Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ട്രോളന്മാർ ഗണിച്ചെടുത്തത് ഒന്നും തെറ്റല്ല; അതു തന്നെയാണ് സത്യം; വാപ്പച്ചിയുടെ ഫോണെടുത്ത് പോസ്റ്റിട്ടത് ഞാൻ തന്നെ'; കുറുപ്പിന്റെ ട്രെയിലർ മമ്മൂട്ടിയുടെ ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ടത് എങ്ങനെയെന്ന് തുറന്നു പറഞ്ഞ് ദുൽഖർ

'ട്രോളന്മാർ ഗണിച്ചെടുത്തത് ഒന്നും തെറ്റല്ല; അതു തന്നെയാണ് സത്യം; വാപ്പച്ചിയുടെ ഫോണെടുത്ത് പോസ്റ്റിട്ടത് ഞാൻ തന്നെ'; കുറുപ്പിന്റെ ട്രെയിലർ മമ്മൂട്ടിയുടെ ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ടത് എങ്ങനെയെന്ന് തുറന്നു പറഞ്ഞ് ദുൽഖർ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിനു ശേഷം കേരളത്തിലെ തിയറ്ററുകളിലേക്ക് എത്തുന്ന ആദ്യത്തെ മലയാള ചിത്രങ്ങളിൽ ഒന്നാണ് കുറുപ്പ്. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ റോളിൽ ദുൽഖർ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദുൽഖറിന്റെ അരങ്ങേറ്റ ചിത്രമായിരുന്ന സെക്കൻഡ് ഷോയുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ ആണ്.

മകന്റെ ചിത്രങ്ങളെ പ്രമോട്ട് ചെയ്യാനോ മകനു വേണ്ടി സംസാരിക്കാനോ ഒന്നും മെഗാ സ്റ്റാർ മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളോ പൊതുവിടങ്ങളോ ഉപയോഗിക്കാറില്ല. പതിവിനു വിപരീതമായി അടുത്തിടെ കുറുപ്പിന്റെ ട്രെയിലർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ആരാധകരൊക്കെ ഒന്ന് അമ്പരന്നിരുന്നു.

ഇത് മമ്മൂക്കയുടെ ഫോണിൽ നിന്ന് ദുൽഖർ തന്നെ ചെയ്തതല്ലേ എന്ന് ട്രോളന്മാർ ട്രോളുകളും ഇറക്കി. ഇപ്പോഴിതാ, ട്രോളന്മാർ ഗണിച്ചെടുത്തത് ഒന്നും തെറ്റല്ല, അതു തന്നെയാണ് സത്യമെന്ന് തുറന്നു പറയുകയാണ് ദുൽഖർ. 'കുറുപ്പി'ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട നൽകിയ അഭിമുഖത്തിനിടയിലാണ് ചിരിയോടെ ദുൽഖർ ഇക്കാര്യം തുറന്നുപറഞ്ഞത്.

''പൊതുവെ എല്ലാവരോടും അങ്ങനെ റിക്വസ്റ്റ് ചെയ്യാറില്ല. ഒറ്റയ്ക്ക് തന്നെയെ പ്രമോട്ട് ചെയ്യാറുള്ളൂ. ഇത് പിന്നെ വലിയ സിനിമയാണ്, ഇത്തരമൊരു സാഹചര്യമാണ്, കോവിഡിന് ശേഷം തിയേറ്ററിലെത്തുന്ന ആദ്യസിനിമയാണ്. അതുകൊണ്ട് എല്ലാവരോടും ഞാൻ റിക്വസ്റ്റ് ചെയ്തു, നിങ്ങളെല്ലാവരും ഒന്ന് ഷെയർ ചെയ്യണേ എന്ന്. എന്റെ വീട്ടിലും അതെ, സ്വന്തം വാപ്പച്ചിയോടും. ഈ പടമെങ്കിലും എനിക്ക് വേണ്ടി എന്നു പറഞ്ഞു. ഞാൻ ഫോണെടുക്കുകയാണെന്നെ എന്നു പറഞ്ഞ് ഞാൻ തന്നെയാണ് അത് പോസ്റ്റ് ചെയ്തത്, ആ ട്രോളുകൾ എല്ലാം കറക്റ്റായിരുന്നു,'' ദുൽഖർ പറയുന്നു.

ചിത്രം തിയറ്ററുകളിൽ എത്തുന്നതിനു മുൻപ് അത് കണ്ട അപൂർവ്വം വ്യക്തികളിലൊരാൾ മമ്മൂട്ടിയാണ് . ചിത്രത്തെക്കുറിച്ച് അദ്ദേഹം പങ്കുവച്ച അഭിപ്രായം എന്താണ്? കുറുപ്പ് റിലീസിനോടനുബന്ധിച്ച് അണിയറ പ്രവർത്തകർ നടത്തിയ വാർത്താ സമ്മേളനത്തിൽ ഈ ചോദ്യം ദുൽഖറിനോട് തന്നെയായിരുന്നു. ദുൽഖർ അതിനു മറുപടിയും പറഞ്ഞു.

പൊതുവെ തന്റെ ചിത്രങ്ങൾ കണ്ടാൽ അദ്ദേഹം അഭിപ്രായങ്ങളൊന്നും പറയാറില്ലെങ്കിലും ഇക്കുറി അത് പറഞ്ഞെന്ന് ദുൽഖർ അറിയിച്ചു. 'ഇതൊരു സിനിമാറ്റിക് എക്‌സ്പീരിയൻസ് ആയെന്ന് പറഞ്ഞു', ദുൽഖർ അറിയിച്ചു. സിനിമാപ്രേമികളിൽ പലരും പങ്കുവച്ച ആശങ്ക പോലെ സുകുമാരക്കുറുപ്പിനെ തങ്ങൾ ഗ്ലോറിഫൈ ചെയ്യാൻ ശ്രമിച്ചിട്ടില്ലെന്നും ദുൽഖർ പറഞ്ഞു- 'കുറുപ്പിനെ ഗ്ലോറിഫൈ ചെയ്യരുത് എന്നതുതന്നെയായിരുന്നു ഞങ്ങൾ എല്ലാവരുടെയും പ്രധാന തീരുമാനം. ആ ഒരു കാര്യത്തിലാണ് ഞങ്ങൾ ഏറ്റവും ശ്രദ്ധിച്ചിരുന്നത്.

ഒരുപാട് തവണ എഡിറ്റ് ഒക്കെ നടത്തിയിരുന്നു. പക്ഷേ ഇതൊരു വലിയ ബജറ്റ് സിനിമയാണ്. ആളുകൾക്ക് എന്റർടെയ്‌നിങ് കൂടി ആയിരിക്കണം എന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. പക്ഷേ സിനിമ കാണുമ്പോൾ കുറുപ്പിനെ ഗ്ലോറിഫൈ ചെയ്തതായി തോന്നില്ല. ഒരു ബയോപിക് പോലത്തെ സിനിമയാണ്. ഒരുപാട് കാലഘട്ടങ്ങളും കഥാപാത്രത്തിന്റെ വിവിധ പ്രായങ്ങളുമുണ്ട്. കേട്ട കഥകളും ഫിക്ഷനും ഉണ്ടാവും. യഥാർഥ പേരുകൾ ഉപയോഗിച്ചിട്ടില്ല. ഒരു സിനിമയായിട്ടു തന്നെ കാണണമെന്നാണ് എന്റെ അഭ്യർത്ഥന. കുറുപ്പിനുവേണ്ടി ഒരു വർഷത്തേക്ക് മറ്റു സിനിമകളൊന്നും ഞാൻ ചെയ്തിട്ടില്ല. ഒരു രീതിയിലും കോംപ്രമൈസ് ചെയ്യാത്ത സിനിമയാണ്', ദുൽഖർ പറയുന്നു.

മരക്കാറിന്റെ ഒടിടി റിലീസിനെക്കുറിച്ച് ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് ദുൽഖറിന്റെ പ്രതികരണം ഇങ്ങനെ- 'വലിയ സിനിമകൾ ഒടിടിയിൽ കൊടുക്കണമെന്ന് ആർക്കും ആഗ്രഹം കാണില്ല. പക്ഷേ രണ്ട് കൊല്ലത്തോളം ഹോൾഡ് ചെയ്യുമ്പോൾ, റിട്ടേണുകൾ ഒന്നും ഇല്ലാതെ വരുമ്പോൾ എല്ലാ വഴികളും അന്വേഷിച്ചേ പറ്റൂ. വലിയ സിനിമകൾ ഒരു ചെറിയ സ്‌ക്രീനിൽ ആസ്വദിക്കാൻ പറ്റുന്നവയല്ല', ദുൽഖർ പറയുന്നു.

നവംബർ 12നാണ് കുറുപ്പ് തിയേറ്ററുകളിൽ എത്തുന്നത്. കേരളത്തിലെ 450 സ്‌ക്രീനുകളിലാണ് ചിത്രം എത്തുക. അഡ്വാൻസ് ബുക്കിങ് നേരത്തേ ആരംഭിച്ചിരുന്നു. കേരളം കണ്ട ഏറ്റവും വലിയ പിടികിട്ടാപുള്ളിയായ സുകുമാര കുറുപ്പിന്റെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രം ശ്രീനാഥ് രാജേന്ദ്രനാണ് സംവിധാനം ചെയ്യുന്നത്. ദുൽഖർ സൽമാൻ ആണ് ചിത്രത്തിൽ സുകുമാര കുറുപ്പായി വേഷമിടുന്നത്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈന്മെന്റ്‌സും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

ശോഭിത ധുലി പാലയാണ് 'കുറുപ്പി'ൽ ദുൽഖറിന്റെ നായികയായി വേഷമിടുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ , സുരഭി ലക്ഷ്മി, വിജയരാഘവൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിങ്ങനെ അഞ്ചു ഭാഷകളിലായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്‌ളൂർ, മൈസൂർ എന്നിവിടങ്ങളിലായി ആറു മാസം കൊണ്ടാണ് ചിത്രം പൂർത്തീകരിച്ചത്. അതിൽ 105 ദിവസങ്ങൾ പൂർണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചതാണ്.

ജിതിൻ കെ ജോസിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവിയാണ് ഛായാഗ്രഹണം സുഷിൻ ശ്യാമാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. 'കമ്മാരസംഭവ'ത്തിലൂടെ ദേശീയ അവാർഡ് നേടിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിങ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP