Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാട്സ് ആപ്പും ടെലിഗ്രാമും അത്യവശ്യത്തിന് മാത്രം; സോഷ്യൽ മീഡിയയിൽ സജീവമല്ല; ഒറ്റയിരിപ്പിനുള്ള പഠനം എന്ന രീതിയല്ല; പാഠഭാഗങ്ങൾ ഹൃദ്യസ്ഥമാക്കുന്നത് കൃത്യമായ ഇടവേളകളെടുത്ത്;പഠനത്തെ സ്വാധീനിച്ചത് ലോക്ഡൗണും; നീറ്റ് നീറ്റായതിന്റെ രഹസ്യങ്ങൾ പറഞ്ഞ് മൃണാളും കാർത്തികയും

വാട്സ് ആപ്പും ടെലിഗ്രാമും അത്യവശ്യത്തിന് മാത്രം; സോഷ്യൽ മീഡിയയിൽ സജീവമല്ല; ഒറ്റയിരിപ്പിനുള്ള പഠനം എന്ന രീതിയല്ല; പാഠഭാഗങ്ങൾ ഹൃദ്യസ്ഥമാക്കുന്നത് കൃത്യമായ ഇടവേളകളെടുത്ത്;പഠനത്തെ സ്വാധീനിച്ചത് ലോക്ഡൗണും; നീറ്റ് നീറ്റായതിന്റെ രഹസ്യങ്ങൾ പറഞ്ഞ് മൃണാളും കാർത്തികയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്ഡൗണിൽ പഠനം ഓൺലൈനിലേക്ക് മാറിയതോടെ മൊബൈൽ ഫോണിലേക്കും കമ്പ്യൂട്ടറിലേക്കും ടിവിയിലേക്കുമൊക്കെ കുട്ടികൾ കൂടുതലായി ആകർഷിക്കപ്പെട്ടുവെന്നും ഇത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്തുവെന്നുമൊക്കെയാണ് നിലവിൽ വിലയിരുത്തപ്പെടുന്നത്.എന്നാൽ ലോക്ഡൗണും ഓൺലൈൻ പഠനവും ദോഷമല്ല മറിച്ച് ഗുണമായിരുന്നെന്ന് പറയുകയും തെളിയിക്കുകയും ചെയ്തിരിക്കുകയാണ് മിടുക്കരായ രണ്ട് വിദ്യാർത്ഥികൾ... മറ്റാരുമല്ല..നീറ്റ് ദേശീയതലത്തിൽ ഒന്നാം റാങ്ക് പങ്കിട്ട കാർത്തിക ജി.നായരും മൃണാൾ കുറ്റേരിയുമാണ് ഈ താരങ്ങൾ.

ഇന്നത്തെക്കാലത്ത് സോഷ്യൽ മീഡിയയിൽ അക്കൗണ്ടില്ലാത്ത യുവ തലമുറ എന്ന് പറയുന്നത് തന്നെ ചിലപ്പോൾ അത്ഭുതമാകും.എന്നാൽ ഇവർ രണ്ടുപേരും അത്തരത്തിൽ അത്ഭുതമാണ്.മാത്രമല്ല ഒരുപാട് സമയം പുസ്തകത്തിന് മുന്നിലിരുന്ന് പുസ്തക പുഴു ആകുന്നതല്ല ഇവരുടെ രീതി..പഠനത്തിന് കൃത്യമായ ഇടവേള നൽകി എന്നാൽ പഠിക്കുന്ന സമയം കൃത്യമായി പഠിച്ചാണ് ഇവർ നീറ്റിനെ നീറ്റാക്കിയെടുത്തത്.ഒപ്പം ലോക്ഡൗണിൽ കിട്ടിയ സമയങ്ങളെ വെറുതെ കളയാതെ പഠനത്തിലേക്കായി ഇൻവെസ്റ്റ് ചെയ്യുകയായിരുന്നു ഇവർ.

കണ്ണൂർ ജില്ലയിലെ കരിവെള്ളൂരും മാങ്ങാട്ടിടത്തുമുള്ള കുടുംബങ്ങളിൽ നിന്നുള്ളവാണ് ഇരുവരും.സെക്കന്തരാബാദിലെ ഗീതാഞ്ജലി ദേവ്ശാല സ്‌കൂളിലായിരുന്നു പത്താം ക്ലാസ് വരെ മൃണാൾ പഠിച്ചത്. പത്തുവർഷവും സ്‌കൂൾ ടോപ്പറായിരുന്നു മൃണാൾ. സ്‌പെൽ ബി കോമ്പറ്റീഷനിൽ പങ്കെടുത്തും ഒട്ടേറെ സമ്മാനങ്ങൾ നേടി. ജെയിൻ ഹെറിറ്റേജ് സ്‌കൂളിലായിരുന്നു പ്ലസ് ടു പഠനം. ഐസിഎസിഇയിൽ തെലങ്കാന സംസ്ഥാനത്തെ രണ്ടാം റാങ്കുകാരനായാണ് മൃണാൾ പ്ലസ് ടു ജയിച്ചത്. അതിനൊപ്പം തന്നെയായിരുന്നു നീറ്റിനുള്ള തയ്യാറെടുപ്പ്.

ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ എൻജിനീയറാകണമെന്നായിരുന്നു മൃണാളിന്റെ ആഗ്രഹം. രസതന്ത്രം ഇഷ്ടമായതുകൊണ്ട് കെമിക്കൽ എൻജിനീയറിങ്ങായിരുന്നു ലക്ഷ്യം. പിന്നീടെപ്പോഴോ മനസ്സുമാറി. ഡോക്ടറായി സൈന്യത്തിൽ ചേരാൻ മോഹമുദിച്ചു. സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് ഡോക്ടറാകണമെന്ന ആഗ്രഹത്തിലേക്കു നയിച്ചത്. കോവിഡിന്റെ അടച്ചിടൽക്കാലത്ത് ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ അക്ഷീണം യത്‌നിക്കുന്നതു കണ്ടപ്പോൾ തന്റെ വഴി അതുതന്നെയെന്നു മൃണാൾ മനസ്സിലുറപ്പിച്ചു.

തെലങ്കാനയിൽ എച്ച്ആർ സ്ഥാപനം നടത്തുകയാണ് കണ്ണൂർ കൂത്തുപറമ്പ് മാങ്ങാട്ടിടം സ്വദേശിയായ അച്ഛൻ മുരളീധർ കുറ്റേരി. സെമികണ്ടക്ടർ കമ്പനിയിൽ കൺസൽറ്റന്റാണ് കൊല്ലം മയ്യനാട് സ്വദേശിയായ അമ്മ രതി രവീന്ദ്രൻ. പതിറ്റാണ്ടുകൾക്കു മുൻപ് ആന്ധ്രയിൽ ജോലി ലഭിച്ച് എത്തിയതാണ് മുരളീധറിന്റെയും രതിയുടെയും മാതാപിതാക്കൾ. മലയാളി കുടുംബങ്ങൾ എന്നനിലയിൽ തെലങ്കാനയിൽ വിവാഹിതരായ ഇവരിപ്പോൾ സെക്കന്ദരാബാദിലെ സഫിൽഗുഡയിലാണ് താമസിക്കുന്നത്.

ചിട്ടയായ പഠനം തന്നെയാണ് വിജയരഹസ്യമെന്നും മൃണാൾ പറയുന്നു. പുസ്തകപ്പുഴുവിനെപ്പോലെ മണിക്കൂറുകളോളം ചടഞ്ഞിരുന്നു പഠിക്കുന്ന പതിവില്ല. ഒറ്റയിരിപ്പിൽ പരമാവധി മുക്കാൽ മണിക്കൂർ വരെയേ പുസ്തകത്തിനു മുന്നിലിരിക്കാൻ കഴിയാറുള്ളൂ. പിന്നെ പത്തോ പതിനഞ്ചോ മിനിറ്റ് ടിവി കാണുകയോ വിഡിയോ ഗെയിം കളിക്കുകയോ ചെയ്യും. അതുകഴിഞ്ഞ് വീണ്ടും വന്നിരുന്നു പഠിക്കും.ഇതാണ് രീതി.എൻസിഇആർടി പുസ്തകങ്ങളാ ണ് നീറ്റ് പഠനത്തിന് അടിസ്ഥാനമാക്കിയത്. പരീക്ഷ അടുത്തതോടെ സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കുന്നത് കുറച്ചിരുന്നെങ്കിലും എല്ലാവരുമായുമുള്ള ബന്ധം നിലനിർത്തുന്നുണ്ടായിരുന്നു.

ക്ലാസ് മുറികളിൽ നിന്നു പഠനം ലാപ്‌ടോപ്പിനു മുന്നിലേക്കു മാറ്റേണ്ടി വന്നത് തുടക്കത്തിൽ പ്രയാസമുണ്ടാക്കിയിരുന്നു. ഇന്റർനെറ്റിനു മുന്നിൽ ശ്രദ്ധ പതറാൻ സാധ്യതയും ഏറെയാണ്. പ്രൈം വിഡിയോയും നെറ്റ്ഫ്‌ളിക്‌സുമെല്ലാം ശീലങ്ങളുടെ ഭാഗമായതും അങ്ങനെയാണ്. എങ്കിലും ഏതെങ്കിലും ഒരു പാഠഭാഗം പഠിച്ചു തീർക്കണമെന്നു നിശ്ചയിച്ചാൽ അത് അന്നുതന്നെ മനസ്സിലാക്കി പഠിച്ച് പൂർത്തിയാക്കും. മാറ്റിവയ്ക്കുന്ന ശീലമുണ്ടായിരുന്നില്ല.അമ്മയുടെ മൊബൈൽ വഴിയാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള മെസേജുകളും നോട്ടുകളുമെല്ലാം ലഭിച്ചിരുന്നത്. സ്വന്തമായി വാട്‌സാപ് ഉപയോഗിച്ചിരുന്നില്ലെന്നും മൃണാൾ വ്യക്തമാക്കുന്നു.

പഠനത്തിൽ മികവു തുടരുമ്പോൾ കളിക്കളത്തിലും ഒട്ടും പിന്നിലായിരുന്നില്ല ഈ മിടുക്കൻ. ഫുട്‌ബോളിലും ക്രിക്കറ്റിലുമെല്ലാം സ്‌കൂൾ ടീമിൽ അംഗമായിരുന്നു മൃണാൾ. ഏതു കോഴ്‌സ് പഠിക്കണമെന്നും ഏതു ജോലി തിരഞ്ഞെടുക്കണമെന്നുമെല്ലാമുള്ള കാര്യങ്ങൾ അവന്റെ ആഗ്രഹത്തിനുതന്നെ വിട്ടുകൊടുത്തിരിക്കുകയാണ് ഈ മാതാപിതാക്കൾ. അവർക്ക് അത്ര വിശ്വാസമാണ് മൃണാളിനെ. അനിയൻ നമൻ കുറ്റേരി ഒൻപതാം ക്ലാസ്സിൽ പഠിക്കുന്നു.

സമാനരീതി തന്നെയാണ് കാർത്തികയ്ക്കും പറയുവാനുള്ളത്.പൻവേലിലെ ന്യൂ ഹൊറൈസൻ സ്‌കൂളിലായിരുന്നു പത്താം ക്ലാസ് വരെ പഠിച്ചിരുന്നത്. പൻവേലിലെ ഡിഎവി പബ്ലിക് സ്‌കൂളിലായിരുന്നു പ്ലസ് വൺ, പ്ലസ് ടു പഠനം. ഡോക്ടറാകണെന്ന ആഗ്രഹമുള്ളതുകൊണ്ടുതന്നെ ബയോളജി സയൻസ് ഗ്രൂപ്പാണ് പഠിച്ചത്.

അതിരാവിലെ എഴുന്നേറ്റു പഠിക്കാൻ മടിയുള്ള കൂട്ടത്തിലാണ്. അതുകൊണ്ടുതന്നെ രാത്രി ഏറെനേരം ഇരുന്നു പഠിക്കുമായിരുന്നു. ആ സമയത്ത് നല്ല ഏകാഗ്രത ലഭിക്കും. രാവിലെ പലപ്പോഴും നന്നായി ഉറങ്ങി, വൈകിയാണ് എഴുന്നേറ്റിരുന്നത്.ലോക്ഡൗൺ എത്തിയപ്പോൾ ക്ലാസ് മുറികളിൽ നിന്നു പെട്ടന്നുള്ള മാറ്റം തുടക്കത്തിൽ പ്രയാസമുണ്ടാക്കിയിരുന്നു. എന്നാൽ മൊബൈലിലും ലാപ്‌ടോപ്പിലും ക്ലാസുകൾ ശീലമായതോടെ കാര്യങ്ങൾ എളുപ്പമായി.

പതിവായി ക്ലാസിലെത്താൻ ശ്രദ്ധിക്കാറുണ്ടായിരുന്നു. ഒരു ക്ലാസ് പോലും മുടക്കിയിട്ടില്ല. ലോക്ഡൗണിൽ ലാപ്‌ടോപ്പിലേക്കും മൊബൈലിലേക്കും ക്ലാസുകൾ മാറിയെങ്കിലും എല്ലാദിവസവും പൂർണമായും ക്ലാസുകൾ ശ്രദ്ധിച്ചു.ഒട്ടേറെ മാതൃകാ പരീക്ഷകൾ എഴുതി. തെറ്റുകൾ സംഭവിക്കുന്നതെല്ലാം തിരുത്താനും കൂടുതൽ പഠിക്കാനും മനസ്സിലാക്കാനുമുള്ള അവസരങ്ങളായാണ് കണക്കാക്കിയത്. അതുകൊണ്ടുതന്നെ മോഡൽ ടെസ്റ്റുകൾ എഴുതാനുള്ള അവസരങ്ങളൊന്നും നഷ്ടപ്പെടുത്തിയില്ല. ഉത്തരം കണ്ടെത്താനുള്ള വേഗം വർധിക്കാനും ഈ പരിശീലനം സഹായിച്ചുവെന്നും കാർത്തിക പറയുന്നു.

വീട്ടിൽ നിന്നു പുറത്തിറങ്ങാൻ പറ്റാത്ത രീതിയിൽ ലോക്ഡൗൺ നിലവിൽ വന്നതോടെ അത്രയും സമയം പഠനത്തിനായി നന്നായി പ്രയോജനപ്പെടുത്തി. വിഡിയോ ലക്ചറുകൾ, നോട്ടുകൾ എന്നിവയെല്ലാം സംശയ നിവാരണത്തിനു സഹായിച്ചു.ബയോളജിയാണ് ഏറ്റവും എളുപ്പമുള്ള വിഷയം. സുവോളജിയാണ് അതിൽത്തന്നെ ഏറ്റവും ഇഷ്ടം. ഫിസിക്‌സാണ് അൽപം വിഷമമുള്ളതെന്നും കാർത്തിക വിശദീകരിക്കുന്നു.അത്യാവശ്യത്തിനു വാട്‌സാപും ടെലിഗ്രാമും ഉപയോഗിക്കുന്നുണ്ടെങ്കിലും ഫേസ്‌ബുക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ ആപ്പുകളിലൊന്നും അക്കൗണ്ടില്ല. ധാരാളം വായിക്കാറുണ്ട്. ഇംഗ്ലിഷ് ക്രൈം ത്രില്ലറുകളാണ് വായിക്കാൻ ഏറെയിഷ്ടെമെന്നും കാർത്തിക പറഞ്ഞു നിർത്തി.

പൻവേൽ റെയിൽവേ സ്റ്റേഷനിൽ നിന്നു വളരെ അകലെയല്ല, കാർത്തിക താമസിക്കുന്ന വീട്. മുംബൈയിലെ ടെക്‌നോവ എന്ന സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ് അച്ഛൻ കണ്ണൂർ കാലിക്കടവ് സ്വദേശിയായ ഗംഗാധരൻ കെ.നായർ. അമ്മ കാലിക്കടവ് സ്വദേശിയായ ടി.വി.ശ്രീവിദ്യ പൻവേലിലെ പിള്ളൈ കോളജിലെ അദ്ധ്യാപിക. 20 വർഷം മുൻപാണ് ഇവർ മുംബൈയിലെത്തിയത്.

ചേച്ചിയുടെ തിളക്കമാർന്ന നേട്ടം ആറാംക്ലാസ്സുകാരി യായ സഹോദരി ഗീതിക കെ.നായർക്കും പ്രോത്സാഹനമാണ്. ചേച്ചിയുടെ വഴിയേ ഡോക്ടറാകാൻ തന്നെയാണ് ഗീതികയുടെയും ആഗ്രഹം. കുഞ്ഞുനാൾ മുതൽ പഠിച്ചതും വളർന്നതും മുംബൈയിലാണെങ്കിലും വർഷത്തിൽ രണ്ടോ മൂന്നോ തവണ മാതാപിതാക്കൾക്കും സഹോദരിക്കുമൊപ്പം കണ്ണൂരിലെത്താറുണ്ട് കാർത്തിക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP