Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുല്ലപ്പെരിയാറിലെ മരംവെട്ടാനുള്ള ഉത്തരവ് ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിച്ചുള്ള തമിഴ്‌നാടിന്റെ തന്ത്രം; സ്റ്റാലിന്റെ പി ആർ അഭ്യാസത്തിൽ എല്ലാം പൊളിഞ്ഞു; പിണറായി വിവരമറിയുന്നത് സ്റ്റാലിന്റെ ട്വീറ്റ് കണ്ട്; മരം വെട്ടാനുള്ള ഉത്തരവ് റദ്ദാക്കാതെ മരവിപ്പിച്ചു നിർത്തിയത് ആയുധമാക്കാൻ തമിഴ്‌നാടും; ഒരു കുഴപ്പവുമില്ലെന്ന് വാദിച്ച് വനംവകുപ്പ് മേധാവിയും

മുല്ലപ്പെരിയാറിലെ മരംവെട്ടാനുള്ള ഉത്തരവ് ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിച്ചുള്ള തമിഴ്‌നാടിന്റെ തന്ത്രം; സ്റ്റാലിന്റെ പി ആർ അഭ്യാസത്തിൽ എല്ലാം പൊളിഞ്ഞു; പിണറായി വിവരമറിയുന്നത് സ്റ്റാലിന്റെ ട്വീറ്റ് കണ്ട്; മരം വെട്ടാനുള്ള ഉത്തരവ് റദ്ദാക്കാതെ മരവിപ്പിച്ചു നിർത്തിയത് ആയുധമാക്കാൻ തമിഴ്‌നാടും; ഒരു കുഴപ്പവുമില്ലെന്ന് വാദിച്ച് വനംവകുപ്പ് മേധാവിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ വനംവകുപ്പു ഭരിക്കുന്നത് ആരാണ്? വകുപ്പു മന്ത്രിക്കോ മന്ത്രിസഭയിലെ ആർക്കെങ്കിലുമോ ഓരോ വിഷയം പുറത്തുവരുമ്പോഴും ഒന്നും അറിവില്ലെന്ന അവസ്ഥയാണ്. ഉദ്യോഗസ്ഥർ തോന്നുംപടിയാണ് ഇവിടെ കാര്യങ്ങൾ നടത്തുന്നത്. വിവാദമായ മുട്ടിൽ മരം മുറി വിവാദത്തിന് പിന്നാലെയാണ് ഇപ്പോൾ മറ്റൊരു മരംമുറി വിവാദവും പുറത്തുവന്നിരിക്കുന്നത്. മുല്ലപ്പെരിയാർ ബേബി ഡാമിനു താഴെയുള്ള 15 മരങ്ങൾ മുറിച്ചു മാറ്റാൻ തമിഴ്‌നാടിനു നൽകിയ ഉത്തരവാണ് വൻ വിവാദങ്ങൾക്ക് വഴിവെച്ചതും സർക്കാറിനെ പ്രതിരോധത്തിൽ ആക്കിയതും. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പി ആർ അഭ്യാസമാണ് ഈ വിഷയം പുറത്തു കൊണ്ടുവന്നത്. മരംമുറി ഉത്തരവ് രാഷ്ട്രീയ വിവാദമായി മാറിയതോടെ വെള്ളിയാഴ്ച സംസ്ഥാന വനം വകുപ്പ് ചീഫ് വൈൽഡ്ലൈഫ് വാർഡൻ പുറപ്പെടുവിച്ച ഉത്തരവ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടു മരവിപ്പിച്ചു.

ആദ്യ ഉത്തരവു തിരുത്തി പുറപ്പെടുവിച്ച പുതിയ ഉത്തരവ് ഇന്നു തമിഴ്‌നാടിനു കൈമാറും. ആദ്യ ഉത്തരവു മരവിപ്പിച്ചെങ്കിലും റദ്ദാക്കിയിട്ടില്ല. സംഭവത്തിൽ 3 ഉന്നത സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണു സൂചന. വനംവകുപ്പു ഉദ്യോഗസ്ഥരെ സ്വാധീനിച്ചുകൊണ്ടാണ് ഇത്തരമൊരു നീക്കം തമിഴ്‌നാട് നടത്തിയത്. മരം മുറി ഉത്തരവ് വിവാദമാവുകയും അതിനെതിരെ പ്രതിപക്ഷം ഒന്നടങ്കവും ഭരണപക്ഷത്തെ സിപിഐയും രംഗത്തെത്തുകയും ചെയ്തതോടെയാണു വനം മന്ത്രി എ.കെ.ശശീന്ദ്രൻ ഇടപെട്ടത്. നിയമസഭയിൽ പ്രതിപക്ഷം ഇത് ആയുധമാക്കുമെന്നും സർക്കാരിനു മനസ്സിലായി. തുടർന്നാണ് ഉത്തരവു മരവിപ്പിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചത്.

മുഖ്യമന്ത്രിയും വനംജലവിഭവ മന്ത്രിമാരും അറിയാതെയാണു ചീഫ് വൈൽഡ്ലൈഫ് വാർഡൻ ഉത്തരവു പുറപ്പെടുവിച്ചതെന്ന് ആരോപണം ഉയർന്നിരുന്നു. മന്ത്രിമാരും ഇക്കാര്യം മാധ്യമങ്ങളോടു പറഞ്ഞു. വിവാദ ഉത്തരവിറക്കിയ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കൂടിയായ ചീഫ് വൈൽഡ്ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനു ഗുരുതര വീഴ്ച സംഭവിച്ചെന്നും അദ്ദേഹം ഉൾപ്പെടെ വീഴ്ചയ്ക്കു കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി ശശീന്ദ്രൻ പറഞ്ഞു.

ബേബി ഡാം ബലപ്പെടുത്താൻ പരിസരത്തെ 15 മരങ്ങൾ മുറിച്ചു മാറ്റുന്നതിനു തമിഴ്‌നാടിന് അനുമതി നൽകി ചീഫ് വൈൽഡ്ലൈഫ് വാർഡൻ പുറപ്പെടുവിച്ച ഉത്തരവാണു വിവാദമായത്. ഉത്തരവിറക്കിയതിൽ കേരള സർക്കാരിനെ അഭിനന്ദിച്ചു മുഖ്യമന്ത്രി പിണറായി വിജയനു തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ശനിയാഴ്ച കത്തയച്ചപ്പോഴാണു വിവരം പുറത്തറിഞ്ഞത്.

ഈ മാസം ഒന്നിനു ജലവിഭവ അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ.ജോസ് ചേംബറിൽ വിളിച്ച യോഗത്തിലാണു മരം മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിയത്. യോഗത്തിലെ നടപടിക്രമങ്ങൾ ഉത്തരവായി ഈ മാസം 5നു ബെന്നിച്ചൻ തോമസ് പുറത്തിറക്കി. ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി കൂടിയായ ടി.കെ.ജോസിനും വനം വന്യജീവി പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹയ്ക്കും അന്നു തന്നെ ഇതേക്കുറിച്ചു ബെന്നിച്ചൻ കത്തും നൽകി. ഉത്തരവിലേക്കു നയിച്ച നിയമവശങ്ങൾ പരിശോധിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ഉത്തരവിനു കാരണമായ സുപ്രീംകോടതി ഉത്തരവും വനം വകുപ്പ് പുറത്തിറക്കിയ ഉത്തരവിന്റെ നിയമവശവും പരിശോധിക്കാനാണു ആവശ്യപ്പെട്ടിരിക്കുന്നത്.

ഒന്നുമറിയാതെ മുഖ്യമന്ത്രിയുടെ ഓഫീസ്, ഉത്തരവ് റദ്ദാക്കാത്തത് തമിഴ്‌നാട് ആയുധമാക്കും.

സംഭവം വിവാദമായതോടെ പതിവുപോലെ മുഖ്യമന്ത്രി പിണറായി വിജയൻ കൈകഴുകുകയാണ്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ അഭിനന്ദനക്കത്തു ലഭിച്ചപ്പോഴാണു മുഖ്യമന്ത്രിയുടെ ഓഫിസ് ഇക്കാര്യം അറിഞ്ഞതെന്നാണ് ഇപ്പോൾ വാദിക്കുന്നത്. പിന്നെ എങ്ങനെയാണ് സ്റ്റാലിൽ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചു ട്വീറ്റു ചെയ്തത് എന്ന ചോദ്യം ഉയരുന്നുണട്. മുഖ്യമന്ത്രിയും വകുപ്പു മന്ത്രിമാരും അറിയാതെ ഉന്നത ഉദ്യോഗസ്ഥൻ ഉത്തരവു പുറപ്പെടുവിച്ചതിനെ സർക്കാർ അതീവ ഗൗരവത്തോടെയാണു കാണുന്നതെന്നാണ് വകുപ്പ മന്ത്രി എ കെ ശശീന്ദ്രനും പറയുന്നത്.

ഉദ്യോഗസ്ഥതലത്തിൽ തീരുമാനം എടുത്തതു ശരിയായ നടപടിയല്ല. ഇതിനു പിന്നിലെ കാരണം എന്താണെന്ന് അറിയില്ല. സാധാരണ ആവശ്യത്തിനു മരം മുറിക്കാൻ അനുമതി നൽകുന്നതു പോലെ ഉദ്യോഗസ്ഥർക്ക് ഒറ്റയ്ക്കു തീരുമാനം എടുക്കാവുന്ന മരം മുറിക്കൽ അപേക്ഷ മാത്രമല്ല ഇത്. സങ്കീർണമായ പ്രശ്നങ്ങൾ ഉള്ള വിഷയമാണമെന്നും മന്ത്രി പറഞ്ഞു

അതേസമയം മരം മുറിച്ചു മാറ്റാനുള്ള ഉത്തരവ് സംസ്ഥാന സർക്കാർ മരവിപ്പിച്ചതോടെ പൊളിഞ്ഞത് മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താനുള്ള തമിഴ്‌നാട് നീക്കം. ചീഫ് വൈൽഡ്ലൈഫ് വാർഡന്റെ ഉത്തരവിനെത്തുടർന്നു മരങ്ങൾ ഇന്നു മുതൽ മുറിക്കാനായിരുന്നു തമിഴ്‌നാടിന്റെ തീരുമാനം. മരങ്ങൾ മുറിച്ചു മാറ്റി ബേബി ഡാം ബലപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാർ അണക്കെട്ടിനു സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നു സുപ്രീംകോടതി മുൻപാകെ ചൂണ്ടിക്കാട്ടുകയും അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുകയുമായിരുന്നു തമിഴ്‌നാടിന്റെ തന്ത്രം. ബേബി ഡാം പുതുക്കിപ്പണിയാനുള്ള സന്നദ്ധത തമിഴ്‌നാട് പലതവണ പ്രകടിപ്പിച്ചിരുന്നു. പക്ഷേ, ബേബി ഡാം പുതുക്കിപ്പണിയുന്നതിലൂടെ പ്രശ്‌നം പരിഹരിക്കപ്പെടില്ലെന്നും മുഖ്യ അണക്കെട്ടാണു ബലപ്പെടുത്തേണ്ടതെന്നും ഉള്ള നിലപാടാണ് കേരളത്തിന്.

മരം മുറി ഉത്തരവ് മരവിപ്പിച്ചതിനെതിരെ, സുപ്രീംകോടതി നിയോഗിച്ച മേൽനോട്ട സമിതി മുൻപാകെ തമിഴ്‌നാട് നിലപാടു സ്വീകരിക്കുമെന്ന് ഉറപ്പാണ്. ചീഫ് വൈൽഡ്ലൈഫ് വാർഡന്റെ ഉത്തരവ് ഇതു വരെ കേരള സർക്കാർ റദ്ദാക്കിയിട്ടുമില്ല. ഇതും തമിഴ്‌നാട് ആയുധമാക്കും. മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാട് സർക്കാരിന്റെ നിലപാടിനെതിരെ അണ്ണാഡിഎംകെ ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെതിരെ ശക്തമായി രംഗത്തു വന്നിരുന്നു. എന്നാൽ, മരങ്ങൾ മുറിക്കാൻ കേരളം അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചതോടെ തമിഴ്‌നാടിന്റെ വിജയമായി സ്റ്റാലിൻ അതു പ്രചരിപ്പിച്ചു. ഉത്തരവ് മരവിപ്പിച്ച സാഹചര്യത്തിൽ സ്റ്റാലിന്റെ ഇനിയുള്ള നിലപാടും നിർണായകമാണ്.

എല്ലാം ശരി, ന്യായീകരിച്ചു വനംവകുപ്പ് മേധാവിയുടെ റിപ്പോർട്ട്

മുല്ലപ്പെരിയാർ മരം മുറി ഉത്തരവു വിഷയത്തിൽ വനം ഉദ്യോഗസ്ഥർ ചെയ്തത് ശരിയെന്നു വനം മേധാവി പി.കെ. കേശവൻ റിപ്പോർട്ട് നൽകി. പാട്ടക്കരാർ വ്യവസ്ഥകൾ പ്രകാരം മരങ്ങൾ മുറിക്കാൻ നിയമപ്രകാരം തമിഴ്‌നാടിന് അധികാരമുണ്ടെന്നും അതു പ്രകാരമാണു തമിഴ്‌നാട് സർക്കാർ സംസ്ഥാന വനം വകുപ്പിനെ സമീപിച്ചതെന്നും അദ്ദേഹത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. വിവാദ ഉത്തരവിന്റെ പശ്ചാത്തലത്തിൽ മന്ത്രി എ.കെ.ശശീന്ദ്രൻ വനം മേധാവി പി.കെ.കേശവനോടും ചീഫ് വൈൽഡ്ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനോടും അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇരുവരും ഇന്നലെ മന്ത്രിക്കു റിപ്പോർട്ട് നൽകി.

മരം മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകുന്ന ഉത്തരവ് ഉദ്യോഗസ്ഥതല യോഗത്തിൽ എടുത്ത തീരുമാനമാണെന്നും സുപ്രീം കോടതി നിർദ്ദേശങ്ങൾ ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെടുത്തത് എന്നുമാണു വനം മേധാവിയുടെ റിപ്പോർട്ടിൽ പറയുന്നത്. 2001, 2006 വർഷങ്ങളിൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ചീഫ് വൈൽഡ്ലൈഫ് വാർഡന്റെ ഉത്തരവ് ബന്ധപ്പെട്ട വകുപ്പു മന്ത്രിമാരെ അറിയിക്കാത്തതിനെക്കുറിച്ചു വനം മേധാവിയുടെ റിപ്പോർട്ടിൽ പരാമർശം ഇല്ലെന്നാണ് അറിയുന്നത്. മരം മുറിക്കാൻ സുപ്രീം കോടതി അനുമതി നൽകിയിട്ടുണ്ടെന്നായിരുന്നു ചീഫ് വൈൽഡ്ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന്റെ റിപ്പോർട്ടിലെ വിശദീകരണം

മുല്ലപ്പെരിയാർ ബേബി ഡാമിനു മുന്നിലെ മരങ്ങൾ മുറിച്ചു മാറ്റാൻ തമിഴ്‌നാടിന് അനുമതി നൽകി ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് പുറപ്പെടുവിച്ച ഉത്തരവ് സംസ്ഥാന സർക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയെന്നു രേഖകൾ വ്യക്തമാക്കുന്നമുണ്ട്. മുഖ്യമന്ത്രിയെയും വനം ജലവിഭവ മന്ത്രിമാരെയും അറിയിക്കാതെയാണു ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവ് ഇറക്കിയതെന്ന സൂചനയാണു മന്ത്രിമാരുടെ പ്രതികരണത്തിലുള്ളത്. എന്നാൽ ഈ വിഷയത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി മാത്രം വച്ചു സുപ്രധാന ഉത്തരവ് പുറത്തിറക്കാനാകുമോയെന്ന ചോദ്യവും ഉയരുന്നു.

സുപ്രീം കോടതി നിയോഗിച്ച മുല്ലപ്പെരിയാർ മേൽനോട്ട സമിതിയിൽ കേരളത്തിന്റെ ഏക പ്രതിനിധി കൂടിയായ ജലവിഭവ അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ.ജോസിനും വിവാദ ഉത്തരവിനെക്കുറിച്ച് അറിവുണ്ടായിരുന്നെന്നാണു രേഖകൾ ചൂണ്ടിക്കാട്ടുന്നത്. അദ്ദേഹവും ഇക്കാര്യം മുഖ്യമന്ത്രിയെയും വകുപ്പുമന്ത്രിയെയും എന്തുകൊണ്ട് അറിയിച്ചില്ലെന്ന ചോദ്യത്തിനു മറുപടിയില്ല.

ഈ മാസം ഒന്നിന് ജോസിന്റെ ചേംബറിൽ നടന്ന യോഗത്തിലാണു മരങ്ങൾ മുറിച്ചു മാറ്റാൻ തീരുമാനമെടുത്തത്. നടപടിക്രമങ്ങളുടെയും മരംമുറിക്കാൻ അനുമതി നൽകിയതിന്റെയും കത്ത് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കൂടിയായ ചീഫ് വൈൽഡ് വാർഡൻ ബെന്നിച്ചൻ തോമസ് 5 ന് അഡീഷനൽ ചീഫ് സെക്രട്ടറിക്കു കൈമാറിയിരുന്നു. വനം വന്യജീവി പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹയ്ക്കും ഉത്തരവിനെക്കുറിച്ച് അറിവുണ്ടായിട്ടും വനം മന്ത്രിയെ അറിയിച്ചില്ല. ആഭ്യന്തര വകുപ്പിന്റെയും അഡീഷനൽ ചീഫ് സെക്രട്ടറിയാണ് ടി.കെ.ജോസ്.

15 വർഷം മുൻപ് എതിർത്തു; ഇപ്പോൾ ഉത്തരവ്

ബേബി ഡാമിനു താഴെയുള്ള മരങ്ങൾ മുറിച്ചു മാറ്റാൻ ഉത്തരവിട്ട ചീഫ് വൈൽഡ്ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ്, മരം മുറിക്കാനുള്ള തമിഴ്‌നാട് നീക്കത്തെ 15 വർഷം മുൻപ് എതിർത്തിരുന്നതായി രേഖകൾ. തേക്കടി ഡിഎഫ്ഒ ആയിരുന്ന കാലയളവിലായിരുന്നു ഇത്. മരങ്ങൾ മുറിച്ചു മാറ്റാൻ തമിഴ്‌നാട് ഉദ്യോഗസ്ഥർ മണ്ണുമാന്തി യന്ത്രവുമായി എത്തിയപ്പോൾ ബെന്നിച്ചൻ തോമസ് ഇതു പിടിച്ചെടുത്തിരുന്നു. തുടർന്നുനീക്കം അവസാനിപ്പിച്ച് ഉദ്യോഗസ്ഥർ മടങ്ങി. മുറിച്ചു മാറ്റാൻ അനുമതി നൽകിയ മരങ്ങൾ ഉന്നം, പൊരിവെട്ടി, മുളകുനാറി, താന്നി, കുമ്പിൾ, വഴന, ഞാവൽ, കാട്ടുറബർ തുടങ്ങിയവാണ്.

അതേസമയം, മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്ന ആവശ്യവുമായി മുന്നോട്ടു പോകാനാണ് കേരളത്തിന്റെ തീരുമാനം. അടുത്ത മാസം തമിഴ്‌നാട്‌കേരള മുഖ്യമന്ത്രിമാർ തമ്മിൽ നടക്കുന്ന ചർച്ചയിൽ പുതിയ ഡാം എന്ന ആവശ്യം സജീവമാക്കാനും കേരളം തീരുമാനിച്ചു. മുഖ്യമന്ത്രി തല ചർച്ചയ്ക്കു മുന്നോടിയായി സൗഹാർദ അന്തരീക്ഷമൊരുക്കാൻ ഉന്നതങ്ങളിലെ നിർദ്ദേശ പ്രകാരം തന്നെയാണു മരംമുറി അനുമതി എന്ന സൂചനകളും ഉയരുന്നുണ്ട്. നടപടി വിവാദമായപ്പോൾ ഉദ്യോഗസ്ഥരെ പഴിച്ചു രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്ന വാദവുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP