Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിവാദങ്ങൾക്കിടെ മുല്ലപ്പെരിയാർ ബേബി ഡാമിലെ മരംമുറി ഉത്തരവ് മരവിപ്പിച്ചു; ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉടൻ; തീരുമാനം, പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ; വൈൽഡ് ലൈഫ് കൺസർവേറ്ററുടേത് ഗുരുതര വീഴ്ചയെന്ന് വനംമന്ത്രി

വിവാദങ്ങൾക്കിടെ മുല്ലപ്പെരിയാർ ബേബി ഡാമിലെ മരംമുറി ഉത്തരവ് മരവിപ്പിച്ചു; ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉടൻ; തീരുമാനം, പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ; വൈൽഡ് ലൈഫ് കൺസർവേറ്ററുടേത് ഗുരുതര വീഴ്ചയെന്ന് വനംമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ ബേബി ഡാമിനു താഴെയുള്ള 15 മരങ്ങൾ മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിയ സർക്കാർ ഉത്തരവ് മരവിപ്പിച്ചു. പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെയാണ് നടപടി. അസാധാരണ നടപടിയാണ് ഉണ്ടായത്. ഉദ്യോഗസ്ഥതലത്തിൽ സ്വീകരിക്കേണ്ട തീരുമാനമല്ല ഇത്. ഉദ്യോഗസ്ഥതലത്തിൽ ഉണ്ടായ വീഴ്ചയിൽ കർശന നടപടി സ്വീകരിക്കുമെന്നും വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ വ്യക്തമാക്കി.

ഉത്തരവിറക്കിയ വൈൽഡ് ലൈഫ് കൺസർവേറ്ററുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച ഉണ്ടായതായി വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. വീഴ്ചയ്ക്കു കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകും. ഐഎഫ്എസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യാൻ മന്ത്രിക്ക് അധികാരമില്ല. കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് മരവിപ്പിക്കുന്നത്.

''മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്ന നിലപാട് എന്താണെന്ന് ആലോചിക്കാതെയാണ് ഉദ്യോഗസ്ഥർ ഉത്തരവിട്ടത്''. ഇക്കാര്യത്തിൽ അടിയന്തിര റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഈ റിപ്പോർട്ട് ലഭിക്കുന്നതിന് മുമ്പാണ് ഉത്തരവ് മരവിപ്പിക്കാൻ തീരുമാനിച്ചത്. ഉദ്യോഗസ്ഥ തലത്തിൽ യോഗം ചേർന്നാണ് മരംമുറിക്കുന്നതിനുള്ള ഉത്തരവിട്ടതെന്നാണ് തനിക്ക് അറിയാൻ സാധിച്ചതെന്നും അന്തർ സംസ്ഥാന പ്രശ്‌നമായ മുല്ലപ്പെരിയാരിൽ സർക്കാരിന്റെ നിലപാടല്ല ഉദ്യോഗസ്ഥരെടുത്തതെന്നും മന്ത്രി വിശദീകരിച്ചു.

അസാധാരണ നടപടിയാണ് ഉണ്ടായത്. അതിനു പിന്നിലെ കാരണം എന്താണെന്ന് അറിയില്ല. ജലവിഭവവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി യോഗം വിളിച്ചത് അനുസരിച്ചാണ് തീരുമാനമെന്നാണ് വനം ഉദ്യോഗസ്ഥർ പറഞ്ഞിരിക്കുന്നത്. ഏത് സാഹചര്യത്തിലായാലും ഇത്തരം പ്രധാന കാര്യങ്ങൾ ഉദ്യോഗസ്ഥർ മാത്രം അറിഞ്ഞാൽപോര.

സർക്കാരിനു മുകളിലാണ് ഉദ്യോഗസ്ഥരെന്നത് അംഗീകരിക്കാനാകില്ല. ഇന്നലെ രാത്രി തന്നെ മുഖ്യമന്ത്രിയുമായി സംസാരിച്ച് സാഹചര്യങ്ങൾ വിലയിരുത്തി. മുഖ്യമന്ത്രിയും കാര്യങ്ങൾ അന്വേഷിച്ചു. ഉത്തരവ് നിലനിൽക്കുന്നത് പ്രശ്‌നമായതിനാലാണ് ഉടനെ മരവിപ്പിക്കാൻ തീരുമാനിച്ചത്. മരം മുറിച്ചതായി റിപ്പോർട്ട് കിട്ടിയിട്ടില്ല.

ഉദ്യോഗസ്ഥർക്കെതിരെ എന്തു നടപടിയെടുക്കണമെന്ന് വൈൽഡ് ലൈഫ് കൺസർവേറ്ററുടെ റിപ്പോർട്ട് കിട്ടിയശേഷം പരിശോധിക്കും. യോഗ തീരുമാനങ്ങൾ ജലവിഭവവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വകുപ്പ് മന്ത്രിയെ അറിയിച്ചോ എന്നറിയില്ല. മന്ത്രി അറിഞ്ഞിട്ടില്ലെന്നാണ് മനസ്സിലാക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസും അറിഞ്ഞിരുന്നില്ല. നടപടിയെടുത്തേ പറ്റൂ എന്ന് മുഖ്യമന്ത്രിയോട് താൻ ആവശ്യപ്പെട്ടു.

നടപടിയുമായി മുന്നോട്ടുപോകാൻ മുഖ്യമന്ത്രി പറഞ്ഞു. അനിവാര്യ സാഹചര്യം ഉണ്ടെങ്കിൽ ഉദ്യോഗസ്ഥർ സർക്കാരിനെ ബോധ്യപ്പെടുത്തണം. സാധാരണ രീതിയിൽ മരംമുറിക്കാൻ മന്ത്രി അറിയേണ്ട. പക്ഷേ, മുല്ലപ്പെരിയാർ പോലെ വർഷങ്ങളായി തർക്കം നിലനിൽക്കുന്ന സ്ഥലത്ത് മരംമുറി മന്ത്രി അറിയേണ്ടതില്ലെന്ന നിലപാട് അംഗീകരിക്കാനാകില്ല.

തമിഴ്‌നാടുമായി ഒത്തുകളിച്ചു എന്ന ആരോപണമൊന്നും ഉന്നയിക്കുന്നില്ല. തമിഴ്‌നാട്ടുകാരും മലയാളികളും സഹോദരങ്ങളാണ്. അവരുമായുള്ള ബന്ധത്തിൽ കോട്ടംതട്ടാൻ അനുവദിക്കില്ല മന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ 15 മരങ്ങൾ മുറിച്ചുമാറ്റുന്നത് സംബന്ധിച്ച് സർക്കാർ അറിയാതെ അനുമതി നൽകിയതാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. ചീഫ് ഫോറസ്റ്റ് കൺസർവേറ്റീവ് ഓഫീസറായിരുന്നു അനുമതി നൽകിയത്. മുല്ലപ്പെരിയാറും ബേബി ഡാമുമെല്ലാം രാഷ്ട്രീയ ചർച്ചകൾക്ക് ഇടയായ വിഷയങ്ങളാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് 15 മരങ്ങൾ മുറിക്കാൻ കേരളം അനുമതി നൽകിയതായി കഴിഞ്ഞദിവസം തമിഴ്‌നാട് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി സ്റ്റാലിൻ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അനുമതി ലഭിച്ചതിനു പിന്നാലെ കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കത്തയച്ചു. എന്നാൽ അനുമതി കൊടുത്തത് സംബന്ധിച്ച് സർക്കാരിന് അറിവില്ലെന്നാണ് മന്ത്രി പ്രതികരിച്ചത്.

ബേബി ഡാം ബലപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 152 അടിയായി ഉയർത്തും. എന്നാൽ ബേബി ഡാം ബലപ്പെടുത്താൻ കേരള സർക്കാരിന്റെ അനുമതി ആവശ്യമുണ്ട്. ബേബി ഡാമിന് താഴെ മൂന്ന് മരങ്ങളുണ്ട്. അവ നീക്കം ചെയ്താൽ മാത്രമേ ഡാം ബലപ്പെടുത്താൻ സാധിക്കൂവെന്ന് കഴിഞ്ഞദിവസം മുല്ലപ്പെരിയാർ സന്ദർശിച്ച തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകനും പ്രതികരിച്ചിരുന്നു.

അതേ സമയം മരം മുറിക്കാനുള്ള ഉത്തരവിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് സർക്കാർ ഉത്തരവ് മരവിപ്പിക്കാൻ തയ്യാറായത്. വർഷങ്ങളായി നീറിപ്പുകയുന്ന അന്തർ സംസ്ഥാന നദീജലതർക്കത്തിൽ ഒരു ഉദ്യോഗസ്ഥന് മാത്രം എങ്ങിനെ തീരുമാനമെടുക്കാൻ കഴിയുമെന്ന ചോദ്യം ഇപ്പോഴും നിലനിൽക്കുകയാണ്. 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകിയതിൽ പിണറായി വിജയന് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ നന്ദി പറഞ്ഞ് പ്രസ്താവന ഇറക്കുമ്പോൾ മാത്രമാണ് മുഖ്യമന്ത്രിയും വനം മന്ത്രിയുമൊക്കെ അറിഞ്ഞതെന്നാണ് മന്ത്രിമാർ നൽകിയ വിശദീകരണം.

പിസിസിഎഫും ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ ബെന്നിച്ചൻ തോമസ് മരം മുറിക്ക് അനുമതി നൽകിയത് വെള്ളിയാഴ്ചയാണ്. ഉത്തരവിന്റെ പകർപ്പ് ജലവിഭവവകുപ്പിലെ അഡീഷനൽ ചീഫ് സെക്രട്ടറി ടികെ ജോസിനും വെച്ചിട്ടുണ്ട്. ടികെ ജോസാണ് മുല്ലപ്പെരിയാർ ഉന്നതാധികാര സമിതിയിലെ കേരള പ്രതിനിധി. സ്റ്റാലിന്റെ പ്രസ്താവന വരും മുമ്പ് ടികെ ജോസ് എന്തുകൊണ്ട് ഇക്കാര്യം മുഖ്യമന്ത്രിയെയും ജലവിഭവമന്ത്രിയെയും അറിയിച്ചില്ല എന്നുള്ളതും പ്രധാന ചോദ്യവും അവശേഷിക്കുന്നുണ്ട്. വനം മന്ത്രി ആവശ്യപ്പെട്ട റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഉദ്യോഗസ്ഥരുടെ വിശദീകരണം വ്യക്തമാകുകയുള്ളു.

ഉത്തരവിനെതിരെ പ്രതിപക്ഷ കക്ഷികളും രംഗത്തെത്തിയിരുന്നു. മരംമുറി വിഷയം സർക്കാർ ഗൗരവമായി അന്വേഷിക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുള്ള കള്ളക്കളിയാണ് മുല്ലപ്പെരിയാറിൽ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും മുഖ്യമന്ത്രി അറിഞ്ഞിരുന്നുവെന്നതിന് തെളിവുണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും പറഞ്ഞു. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ഉത്തരവ് മരവിപ്പിച്ച് വിവാദത്തിൽ നിന്നും തലയൂരാനാണ് സർക്കാർ നീക്കം. ഉദ്യോഗസ്ഥരെ പഴിചാരിയുള്ള മന്ത്രിയുടെ പ്രതികരണം ഇക്കാര്യം വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP