രസ്; ജോജു ജോർജിന്റെ കോലം കത്തിച്ചു; പിന്നാലെ വാഹനം അടിച്ചു തകർത്ത കേസിൽ ടോണി ചമ്മിണി അടക്കമുള്ള നേതാക്കളുടെ കീഴടങ്ങൽ; മരട് പൊലീസ് സ്റ്റേഷനിലെത്തിയത് പ്രകടനമായി; നിയമപരമായി നേരിടുമെന്ന് പ്രതികരണം

'ജനശ്രദ്ധ തിരിച്ചുവിടാൻ സിപിഎം-ജോജു ഒത്തുകളി'; ആരോപണവുമായി കോൺഗ്രസ്; ജോജു ജോർജിന്റെ കോലം കത്തിച്ചു; പിന്നാലെ വാഹനം അടിച്ചു തകർത്ത കേസിൽ ടോണി ചമ്മിണി അടക്കമുള്ള നേതാക്കളുടെ കീഴടങ്ങൽ; മരട് പൊലീസ് സ്റ്റേഷനിലെത്തിയത് പ്രകടനമായി; നിയമപരമായി നേരിടുമെന്ന് പ്രതികരണം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇന്ധന വിലവർധനയ്ക്കെതിരായ റോഡ് ഉപരോധത്തിനെതിരെ രംഗത്തെത്തിയ നടൻ ജോജുവിന്റെ വാഹനം അടിച്ചുതകർത്ത കേസിൽ കോൺഗ്രസ് നേതാക്കൾ കീഴടങ്ങി. കൊച്ചി കോർപ്പറേഷൻ മുൻ മേയർ ടോണി ചമ്മിണി അടക്കമുള്ള നേതാക്കളാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്ന മരട് പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങിയത്. നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ പ്രകടനമായെത്തിയായിരുന്നു കീഴടങ്ങൽ. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അടക്കമുള്ളവർ പ്രകടനത്തിന് നേതൃത്വം നൽകി.

ജോജു സിപിഎമ്മിന്റെ ഓശാരം പറ്റിയാണ് സമരം അലങ്കോലപ്പെടുത്താൻ എത്തിയതെന്ന് ടോണി ചമ്മിണി ആരോപിച്ചു. കള്ളക്കേസാണ് നേതാക്കൾക്കെതിരെ എടുത്തിരിക്കുന്നത്. ഒത്തുതീർപ്പ് ചർച്ചകൾ അട്ടിമറിച്ചത് ബി. ഉണ്ണിക്കൃഷ്ണൻ. സിപിഎം ജില്ലാ റാലികളോട് ജോജു ഈ നിലപാട് സ്വീകരിക്കുമോ എന്നും ചമ്മിണി ചോദിച്ചു. കേസിനെ രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

അധികൃതരേയും ജനങ്ങളേയും അറിയിച്ച ശേഷമുള്ള സമരമാണ് ഇന്ധന വില വർധനവിനെതിരെ കോൺഗ്രസ് നടത്തിയത്. സാധാരണക്കാരനെ ബാധിക്കുന്ന വിഷയമായതിനാലും തീക്ഷണ വിഷയമായതിനാലും സമരവും തീക്ഷണമായിരുന്നു. സമരത്തെ അലങ്കോലപ്പെടുത്താൻ ജോജു ശ്രമിച്ചെന്നും ഇതിൽ പ്രകോപിതരായാണ് പ്രവർത്തകർ പ്രതികരിച്ചതെന്നും ടോണി ചമ്മിണി പറഞ്ഞു.

കേസിൽ നേരത്തെ രണ്ട് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജോജുവിന്റെ ലാൻഡ് റോവർ ഡിഫൻഡർ കാറിന്റെ ചില്ലാണ് അക്രമികൾ അടിച്ചുതകർത്തത്. പൊലീസ് എഫ്.ഐ.ആർ പ്രകാരം ആറ് ലക്ഷം രൂപയുടെ നഷ്ടമാണ് കാറിനുണ്ടാക്കിയിരിക്കുന്നത്. കേന്ദ്രം വില കുറച്ചിട്ടും കേരളം ഇന്ധനവിലയിലെ നികുതി കുറയ്ക്കാൻ തയ്യാറായില്ല. കോൺഗ്രസിന്റെ അടുത്ത സമരം സംസ്ഥാന സർക്കാരിനെതിരെയാണെന്ന് മനസ്സിലാക്കിയപ്പോൾ സിപിഎം ജനശ്രദ്ധ തിരിച്ചുവിടാൻ നടത്തിയ ഒത്തുകളിയാണിതെന്നും ടോണി ചമ്മിണി ആരോപിച്ചു.

ജോജു ജോർജ് സിപിഎമ്മിന്റെ ചട്ടുകമായി പ്രവർത്തിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. ഗതാഗതക്കുരുക്ക് കണ്ട ശേഷം ആരുടെ സമരം എന്ന് ചോദിച്ച ശേഷമാണ് ജോജു പുറത്തിറങ്ങിയത്. കോൺഗ്രസിന്റെ സമരമായതിനാലാണ് ജോജു പ്രതികരിച്ചത്. സംവിധായകൻ ബി ഉണ്ണികൃഷ്ണനും സിപിഎമ്മും ചേർന്നാണ് കേസിലെ ഒത്തുതീർപ്പ് ശ്രമങ്ങൾ അട്ടിമറിച്ചതെന്നും ടോണി ചമ്മിണി ആരോപിച്ചു.

ഏതൊരാൾക്കും രാഷ്ട്രീയമാകാം. പക്ഷേ ഒരു പാർട്ടിയുടെ ചട്ടുകമായി മാറി മറ്റ് രാഷ്ട്രീയ പാർട്ടികളുടെ വിഷയത്തിൽ ഇടപെടുന്നത് ശരിയല്ല. ബി ഉണ്ണികൃഷ്ണന്റെ രാഷ്ട്രീയം എന്താണെന്ന് എല്ലാവർക്കും അറിയാം. സിപിഎമ്മിന് കുഴലൂതുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും ടോണി ചമ്മിണി കുറ്റപ്പെടുത്തി. കോൺഗ്രസിന്റെ സമരത്തെ അലങ്കോലമാക്കിയ ജോജു സിപിഎം ജില്ലാ സമ്മേളന റാലകളിൽ ജനങ്ങളുടെ ഗതാഗതം തടസ്സപ്പെടുമ്പോൾ എതിർപ്പ് പ്രകടിപ്പിക്കുമോയെന്നും ചമ്മിണി ചോദിച്ചു. സിപിഎം റാലിക്കെതിരെ പ്രതികരിച്ചാൽ ജോജുവിന്റെ അനുശോചനയോഗം നടത്തേണ്ടിവരുമെന്നും അദ്ദേഹം പരിഹസിച്ചു.

കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം അനുസരിച്ചാണ് പ്രതികൾ കീഴടങ്ങിയത്. കേസിൽ കൂടുതൽ പ്രതികൾ ഉള്ളതിനാൽ നേരത്തേ അറസ്റ്റിലായ പ്രതിയുടെ ജാമ്യം കോടതി നിഷേധിച്ചിരുന്നു. വീണ്ടും കോടതിയെ സമീപിച്ചാലും കൂടുതൽ പ്രതികൾ കീഴടങ്ങാനുള്ള സാഹചര്യത്തിൽ ജാമ്യം ലഭിക്കാനുള്ള സാധ്യത കുറവാണ്. ഇതു പരിഗണിച്ചാണ് പ്രതികളോട് കീഴടങ്ങാൻ പാർട്ടി നിർദ്ദേശിച്ചത്.

സ്വകാര്യ വ്യക്തികളുടെ സ്വത്തിനു സംരക്ഷണം നൽകുന്നതിനു 2019ൽ പാസായ നിയമം അനുസരിച്ചാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ കീഴടങ്ങിയ പ്രതികളെ റിമാൻഡ് ചെയ്യും. നേരത്തേ ജോജു ഒത്തുതീർപ്പു ചർച്ചയുമായി രംഗത്തെത്തിയപ്പോൾ പ്രതികളോടു കീഴടങ്ങാൻ നേതൃത്വം നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇടതു നേതാക്കളുമായി ബന്ധമുള്ള ചില സിനിമാക്കാരുടെ ഇടപെടലിൽ ഒത്തുതീർപ്പു ചർച്ചയിൽനിന്നു ജോജു പിന്മാറിയതോടെ കീഴടങ്ങാനുള്ള നിർദ്ദേശം പിൻവലിക്കുകയായിരുന്നു.

ഇതിനിടെ പ്രതികളെ അറസ്റ്റു ചെയ്യുന്നതിനു പൊലീസിനുള്ള സമ്മർദവും ശക്തമായിരുന്നു. സർക്കാരിൽനിന്നും സമ്മർദം ശക്തമായതോടെ പ്രതികളുടെ വീടുകളിലും പരിസരങ്ങളിലും പൊലീസ് പരിശോധന നടത്തി. ടെലിഫോൺ ടവർ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനകളിലും അറസ്റ്റു സാധ്യമായില്ല. പ്രതികൾ പലരും പാർട്ടി ഓഫീസുകൾക്കുള്ളിൽ അഭയം പ്രാപിക്കുകയും ചിലർ ജില്ലയ്ക്ക് പുറത്തേയ്ക്ക് കടക്കുകയും ചെയ്തിരുന്നു, അവരോടെല്ലാവരോടും തിരികെ വന്നു കീഴടങ്ങാനായിരുന്നു പാർട്ടി നിർദ്ദേശം.

കേസിൽ വൈറ്റില ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ ഐഎൻടിയുസി നേതാവ് ജോസഫ് ജോർജിനെയാണ് പൊലീസ് ആദ്യം അറസ്റ്റു ചെയ്തത്. പിന്നാലെ തൃക്കാക്കര കോൺഗ്രസ് മണ്ഡലം മുൻ പ്രസിഡന്റ് ഷെരീഫ് ബുഹാരിയെയും അറസ്റ്റു ചെയ്തു. ഇരുവരും നിലവിൽ റിമാൻഡിലാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ പിവൈ ഷാജഹാൻ, മനു ജേക്കബ്, മണ്ഡലം പ്രസിഡന്റുമാരായ ജർജസ്, അരുൺ വർഗീസ് എന്നിവരാണ് ഇന്ന് ടോണി ചമ്മിണിക്കൊപ്പം കീഴടങ്ങിയത്.

അതേസമയം നേതാക്കൾക്കെതിരെ ചുമത്തിയത് വ്യാജകേസാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മരട്നഗരത്തിൽ പ്രകടനം നടത്തി. മുദ്രാവാക്യം വിളിച്ചെത്തിയ പ്രവർത്തകർ സ്റ്റേഷന് മുന്നിൽ ജോജുവിന്റെ കോലവും കത്തിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP